കൊച്ചി: ജനങ്ങളെ പിഴിഞ്ഞ് ഖജനാവ് നിറക്കാൻ മോട്ടോർ വാഹന വകുപ്പ് വീണ്ടും. വാഹന പരിശോധന നടത്തി ഒരു മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ മാസം 500 ചെക്ക് റിപ്പോർട്ടുകൾ എഴുതുകയും 4 ലക്ഷം രൂപയ്ക്കടുത്ത് പിഴ ഈടാക്കുകയും ചെയ്യണമെന്ന് നിർദ്ദേശം നൽകിയുള്ള ഉത്തരവ് മറുനാടന് ലഭിച്ചു. ടാർഗറ്റ് തികയ്ക്കാത്ത ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ചു കൊണ്ടുള്ള മെമോയുടെ പകർപ്പും പുറത്തു വന്നിട്ടുണ്ട്. ഇതോടെ ഉദ്യോഗസ്ഥർക്ക് ടാർഗറ്റ് നൽകിയിട്ടില്ലാ എന്ന മോട്ടോർ വാഹന വകുപ്പിന്റെ വാദം കൂടി പൊളിയുകയാണ്.

ഏതാനം ദിവസം മുൻപാണ് കോട്ടയം ജില്ലയിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് മെമോ ലഭിച്ചത്. മാസം 500 ചെക്ക് റിപ്പോർട്ടും 4 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്യാത്ത ഉദ്യോഗസ്ഥർക്കാണ് മെമോ നൽകിയിരിക്കുന്നത്. 2019 നവംബർ 25 ന് പുറത്തിറക്കിയ സർക്കുലർ പ്രകാരം മൊബൈൽ എൻഫോഴ്സ്മെന്റ് സ്‌ക്വാഡും ഫ്ളൈയിങ് സ്‌ക്വാഡും 500 ചെക്ക് റിപ്പോർട്ടും 4 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്യണമെന്ന് നിർദ്ദേശം നൽകിയിരുന്നു.

ഇതിൻ പ്രകാരം കോവിഡ് കാലമെന്ന് കണക്കാക്കാതെ ഉദ്യോഗസ്ഥർ എല്ലാ വാഹനങ്ങൾക്കും പിഴ ഈടാക്കാൻ തുടങ്ങി. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴി വച്ചിരുന്നു. ജനങ്ങൾ ഒന്നാകെ മോട്ടോർ വാഹന വകുപ്പിന് എതിരെ തിരിഞ്ഞതോടെ ഉദ്യോഗസ്ഥർ പരിശോധന കുറച്ചു. ഇതോടെയാണ് ടാർഗറ്റ് പ്രകാരം കേസുകൾ തികയ്ക്കാൻ കഴിയാതെ വന്നത്. ടാർഗറ്റ് കുറഞ്ഞതോടെ വരുമാനത്തിലും ഗണ്യമായ കുറവു വന്നു. ഇതോടെയാണ് ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ച് മെമോ നൽകിയിരിക്കുന്നത്.

മെമോ ലഭിച്ചതോടെ ഉദ്യോഗസ്ഥരെല്ലാം റോഡിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ്. വീണ്ടും പഴയ പോലെ ജനങ്ങലെ പിഴിയുന്ന ഏർപ്പാടിന് ഉദ്യോഗസ്ഥർക്കിടയിൽ അസ്വാരസ്യങ്ങളുണ്ട്. എന്നാൽ ആരും പരസ്യമായി പ്രതികരിക്കാൻ തയ്യാറല്ല. മുകളിൽ നിന്നുള്ള ഉത്തരവ് അക്ഷരം പ്രതി പാലിക്കാനേ കഴിയുന്നുള്ളു. എന്നാൽ റോഡിലിറങ്ങുമ്പോൾ ജനങ്ങളുടെ ഭാഗത്തു നിന്നുള്ള പ്രതികരണങ്ങൾ നേരിടേണ്ടി വരുന്നത് പല ഉദ്യോഗസ്ഥർക്കും ജോലി ചെയ്യാനുള്ള താൽപര്യം ഇല്ലാതെയാകുന്നുണ്ട്. പലരും മാനസിക സമ്മർദ്ദത്തിലാണ്. അതിനാൽ ചിലർ മെഡിക്കൽ ലീവിൽ പ്രവേശിച്ച് ഇതിൽ നിന്നും താൽക്കാലിക ആശ്വാസം നേടുന്നുണ്ട്. ഇത്തരത്തിൽ ടാർഗറ്റ് തികയ്ക്കാനുള്ള സമ്മർദ്ദം മൂലമാണ് പലപ്പോഴും ചില കേസുകളിൽ ഉദ്യോഗസ്ഥർ ഗത്യന്തരമില്ലാതെ ചെക്ക് റിപ്പോർട്ട് എഴുതുകയോ പിഴ ഈടാക്കുകയോ ചെയ്യുന്നത്.

