തിരുവനന്തപുരം: എകെജിക്ക് എതിരായ ബാലപീഡന പരാമർശത്തിന്റെ പേരിൽ തൃത്താല എംഎൽഎ വി ടി ബൽറാമിനെ നാണംകെടുത്താനിറങ്ങി ഒടുവിൽ തോറ്റുപിന്മാറേണ്ടി വന്ന സിപിഎമ്മും സൈബർസഖാക്കളും ഇപ്പോൾ കൈരളി നടത്തിയ പുതിയ 'കണ്ടുപിടിത്തത്തിന്റെ' പിന്നാലെയാണ്. ബൽറാം എൽഎൽബി പരീക്ഷയ്ക്ക് മാർക്കുതിരുത്തിയെന്ന് പുതിയ കണ്ടുപിടിത്തം എന്ന മട്ടിൽ അവതരിപ്പിച്ച് കൈരളി എത്തുകയും അതിന് പിന്നാലെ സോഷ്യൽമീഡിയയിൽ സിപിഎമ്മിന്റെ സൈബർ പോരാളികൾ അതേറ്റുപിടിക്കുകയും ചെയ്തു. ഒന്നുകൂടി ബലംകൂട്ടാൻ ഇന്ന് ദേശാഭിമാനിയും വെണ്ടക്ക നിരത്തിയിരിക്കുകയാണ് 'മാർക്ക് തിരുത്തലിൽ ബൽറാം വെട്ടിലായി' എന്ന്. എന്നാൽ ഇക്കുറിയും ബൽറാമിനൊപ്പം എത്തുകയാണ് സോഷ്യൽമീഡിയ ഒന്നടങ്കം. ഇതോടെ വീണ്ടും ബൽറാമിനോട് ഏറ്റുമുട്ടി നാണംകെടുന്ന സ്ഥിതിയിലേക്ക് എത്തുന്നു സൈബർ സഖാക്കളും സിപിഎമ്മും കൂടെ പാർട്ടി അനുകൂല ചാനലും മുഖപത്രവും.

ബൽറാം തൃശൂർ ലോ കോളജിൽ എൽ.എൽ.ബിക്ക് പഠിക്കുമ്പോൾ മാർക്ക് തിരുത്തിയെന്ന് ആരോപിച്ച് മൻസൂർ പാറമേൽ എന്നയാൾ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ കഴിഞ്ഞമാസം രംഗത്തുവന്നിരുന്നു. ഇതോടെ സൈബർ സഖാക്കളും എംഎൽഎ താറടിക്കാൻ സജീവമായി. പക്ഷേ ആരോപണം വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. വെറും അടിസ്ഥാന രഹിതമായ കാര്യം. എൽ.എൽ.ബിയുടെ ഒരു പേപ്പറായ മൂട്ട് കോർട്ടിന് ബൽറാമിന് കിട്ടിയത് 45 മാർക്കാണത്രെ. ജയിക്കാൻ വേണ്ടത് 50 മാർക്ക്. 'ബലറാമൻ സ്ഥിരം കൊങ്ങി സ്വഭാവം കാട്ടി പ്രിൻസിപ്പലിനെക്കൊണ്ട് മാർക്ക് തിരുത്തിച്ച് വെറും 70 ആക്കി നൈസായിട്ട് ജയിച്ചു' എന്നാണ് മൻസൂർ ആരോപിച്ചത്. ഇക്കാര്യം അറിഞ്ഞ എസ്.എഫ്.ഐ തൃശൂർ ജില്ല ജോയന്റ് സെക്രട്ടറി ആയിരുന്ന അരുൺ റാവു സർവകലാശാലക്ക് പരാതി കൊടുത്തു. സംഭവം സത്യമാണെന്ന് അറിഞ്ഞതോടെ സർവകലാശാല പ്രിൻസിപ്പലിനെ തരം താഴ്‌ത്തി സ്ഥലം മാറ്റിയെന്നാണ് ഫേസ്‌ബുക്ക് പോസ്റ്റിൽ മൻസൂർ കുറ്റപ്പെടുത്തിയത്.

