- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുടർഭരണം കിട്ടിയതോടെ പഴയ ഫയൽ പൊടിതട്ടി എടുത്തു; മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ സ്ഥിര ജീവനക്കാരെ നിയമിക്കാൻ നീക്കം; നിയമനം നടത്താൻ പ്രത്യേക സമിതി വരും; പിആർഡി നേരിട്ട് ശമ്പളം നൽകണമെന്നും ഭേദഗതി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ സ്ഥിര ജീവനക്കാരെ നിയമിക്കാൻ നീക്കം. മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നവരെ സ്ഥിരപ്പെടുത്താൻ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ശ്രമം നടന്നിരുന്നെങ്കിലും സംഭവം വലിയ വിവാദങ്ങൾ തിരികൊളുത്തിയതോടെ ഫയൽ തൽക്കാലത്തേയ്ക്ക് മുക്കുകയായിരുന്നു. എന്നാൽ സർക്കാരിന് തുടർഭരണം ലഭിച്ചതോടെ പഴയ ഫയൽ പൊടിതട്ടിയെടുത്തിരിക്കുകയാണ്.
ഇക്കഴിഞ്ഞ ജൂലൈ രണ്ടിന് ഇത് സംബന്ധിച്ച പ്രത്യേക ഉത്തരവ് പിആർഡി പുറത്തിറക്കി. ഇത്തവണ ഒരുപടി കൂടി കടന്ന് നിയമനം നടത്താൻ പ്രത്യേക സമിതി രൂപീകരിക്കുമെന്നും നിയമനം ലഭിക്കുന്നവർക്ക് പിആർഡി നേരിട്ട് ശമ്പളം നൽകുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിനെ സ്ഥിരപ്പെടുത്താനുള്ള ശ്രമം ഉണ്ടായപ്പോൾ അതിനെതിരെ ട്രേഡ് യൂണിയനുകൾ രംഗത്തെത്തിയിരുന്നു. പത്ത് വർഷം പ്രവർത്തിപരിചയമുള്ള സി ഡിറ്റ് ജീവനക്കാർ പോലും പുറത്ത് നിൽക്കുമ്പോൾ അഞ്ച് വർഷം പോലും കാലാവധി പൂർത്തിയാക്കിയിട്ടില്ലാത്തവരെ സ്ഥിരപ്പെടുത്തുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. അത്തരമൊരു വെല്ലുവിളി നിലനിൽക്കുന്നതുകൊണ്ടാണ് സ്ഥിരപ്പെടുത്തുക എന്ന ആശയം ഉപേക്ഷിച്ച് സ്ഥിരനിയമനമെന്ന ഉത്തരവിറക്കാൻ സർക്കാർ നിർബന്ധിതരായത്.
പ്രത്യേകസമിതി നിയമനം നടത്തുന്ന മാനദണ്ഡങ്ങൾ എന്തൊക്കെയായിരിക്കും എന്ന് വ്യക്തമല്ല. എന്നാൽ നിലവിലെ ജീവനക്കാർ തന്നെ തുടരാനാണ് സാധ്യത. സ്പെഷൽ റൂൾസ് ഭേഗതിയിലൂടെയാകും നിയമനം എന്നാണു സൂചന.
ഒന്നാം പിണറായി സർക്കാർ അധികാരമേറ്റു 2 മാസം കഴിഞ്ഞപ്പോൾ നിയമിച്ച സംഘത്തിലെ 10 പേരെയും പാർട്ടിക്കു വേണ്ടപ്പെട്ട മറ്റു മുപ്പതോളം പേരെയും സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് ഫെബ്രുവരിയിൽ പുനരാരംഭിച്ചത്. 13 മാസം മുൻപു സ്ഥിരപ്പെടുത്തൽ നീക്കം നടന്നപ്പോൾ സിഡിറ്റിലെ തന്നെ ട്രേഡ് യൂണിയനുകൾ എതിർത്തിരുന്നു. തുടർഭരണം വന്നപ്പോൾ സ്ഥിരപ്പെടുത്തൽ സ്ഥിര നിയമനമായി മാറി.
സർക്കാരിന്റെ മുഖം മിനുക്കുന്ന സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ പരിപാലിക്കാൻ വൻ തുകയാണ് പിണറായി സർക്കാർ ചെലവിടുന്നത് എന്ന് മുൻപ് തന്നെ ആരോപണം ഉയർന്നിരുന്നു. എന്നാൽ നിരന്തരമായി ഒന്നാം പിണറായി സർക്കാർ ഇത് നിഷേധിക്കുകയായിരുന്നു. ഈ നിഷേധത്തിലെ കള്ളത്തരം പിന്നീട് വെളിയിൽ വരികയും ചെയ്തു. 2019 ഏപ്രിൽ മുതൽ ജൂലൈ വരെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിപാലിക്കാൻ സർക്കാർ ചെലവിട്ടത് 28 ലക്ഷം രൂപ. സർക്കാരിന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ മെയിന്റെയിൻ ചെയ്യുന്നത് സി-ഡിറ്റ് ആണ്.
2018 ലാകട്ടെ ഫേസ്‌ബുക്കിലൂടെയും ട്വിറ്ററിലൂടെയും സർക്കാരിന്റെ നേട്ടങ്ങൾ കൂടുതൽ ഫലപ്രദമായി പ്രചരിപ്പിക്കാൻ 25 അംഗ പ്രഫഷനൽ സംഘത്തെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ തീരുമാനിച്ചിരുന്നു.. സംഘത്തലവനു മാത്രം പ്രതിമാസ ശമ്പളം ഒന്നേകാൽ ലക്ഷം രൂപയാണ് അന്ന നിശ്ചയിച്ചത്.
മറുനാടന് മലയാളി ബ്യൂറോ