മലപ്പുറം: കൊണ്ടോട്ടിയിൽ അമ്മയും കൂട്ടാളിയും ചേർന്ന് രണ്ടു കുട്ടികളെ വിൽക്കാൻ ശ്രമിച്ച കേസിൽ ദുരൂഹത തുടരുന്നു. അത്യന്തം നാടകീയതക്കൊടുവിലായിരുന്നു ഇന്നലെ വൈകിട്ട് പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായത്. പ്രതികളുമായി ബന്ധപ്പെട്ട ഉന്നതർ കേസ് ഇല്ലാതാക്കുന്നതിന് പൊലീസിനുമേൽ സമ്മർദം ചെലുത്തുകയായിരുന്നു.

കേസ് ഒതുക്കാൻ ശ്രമം നടക്കുന്നതോടൊപ്പം വിവിരം ശിശുക്ഷേമ സമിതിക്കു കൈമാറിയതിന്റെ പേരിൽ പ്രദേശത്തെ മഹിളാ പ്രവർത്തകരെയും കേസിൽ ഉൾപ്പെടുത്താനുള്ള തിരക്കിട്ട നീക്കവും നടത്തുന്നുണ്ട്. കുട്ടികളെ വിൽക്കുന്ന വിവരം പ്രദേശത്തെ സന്നദ്ധ സംഘടനാ പ്രവർത്തകരായ ഏതാനും വനിതകൾ മുഖേനയായിരുന്നു ജില്ലാ ശിശുക്ഷേമ സമിതിയെ അറിയിച്ചിരുന്നത്. എന്നാൽ ഈ വനിതകളെ തിരിച്ചറിഞ്ഞ പൊലീസും ഏതാനും പ്രമുഖ വ്യക്തികളും ചേർന്ന് ഇവരെ കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമവും ഭീഷണിപ്പെടുത്തലും നടത്തിവരികയാണ്.

അതീവ ഗുരുതരമായ കുറ്റകൃത്യം നടക്കുന്നതായി വിവരം ലഭിച്ചിട്ടും പ്രതികൾക്ക് ഒത്താശ ചെയ്യുകയും പിന്നിലുള്ളവരെ സംരക്ഷിക്കുകയും ചെയ്യുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചത്. നിയമപ്രകാരമല്ലാതെ കുട്ടികളെ കൈമാറുന്നത് നിരോധിക്കുന്നതിനായി ഗവൺമെന്റിനോട് ആവശ്യപ്പെടുകയും നിയമമുണ്ടാക്കാൻ നിർദേശിക്കുകയും ചെയ്ത സുപ്രീംകോടതി ഉത്തരവ് നിലനിൽക്കെയാണ് ചിലരെ സംരക്ഷിക്കുന്നതിനായി പൊലീസിന്റെ നീക്കം.

പൊലീസിന് വിവരം ലഭിച്ചതിന് ഏതാനും ദിവസങ്ങൾ നടപടിയുണ്ടായില്ല. തുടർന്ന് സിഡബ്ല്യൂസിയുടെ നിർദേശ പ്രകാരം മഹിളാ പ്രവർത്തകരോടൊപ്പം പൊലീസുമെത്തി ചൊവ്വാഴ്ച വൈകിട്ട് പ്രതികളെ കയ്യോടെ പിടികൂടുകയായിരുന്നു. എന്നാൽ വാദി പ്രതിയാകുന്ന അവസ്ഥയിലേക്ക് എത്തിനിൽക്കുകയാണിപ്പോൾ. വിവരം അറിയിച്ചതിന് പ്രദേശത്തെ ജില്ലാ പഞ്ചായത്ത് അംഗം അടക്കമുള്ള വനിതകളെ കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കുറ്റകൃത്യം ബോധ്യപ്പെട്ടിട്ടും പൊലീസ് പ്രതികളെ അറസ്റ്റു ചെയ്യുന്നത് ഏറെ വൈകിക്കുകയായിരുന്നു. കുട്ടികളെയും പ്രതികളെയും ഇരുപത്തിനാല് മണിക്കൂറിനകം ശിശുക്ഷേമ സമിതി അധ്യക്ഷനു മുന്നിൽ ഹാജരാക്കണമെന്നാണ് ചട്ടം.

