കോട്ടയം: സംസ്ഥാന സർക്കാരിന്റെ കാലിയായ ഖജനാവ് നിറയ്ക്കാൻ പകൽ കൊള്ളയുമായി മോട്ടോർ വാഹനവകുപ്പിന്റെ ആർജിത ബുദ്ധി. നാടുനീളെ സ്ഥാപിച്ചിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റ്ലിജൻസ് കാമറയിൽ പതിയുന്ന വാഹനങ്ങളെ ഇല്ലാത്ത നിയമലംഘനം ചൂണ്ടിക്കാട്ടി കൊള്ളയടിക്കുകയാണ് സംസ്ഥാന ഗതാഗത വകുപ്പെന്ന് പരാതി ഉയരുന്നു.

കോഴഞ്ചേരി സ്വദേശിയും വയനാട് എക്സ് പോർട്ടേഴ്സ് ഉടമയുമായ ഷാജി പുളിമൂട്ടിലിന്റെ ഭാര്യ സൂസനാണ് വൻ തുക പിഴ അടയ്ക്കണം എന്ന് മോട്ടോർ വാഹനവകുപ്പിന്റെ കാമറയിൽ പതിഞ്ഞ വാഹനത്തിന്റെ ചിത്രം സഹിതം നോട്ടീസ് കിട്ടിയിരിക്കുന്നത്.

സംഭവത്തെപ്പറ്റി ഷാജി പറയുന്നത് ഇങ്ങനെ: എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ഡയറക്ടറായ സൂസൻ ഷാജിയുടെ പേരിലുള്ള ടോയാട്ടോ ഫോർച്യൂൺ കാർ കൊടിമത കുറുപ്സ് ടവറിന് സമീപമാണ് മോട്ടോർ വാഹന വകുപ്പിന്റെ കാമറയിൽപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരി 28 ന് രാവിലെ 11 നാണ് കാമറയിൽ പതിഞ്ഞിരിക്കുന്നത്. കുറ്റകൃത്യങ്ങൾ അക്കമിട്ടു കൊണ്ടുള്ള നോട്ടീസ് എഎംവിഐ എച്ച്. രജീഷിന്റെ പേരിൽ തയാറാക്കിയിരിക്കുന്നത് മാർച്ച് 25 നാണ്. സംഭവം കാമറയിൽ പെട്ടപ്പോൾ വാഹനം ഓടിച്ചിരുന്നത് ആരെന്ന് അറിയില്ലെന്നും നോട്ടീസിലുണ്ട്.

ഒന്നാമത്തെ കുറ്റകൃത്യം കാറിന്റെ നമ്പർ പ്ലേറ്റ് നിശ്ചിത ആകൃതിയിലും വലുപ്പത്തിലും അല്ലെന്നുള്ളതാണ്. അതിന് കൊടുക്കണം 3000 രൂപ പിഴ. രണ്ടാമത്തെ കുറ്റകൃത്യം വാഹനത്തിന് പ്രാബല്യത്തിലുള്ള ഇൻഷുറൻസ് ഇല്ലാ എന്നുള്ളതാണ്. അതിന് 2000 രൂപ പിഴ. മൊത്തം 5000 രൂപ പിഴ അടയ്ക്കണം എന്നാണ് നിർദ്ദേശം. ആദ്യത്തെ കുറ്റകൃത്യം ശരിയെന്ന് സമ്മതിക്കാം. പക്ഷേ, രണ്ടാമത്തേതാണ് പകൽക്കൊള്ളയ്ക്ക് ഉദാഹരണം. കാരണം, ഈ വാഹനത്തിന് 2022 മാർച്ച് 26 വരെ ഇൻഷുറൻസ് കവറേജ് ഉണ്ട്. ഫെബ്രുവരി 28 ന് കാമറയിൽ പതിഞ്ഞ വാഹനത്തിനാണ് ഇൻഷുറൻസ് കവറേജില്ലെന്ന് പറഞ്ഞ് 2000 പിഴ അടയ്ക്കാൻ പറഞ്ഞിരിക്കുന്നത്.

നോട്ടീസിൽ റിമാർക്സിന്റെ ഭാഗത്ത് ഐസി വാലിഡ് അപ് ടു മാർച്ച്് 26, 2021 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വാഹനത്തിന് 2022 മാർച്ച് 26 വരെ ദ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ കവറേജുണ്ട്. നോട്ടീസ് ലഭിച്ചതോടെ വാഹന രേഖകൾ കൂടുതൽ വിശദമായി പരിശോധിച്ച ഉടമ താൻ ഈ നിയമ ലംഘനം നടത്തിയിട്ടില്ലെന്ന് കണ്ടെത്തി.

അനാവശ്യമായി കുറ്റം ചുമത്തി പിഴ അടക്കാൻ നിർദ്ദേശിച്ച ഉദ്യോഗസ്ഥന് എതിരെയും വകുപ്പിന് എതിരെയും കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഉടമ. ഇതൊരു തുടക്കം മാത്രമാകാനാണ് സാധ്യത. കോവിഡും ലോക്ഡൗണും ഇന്ധന വിലവർധനവുമൊക്കെ കാരണം കുത്തുപാളയെടുത്തിരിക്കുന്ന പൊതുജനത്തെ പിഴിയുന്നതിനായിട്ടാണ് ആർട്ടിഫിഷ്യൽ കാമറയുമായി മോട്ടോർ വാഹനവകുപ്പ് ഇറങ്ങിയിരിക്കുന്നത്.

കെൽട്രോൺ ആണ് കാമറ സ്ഥാപിച്ചിട്ടുള്ളത്. ഇതിന്റെ ഉപകരണങ്ങൾ ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്.