ലോക്ക് ഡൗൺ കാലത്ത് മോട്ടോർ വാഹന വകുപ്പ് അന്യായമായി വാഹനങ്ങൾക്ക് പിഴ ചുമത്തുന്നു എന്ന് കാട്ടിയുള്ള ഓഡിയോ സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വാഹന പ്രേമികളുടെ വാട്ട്സാപ്പ് കൂട്ടായ്മയിൽ ഗുരുവായൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഒരു വാഹനത്തിൽ അലോയ് വീലുണ്ടായിരുന്നതിനാൽ അഞ്ച് ടയറുകൾക്കും 5000 രൂപ വച്ച് 25,000 രൂപ പിഴ ഈടാക്കി എന്ന തരത്തിലാണ് ഒരു വീഡിയോയിൽ പറയുന്നത്. പിന്നീട് ചില ഓഡിയോ ക്ലിപ്പുകളിൽ പെറ്റി എഴുതുന്ന ഉദ്യോഗസ്ഥന് കമ്മീഷനുണ്ടെന്നും കൂടിയ തുക എഴുതുമ്പോൾ അത്രയും കമ്മീഷൻ ലഭിക്കാനാണ് ഇത്തരത്തിൽ പെറ്റി എഴുതുന്നതെന്നുമാണ് മറ്റൊരാരോപണം.

വീടിന്റെ കാർപോർച്ചിൽ കിടക്കുന്ന വാഹനങ്ങൾക്ക് വരെ ഉദ്യോഗസ്ഥർ പിഴ ഈടാക്കുന്നു എന്നും സന്ദേശങ്ങളിൽ പറയുന്നു. ഇത്തരത്തിൽ വ്യാപക സന്ദേശം പടർന്നതോടെ ജനങ്ങൾ ഉദ്യോഗസ്ഥർക്കെതിരെ തിരിഞ്ഞു. പല സ്ഥലങ്ങളിലും ഉദ്യോഗസ്ഥരും ജനങ്ങളും തമ്മിൽ വാക്കേറ്റങ്ങളുണ്ടാകുന്നതും അത് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നതും പതിവായി. ഇതോടെ ഉദ്യോഗസ്ഥർ പരിസോധനകൾ കുറച്ചു വച്ചിരിക്കുകയായിരുന്നു.

എന്നാൽ വീണ്ടും ടാർഗറ്റ് തികയ്ക്കാൻ ഉദ്യോഗസ്ഥർ പുറത്തേക്കിറങ്ങുമ്പോൾ അത് വലിയ വെല്ലുവിളിയാണ്. ജനം എങ്ങനെയാണ് പ്രതികരിക്കുന്നത് എന്ന ആശങ്ക എല്ലാ ഉദ്യോഗസ്ഥർക്കും ഉണ്ട്. എന്തായാലും പുറത്തു വന്ന രേഖകൾ പ്രകാരം പൊതു ജനത്തെ വീണ്ടും പിഴിയാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം എന്ന് വ്യക്തമാകുകയാണ്.