നിയമരംഗത്ത് സുപ്രധാനവും കാലോചിതവുമായ മാറ്റത്തിന് വഴിവയ്ക്കുന്ന മോട്ടോർ വാഹന നിയഭേദഗതി ബിൽ ഇപ്പോൾ നടക്കുന്ന മഴക്കാല സമ്മേളനത്തിൽ രാജ്യസഭയിൽ എത്തിയേക്കും. ഏപ്രിലിൽ ഈ ബിൽ ലോക്‌സഭ അംഗീകരിച്ചിരുന്നു. വർധിച്ചു വരുന്ന റോഡപകടങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള വാഹന നിയമഭേദഗതി ബിൽ, റോഡ് സുരക്ഷയ്ക്കുള്ള സമഗ്രമായ നിയമനിർമ്മാണ ചട്ടക്കൂടാണ്.

പുതിയ നിയമപ്രകാരം ട്രാഫിക് കുറ്റകൃത്യങ്ങൾക്ക് ഉയർന്ന പിഴ ഈടാക്കാനും പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉണ്ടാക്കുന്ന വാഹനാപകടങ്ങൾക്ക് രക്ഷകർത്താക്കളെ മൂന്നു വർഷത്തെ ജയിൽശിക്ഷ നൽകാനും നിർദ്ദേശിക്കുന്നു. കൂടാതെ അപകടത്തിനിരയായവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം പത്തിരട്ടിയായി വർധിപ്പിക്കാനും വ്യവസ്ഥയുണ്ട്.


പ്രധാന വ്യവസ്ഥകൾ

  • വാഹന രജിസ്‌ട്രേഷനും ഡ്രൈവിങ് ലൈസൻസിനും ആധാർ നിർബന്ധം.
    പ്രായപൂർത്തിയാകാത്തവർ ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ അവരുടെ രക്ഷകർത്താക്കളോ വാഹനത്തിന്റെ ഉടമയോ കുറ്റക്കാരാവും. വാഹനരജിസ്‌ട്രേഷൻ റദ്ദാക്കും.
  • അപകടത്തിൽപ്പെടുന്നയാളെ രക്ഷിക്കുന്നവർക്ക് സിവിൽ, ക്രിമിനൽ നിയമങ്ങളുടെ സംരക്ഷണം.
  • പ്രത്യേക സാഹചര്യങ്ങളിലുള്ള അപകടങ്ങൾക്കായി മോട്ടോർ വാഹനഫണ്ടിൽനിന്ന് ഇന്ത്യയിലെ എല്ലാ ഉപയോക്താക്കൾക്കും നിർബന്ധിത ഇൻഷുറൻസ് പരിരക്ഷ.
  • അംഗവൈകല്യമുള്ളവർക്കുതകുന്ന രീതിയിൽ വാഹനത്തിന്റെ രൂപം മാറ്റാം.
  • അപകടങ്ങൾക്ക് കാരണമാകുന്ന റോഡുകളുടെ തെറ്റായ രൂപകൽപന, ശോചനീയാവസ്ഥ എന്നിവയ്ക്ക് കോൺട്രാക്ടർമാർ, നഗരാധികൃതർ എന്നിവർ ഉത്തരവാദികളാകും.
  • ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി തീരുന്നതിന് മുമ്പും ശേഷവും പുതുക്കാനുള്ള സമയപരിധി ഒരു മാസം മുതൽ ഒരു വർഷം വരെ.

പിഴയും നഷ്ടപരിഹാരവും

  • വാഹനാപകടമുണ്ടാക്കി രക്ഷപ്പെടുന്ന കേസുകളിൽ ഇരയായവർക്കുള്ള നഷ്ടപരഹാരം 2 ലക്ഷം
  • അപകടകരമായി വണ്ടിയോടിച്ചാൽ പിഴ 5000 രൂപ
  • ലൈസൻസില്ലാതെ വണ്ടിയോടിച്ചാൽ പിഴ 5000 രൂപ
  • അമിതവേഗത്തിന് പിഴ 1000 മുതൽ 2000 വരെ
  • സീറ്റ് ബൽറ്റ് ധരിച്ചില്ലെങ്കിൽ പിഴ 1000
  • മൊബൈൽ ഫോണിൽ ഫോണിൽ സംസാരിക്കുന്നവർക്ക് പിഴ 5000 രൂപ
  • മദ്യപിച്ച് വാഹനം ഓടിച്ചാൽ 10000 രൂപ പിഴ
  • അപകടമരണത്തിന് 10 ലക്ഷം രൂപയും ഗുരുതര പരുക്കിന് അഞ്ചുലക്ഷം രൂപയും നൽകുന്നതു വഴി തേർഡ്പാർട്ടിഇടപെടൽ പരിമിതപ്പെടുത്തും.
  • ഗുണനിലവാരമില്ലാത്ത വാഹനങ്ങളും അനുബന്ധ ഘടകങ്ങളും നിരോധിക്കാം. നിർമ്മാതാക്കൾക്ക് 500 കോടി വരെ പിഴ.