തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ അഴിമതിക്ക് പരിഹാരമാകാൻ പുതിയ പരിഷ്‌കാരം. ഇന്നു മുതൽ പുതിയ വാഹനം വാങ്ങുന്നവർ വാഹനപരിശോധനയ്ക്ക് ആർടി ഓഫിസിൽ പോകേണ്ടതില്ല. ഡീലറുടെ അടുക്കൽ നിന്നുതന്നെ പുതിയ നമ്പർ കട്ടും. എല്ലാം ഡീലർമാർ ചെയ്യണമെന്ന് സാരം.

മുമ്പ് താൽകാലിക രജിസ്‌ട്രേഷൻ നമ്പരുമായാണ് വാഹനങ്ങൾ വിൽക്കുക. അതിന് ശേഷം സ്ഥിരം രജിസ്‌ട്രേഷൻ നമ്പർ ഉടമ എടുക്കണം. ഇതിന് വേണ്ടി പലപ്പോഴും ആർടി ഓഫീസിൽ കയറി ഇറങ്ങേണ്ടി വരുമായിരുന്നു. ചൂഷണത്തിന് ഇടനിലക്കാരും ഉണ്ടായിരുന്നു. ഈ സാഹചര്യം ഒഴിവാകുകയാണ് ഇപ്പോൾ. ഇനി എല്ലാം ഡീലർമാർ ചെയ്യും. രജിസ്‌ട്രേഷൻ നമ്പർ ഇല്ലാതെ വാഹനം നിരത്തിൽ ഓടുന്നതും അവസാനിപ്പിക്കാം. പലരും ഫോർ രജിസ്‌ട്രേഷൻ ഒട്ടിച്ച് ക്രിമിനൽ പ്രവർത്തഖൾക്ക് വാഹനങ്ങൾ ഉയപയോഗിക്കുമായിരുന്നു. ഇതിന്റെ ആവശ്യം ഇല്ലാതാകുന്നതോടെ ഇത്തരത്തിലുള്ള തട്ടിപ്പിനുള്ള സാധ്യതയും കുറയും.

ഡീലർ നേരിട്ട് തന്നെ പരിവാഹൻ എന്ന മോട്ടർ വാഹനവകുപ്പിന്റെ വെബ്‌സൈറ്റിൽ ഓൺലൈനായി രേഖകൾ സമർപ്പിക്കും. ഇവിടെ വാങ്ങി മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചേയ്യേണ്ട വാഹനങ്ങൾക്കും ബോഡി നിർമ്മാണം നടത്തേണ്ട വാഹനങ്ങൾക്കും മാത്രമേ ഇനി താൽക്കാലിക റജിസ്‌ട്രേഷനുള്ളൂ. ബാക്കി എല്ലാ വാഹനങ്ങളും ഡീലറുടെ കയ്യിൽ നിന്ന് വണ്ടി വാങ്ങുമ്പോൾ തന്നെ ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റിൽ പുതിയ നമ്പറുമായി തന്നെ പുറത്തിറക്കാം. ഉടമയ്ക്ക് ഇഷ്ടമുള്ള നമ്പർ വേണമെങ്കിൽ ഡീലർ തന്നെ ഇതിനും ഓൺലൈൻ വഴി പ്രത്യേകം അപേക്ഷയും പണവും അടച്ച് ഇഷ്ടപ്പെട്ട നമ്പരുമെടുക്കാം.

പൊതുജനങ്ങൾക്ക് സർക്കാർ ഓഫിസിൽ പോകുമ്പോൾ ഉണ്ടാകുന്ന അഴിമതി അവസാനിപ്പിക്കുന്നതിന് ഏപ്രിൽ 1 മുതൽ രാജ്യത്ത് കേന്ദ്ര സർക്കാരാണ് നിയമം നടപ്പാക്കിയത്. കേരളത്തിൽ ഇന്നലെയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. പുതിയ നീക്കത്തെ കേരളത്തിലെ മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ സംഘടനകൾ എതിർത്തിരുന്നു. ഇത് എന്തിനാണെന്ന് ആർക്കും മനസ്സിലായതുമില്ല.

ഓൺലൈനിൽ രേഖകൾ നൽകുമ്പോൾ വിലാസത്തിലോ മറ്റോ ഏതെങ്കിലും തരത്തിൽ തെറ്റോ വ്യാജ വിവരങ്ങളോ നൽകിയാൽ 10 വർഷത്തെ നികുതി ഡീലർ അടയ്ക്കണമെന്നതാണ് ശിക്ഷ. 15 വർഷത്തെ നികുതി ഉടമ അടയ്ക്കുന്നതിനു പുറമേയാണ് ഈ അധിക പിഴ നികുതി ഡീലറിൽ നിന്നും ഈടാക്കുക. അതുകൊണ്ട് തന്നെ ഉത്തരവാദിത്തം ഡീലർക്ക് കൂടും. ഇതും വാഹനം വാങ്ങുന്നവർക്ക് ആശ്വാസമായി മാറും.

