സിഡ്‌നി: എഥനോൾ മിശ്രിതം കലർന്ന പെട്രോളിന്റെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പെട്രോൾ വിലയിൽ വർധനയുണ്ടായേക്കാമെന്ന് മുന്നറിയിപ്പ്. എട്ടു സെന്റ് വരെ ലിറ്ററിന് വർധിക്കുന്ന തരത്തിലാണ് നിലവിൽ ന്യൂ സൗത്ത് വേൽസിൽ സർക്കാർ നീക്കങ്ങൾ. ന്യൂ സൗത്ത് വേൽസിൽ വിൽക്കപ്പെടുന്ന എഥനോളിന്റെ തോത് വർധിപ്പിക്കാൻ സർക്കാൻ മുൻകൈയെടുക്കുന്നത് പെട്രോൾ റീട്ടെയ്‌ലർമാരെ വില വർധിപ്പിക്കാൻ നിർബന്ധിതരാക്കും.

നിലവിൽ എഥനോൾ കലർന്ന ഇന്ധനം വിൽക്കുന്നതിൽ നിന്ന് റീട്ടെയ്‌ലർമാരെ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഇനി മുതൽ എഥനോൾ കലർന്ന ഇന്ധനം വിൽക്കാൻ റീട്ടെയ്‌ലർമാരെ നിർബന്ധിക്കുമ്പോൾ ഇവർക്ക് സ്വാഭാവികമായും പെട്രോൾ വില വർധിപ്പിക്കേണ്ടി വരുമെന്നാണ് പറയപ്പെടുന്നത്. E10 ബ്ലെൻഡ് വഴി ആറു ശതമാനത്തോളം എഥനോൾ കലർന്ന പെട്രോൾ വിൽക്കാൻ ന്യൂ സൗത്ത് വെൽസിലെ പ്രധാന റീട്ടെയ്‌ലർമാർ ശ്രമിക്കണമെന്നാണ് നിലവിലുള്ള ഉത്തരവ്. 20 മേഖലകളിൽ താഴെയുള്ള റീട്ടെയ്‌ലർമാരെ മാത്രമേ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുള്ളൂ.

ന്യൂസൗത്ത് വേൽസിൽ വിൽക്കുന്ന  2.7 ശതമാനം പെട്രോളിൽ മാത്രമേ എഥനോൾ കലർന്നിട്ടുള്ളൂ. ഈ ആഴ്ച ചേരുന്ന കാബിനറ്റിൽ ഇതുസംബന്ധിച്ച് കൂടുതൽ ചർച്ചകൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. റെഗുലർ അൺലീഡഡ് പെട്രോളിന്റെ വിപണനം ന്യൂ സൗത്ത് വേൽസിൽ നിരോധിക്കുകയോ ചെറുകിട റീട്ടെയ്‌ലർമാർക്ക് ഇതിനു നിരോധനം ഏർപ്പെടുത്തുകയോ പ്രീമിയം അൺലീഡഡ് പെട്രോളുമായി എഥനോൾ യോജിപ്പിച്ച് വിൽക്കാൻ നിർബന്ധിക്കുകയോ ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.

പെട്രോൾ വിലയിൽ എട്ടു സെന്റ് വർധന ഏർപ്പെടുത്തുമ്പോൾ റീട്ടെയ്‌ലർമാർക്ക് ഈയിനത്തിൽ വരുന്ന നഷ്ടം നികത്താൻ സാധിക്കുമെന്നാണ് കരുതുന്നത്. സർക്കാരിൽ നിന്നുള്ള സഹായം ഇക്കാര്യത്തിൽ ലഭിക്കാത്തതിനെ തുടർന്നാണ് ഉപയോക്താക്കളിൽ അമിത ഭാരം ഏൽപ്പിച്ച് വില വർധിപ്പിക്കുന്നത്.