മുട്ട് കോർട്ട് എന്നത് എൽഎൽബി പഠനത്തിന്റെ ഭാഗമായുള്ള ഒരു പ്രാക്ടിക്കൽ സെഷൻ ആണ്. ക്‌ളാസ് റൂമിൽ കോടതി പരീക്ഷിക്കുന്ന പരിപാടി. ഇന്ത്യയിലെ എല്ലാ കോളേജുകളും അതിൽ പങ്കെടുക്കുന്നവരെ വിജയിപ്പിക്കും. റാങ്ക് കിട്ടാൻ സാധ്യത ഉള്ളവർക്കും മികച്ച പ്രകടനം നടത്തുന്നവർക്കും മാനേജമെന്റ് ബന്ധം ഉള്ളവർക്കും നല്ല മാർക്ക് കിട്ടും. അപ്പീൽ നൽകിയാലും മാർക്ക് കൂട്ടിക്കിട്ടും.

അതുകൊണ്ടു ബലറാം അതിൽ തോറ്റു എന്ന് പറഞ്ഞാൽ എൽഎൽബി പഠിച്ച ആരും വിശ്വസിക്കില്ല. സംഭവിച്ചത് അപ്പീലിൽ ബൽറാമിന് മാർക്ക് കൂട്ടി കിട്ടിയെന്നതാണ്. മാർക്ക് കുറഞ്ഞപ്പോൾ ബൽറാം പ്രിൻസിപ്പളിന് അപ്പീൽ കൊടുത്തു. അത് അംഗീകരിക്കുകയും ചെയ്തു. ഇതിനെയാണ് മാർക്ക് തട്ടിപ്പ് എന്ന തരത്തിൽ അവതരിപ്പിച്ചത്. ഇതോടെ അന്നുതന്നെ ഈ വാദം സോഷ്യൽ മീഡിയ പൊളിച്ചടുക്കിയിരുന്നു.

ഇതിന് ശേഷം ഒരുമാസം തികയുംമുമ്പേ വീണ്ടും ഇതേ വിഷയത്തിൽ 'ഗവേഷണം' നടത്തി കൈരളി എത്തിയതോടെ സൈബർ സഖാക്കളും ആവേശത്തോടെ രംഗത്തിറങ്ങി. ബൽറാം തന്നെ വർഷങ്ങൾക്ക് മുമ്പേ ഇക്കാര്യം വ്യക്തമാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് നൽകിയിരുന്നു. ഇതൊന്നും അറിയാത്ത മട്ടിലാണ് സിപിഎമ്മിൽ നിന്ന് തൃത്താലമണ്ഡലം പിടിച്ചെടുത്ത എംഎൽഎക്ക് എതിരെ പലരും സോഷ്യൽമീഡിയയിൽ പ്രതികരണവുമായി എത്തുന്നത്.

എന്നാൽ ഇക്കാര്യമെല്ലാം അറിയാവുന്ന ആയിരങ്ങൾ ബൽറാമിന് പിന്തുണയുമായി വരുന്നതോടെ വീണ്ടും നാണംകെടുകയാണ് സൈബർ പോരാളികളും കൈരളിയും. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും പത്രത്തിലും ഇത് വലിയ സംഭവമെന്ന മട്ടിൽ അവതരിപ്പിച്ചിരിക്കുന്നത്.

മൂട്ട് കോർട്ടിൽ ബൽറാമിന് മാർക്ക് കുറഞ്ഞെങ്കിൽ കോൺഗ്രസുകാരൻ ആയതുകൊണ്ട് ഇടതു പക്ഷക്കാരനായ അദ്ധ്യാപകൻ മനഃപൂർവം കുറച്ചു കൊടുത്തതാകുമെന്ന ആരോപണവും അതിനിടെ കോൺഗ്രസുകാർ സോഷ്യൽ മീഡിയയിൽ ഉയർത്തുന്നു. അത് പ്രിൻസിപ്പാൾ തിരുത്തി കാണും. ഇങ്ങനെ സംഭവിച്ചെങ്കിൽ പോലും അതിൽ മാർക്ക് തിരുത്തില്ല. വാർത്തകൾ ഉണ്ടാകുന്നതും വ്യക്തിഹത്യ ഉണ്ടാവുന്നതും എങ്ങനെ എന്നതിനുള്ള ടിപ്പിക്കൽ എക്സാമ്പിൾ ആണിതെന്ന് ബൽറാമിനെ അനുകൂലിക്കുന്നവരും പറയുന്നു. അക്കാലത്തു മുട്ട് കോർട്ടിന് മാർക്ക് കുറഞ്ഞു പോയ ഒരു സഹപാഠിയുടെ കുശുമ്പാണ് ആരോപണത്തിന് പിന്നിലെന്ന് ചർച്ചയും സജീവമാണ്.

