- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞ് വെളുത്തിരുന്നാൽ ഞങ്ങളുടേതല്ലാതാകുമോ? കറുത്ത സ്ത്രീയുടെ കയ്യിൽ വെളുത്ത കുഞ്ഞിനെ കണ്ട് നാട്ടുകാർക്ക് മുഴുവൻ സംശയം; മാതൃത്വം തെളിവു ഹാജറേക്കേണ്ടി വന്നു നാടോടി യുവതി; മലയാളികളുടെ ആൾക്കൂട്ട വിചാരണയിൽ കുടുങ്ങി നെഞ്ചു കലങ്ങി ആന്ധ്രാ സ്വദേശിനിയും കുടുംബവും
തിരുവനന്തപുരം: പെറ്റമ്മയുടെ കുഞ്ഞിനെ ചൂണ്ടി ഇത് നിങ്ങളുടെ കുഞ്ഞല്ലെന്ന് മറ്റൊരാൾ പറയുന്നതിന് അപ്പുറം ക്രൂരമായി എന്തുണ്ട്. സ്വന്തം കുഞ്ഞിനെ മാറോടു അടക്കി ജീവിക്കുമ്പോഴും നാട്ടുകാർ മുഴുവൻ തെളിവു ചോദിക്കുന്ന അവസ്ഥ. ഭീകരമായ അവസ്ഥയിൽ ഇപ്പോൾ ആ നാടോടി സ്ത്രീക്ക് പരിചിതമായിരിക്കുന്നു. വാട്‌സ് ആപ്പ് യൂണിവേഴ്‌സിറ്റികളിൽ നാടോടി സ്ത്രീകളെ സൂക്ഷിക്കണമെന്ന വിധത്തിൽ പ്രചരണങ്ങൾ ശക്തമാകുമ്പോൾ ആൾക്കൂട്ട വിചാരണളാണ് പൊതുനിരത്തിൽ നടക്കുന്നത്. അത്തരമൊരു ദുരനുഭവം തിരുവനന്തപുരത്തെ നാടോടി സ്ത്രീക്കും നേരിടേണ്ടി വന്നു.
''ഉപദ്രവിക്കരുത്, ഇത് ഞങ്ങളുടെ പൊന്നുമോളാണ്. വെളുത്തനിറമുണ്ടെന്ന് കരുതി കുഞ്ഞ് ഞങ്ങളുടേതല്ലാതാകുമോ. അഞ്ച് മക്കളുണ്ട്. എല്ലാവരും വെളുത്തിട്ടാണ്. ഞങ്ങളുടെ കുട്ടികൾ കറുത്തിരിക്കണമെന്നാണോ? ഡി.എൻ.എ. പരിശോധന വേണമെങ്കിലും ചെയ്യാം''-സ്വന്തം കുഞ്ഞ് തന്റേത് അല്ലെന്ന് അമ്മയോട് നാട്ടുകാർ പറഞ്ഞപ്പോൾ കണ്ണീരോടെ അമ്മയ്ക്ക് പൊലീസ് മുമ്പാകെ പറയേണ്ടി വന്ന വാക്കുകളാണ് ഇവ.
അമ്മ കറുത്തു പോയി, കുഞ്ഞ് വെളിത്തിരിക്കുന്നു എന്നാതായിരുന്നു നാട്ടുകാരുടെ പ്രശ്‌നം. ഇവരുടെ സംശയമാണ് നാലുമാസംമാത്രം പ്രായമായ പെൺകുഞ്ഞിനെയും അമ്മയെയും പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് തിരുവനന്തപുരം പാറ്റൂരിൽ ചിത്രങ്ങൾ കൊണ്ടുനടന്നു വിൽക്കുന്ന ആന്ധ്രാ സ്വദേശിയായ സുജാതയെ ചിലർ തടഞ്ഞുവെച്ചത്. സുജാതയുടെ കൈയിലിരിക്കുന്ന കുഞ്ഞ് അവരുടേതല്ലെന്നായിരുന്നു ആരോപണം; അതിന് അവർ പറഞ്ഞ കാരണം കുഞ്ഞ് വെളുത്തിട്ടാണത്രേ.
പൊരിവെയിൽകൊണ്ട് കരുവാളിച്ച ആ അമ്മ പറഞ്ഞുനോക്കി, 'ഇതെന്റെ കുഞ്ഞാണ്.' ഇതിനിടെ സുജാതയുടെയും കുഞ്ഞിന്റെയും ചിത്രം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. തടഞ്ഞവെച്ചവർ വഞ്ചിയൂർ പൊലീസിൽ വിവരവുമറിയിച്ചു. അമ്മയും കുഞ്ഞും നേരെ പൊലീസ് സ്റ്റേഷനിലേക്ക്. സുജാത ഭർത്താവ് കരിയപ്പയെ വിളിച്ചു.
കീചെയിനിലും അരിമണിയിലുമൊക്കെ പേരെഴുതി വിൽക്കുന്നയാളാണ് കരിയപ്പ. കരിയപ്പയെത്തി, മകൾ ജനിച്ച കാലം മുതലേയുള്ള ഫോട്ടോകളും ജനന രേഖയും പൊലീസുകാരെ കാണിക്കേണ്ടിവന്നു. പൊലീസുകാർക്ക് വിശ്വാസമായി. ഇവരെ വിട്ടയച്ചു. പേടി തോന്നിയില്ല. പക്ഷേ, സങ്കടമുണ്ടെന്ന് കരിയപ്പ. ആറു വർഷമായി കേരളത്തിലാണ്. ഒരു ആണും നാലു പെൺകുട്ടികളുമുണ്ട്. നാലു മാസം പ്രായമുള്ള ഇളയമകൾക്ക് സംഗീതയെന്നാണ് പേര്.
മറുനാടന് മലയാളി ബ്യൂറോ