എല്ലാ സേവനങ്ങളും ഓൺലൈനിലേക്ക്

ആർടി ഓഫിസുകളിലെ സേവനങ്ങളിൽ കൂടുതൽ സേവനങ്ങൾ അടുത്തയാഴ്ച മുതൽ ഓൺലൈനിലേക്ക് മാറുകയാണ്. ഓണർഷിപ്പ് മാറ്റം, ഡ്യൂപ്ലിക്കേറ്റ് ലൈസൻസ്, ആർസി ബുക്ക് , ഹൈപ്പോത്തിക്കേഷൻ റദ്ദാക്കൽ , വിലാസം മാറ്റുന്നതും ഉൾപ്പെടെ ഇനി ഓൺലൈനിലേക്ക് മാറും. ഡ്രൈവിങ് ടെസ്റ്റിനും 15 വർഷം കഴിഞ്ഞുള്ള വാഹന റജിസ്‌ട്രേഷൻ പുതുക്കലിനു മുൻപുള്ള ഫിറ്റ്‌നസ് പരിശോധനയ്ക്കും മാത്രമാകും ആർടി ഓഫിസിൽ നേരിട്ട് പോകേണ്ടിവരിക. ഇതെല്ലാം ഉദ്യോഗസ്ഥ തല അഴിമതി കുറയ്ക്കുമെന്നാണ് വിലയിരുത്തൽ.

പുതിയ വാഹനങ്ങൾക്ക് താൽക്കാലിക രജിസ്ട്രേഷനും ഗ്രൗണ്ടിലെ പരിശോധനയും ഒഴിവാക്കുകയാണ് ഇപ്പോൾ. രജിസ്‌ട്രേഷന് മുന്നോടിയായുള്ള വാഹന പരിശോധന ഇതോടെ ഒഴിവാകും. കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരമാണ് മോട്ടോർ വാഹന വകുപ്പ് ഉത്തരവിറക്കിയത്. ഷോറൂമിൽ നിന്നു തന്നെ പുതിയ വാഹനങ്ങൾക്ക് നമ്പർ പ്ലേറ്റ് ലഭിക്കും. അതിസുരക്ഷാ നമ്പർ പ്ലേറ്റാകും ഘടിപ്പിക്കുക. നിരത്തുകളിൽ നിന്നും 'ഫോർ രജിസ്ട്രേഷൻ' സ്റ്റിക്കറൊട്ടിച്ച വാഹനങ്ങൾ ഇതോടെ അപ്രത്യക്ഷമാകും.

സ്ഥിരം രജിസ്ട്രേഷനുവേണ്ടിയുള്ള അപേക്ഷകൾ സൂക്ഷ്മ പരിശോധനക്കു ശേഷമേ ഡീലർമാർ പരിവാഹൻ വഴി അപ്രൂവ് ചെയ്യാൻ പാടുള്ളൂ. ഗുരുതര പിഴവുകളുള്ള അപേക്ഷകൾ രജിസ്ട്രേഷനു വേണ്ടി മനഃപൂർവം അപേക്ഷിച്ചാൽ ആ വാഹനത്തിന്റെ 10 വർഷത്തെ നികുതിക്ക് തുല്യമായ തുക പിഴയായി ഡീലറിൽനിന്ന് ഈടാക്കും. ഡീലർ അപ്ലോഡ് ചെയ്യുന്ന വാഹനവിവരങ്ങൾ ഉടൻ ബന്ധപ്പെട്ട അസി. മോേട്ടാർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് ലഭിക്കും. ഓരോ ദിവസവും വൈകീട്ട് നാലുവരെ ലഭിക്കുന്ന അപേക്ഷകളിൽ പരിശോധന പൂർത്തിയാക്കി അതത് ദിവസം തന്നെ നമ്പർ അനുവദിക്കണം. പരിശോധനയിൽ എന്തെങ്കിലും കുറവുകൾ കണ്ടെത്തിയാൽ ആ വിവരം രേഖപ്പെടുത്തിയ ശേഷമേ അപേക്ഷകൾ മാറ്റിവെക്കാവൂവെന്നും സർക്കുലറിൽ നിർദ്ദേശിക്കുന്നു.