എകെജിയെക്കുറിച്ചു വിവാദപരാമർശം നടത്തിയ ബൽറാമിന് തൃത്താല മണ്ഡലത്തിലെ പൊതുചടങ്ങുകളിൽ വിലക്ക് ഏർപ്പെടുത്താൻ സിപിഎം തീരുമാനിച്ചിരുന്നു. സിപിഎം ഭരിക്കുന്ന പഞ്ചായത്തുകളിലെയും സഹകരണ സ്ഥാപനങ്ങളിലെയും പരിപാടികൾ, സിപിഎം നേതാക്കൾ ഭാരവാഹികളായ സ്‌കൂളുകളിലെ ചടങ്ങുകൾ എന്നിവയിലാണു പ്രധാനമായും വിലക്ക്. എംഎൽഎ മാപ്പ് പറയും വരെ ഇതു തുടരുമെന്ന് പ്രഖ്യാപിക്കുകയും എംഎൽഎയുടെ ഓഫീസിന് നേരെ ആക്രമണം നടത്തുകയുമെല്ലാം ചെയ്‌തെങ്കിലും അതൊന്നും വിലപ്പോയില്ല.

ഇതിന് പിന്നാലെയാണ് ബൽറാമിനെതിരെ വ്യാജ ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാക്കാൻ സൈബർ സഖാക്കൾ ഒരുമ്പെട്ടിറങ്ങിയതും. എന്നാൽ ഇതിലൊന്നും പറയാതെ പറഞ്ഞതിൽ ബൽറാം ഉറച്ചുനിൽക്കുകയും ആദ്യഘട്ടത്തിൽ മാറിനിന്നെങ്കിലും മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ പിന്നീട് പിന്തുണയുമായി എത്തുകയും ചെയ്തതോടെ സിപിഎമ്മിന്റെ ശക്തിയും പ്രതിരോധവും ചോർന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നാണംകെട്ട മറ്റൊരു മാർക്കുതിരുത്തൽ പ്രചരണവുമായി വീണ്ടും കൈരളിയും ദേശാഭിമാനിയും എത്തുന്നതും.

ബിടെക്കും എംബിഎയും എൽഎൽബിയും ഉള്ള മിടുമിടുക്കൻ

ഒന്നാം റാങ്കോടെ ബി എസ്‌സി പാസായ ശേഷം എൻട്രൻസ് എഴുതി 1600-ാം റാങ്ക് നേടി എഞ്ചിനിയറിംഗിന് അഡ്‌മിഷൻ നേടി ആളാണ് ബൽറാം. ഫസ്റ്റ് ക്ലാസോടെ ബിടെക് പാസായ ശേഷം പിന്നീട് എംബിഎയ്ക്ക് അഡ്‌മിഷൻ നേടിയതാകട്ടെ എൻട്രൻസിൽ ഒന്നാം റാങ്ക് നേടിയാണ്. അതിന് ശേഷമാണ് ഫസ്റ്റ് ക്‌ളാസോടെ എൽഎൽബി ബിരുദവും ഈ മിടുക്കൻ നേതാവ് നേടുന്നത്. ഇത്രയേറെ പഠനമികവുള്ള ഒരു എംഎൽഎയെ ആണ് സിപിഎം വ്യാജ മാർക്ക് ആരോപണം ഉയർത്തി താറടിക്കാൻ ശ്രമിക്കുന്നത്. ഇക്കാര്യം അറിയാവുന്നവരെല്ലാം ഇതോടെ സോഷ്യൽ മീഡിയയിയൽ ബൽറാമിന് പിന്തുണയുമായി എത്തുന്നു.

