തിരുവനന്തപുരം:കർഷക പ്രശ്‌നം പോലെ സാമൂഹിക പ്രശ്‌നമായി മാറിയ നഴ്‌സുമാരുടെ ശമ്പള പ്രതിസന്ധി കേരളം ഒന്നാകെ ഏറ്റെടുക്കുകയും,ന്യായമായ വേതനത്തിനായുള്ള സമരത്തിന് പിന്തുണയേറുകയും ചെയ്ത സാഹചര്യം അട്ടിമറിക്കാനുള്ള ശ്രമങ്ങൾ വീണ്ടും സജീവമായി. നഴ്‌സുമാരുടെ സമരത്തെ വർഗീയവൽകരിക്കാനുള്ള നീക്കങ്ങളാണ് സാമൂഹിക മാധ്യമങ്ങൾ വഴി നടക്കുന്നത്.ഏറ്റവുമൊടുവിൽ ക്രിസ്ത്യൻ ഹെൽപ് ലൈൻ എന്ന പേരിലാണ് ഫേസ്‌ബുക്കിലൂടെ ആക്രമണം.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ: ' പാവപ്പെട്ട നഴ്‌സുമാർക്ക് വേണ്ടിയാണെന്ന് ഓർത്ത് നിന്നെയൊക്കെ ഞങ്ങൾ സപ്പോർട്ട് ചെയ്തു.പക്ഷേ അതിന്റെ പേരിൽ ക്രിസ്ത്യൻ മാനേജ്‌മെന്റ് ഹോസ്പിറ്റലുകളെ ഒലത്തിക്കളയാമെന്ന വിചാരിച്ചാൽ വിവരം അറിയും.ചുണയുണ്ടെങ്കിൽ മലപ്പുറത്ത് ചെന്ന് സമരം ചെയ്യടോ..കിട്ടിയ അവസരത്തിൽ ഞങ്ങളുടെ നെഞ്ചത്തിട്ട് ഉണ്ടാക്കാതെ!!! മുസ്ലിം മാനേജ്‌മെന്റ് ഹോസ്പിറ്റലുകൾക്കെതിരെ സമരം ചെയ്യാൻ യുഎൻഎ മടിക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യമാണ് ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ ചോദിക്കുന്നത്.

ചുരുക്കത്തിൽ നഴ്‌സുമാരുടെ ജീവൽപ്രശ്‌നത്തെ വർഗീയവിഷത്തിൽ മുക്കിക്കളയാനാണ് ശ്രമം. കോർപറേറ്റ് മാനേജ്‌മെന്റുകളുടെ മിനിമം വേതനം പോലും നൽകാത്ത കൊടിയ ചൂഷണം,തൊഴിൽ പീഡനം തുടങ്ങിയവയ്‌ക്കെതിരെയാണ് നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ സമരം ചെയ്യുന്നത്.പതിനായിരം നഴ്‌സുമാരെ പങ്കെടുപ്പിച്ച് ഈ മാസം 15 ന് ഭാരത് ആശുപത്രിയും, 18 ന് കെവി എം ആശുപത്രിയും ഉപരോധിക്കാനൊരുങ്ങുകയാണ് യുഎൻഎ.തങ്ങളുടെ സഹപ്രവർത്തകരെ അകാരണമായി പുറത്താക്കിയ മാനേജ്‌മെന്റുകളെ വരുതിയിൽ കൊണ്ടുവരാൻ സമരമല്ലാതെ മാർഗ്ഗമില്ല താനും.
. ഈ പശ്ചാത്തലത്തിലാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വർഗീയ വിഷം ചീറ്റി യുഎൻഎയെ താറടിക്കാനുള്ള ശ്രമം.

ഈ വിഷയത്തിൽ കേസ് ഫയൽ ചെയ്യുമെന്ന് യുഎൻഎ സംസ്ഥാന പ്രസിഡന്റ് ജാസ്മിൻ ഷാ അറിയിച്ചു. തന്റെ ഫോട്ടോ ദുരുദ്ദേശ്യപരമായി ഉപയോഗിച്ചതിനാണ് ഇതെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു. ജാസ്മിൻ ഷായുടെ ഫേസ്‌ബുക്ക് മറുപടി ഇങ്ങനെയാണ്.

