മലപ്പുറം: സ്വന്തം കുട്ടികളെ വിൽക്കുന്നതിനായി അമ്മയും കൂട്ടുകാരിയും ചേർന്ന് ലക്ഷങ്ങൾ വിലപേശി കച്ചവടമുറപ്പിക്കുന്നതിന് കാരണം ജീവിത ദുരിതങ്ങമുലമോ. അതിനിടെ പൊലീസ് പിടിയിലായ രണ്ട് സ്ത്രീകൾക്കും അവിഹിത ബന്ധങ്ങളുണ്ടെന്നും സൂചനയുണ്ട്. പല ഉന്നതരുമായി അടുത്ത് ബന്ധമുള്ള ഇവരെ കേസിൽ നിന്ന് രക്ഷപ്പെടുത്താനുള്ള നീക്കവും സജീവമാണ്. കേസ് രജിസ്റ്റർ ചെയ്തിട്ടും ഇവരെ പൊലീസ് അറസ്റ്റ് ചെയ്യാത്തിന് പിന്നിൽ ദുരൂഹതകളും സജീവമാകുന്നു.

എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനെയും ഏഴ് വയസ് പ്രായമുള്ള പെൺകുട്ടിയെയുമാണ് വിൽക്കാൻ ശ്രമിച്ചത്. എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനെ ഒന്നര ലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് കോഴിക്കോട്, മലപ്പുറം സ്വദേശികളായ രണ്ടു സ്ത്രീകൾ പൊലീസ് വലയിലായത്. തേഞ്ഞിപ്പലം പടിക്കൽ സ്വദേശിയും കൊണ്ടോട്ടി ആലിങ്ങലിലെ വാടക വീട്ടിൽ താമസിച്ചു വരുന്ന പുകയൂർ പുളിശ്ശേരി സുബൈദ(26), കൂട്ടുകാരിയും ഒരുമിച്ചു താമസക്കാരിയുമായ കോഴിക്കോട് മൂരിയാട് ഷാഹിദ(45) എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്.

വീട്ടുജോലിക്കും മറ്റു കൂലിവേലക്കും പോയിരുന്ന ഇരുവരും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ നന്നേ പ്രയാസപ്പെട്ടിരുന്നു. സാമ്പത്തിക ഞെരുക്കമാണ് ഈ ക്രിത്യത്തിന് പ്രേരിപ്പിച്ചതെന്ന് ഇവർ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. മാസങ്ങൾ മുമ്പുള്ള പരിചയത്തിന്റെ പേരിലായിരുന്നു ഇരുവരും ഒരുമിച്ച് താമസം ആരംഭിച്ചത്. കൊണ്ടോട്ടി പുളിക്കലിൽ വാടക വീട്ടിൽ കഴിയവെയാണ് ഷിഹാബ് എന്നയാൾ മുഖേന ഷാഹിദ ആലിങ്ങലിൽ സുബൈദയോടൊപ്പം തമസം തുടങ്ങിയത്. വീട്ടു ജോലി ചെയ്ത് കഴിയുന്നതിനിടെയാണ് ഇരുവരും ചേർന്ന് കുട്ടികളെ വിൽക്കാൻ ശ്രമം നടത്തിയത്. എന്നാൽ പൊലീസും സാമൂഹ്യപ്രവർത്തകരും ഒരുക്കിയ വലയിൽ രണ്ടുപേരും കുടുങ്ങിയതോടെ സമൂഹത്തെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറംലോകമറിഞ്ഞത്. നാടകീയ രംഗങ്ങൾക്കൊടുവിലാണ് സുബൈദയെയും ഷാഹിദയെയും പൊലീസ് പിടിച്ചത്.