ഒരു കെ.എസ്.യു. പ്രവർത്തകനായി തുടരുന്നിടത്തോളം ഏതെങ്കിലും റഗുലർ കോളേജ് വിദ്യാർത്ഥിയായിരിക്കണം എന്നതായിരുന്നു വ്യക്തിപരമായ ആഗ്രഹമെന്ന് ബൽറാം നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. തന്റെ പഠനകാലം ബൽറാം വിശദീകരിച്ചത് ഇങ്ങനെ:ജവഹർ നവോദയ വിദ്യാലയത്തിൽ പ്ലസ് ടു വരെയുള്ള റസിഡൻഷ്യൽ ജീവിതത്തിനുശേഷം വിദ്യാർത്ഥി രാഷ്ട്രീയം സജീവമായ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽത്തന്നെ ബി എസ് സി കെമിസ്ട്രിക്ക് ചേർന്നു കെ.എസ്.യു. പ്രവർത്തനങ്ങളുടെ തുടക്കവും അവിടെ നിന്നായിരുന്നു. 1996ൽ ഇയർ റപ്രസെന്റേറ്റീവും 1997ൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറുമായി അവിടെ നിന്ന് മത്സരിച്ചു ജയിച്ചു. കോഴ്സവസാനം 1998ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്കോടെയാണു ബി.എസ് സി പാസായത്.

സംഘടനാപ്രവർത്തന ലക്ഷ്യം വെച്ചുതന്നെയാണു തുടർച്ചയായുള്ള ഉന്നതപഠനത്തിനുള്ള മറ്റ് അവസരങ്ങൾ വേണ്ടെന്ന് വെച്ച് ഡിഗ്രി അവസാന വർഷ പരീക്ഷയോടൊപ്പം എഞ്ചിനീയറിങ് എൻട്രൻസ് കൂടി എഴുതി തൃശൂർ ഗവ. എഞ്ചിനീയറിങ് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിനു ചേർന്നത്. 1600ഓളമായിരുന്നു എൻട്രൻസിനു സംസ്ഥാനതലത്തിൽ റാങ്ക്. അവിടെ പഠിക്കുന്ന കാലത്ത് 1999ൽ ആദ്യമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിലേക്ക് വിദ്യാർത്ഥി പ്രതിനിധിയായി മത്സരിച്ച് ജയിച്ചു. ആ വർഷം നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലും മത്സരിച്ചുവെങ്കിലും 40ൽത്താഴെ വോട്ടിന്റെ ചെറിയ വ്യത്യാസത്തിൽ പരാജയപ്പെട്ടു. എന്നാൽ 2001ൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച് മികച്ച ഭൂരിപക്ഷത്തിൽ യു.യു.സി.യായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കോഴ്സ് അവസാനിക്കുന്ന 2002ൽത്തന്നെ ഫസ്റ്റ് ക്ലാസോടെയാണു ബി.ടെക്ക് ബിരുദം പൂർത്തിയാക്കിയത്.

പിന്നീടാണു കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിലെ ഡിപ്പാർട്ട്മെന്റിൽ എം.ബി.എ.ക്ക് ചേർന്നത്. ആ എൻട്രൻസ് പരീക്ഷയിലും ഒന്നാം റാങ്ക് ഉണ്ടായിരുന്നു. കെ.എസ്.യു.വിന്റെ സംസ്ഥാന ഭാരവാഹിയായതും ആ കാലയളവിലാണു. ക്യാമ്പസിനകത്തെ സംഘടനാ പ്രവർത്തനത്തിൽ അത്ര സജീവമായിരുന്നില്ലെങ്കിലും സാഹചര്യങ്ങളുടെ നിർബന്ധം മൂലം അവിടത്തേയും തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടി വന്നു. അവിടെയും 35ഓളം വോട്ടിന്റെ വ്യത്യാസത്തിലാണു പരാജയപ്പെടേണ്ടിവന്നത്. ആദ്യ ചാൻസിൽത്തന്നെ ഫസ്റ്റ് ക്ലാസിൽ എം.ബി.എ. ബിരുദം നേടി.

