വത്തിക്കാൻ സിറ്റി: പാവങ്ങളുടെയും അഗതികളുടെയും അമ്മയായ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു. വത്തിക്കാനിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെ വിശുദ്ധയാക്കൽ ചടങ്ങുകൾ ആരംഭിച്ചു. ഫ്രാൻസിസ് മാർപ്പാപ്പയാണ് മദറിനെ വിശുദ്ധയായി പ്രഖ്യാപിച്ചത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുന്നിൽ ചടങ്ങിനായി തയ്യാറാക്കിയ പ്രത്യേക വേദിയിൽ വൻ ജനാവലിയെ സാക്ഷിയാക്കിയാണ് കൊൽക്കത്തയ്ക്ക് കാരുണ്യം ചൊരിഞ്ഞ അമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചത്.

ചടങ്ങുകൾക്ക് ശേഷം ലക്ഷക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി ഫ്രാൻസിസ് മാർപാപ്പ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു. അൽബേനിയയിൽ ജനിച്ച് ഭാരതം കർമഭൂമിയാക്കിയ പാവങ്ങളുടെ അമ്മ ഇനി മുതൽ കൊൽക്കത്തയിലെ വിശുദ്ധ തെരേസ (സെന്റ് തെരേസ ഓഫ് കൊൽക്കത്ത) എന്നാകും അറിയപ്പെടുക. വിശുദ്ധരുടെ പട്ടികയിൽ രണ്ട് തെരേസമാരുള്ളതുകൊണ്ടാണ് മദറിനെ കൊൽക്കത്തയിലെ വിശുദ്ധ തെരേസ എന്ന് നാമകരണം ചെയ്തത്.

മദർ തെരേസയുടെ വലിയ ഛായാ ചിത്രം മുഖ്യ കവാടത്തിൽ ഉയർത്തിയിട്ടുണ്ട്. വിശുദ്ധ പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തിലുള്ള സംഘം റോമിലെത്തിയിരുന്നു. മദറിന് കൊൽക്കത്തയുടെ പേര് ചേർത്ത് വിശുദ്ധയാക്കി കൊണ്ടുള്ള പ്രഖ്യാപനം ഇന്ത്യയ്ക്കുള്ള ആംഗീകാരം കൂടിയായി മാറി.

കേരളത്തിൽനിന്നുള്ള തീർത്ഥാടകസംഘങ്ങൾക്കുപുറമേ യൂറോപ്പിൽനിന്നും മറ്റും ധാരാളം മലയാളികളും എത്തിയിരുന്നു.ഇന്ത്യൻ സംഘത്തിൽ കേരളത്തിൽ നിന്ന് മന്ത്രിമാരായ ടി.എം തോമസ് ഐസക്, മാത്യു.ടി തോമസ്, എംപിമാരായ കെ.വി തോമസ്, ആന്റോ ആന്റണി, ജോസ്.കെ മാണി, ബിജെപി നേതാവ് അൽഫോൻസ് കണ്ണന്താനം തുടങ്ങിയവരുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ സഭയെ പ്രതിനിധീകരിച്ച് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ, സിറോ മലബാർ സഭയെ പ്രതിനിധീകരിച്ച് മാർ ജോർജ് ആലഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു.

ബംഗാളിയിൽ ഉൾപ്പെടെ അഞ്ച് ഭാഷകളിലാണ് കുർബാനയ്ക്കിടയിലെ പ്രാർത്ഥനകൾ നടക്കുക. അൽബേനിയ, ഫ്രഞ്ച്, ചൈനീസ്, പോർച്ചുഗീസ്, ബംഗാളി ഭാഷകളിലാണ് പ്രത്യേക പ്രാർത്ഥനകൾ. ഇന്ത്യൻ സഭയെ പ്രതിനിധീകരിച്ച് കർദിനാൾ ബസേലിയോസ് മാർ ക്ലിമീസ് കതോലിക്ക ബാവ, സീറോ മലബാർ സഭയെ പ്രതിനിധീകരിച്ച് മാർ ജോർജ്ജ് ആലഞ്ചേരി എന്നിവർ ചടങ്ങിന് പങ്കെടുത്തു.  കരുണയുടെ വിശുദ്ധവർഷത്തിന്റെ ഭാഗമായാണ് കത്തോലിക്ക സഭ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. നാളെ മദർ തെരേസയുടെ 19ാം ചരമ വാർഷിക ദിനമാണ്. കൊൽക്കത്തയിൽ 1997 മദർ തെരേസ അന്തരിച്ചത്.

ജീവിച്ചിരിക്കുമ്പോൾത്തന്നെ വിശുദ്ധ എന്നറിയപ്പെട്ട മദർ തെരേസയെ കത്തോലിക്കാസഭ വിശുദ്ധയായി പ്രഖ്യാപിച്ചതും അതിവേഗത്തിലാണ്. മരിച്ച് അഞ്ചുവർഷത്തിനുശേഷംമാത്രമേ വിശുദ്ധരാക്കുന്നതിനുള്ള നാമകരണപ്രക്രിയ തുടങ്ങാൻ പാടുള്ളൂവെന്നാണ് സഭയിലെ കീഴ്‌വഴക്കം. എന്നാൽ, മദർ തെരേസയുടെ കാര്യത്തിലും ഈ നിയമത്തിൽ ഇളവുവരുത്തി. അവർ മരിച്ച് ഒരുവർഷം തികഞ്ഞതിനു പിന്നാലെ ത്തന്നെ നടപടികൾ തുടങ്ങി. പിന്നീട് ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ വിശുദ്ധനാക്കാനും ഈ ചട്ടത്തിൽ ഇളവുനൽകി.

വീരോചിതമായ സുകൃതജീവിതം നയിച്ച് ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിക്ക് പാത്രമായവരെയാണ് കത്തോലിക്ക സഭ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തുന്നത്.കൃത്യവും കർക്കശവുമായ നടപടി ക്രമങ്ങൾ പാലിച്ചാണ് വിശുദ്ധപദവി നൽകുന്നത്. അൽബേനിയയിലെ മാസിഡോണയിൽ 1910 ഓഗസ്റ്റ് 26ന് ജനിച്ച ആഗ്‌നസ് ബോജക്‌സ്യൂ അയർലാൻഡിലെ 1928ൽ കന്യാസ്ത്രീ മഠത്തിൽ ചേർന്നു. തെരേസ എന്ന നാമം സ്വീകരിച്ചു. 19ാം വയസിൽ ഇന്ത്യയിലെത്തി. മിഷനറീസ് ഓഫ് ചാരിറ്റി എന്ന സന്യാസ സമൂഹം രൂപീകരിച്ച് കൊൽക്കത്ത കേന്ദ്രമാക്കി അശരണരൂടെ അമ്മയായി. 1951യിൽ ഇന്ത്യൻ പൗരത്വം നേടി. സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടി. പത്മശ്രീ, മഗ്‌സെസെ പുരസ്‌കാരം തുടങ്ങിയവ നേടി. 1980ൽ രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്‌ന നൽകി മദറിനെ ആദരിച്ചു.