കോഴിക്കോട്: വെഗാൻ ഔട്ട് റീച്ചിന്റെ ഹരിത ചൊവ്വ സംരംഭത്തിന്റെ ഭാഗമായി കോഴിക്കോട് എൻ ഐ ടിയിലും മാംസാഹാരം നിരോധിക്കാൻ നീക്കം. ഇതിന്റെ ഭാഗമായി എൻ ഐ ടി യിൽ ക്ലാസുകൾ തുടങ്ങിയാൽ ചൊവ്വാഴ്ചകളിൽ സസ്യാഹാരം മാത്രം ഉപയോഗിക്കാനാണ് തീരുമാനം. ആഗോള കാലാവസ്ഥാ വെല്ലുവിളികൾ നേരിടുന്നതിന്റെ പേരിൽ ഹരിത ചൊവ്വ ദിനാചരണത്തിന്റെ ഭാഗമായാണ് ഈ നീക്കം. കോഴിക്കോട് എൻ ഐ ടിയും ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസസ് പിലാനിയും ഇതു സംബന്ധിച്ച് ധാരണയായി.

മുട്ടയുടെയും മാംസത്തിന്റെയും ഉപഭോഗം കുറച്ചുകൊണ്ടുവരാനാണ് നീക്കം. മാംസവും മുട്ടയും കഴിച്ചില്ലെങ്കിൽ ഭക്ഷ്യാധിഷ്ഠിത കാർബൺ ഗണ്യമായി കുറയുമെന്നാണ് അവകാശവാദം. മനുഷ്യനിർമ്മിതമായ ഗ്രീൻ ഹൗസ് വാതകങ്ങൾ പുറത്തുവിടൽ, വനനശീകരണം, ജല മലിനീകരണം, വായു മലിനീകരണം എന്നിവയ്ക്ക് ഏറ്റവും വലിയ കാരണമാകുന്നത് വളർത്തുമൃഗ പരിപാലനമാണെന്നാണ് വെഗാൻ ഔട്ട് റീച്ചിന്റെ കണ്ടെത്തൽ.

മനുഷ്യനിർമ്മിതമായ ഗ്രീൻഹൗസ് വാതക ഉദ്വമനം, വനനശീകരണം, ജല മലിനീകരണം, വായു മലിനീകരണം എന്നിവയ്ക്ക് ഏറ്റവും വലിയ കാരണമാകുന്നത് വളർത്തുമൃഗ പരിപാലനമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ടെന്നാണ് വെഗാൻ ഔട്ട് റീച്ച് വ്യക്തമാക്കുന്നത്. യുഎന്നിനായി ഇന്റർഗവർമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) ന്റെ 107 ശാസ്ത്രജ്ഞർ തയ്യാറാക്കിയ റിപ്പോർട്ടിൽ മാംസം, പാൽ, മുട്ട, മറ്റ് മൃഗ ഉൽപന്നങ്ങൾ എന്നിവ വ്യക്തികൾ വെട്ടിക്കുറച്ചാൽ കുറഞ്ഞ സ്ഥലവും വെള്ളവും ഉപയോഗിച്ച് കൂടുതൽ ആളുകൾക്ക് ഭക്ഷണം നൽകാമെന്ന് പറയുന്നുണ്ടെന്നും സംഘടന വ്യക്തമാക്കുന്നു.

എന്നാൽ മാംസ ഭക്ഷണത്തിനെതിരെ നടക്കുന്ന പ്രചരണങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്നാണ് ഒരു വിഭാഗം വ്യക്തമാക്കുന്നത്. സംഘപരിവാർ ബീഫിനെതിരെയും മാംസ ഭക്ഷണത്തിനെതിരെയും ഉയർത്തിക്കൊണ്ടുവരുന്ന പ്രചാരണങ്ങളുടെ ഭാഗമായുള്ളതാണ് നീക്കമെന്നും പലരും വ്യക്തമാക്കുന്നുണ്ട്. വളർത്തുമൃഗ പരിപാലനവും മാംസ ഭക്ഷണവുമൊന്നുമില്ലാതെ മനുഷ്യർക്ക് മുന്നോട്ട് പോകാനാവില്ല.

കൃഷിയോടൊപ്പം തന്നെ മനുഷ്യ സംസ്‌ക്കാരത്തിന്റെ ഭാഗമാണ് ഭക്ഷ്യാവശ്യങ്ങൾക്കായി മൃഗങ്ങളെ വളർത്തുക എന്നത്. മാംസത്തിന് വേണ്ടി മാത്രമല്ല പാൽ പോലുള്ള ഡയറി ഉത്പന്നങ്ങൾക്കായും മനുഷ്യർ മൃഗങ്ങളെ വളർത്തുന്നുണ്ട്. ഇത്തരം ഫാമുകളിൽ നിന്നുള്ള നൈട്രജൻ വാതകത്തിന്റെ അമിതമായ തോതിലുള്ള പ്രസരണം കുറയ്ക്കുന്നതിനായി ഡയറി ഉത്പന്നങ്ങളും മാംസാഹാരവും കുറയ്ക്കണമെന്നാണ് ഇപ്പോൾ പ്രചരണം നടക്കുന്നത്. ഏത് കാര്യത്തിനും പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാവും. അതിനെ മറികടക്കാനുള്ള വഴികൾ നോക്കുന്നതിന് പകരും മാംസ ഭക്ഷണവും വളർത്തു മൃഗപരിപാലനവും തന്നെ ഇല്ലാതാക്കാനുള്ള പ്രചരണമാണ് ഇത്തരം സംഘടനകൾ നടത്തുന്നതെന്നും വിലയിരുത്തൽ ഉയരുന്നുണ്ട്.

ഗൗതം ബുദ്ധ സർവകലാശാലയും ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിയും ഉൾപ്പെടെ ഇരുപത്തിരണ്ട് സർവകലാശാലകളും കോർപ്പറേഷനുകളും വെഗാൻ ഔട്ട്‌റീച്ചിന്റെ ഗ്രീൻ ട്യൂഡ്‌സേ പ്രതിജ്ഞയിൽ ഒപ്പുവച്ചിട്ടുണ്ട്. ചിലർ മാംസമില്ലാത്ത ദിവസങ്ങൾ നടപ്പാക്കിയിട്ടുണ്ട്. മറ്റു ചിലർ അവരുടെ ഭക്ഷണശാലകളിൽ വിളമ്പുന്ന മുട്ടകളുടെയും പാലുൽപ്പന്നങ്ങളുടെയും എണ്ണവും അളവും കുറച്ചിട്ടുണ്ട്. ഭാവി തലമുറയ്ക്കുവേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്ന് വെഗാൻ നിർദ്ദേശിക്കുന്നുണ്ട്.

ഗ്രീൻ ട്യൂസ്‌ഡേ ഇനിഷ്യേറ്റീവിൽ, ഇന്ത്യയിലെ 22 സ്ഥാപനങ്ങൾ അംഗങ്ങളാണ്. ഇതിനോടനുബന്ധിച്ചു നടന്ന വെർച്വൽ ചടങ്ങിൽ ചലച്ചിത്രതാരം സദാ സയീദ്, വെഗാൻ പ്രവർത്തകനും എവറസ്റ്റ് കൊടുമുടി ജേതാവുമായ കുണ്ഡൽ ജോയിഷർ എന്നിവർ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. വെഗാൻ ഔട്ട്‌റീച്ച് പ്രോഗ്രാം ഡയറക്ടർ റിച്ചാ മേത്ത, ഭവ്യ വാട് രാപു എന്നിവർ പങ്കെടുത്തു.