എൽഎൽബി കാലത്തെ വിവാദത്തെ പറ്റി ബൽറാം പറയുന്നത്

ഇത്രയും ബിരുദങ്ങൾക്ക് ശേഷമാണു തൃശൂർ കേന്ദ്രീകരിച്ചുള്ള വിദ്യാർത്ഥി, യുവജന സംഘടനാ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള സൗകര്യാർത്ഥം ഗവ. ലോ കോളേജിൽ എൽ.എൽബിക്ക് ചേർന്നത്. ആ എൻട്രൻസ് പരീക്ഷയിലും സംസ്ഥാനത്ത് 11ആമത്തെയോ മറ്റോ റാങ്ക് ഉണ്ടായിരുന്നു. അക്കാലത്ത് തന്നെ വിദ്യാർത്ഥി പ്രതിനിധിയായി വീണ്ടും യൂണിവേഴ്സിറ്റി സെനറ്റിലേക്ക് മത്സരിച്ച് ജയിച്ചുവെങ്കിലും വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തനങ്ങളിലേക്ക് സ്വാഭാവികമായി മാറിവരികയായിരുന്നു. നൂറു വിദ്യാർത്ഥികളുള്ള ബാച്ചിൽ ആദ്യ അവസരത്തിൽത്തന്നെ കോഴ്സ് പാസായി എൻ റോൾ ചെയ്യാൻ കഴിഞ്ഞത് ഞാനടക്കം മൂന്ന് പേർക്ക് മാത്രമായിരുന്നു.

ഇക്കാലയളവിലെ തീർത്തും നിസ്സാരമായ ചില കാര്യങ്ങളുടെ അടിസ്ഥാനത്തിലാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹീനമായ വ്യക്തിഹത്യ നടക്കുന്നത്. എന്റെ സഹപാഠികൾ എന്ന പേരിൽ ഇപ്പോൾ ഫേസ്‌ബുക്കിലൂടെ നുണപ്രചരണം നടത്തിവരുന്ന രണ്ട് പേർ എന്റെ സഹപാഠികളോ ഞാൻ പഠിച്ച ത്രീ ഇയർ എൽ.എൽബി.വിദ്യാർത്ഥികളോ പോലുമല്ല. ക്യാമ്പസിലെ എസ്.എഫ്.ഐ.യുടെ പ്രമുഖ നേതാക്കളായ അവരിൽ ഒരാൾ കോളേജ് യൂണിയൻ ചെയർമാനായിരുന്നു, മറ്റേയാളും യൂണിയൻ ഭാരവാഹിയായിരുന്നു എന്നാണോർമ്മ. ആ ക്യാമ്പസിലെ പതിവായ അദ്ധ്യാപകർ തമ്മിൽ രാഷ്ട്രീയാടിസ്ഥാനത്തിലുള്ള കിടമത്സരങ്ങളാണു പ്രസ്തുത വിവാദത്തിലേയും അടിസ്ഥാനകാരണം.

ലീഗൽ ഡ്രാഫ്റ്റിങ് എന്ന തീർത്തും ഇന്റേണലായി മാത്രം മാർക്കിടേണ്ട പേപ്പറിൽ സാധാരണഗതിയിൽ എല്ലാവർക്കും രണ്ടോ മൂന്നോ അഡീഷണൽ ചാൻസുകൾ നൽകാറുണ്ട്. നാലു ചാൻസ് വരെ ലഭിച്ചവരും മുൻ വർഷങ്ങളിലുണ്ടായിരുന്നു. എന്നാൽ സിപിഎം. അനുഭാവിയായ അദ്ധ്യാപിക എസ്.എഫ്.ഐ.ക്കാരുടെ താത്പര്യാർത്ഥം ഒരു ചാൻസ് നൽകുകയും അന്ന് എഴുതാത്ത ഞാനടക്കമുള്ളവർക്ക് ചാൻസ് നൽകില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെതിരെ പ്രിൻസിപ്പലിനു വിവിധ സംഘടനകളിൽപ്പെട്ട പത്തോളം വിദ്യാർത്ഥികൾ പരാതി നൽകിയപ്പോൾ എല്ലാവർക്കുമായി ഒരു ചാൻസ് കൂടി നൽകാൻ അദ്ദേഹം തീരുമാനിക്കുകയും അതിന്റെയടിസ്ഥാനത്തിൽ എല്ലാവരും എഴുതി സമർപ്പിക്കുകയും ചെയ്തു.