ജോലിക്കു നിൽക്കുന്ന വീട്ടിലെ ഗൃഹനാഥയോടാണ് ഇവർ കുട്ടികളെ വിൽക്കുന്ന കാര്യം ആദ്യം അറിയിച്ചിരുന്നത്. ജീവിക്കുന്നതിനുള്ള സാമ്പത്തിക പ്രയാസവും കുട്ടികളെ പോറ്റുന്നതിനുള്ള സാമ്പത്തിക ഞെരുക്കവുമാണ് കുട്ടികളെ വിൽക്കാൻ തീരുമാനിച്ചതെന്നും ഗൃഹനാഥയോട് ഈ സ്ത്രീ പറഞ്ഞിരുന്നു. വാങ്ങാൻ കെൽപുള്ളവരുണ്ടെങ്കിൽ ബന്ധപ്പെടുത്തിത്തരണമെന്നും അറിയിച്ചിരുന്നു. ഗൃഹനാഥ ഇതിൽ നിന്നും പിൻതിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് ആളുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയും ഈ വിവരം കോഴിക്കോട്ടെ ഏതാനും സന്നദ്ധ സംഘടനാ പ്രവർത്തകരെ അറിയിക്കുകയുമായിരുന്നു. ഈ വിവരം ദിവസങ്ങൾക്കു മുമ്പു തന്നെ സന്നദ്ധ സംഘടനാ പ്രവർത്തകർ ജില്ലാ വെൽഫയർ സമിതിക്കു കൈമാറിയിരുന്നു. ശേഷം സിബ്ല്യൂസി ചെയർമാൻ അഡ്വ.ഷരീഫ് ഉള്ളത്തിൽ കൊണ്ടോട്ടി സി.ഐക്ക് വിവരം കൈമാറുകയും ചെയ്തിരുന്നു.

ഇതനുസരിച്ച് രണ്ടു പ്രതികളെയും കയ്യോടെ പിടികൂടുകയായിരുന്നു. സാമൂഹ്യ പ്രവർത്തകരായ രണ്ടു സ്ത്രീകളും ഒരു പുരുഷനുമടങ്ങുന്ന സംഘം കുട്ടികളെ വാങ്ങാനെന്ന വ്യാജേന ഇന്നലെ വൈകിട്ട്് ഇവരെ സമീപിച്ചു. എട്ടുമാസം പ്രായമുള്ള ആൺകുട്ടിക്കു പുറമെ ഏഴു വയസ് പ്രായമുള്ള പെൺകുട്ടിയെയും വിൽക്കുന്നതിനായി അമ്മയും കൂട്ടാളിയും വിലയുറപ്പിച്ചിരുന്നു. എട്ട് മാസമുള്ള കുട്ടിക്കു രണ്ടര ലക്ഷവും ഏഴുവയസുകാരിക്ക് ഒരുലക്ഷത്തിൽ കുറയാത്ത തുകയുമാണ് ഇരുവരും ആവശ്യപ്പെട്ടിരുന്നത്. എന്നാൽ വാങ്ങാനെത്തിയ സംഘം വിലപേശിയതോടെ കൈകുഞ്ഞിനെ ഒന്നര ലക്ഷം രൂപയ്ക്കു വിൽക്കാമെന്നും പെൺകുട്ടിക്ക് എത്ര തക നൽകിയാലും തരാമെന്ന രീതിയിൽ കച്ചവടമുറപ്പിച്ചു. ഇതുപ്രകാരം കരാർ എഴുതി ഒപ്പിടുകയും ചെയ്തിരുന്നു. ഇതോടെ പുറത്ത് മറഞ്ഞു നിന്നിരുന്ന പൊലീസ് രംഗത്തെത്തി. പൊലീസിനെ കണ്ടയുടൻ കരാർ പത്രം ഷാഹിദ കീറി വിഴുങ്ങുകയും ചെയ്തു. പിന്നീട് കൊണ്ടോട്ടി പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിനായി കൊണ്ടുപോകുകയായിരുന്നു. പൂക്കോട്ടൂരിലെ സ്‌നേഹിത ശിശുക്ഷേമ മന്ദിരത്തിലേക്ക് രണ്ട് കുട്ടികളെയും സ്ത്രീകളെയും പൊലീസ് മാറ്റിയിട്ടുണ്ട്.

