കുവൈറ്റ് സിറ്റി: ഒളിച്ചോട്ടം സംബന്ധിച്ച് തൊഴിലുടമയിൽ നിന്ന് ജീവനക്കാരനെതിരേ പരാതി ലഭിച്ചാൽ ഒളിച്ചോട്ടക്കാരന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ മാൻപവർ പബ്ലിക് അഥോറിറ്റി ലേബർ ഇൻസ്‌പെക്ഷൻ ഡിപ്പാർട്ട്‌മെന്റ് ആലോചിക്കുന്നു. സർക്കാർ, കരാർ കമ്പനി ജീവനക്കാർക്കെതിരായ ഒളിച്ചോട്ട പരാതികളുടെ നിജസ്ഥിതി കണ്ടെത്താനും അതുവഴി അനാവശ്യ പരാതികൾ ഒഴിവാക്കാനും ഈ സംവിധാനം ഉപയോഗപ്പെടുമെന്നാണ് വിലയിരുത്തുന്നത്.

അക്കൗണ്ട് മരവിപ്പിക്കുമ്പോൾ ഇതുസംബന്ധിച്ച് ജീവനക്കാരൻ അന്വേഷണം നടത്തുമെന്നും ഇതുവഴി ഇയാൾക്കെതിരേ ഒളിച്ചോട്ടം സംബന്ധിച്ച് പരാതിയുള്ളതായി മനസിലാക്കാൻ സാധിക്കുമെന്നുമാണ് അധികൃതർ കരുതുന്നത്. കൂടാതെ ഒളിച്ചോട്ടം സംബന്ധിച്ച് അനാവശ്യ പരാതികൾ ഇതുമൂലം ഇല്ലാതാക്കാൻ സാധിക്കുമെന്നും അധികൃതർ പറയുന്നു. ഇത്തരത്തിൽ അനാവശ്യ പരാതികൾ നൽകിയാൽ കമ്പനിക്കെതിരേ നടപടി ഉണ്ടാകുമെന്നും ലേബർ ഇൻസ്‌പെക്ഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ സുൽത്താൻ അൽ ഹസ്സൻ വ്യക്തമാക്കി.
സ്വന്തം സ്‌പോൺസർഷിപ്പിലുള്ള ജീവനക്കാർ എവിടെയൊക്കയാണ് ജോലി ചെയ്യുന്നതെന്ന് പല കമ്പനികളിക്കും നിശ്ചയമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. വീസ കച്ചവടത്തിനെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

അവിദഗ്ധരായ നിരവധി പേരെ തൊഴിൽരഹിതരായും മറ്റുസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. അത്തരക്കാരെ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ടവർക്ക് കൈമാറിയിട്ടുണ്ടെന്നും സുൽത്താൻ അൽ ഹസ്സൻ അറിയിച്ചു.