എന്നാൽ ഇത് അംഗീകരിക്കാത്ത അദ്ധ്യാപിക പഴയ മാർക്ക് മാത്രമേ തരികയുള്ളൂ എന്ന് ശാഠ്യം പിടിച്ചു. പ്രിൻസിപ്പൽ സ്വന്തം നിലക്ക് എല്ലാ കുട്ടികളുടേയും പുതിയ മാർക്കുകൾ കൂടി ഉൾപ്പെടുത്തി യൂണിവേഴ്സിറ്റിയിലേക്ക് അയച്ചു അംഗീകാരം നേടി. ഇതിനെയാണു വലിയ 'മാർക്ക് ലിസ്റ്റ് തിരുത്തൽ' ആയി ഇപ്പോൾ സംഘാക്കൾ ചിത്രീകരിക്കുന്നത്. വെറും രാഷ്ട്രീയതാത്പര്യം വെച്ച് ഇത് കുത്തിപ്പൊക്കി വിവാദമുണ്ടാക്കിയ എസ് എഫ് ഐക്കാർ ഇടതുപക്ഷ സിണ്ടിക്കേറ്റിന്റെ കാലത്ത് ഇതിന്റെപേരിൽ പ്രിൻസിപ്പലിനെതിരെ അദ്ദേഹത്തിന്റെ റിട്ടയർമ്മെന്റിനു തൊട്ടുമുൻപ് നടപടിക്ക് ശ്രമിച്ചെങ്കിലും രാഷ്ട്രീയപ്രേരിതമായ ആരോപണം മാത്രമാണെന്ന് കണ്ടെത്തി അവസാനം അദ്ദേഹത്തെ ഒഴിവാക്കി എന്നാണറിവ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഞാൻ അപ്രതീക്ഷിതമായി തൃത്താലയിൽ സ്ഥാനാർത്ഥി ആയി വന്നപ്പോൾത്തന്നെ ഈ വിഷയം എങ്ങനെയെങ്കിലും ഉയർത്തിക്കൊണ്ടുവന്ന് ക്രഡിബിളിറ്റി തകർക്കാൻ എന്റെ ഈ സോ കോൾഡ് സുഹൃത്തുക്കളും സഹപാഠികളും ഒന്ന് ശ്രമിച്ചുനോക്കിയിരുന്നുവെങ്കിലും അന്നതത്ര ഏശിയിരുന്നില്ല. ഇതിനേക്കാൾ ഹീനമായ മറ്റൊരാരോപണവും ഇന്ന് പ്രശസ്തമായ ഒരു പ്രൊഫഷണൽ കരിയർ മുന്നോട്ടുകൊണ്ടുപോകുന്ന ഒരു പഴയ എസ് എഫ് ഐ നേതാവിനേക്കൊണ്ട് ഉന്നയിപ്പിക്കാൻ പലരും ശ്രമിച്ചുനോക്കിയിരുന്നെങ്കിലും മാന്യയായ അവർ ഇതുവരെ ആ സമ്മർദ്ദത്തിനു വഴങ്ങിയിട്ടില്ല.

ഇനിയും ഇത്തരത്തിലുള്ള ഏത് ആരോപണവും വ്യക്തിഹത്യയും നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിച്ചുകൊണ്ടുതന്നെയാണു രാഷ്ട്രീയത്തിലെ പതിവ് സേഫ് സോണുകൾ ഒഴിവാക്കിയും എല്ലാ സ്ഥാപിത താത്പര്യങ്ങളേയും മാറിമാറി തഴുകിത്തലോടി കാലാകാലം എംഎൽഎ. ആയിരിക്കാനുള്ള സ്വാഭാവിക കരിയർ മോഹങ്ങൾ കുറച്ചെങ്കിലും മാറ്റിവെച്ചും പറ്റാവുന്ന മേഖലകളിൽ ഇടപെടാൻ ശ്രമിച്ചുപോരുന്നത്. അത്തരം ഇടപെടലുകൾ ചിലർക്കെങ്കിലും അലോസരമുണ്ടാക്കുന്നുണ്ട് എന്നറിയുന്നത് എന്നേപ്പോലുള്ളവർക്ക് കൂടുതൽ ആവേശം പകരുകയേ ഉള്ളൂ. അതുകൊണ്ട് ഓഡിറ്റിങ് തുടരട്ടെ. അതിനായി കൃത്യമായ ടൈമിങ് തന്നെ തെരഞ്ഞെടുത്ത സംഘാക്കൾക്ക് വിപ്ലവാഭിവാദ്യങ്ങൾ. ആരാണു ആയുധം സപ്ലൈ ചെയ്യുന്നതെന്നും ആരാണത് ഉപയോഗിക്കുന്നതെന്നും എല്ലാവരും കാണുന്നുണ്ട്. - 2015 ജൂലായ് 23ന് നൽകിയ പോസ്റ്റിൽ ബൽറാം വ്യക്തമാക്കുന്നു.