എന്നാൽ വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും വൈകിട്ട് ഏഴുമണിവരെ ശിശുക്ഷേമ അധ്യക്ഷൻ അഡ്വ.ഷരീഫ് ഉള്ളത്തിലിന്റെ മുന്നിൽ ഹാജരാക്കിയിരുന്നില്ല. പൂക്കോട്ടൂർ സ്‌നേഹിത ശിശുമന്ദിരത്തിലായിരുന്ന കുട്ടികളെയും സ്ത്രീകളെയും പിന്നീട് രാത്രി ശിശുക്ഷേമ സമിതിയിലെ മറ്റൊരു അംഗമായ അഡ്വ.ഹാരിസ് പഞ്ചലിക്കു മുന്നിൽ ഹാജരാക്കി പൊലീസും പ്രതികളും കൂടുതൽ ചോദ്യങ്ങളിൽ നിന്നും നടപടികളിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. എന്നാൽ പ്രതികളെ മലപ്പുറം മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ ശേഷം മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു. എട്ടുമാസം പ്രായമുള്ള ആൺകുഞ്ഞിനെ മലപ്പുറം കോഡൂരിലെ ശിശുപരിപാലന കേന്ദ്രത്തിലും ഏഴുവയസുകാരിയെ കോഴിക്കോട് വെള്ളിമാട്കുന്നിലെ ചിൽഡ്രൻസ് ഹോമിലേക്കും മാറ്റി.

എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനെ ഒന്നര ലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് കോഴിക്കോട്, മലപ്പുറം സ്വദേശികളായ രണ്ടു സ്ത്രീകൾ പിടിയിലാത്. കേസിലെ പ്രതികളായ തേഞ്ഞിപ്പലം പടിക്കൽ സ്വദേശിയും കൊണ്ടോട്ടി ആലിങ്ങലിലെ വാടക വീട്ടിൽ താമസിച്ചു വരുന്ന പുകയൂർ പുളിശ്ശേരി സുബൈദ(26), കൂട്ടുകാരിയും ഒരുമിച്ചു താമസക്കാരിയുമായ കോഴിക്കോട് മൂരിയാട് ഷാഹിദ(45) എന്നിവരെയാണ് റിമാൻഡിലടച്ചത്. ജോലിക്കു നിൽക്കുന്ന വീട്ടിലെ ഗൃഹനാഥയോടാണ് ഇവർ കുട്ടികളെ വിൽക്കുന്ന കാര്യം ആദ്യം അറിയിച്ചിരുന്നത്. ഇവർ ഏതാനും മഹിളാ പ്രവർത്തകരെ അറിയിക്കുകയും ശിശുക്ഷേമ സമിതിയെ അറിയിക്കുകയുമായിരുന്നു. അമ്മയും കൂട്ടാളിയും ചേർന്ന് രണ്ടു കുട്ടികൾക്കും കൂടുതൽ തുക ആവശ്യപ്പെട്ടിരുന്നു. എന്നാൽ എട്ടുമാസമുള്ള കുട്ടിക്ക് ഒന്നര ലക്ഷവും ഏഴുവയസിന് ഒരുലക്ഷത്തിലും അന്തിമമായി വിലയുറപ്പിക്കുകയായിരുന്നു. ഇതോടെ പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കാൻ നിർബന്ധിതരാകുകയായിരുന്നു.

