ഫിലാഡൽഫിയ: പ്രശ്‌നങ്ങളുടേയും പ്രയാസങ്ങളുടേയും തീവ്രാനുഭവങ്ങളിലൂടെ നമ്മെ നാമാക്കി വളർത്തിയെടുത്ത അമ്മമാരെ ആദരിക്കുവാൻ, അമേരിക്കയിലെ കലാ-സാംസ്‌കാരിക സംഘടനയിൽ മുൻനിരയിൽ നിൽക്കുന്ന മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയയുടെ (മാപ്പ്) നേതൃത്വത്തിൽ മെയ് 9-നു വൈകുന്നേരം 5 മണി മുതൽ അസൻഷൻ മാർത്തോമാ ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന 'മദേഴ്‌സ് ഡേ' ആഘോഷങ്ങൾ വർണ്ണാഭമായി. അറുപതിൽ അധികം അമ്മമാരെ ചടങ്ങിൽ വച്ച് മാപ്പ് സ്‌നേഹോഷ്മളമായി ആദരിച്ചു.

മാപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ഇത്രയും വിപുലമായി നടന്ന ഈ അത്യുജ്വല ചടങ്ങിൽ പ്രോഗ്രാം എം.സിയായി ജൂലി വർഗീസും എബിൻ ബാബുവും പ്രവർത്തിച്ചു. സെക്രട്ടറി ചെറിയാൻ കോശിയുടെ ആമുഖ പ്രസംഗത്തിനുശേഷം ശിശിര ഫിലിപ്പ് പ്രാർത്ഥനാ ഗാനം ആലപിച്ചു. പ്രസിഡന്റ് സാബു സ്‌കറിയ സന്നിഹിതരായ ഏവർക്കും സ്വാഗതം ആശംസിച്ചു. വിശിഷ്ടാതിഥികളായി സന്നിഹിതരായ ഫാ. ജോൺ ശങ്കരത്തിൽ, പ്രൊഫ. കോശി തലയ്ക്കൽ, ദാനിയേൽ പി. തോമസ്, പ്രോഗ്രാം കോർഡിനേറ്റർ മില്ലി ഫിലിപ്പ് എന്നിവർ മാതൃദിനാശംസ പ്രസംഗങ്ങൾ നടത്തി. ആദരണീയരായ അമ്മമാർക്കെല്ലാം മാപ്പിന്റെ പേരോടുകൂടിയ ആശംസകൾ പ്രിന്റ് ചെയ്ത കപ്പുകളും റോസാ പുഷ്പങ്ങളും സമ്മാനിച്ചു.

മാപ്പിന്റെ വനിതാ ഫോറം ചെയർപേഴ്‌സൺ മില്ലി ഫിലിപ്പ്, കൺവീനർ സിലിജാ ജോൺ, അന്നമ്മ ജോർജ്, റേച്ചൽ ദാനിയേൽ എന്നിവർ ചേർന്ന് അമ്മമാരോടുള്ള ആദരസൂചകമായി മാതൃദിനം ആലേഖനം ചെയ്ത കേക്ക് മുറിച്ച് മധുരം നുകർന്നു. തുടർന്ന് നടന്ന വിവിധ കലാപരിപാടികൾ സദസ്യരെ ആനന്ദഭരിതരാക്കി. അനുഗ്രഹീത കലാകാര•ാരായ ബിജു ഏബ്രഹാം, ശ്രീദേവി, അനൂപ്, ജേക്കബ്, എബി വിൽസൺ, ദിയാ ചെറിയാൻ, അഞ്ജു ജോൺ, ചിന്നു, അമേലിയ, ഇസബെല്ല, രാജേഷ് ജോൺ എന്നിവർ മധുര ഗാനങ്ങൾ ആലപിച്ചു. സവാന സാബു, സജോ ജോയ്, നോറ സിജു, ജേൻ കോശി, ജാസ്മിൻ തോമസ്, ജനീഷ കുര്യൻ, മിലേന അലക്‌സ്, ശ്വേത ബിനു, ഷെറിൻ സാം എന്നിവർ മനോഹരമായി നൃത്തം ചെയ്തു.

സാബു ജേക്കബിന്റെ കവിതയും, കണ്ണന്മണിയുടെ വയലിനും, അഭിനു നായരുടെ കുട്ടികവിതയും, കൃപ ജയിംസിന്റെ ഫ്‌ളൂട്ടും, ജെയിൻ കോശി, ജാസ്മിൻ കോശി, റിയ, ജോആൻ എന്നിവരുടെ സംഘഗാനവും ഏവരേയും ആനന്ദഭരിതരാക്കി.

രണ്ടര മണിക്കൂറോളം നീണ്ടുനിന്ന കലാപരിപാടികൾക്കൊടുവിൽ ജനറൽ സെക്രട്ടറി സിജു ജോൺ നന്ദി പ്രകാശനം നടത്തി. ന്യൂജേഴ്‌സിയിലെ ടേസ്റ്റ് ഓഫ് ഇന്ത്യയുടെ വിഭവസമൃദ്ധമായ ഡിന്നറോടുകൂടി മാതൃദിനാഘോഷങ്ങൾ സമംഗളം പര്യവസാനിച്ചു. സോബി ഇട്ടി അറിയിച്ചതാണിത്.