ഇത്തരത്തിൽ വർഷങ്ങൾക്ക് മുമ്പേ കൃത്യമായി എന്താണ് തനിക്കെതിരെ നടന്ന വിവാദത്തിന് പിന്നിലെന്ന് വ്യക്തമാക്കുന്ന എംഎൽഎയെ വ്യജ മാർക്ക് ആരോപണം ഉയർത്തി നാണംകെടുത്താൻ രംഗത്തിറങ്ങിയ ചാനലും പാർട്ടിപത്രവും സൈബർ സഖാക്കളും വീണ്ടും മുട്ടുമടക്കുന്ന സ്ഥിതിയാണ് സോഷ്യൽ മീഡിയയിൽ.

പ്രിൻസിപ്പാളിനെ സ്ഥലംമാറ്റിയിരുന്നു എന്ന് വാദിച്ച് ദേശാഭിമാനി

ബൽറാം വെട്ടിലായി എന്ന് പറഞ്ഞ് ഇന്ന് ദേശാഭിമാനി നൽകിയ വാർത്തയും ഇതോടൊപ്പം ചർച്ചയാകുന്നു. ഇതിൽ പറയുന്നത് മാർക്ക് തിരുത്തി നൽകിയ പ്രിൻസിപ്പാളിനെ സ്ഥലംമാറ്റിയിരുന്നു എന്നാണ്. വാർത്ത ഇപ്രകാരം: കെ എസ് യു നേതാവായിരിക്കെ എൽഎൽബി പരീക്ഷയ്ക്ക് മാർക്ക് തിരുത്തിയ വിവരം പുറത്തുവന്നതോടെ വി ടി ബൽറാം എംഎൽഎ വെട്ടിലായി. തൃശൂർ ലോ കോളേജിൽ 200508 വർഷത്തിൽ പഠിക്കുമ്പോഴാണ് ഇന്റേണൽ പരീക്ഷയ്ക്ക് സമാനമായ പരീക്ഷയ്ക്ക് പ്രിൻസിപ്പലിനെ സ്വാധീനിച്ച് മാർക്ക് തിരുത്തിയത്. സോഷ്യൽ മീഡിയയിലടക്കം വാർത്ത വിവാദമായിട്ടും ഇക്കാര്യം തെറ്റാണെന്ന് പറയാൻ ബൽറാം തയ്യാറാകുന്നില്ല. മറ്റു പരീക്ഷകളിൽ തനിക്ക് ഉയർന്ന മാർക്കുണ്ടെന്ന് പറഞ്ഞ് പ്രതിരോധം തീർക്കുകയാണിപ്പോൾ. അഞ്ചാം സെമസ്റ്ററിൽ ഡ്രാഫ്റ്റിങ് ആൻഡ് കൺവെയൻസിങ് പരീക്ഷയിലാണ് മാർക്ക് തിരുത്തിയത്. പരീക്ഷ നടത്തിയ അദ്ധ്യാപിക ബൽറാമിന് നൽകിയത് 45 മാർക്കാണ്. എന്നാൽ, ജയിക്കാൻ വേണ്ടത് 50 മാർക്കായിരുന്നു. കെഎസ്‌യു നേതാവായ ബൽറാം പ്രിൻസിപ്പൽ ഡോ. രാജശേഖരൻനായരെ സ്വാധീനിച്ച് 75 മാർക്കായി ഇത് ഉയർത്തി. പരീക്ഷ നടത്തിയ അദ്ധ്യാപികപോലും അറിയാതെയാണ് പ്രിൻസിപ്പൽ മാർക്ക് കൂട്ടി നൽകിയത്. ഇക്കാര്യം വിദ്യാർത്ഥികൾ പരാതിപ്പെട്ടതോടെ അറിയാതെ പറ്റിയതാണെന്നു പറഞ്ഞ് പ്രിൻസിപ്പൽ തടിയൂരി. എന്നാൽ, സർവകലാശാല ഇക്കാര്യം അന്വേഷിക്കാൻ തീരുമാനിക്കുകയും കമീഷനെ വയ്ക്കുകയും ചെയ്തു.