മുമ്പും ഈ സ്ത്രീകൾ പലതവണ കുട്ടികളെ വിൽക്കാൻ ശ്രമം നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വിൽപ്പന നടത്തുന്നത് സ്വന്തം കുട്ടികളാണെന്നായിരുന്നു മൊഴി. എന്നാൽ ഇതു പൊലീസ് പരിശോധിച്ചു വരികയാണ്. മുമ്പ് കുട്ടികളെ വിറ്റതായ വിവരം പൊലീസ് ഗൗരവമായിട്ടാണ് എടുത്തിട്ടുള്ളത്. വിവാഹ മോചിതരായ രണ്ടു പേരും നിരവധി പേരുമായി അവിഹിത ബന്ധം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പല പ്രമുഖരും ഇവരെ സമീപിച്ചിരുന്നതായാണ് വിവരം. ഒന്നും പൊലീസിൽ തുറന്നു പറയാൻ സ്ത്രീകൾ തയ്യാറാകുന്നില്ല. നൽകിയ മൊഴിയിൽ വൈരുധ്യവുമുണ്ട്. ഇവരിൽ നിന്നും നിർണായക വിവരങ്ങൾ ലഭിക്കുമെന്നിരിക്കെ കേസ് ഒതുക്കി രണ്ടു സ്ത്രീകളെയും രക്ഷിക്കാനുള്ള ചില നീക്കങ്ങളും നടന്നിരുന്നു. ഗുരുതരമായ കൃത്യം തെളിവുസഹിതം പിടിക്കപ്പെട്ടിട്ടും ഏറെ വൈകിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായത്.

ക്രൈം നമ്പർ 1476/15 പ്രകാരം സെക്ഷൻ 23 ജെജെ ചുമത്തി കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും ഇതുവരെയും പ്രതികളെ അറസ്റ്റ് ചെയ്യാൻ തയ്യാറായില്ല. മാത്രമല്ല, പ്രായപൂർത്തിയാകാത്ത കുട്ടികളായതിനാൽ ജില്ലാ ശിശുക്ഷേമ സമിതിക്കു മുന്നിൽ ഹാജരാക്കുകയും വിവരം കൈമാറുകയും വേണം. എന്നാൽ ഇതുവരെയും പൊലീസ് ജില്ലാ ശിശുക്ഷേമ സമിതിയെ വിവരം അറിയിക്കുക പോലും ചെയ്തിട്ടില്ല. സ്ത്രീകളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ കാര്യങ്ങൾ വെളിപ്പെടാൻ സാധ്യതയുണ്ട്. അന്വേഷണം ശരിയായി മുന്നോട്ടു പോയാൽ ചില ഇടനിലക്കാർ കൂടി അകത്തായേക്കും. കേസ് ഇല്ലാതാക്കൻ ശ്രമിക്കുന്നത് ആരെന്ന് വ്യക്തമല്ല. എന്നാൽ പൊലീസിനു മേൽ ശക്തമായ സമ്മർദം ഉണ്ടെന്നത് വസ്തുതയാണ്.

അതേസമയം, സ്ത്രീകളെ കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്നും ഇന്നു തന്നെ ശിശു ക്ഷേമ സമിതിക്കു മുന്നിൽ ഹാജരാക്കുമെന്നും കൊണ്ടോട്ടി എസ്.ഐ ജയൻ, സി.ഐ ബി സന്തോഷ് എന്നിവർ മറുനാടൻ മലയാളിയോടു പറഞ്ഞു. കൂടുതൽ കുറ്റകൃത്യങ്ങൾ തെളിഞ്ഞാൽ ഇവർക്കുമേൽ ഇനിയും വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കി.