- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടെന്ന വിവരം നിയമലംഘകനെ അറിയിക്കണം; റോഡുകളിലെ സ്പീഡ് ക്യാമറകൾ, ഉദ്യോഗസ്ഥരുടെ യൂണിഫോമിൽ ധരിക്കുന്ന ക്യാമറകൾ അടക്കം എല്ലാം ഇനി പൊതുജനം അറിയും; ഗതാഗത ചട്ടങ്ങളിൽ വീണ്ടും മാറ്റം
ന്യൂഡൽഹി: ഒളിഞ്ഞിരുന്നും ഒളിച്ചുവച്ചുമുള്ള വാഹന പെറ്റി അടി ഇനി നടക്കില്ല. ഈ വിഷയത്തിൽ കേന്ദ്രം ഇടപെടുകയാണ്. ഇതോടെ റോഡുകളിലെ സ്പീഡ് ക്യാമറകൾ, ഉദ്യോഗസ്ഥരുടെ യൂണിഫോമിൽ ധരിക്കുന്ന ക്യാമറകൾ അടക്കം എല്ലാത്തരം ഇലക്ട്രോണിക് വാഹനപരിശോധനാ സംവിധാനങ്ങളും പൊതു ജനത്തിനും തിരിച്ചറിയാൻ കഴിയും. ഇതിന് വേണ്ടി പുതിയ കേന്ദ്ര ചട്ടം വരും. 1989 ലെ കേന്ദ്ര മോട്ടർ വാഹന ചട്ടം പരിഷ്‌കരിച്ചാണ് പുതിയ നയങ്ങൾ നടപ്പാക്കുന്നത്.
സ്പീഡ് ക്യാമറ ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ വ്യക്തമായി കാണാവുന്ന മുന്നറിയിപ്പ് നൽകണം. വാഹനങ്ങളിലെ ഡാഷ്‌ബോർഡ് ക്യാമറ, ഉദ്യോഗസ്ഥരുടെ യൂണിഫോമിൽ ധരിക്കുന്ന ക്യാമറ എന്നിവ ഉപയോഗിക്കുമ്പോൾ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടെന്ന വിവരം നിയമലംഘകനെ അറിയിക്കണം. അതായത് രഹസ്യമായി ഒന്നും ചെയ്യാനാകില്ല. യൂണിഫോമിൽ ധരിക്കുന്ന ക്യാമറ ഡ്യൂട്ടിയിലുള്ളപ്പോൾ മാത്രമേ ഉപയോഗിക്കാവൂ എന്നാകും പുതിയ ചട്ടം.
ഓൺലൈൻ വഴിയാണ് ഇപ്പോൾ മോട്ടോർവാഹന വകുപ്പിന്റെ ഇടപെടലും. തൽസമയം പെറ്റി അടിക്കുമ്പോഴും ഡിജിറ്റൽ സംവിധാനമുണ്ട്. പൊലീസും ഇങ്ങനെയാണ് ഇപ്പോൾ കാര്യങ്ങൾ നടത്തുന്നത്. രസീത് നൽകി പണം ഈടാക്കണം. രസീതിൽ അഥാവാ ചെല്ലാനിൽ എല്ലാ വിശദാംശങ്ങളും ഇനിയുണ്ടാകും.
ഗതാഗത ലംഘനത്തിലുള്ള ഇലക്ട്രോണിക് ചെലാനിൽ ഉണ്ടായിരിക്കേണ്ട വിവരങ്ങളും പുതിയ ഭേദഗതിയിലുണ്ട്. ട്രാഫിക് ലംഘനത്തിന്റെ ചിത്രം (നമ്പർ പ്ലേറ്റ് സഹിതം), ഉപകരണം രേഖപ്പെടുത്തുന്ന കണക്ക്, തീയതി, സ്ഥലം, സമയം, ലംഘിച്ച നിയമത്തിന്റെ വിവരങ്ങൾ, ഇന്ത്യൻ തെളിവു നിയമം അനുസരിച്ചുള്ള സർട്ടിഫിക്കറ്റ്, ബന്ധപ്പെട്ട ഓഫിസറുടെ മുദ്ര/ ഒപ്പ്. ചട്ടലംഘനമുണ്ടായി 15 ദിവസത്തിനുള്ളിൽ ചെലാൻ അയയ്ക്കണമെന്നും നിഷ്‌കർഷിക്കുന്നു.
നടപടി തീരുംവരെ ലംഘനത്തിന്റെ ഇലക്ട്രോണിക് തെളിവ് സൂക്ഷിക്കണം. നിയമലംഘനം നടക്കുമ്പോൾ ഉടമയല്ല വാഹനമോടിച്ചതെങ്കിൽ ചെലാൻ ലഭിക്കുമ്പോൾ അതിന്റെ തെളിവ് സമർപ്പിക്കാം.
10 ലക്ഷത്തിലധികം ജനസംഖ്യയുള്ള രാജ്യത്തെ 132 നഗരങ്ങളിൽ ഇലക്ട്രോണിക് ഗതാഗതനിയന്ത്രണ സംവിധാനം ഏർപ്പെടുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നൊരു നഗരവും ഇതിൽ ഇല്ലെന്നതാണ് വസ്തുത.
മറുനാടന് മലയാളി ബ്യൂറോ