സിൻഡിക്കറ്റ് അംഗം കെ പി വർക്കി, പരീക്ഷാ കൺട്രോളർ വി രാജഗോപാലൻ, സ്റ്റുഡന്റ് ഡീൻ പി വി വത്സരാജ് എന്നിവർ അന്വേഷിച്ച് ക്രമക്കേട് നടന്നതായി റിപ്പോർട്ട് നൽകുകയും ചെയ്തു. ഇതേത്തുടർന്ന് ബൽറാമിന്റെ മാർക്ക് 75ൽ നിന്ന് 45 ആക്കി കുറച്ചു. മാർക്ക് തിരിമറി നടത്താൻ സഹായിച്ച പ്രിൻസിപ്പലിനെ ശിക്ഷാനടപടിയായി എറണാകുളത്തേക്ക് സ്ഥലം മാറ്റുകയും പരീക്ഷാ ചുമതലകളിൽനിന്ന് നീക്കുകയും ചെയ്തു. അന്വേഷണകാലയളവിൽ പ്രിൻസിപ്പലിനെ തിരുവനന്തപുരം ലോ കോളേജിലേക്ക് മാറ്റിയിരുന്നു. അന്വേഷണകമ്മിഷൻ പ്രിൻസിപ്പൽക്കെതിരെ ശക്തമായ നടപടിവേണമെന്നാണ് ശുപാർശ ചെയ്തത്. ഇതുപ്രകാരമാണ് തിരുവനന്തപരുത്തുനിന്നും പ്രിൻസിപ്പലിനെ എറണാകുളത്തേക്ക് സ്ഥലം മാറ്റിയത്. ഇദ്ദേഹത്തിന് ഒരിടത്തും പരീക്ഷാചുമതല നൽകരുതെന്നും സർക്കാർ ഉത്തരവിറക്കുകയും ചെയ്തു. ആദർശം പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്ന കോൺഗ്രസ് എംഎൽഎ വി ടി ബൽറാം മാർക്ക് തിരുത്തിയത് കൈയോടെ പിടികൂടിയത് പുറത്തായപ്പോൾ മിണ്ടാട്ടമില്ലാതായി. വാർത്ത ആദ്യം പുറത്തുകാണ്ടുവന്ന കൈരളി ചാനലിനെ പള്ള് പറഞ്ഞ് രക്ഷപ്പെടുകയാണിപ്പോൾ. നവമാധ്യമങ്ങളിൽ അനാവശ്യ വിവാദമുണ്ടാക്കുകയും അതിന്റെ മറവിൽ കുപ്രശസ്തി നേടുകയും ചെയ്യുന്ന ബൽറാം, മാർക്ക് തട്ടിപ്പിലൂടെയും പ്രശസ്തനാണെന്ന് വന്നതോടെ അനുയായികളും പ്രതിരോധിക്കാൻ നിൽക്കാതെ സ്ഥലം വിടുകയാണ്.

ഇത്തരത്തിൽ പ്രതിരോധിക്കാൻ നിൽക്കാതെ അനുയായികൾ സ്ഥലംവിടുന്നു എന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുമ്പോഴും സത്യത്തിൽ കൈരളിക്കും ദേശാഭിമാനിക്കും വേണ്ടി വാദിക്കാൻ എത്തി നാണംകെടുകയാണ് സോഷ്യൽ മീഡിയയിൽ സൈബർ സഖാക്കൾ. വർഷങ്ങൾക്ക് കഴമ്പില്ലെന്ന് കണ്ട് ഇല്ലാതായ വിവാദം വീണ്ടും കുത്തിപ്പൊക്കി സ്വയം അപമാനിതരാകുന്ന സ്ഥിതിയാണ് ബൽറാമിന്റെ എതിരാളികൾക്ക് ഉണ്ടായിരിക്കുന്നത്.