ഫാൻസി നമ്പറിന് താൽപ്പര്യ പത്രം

ഫാൻസി നമ്പറിന് അേപക്ഷയോടൊപ്പം താൽപര്യപത്രം നൽകണം. ഈ വിവരം ഡീലർ സോഫ്റ്റ്‌വെയറിൽ ഉൾപ്പെടുത്തും. ഈ വിവരം അന്നുതന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ലഭിക്കും. ഇത്തരം വാഹനങ്ങൾക്ക് താൽക്കാലിക രജിസ്ട്രേഷൻ അനുവദിക്കും. ഫാൻസി നമ്പർ ലഭിക്കുകയും അതിസുരക്ഷ നമ്പർ പ്ലേറ്റ് വാഹനങ്ങളിൽ ഘടിപ്പിക്കുകയും ചെയ്ത ശേഷമേ വാഹനങ്ങൾ ഉടമക്ക് നൽകൂ. നമ്പർ പ്ലേറ്റുകളിലെ കൃത്രിമത്വം കാണിക്കൽ ഇതിലൂടെ തടയാനാവുമെന്നാണ് കണക്കുകൂട്ടുന്നത്. ഇളക്കിമാറ്റിയാൽ പിന്നീട് ഉപയോഗിക്കാനാവാത്ത ഹുക്ക് ഉപയോഗിച്ചാവും പുതിയ നമ്പർ പ്ലേറ്റ് ഉറപ്പിക്കുക.

ക്രോമിയം അടിസ്ഥാനമാക്കിയുള്ള ഒരു ഹോളോഗ്രാം ഈ നമ്പർ പ്ലേറ്റിലുണ്ടാവും. ഇത് മുന്നിലും പുറകിലുമുള്ള നമ്പർ പ്ലേറ്റുകളിലുണ്ടാവും. നിലവിലെ രീതി അനുസരിച്ച് രജിസ്‌ട്രേഷനു മുന്നോടിയായി പുതിയ വാഹനങ്ങൾ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കണം. എൻജിൻ, ഷാസി നമ്പറുകൾ രേഖകളുമായി ഒത്തുനോക്കാനായിരുന്നു ഈ പരിശോധന.

എന്നാൽ 'വാഹൻ' സോഫ്റ്റ് വേർ ഉപയോഗിച്ചുള്ള രജിസ്‌ട്രേഷൻ സംവിധാനത്തിലേക്കു രാജ്യം നീങ്ങിയതോടെ ഇത്തരം പരിശോധനകൾ അനാവശ്യമാണെന്നാണു കേന്ദ്രത്തിന്റെ വിലയിരുത്തൽ. മുമ്പ് വാഹനത്തിന്റെ വിവരങ്ങൾ മുമ്പ് ഷോറൂമുകളിൽനിന്നായിരുന്നു ഉൾക്കൊള്ളിച്ചിരുന്നതെങ്കിൽ ഇപ്പോൾ വാഹന നിർമ്മാതാക്കൾ തന്നെയാണ് വാഹൻ സോഫ്റ്റ് വേറിൽ വിവരങ്ങൾ നൽകുന്നത്. അതായത് കമ്പനിയുടെ പ്ലാന്റിൽനിന്നും ഒരു വാഹനം പുറത്തിറക്കുമ്പോൾതന്നെ എൻജിൻ, ഷാസി നമ്പറുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ 'വാഹൻ' പോർട്ടലിൽ എത്തിയിരിക്കും.

ഇപ്പോൾ വാഹനം വാങ്ങുന്നയാളിന്റെ പേരും വിലാസവും രേഖപ്പെടുത്താൻ മാത്രമാണ് ഡീലർഷിപ്പുകൾക്ക് അനുമതിയുള്ളത്. അതുകൊണ്ടുതന്നെ വാഹനത്തിന്റെ നിർമ്മാണത്തീയ്യതി, മോഡൽ, മറ്റ് അടിസ്ഥാന വിവരങ്ങൾ എന്നിവയിലൊന്നും മാറ്റംവരുത്താൻ സാധിക്കില്ല. എന്നാൽ ഷാസി വാങ്ങിയ ശേഷം ബോഡി നിർമ്മിക്കേണ്ടി വരുന്ന ബസ്, ലോറി പോലെയുള്ള വാഹനങ്ങൾ ഇപ്പോഴുള്ളതു പോലെ പോലെ ആർടി ഓഫീസിൽ എത്തേണ്ടിവരും.

ഇവയുടെ രജിസ്‌ട്രേഷന് ഓൺലൈൻ നടപടികൾ മാത്രം പോര എന്നതിനാലാണിത്. ഷാസിക്കുമാത്രമാണ് താത്കാലിക പെർമിറ്റ് നൽകുന്നത് എന്നതിനാൽ ഇവ ആർടി ഓഫിസിൽ കൊണ്ടുവരണം. വ്യവസ്ഥകൾ പാലിച്ചാണോ ബോഡി നിർമ്മിച്ചിട്ടുള്ളതെന്ന് ഉറപ്പുവരുത്താനാണ് ഈ പരിശോധന.