ഏറെ ദുരൂഹതകളടങ്ങുന്നതായിരുന്നു ഈ കേസ്. വീട്ടുജോലിക്കും മറ്റു കൂലിവേലക്കും പോയിരുന്ന ഇരുവരും ഏതാനും മാസങ്ങൾക്കു മുമ്പാണ് ഒരുമിച്ച് താമസം തുടങ്ങിയത്. ഒരു കല്ല്യാണ വീട്ടിൽ ജോലിക്കിടെ പരിചയപ്പെട്ട സ്ത്രീയുമായുള്ള പരിചയം സുബൈദയെ ഷിഹാബ് എന്നയാൾ മുഖേന ഷാഹിദയിലേക്ക് എത്തുകയായിരുന്നു. കൊണ്ടോട്ടി പുളിക്കലിൽ വാടക വീട്ടിൽ കഴിയവെയാണ് ഷിഹാബ് എന്നയാൾ മുഖേന ഷാഹിദ ആലിങ്ങലിൽ സുബൈദയോടൊപ്പം തമസം ആരംഭിച്ചത്. എന്നാൽ കൊണ്ടോട്ടി സ്വദേശിയായ ഷിഹാബ് തന്നെ രണ്ടാം ഭാര്യയായാണ് കണ്ടിരുന്നതെന്നും എട്ടുമാസം പ്രായമുള്ള കുട്ടി ഷിഹാബിന്റേതാണെന്നും പൊലീസിനോടു പറഞ്ഞിട്ടുണ്ട്. എന്നാൽ ഷിഹാബ് ഇത് അംഗീകരിക്കാൻ തയ്യാറായിട്ടില്ല.

പരപ്പനങ്ങാടി സ്വദേശിയായ മുൻഭർത്താവിൽ നിന്നുള്ളതാണ് ഏഴുവയസുകാരിയെന്നും ഈ ഭർത്താവിൽ ജനിച്ച മറ്റൊരു ആൺകുട്ടികൂടിയുണ്ടെന്നും ഈ കുട്ടി ഓർഫനേജിൽ പഠിക്കുകയാണെന്നുമാണ് വിവരം. എന്നാൽ ഷിഹാബ് നിരവധി പേർക്ക് ഈ സ്ത്രീകളെ കാഴ്ച വെയ്ക്കുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഷിഹാബ് ഇവിടെ പതിവായി എത്താറുണ്ടായിരുന്നതായും ഷിഹാബിന്റെ പരിചയത്തിൽ നിരവധി പേരെ ഇവിടേക്ക് കൊണ്ടുവരാറുണ്ടായിരുന്നെന്നും നാട്ടുകാർ പറയുന്നു. സുബൈദയുടെ ഒരു ബന്ധുവിന്റെ ഒത്താശയോടുകൂടിയാണ് ഷിഹാബ് ആളുകളെ എത്തിച്ചിരുന്നതെന്നും വിവരമുണ്ട്. ഷിഹാബിനെ സംരക്ഷിക്കേണ്ടത് ഇതുമായി ബന്ധപ്പെട്ട പല പ്രമുഖരുടെയും താൽപര്യമാണ്.

കേസ് ആഴത്തിൽ അന്വേഷിച്ചാൽ പല പ്രമുഖരുടെയും മുഖംമൂടി അഴിഞ്ഞു വീഴുമെന്നത് പൊലീസിനും വ്യക്തമാണ്. ഇതിനാൽ തൊട്ടാൽ കൈപൊള്ളുമെന്നായപ്പോൾ കേസ് ഇല്ലാതാക്കുന്നതിന് പൊലീസ് തന്നെ മുൻകൈ എടുത്തു. മാദ്ധ്യമങ്ങളിലൂടെ വാർത്ത പുറത്തായതോടെയാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അടുത്ത ദിവസം ആണെങ്കിലും അറസ്റ്റു ചെയ്യാൻ തയ്യാറായത്. സത്യന്തമായ അന്വേഷണം നടത്തുന്നതിലൂടെ കേസിനു പിന്നിലുള്ള വൻ പെൺവാണിഭ റാക്കറ്റിന്റെ ചുരുളഴിയുമെന്നത് വ്യക്തമാണ്.