'ഇത്തരം ഊളകൾക്ക് മറുപടി കൊടുക്കരുത് എന്ന് കരുതിയതാണ്. എന്നാൽ എന്റെ ഫോട്ടോ വെച്ച് ഒരു വർഗീയ പോസ്റ്റ് ആദ്യമാണ്.
പിതൃശൂന്യമായ ഐഡിയാണ് ഉപയോഗിച്ചിട്ടുള്ളത് എന്തായാലും ഒരു കാര്യം സമ്മതിച്ചു....മുതലാളിമാരോട് കളിക്കുമ്പോൾ
ഹിന്ദുവിന്റെ പേരിലും, ക്രിസ്ത്യാനിയുടെ പേരിലും ,മുസൽമാന്റെ പേരിലും സ്വന്തം പിത്യത്വം അറിയാത്തവർ ( ചങ്കൂറ്റത്തോടെ പറയാൻ കഴിയാത്തവർ ) ഇത്തരം ഐഡികളിലൂടെ വന്ന് മുതലാളിമാർക്ക് അനുകൂലമായി ഓശാന പാടും.വർഷങ്ങളായി അടിമകളെപ്പോലെ നാല് ചുമരുകൾക്കുള്ളിൽ മനുഷ്യനായി ജനിച്ചു എന്ന് ഒറ്റക്കാരണത്താൽ നേഴ്‌സ്മാർ അനുഭവിച്ചിരുന്ന പീഡനങ്ങൾക്കെതിരെ പ്രതികരിക്കാൻ ഒരു മത ലൈനുകാരെയും കണ്ടില്ല.പിന്നെ ഞങ്ങൾ ഞങ്ങൾക്കിഷ്ടമുള്ളിടത്ത് സമരം ചെയ്യും, ചോദിക്കാൻ ഇങ്ങോട്ട് വാ... മറുപടി നേരെത്തന്നെ തരാം....(ഫീലിങ് പുച്ഛം) ഈ വിഷയത്തിൽ നാളെ ഒരു കേസ് ഫയൽ ചെയ്യുന്നുണ്ട്. ഈ വർഗീയ വാദിയെ പൊതു സമക്ഷം ഒന്ന് കാണാൻ വേണ്ടി മാത്രം.( എന്റെ ഫോട്ടോ ദുരുദ്ദേശപരമായി ഉപയോഗിച്ചതിനാലാണ് )'


വർഗീയത ഉയർത്തി യുഎൻഎയെ തകർക്കാമെന്ന വ്യാമോഹം വേണ്ടെന്ന് യുഎൻഎ സംസ്ഥാന ജോയിന്റ് സെക്രട്ടറി ജിഷ ജോർജ് ഇടപ്പള്ളി മുന്നറിയിപ്പ് നൽകുന്നു.വിവിധ ആശുപത്രി മാനേജ്‌മെന്റുകളുടെ ചൂഷണത്തിനിരകളായി ജീവൻ തന്നെ ഹോമിക്കേണ്ടി വന്ന ബോംബെ ഏഷ്യൻ ഹാർട്ട് ആശുപത്രിയിലെ ബീനാ ബേബി, തിരുവനന്തപുരം കിംസ് ആശുപത്രിയിലെ റോജി റോയ്, ഇവരെല്ലാം ക്രിസ്തീയ വിശ്വാസികൾ ആയിരുന്നുവെന്നും അന്ന് എവിടെപോയിരുന്നു ഈ സ്‌നേഹപ്രകടനമെന്നും ചോദിക്കുന്നു ജിഷ. മലപ്പുറത്ത് സമരം ചെയ്യുമോയെന്ന് ചോദിച്ച് വർഗീയത ഇളക്കാൻ ശ്രമിക്കുന്നവർ ജില്ലയിലെ യുഎൻഎയുടെ പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നവരാണെന്നും അവർ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു

ജിഷയുടെ പോസ്റ്റ് ഇങ്ങനെ:

'താഴെ കാണുന്ന ക്രിസ്തീയ വികാരം വിഷമായി മാറിയത് ആർക്കാണോ അവർക്ക്... ഇരിഞ്ഞാലക്കുട രൂപതയിലെ അറിയപ്പെടുന്ന തറവാട്ടിലെ അപ്പനും കോട്ടയം രൂപതയിലെ എണ്ണം പറഞ്ഞ തറവാട്ടിലെ അമ്മയ്ക്കും ഉണ്ടായ, കന്യാസ്ത്രീകളും അച്ചന്മാരുംആവശ്യത്തിലധികം ഉള്ള കുടുംബത്തിലെ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ആയ മകൾ ആണ് ഞാൻ. 2012ആദ്യം മുതൽ ഞാൻ ഇതേ സ്ഥാനത്ത് വലിയ മോശമല്ലാത്ത രീതിയിൽ പ്രവർത്തിക്കുന്നു എന്നാണ് എന്റെ വിശ്വാസം....
ഇനി കാര്യത്തിലേക്കു..... എന്റെ പൊന്നു സഹോദരാ... കൂലിക്കാർക്കു അർഹമായ കൂലി കൊടുക്കാൻ മടികാണിക്കരുത് എന്ന് പ്രഭാഷകന്റെ പുസ്തകം പറയുന്നു.... ആ അർഹമായത് മാത്രമേ ഞങ്ങളും ചോദിച്ചുള്ളൂ. ഞാൻ ചൊല്ലുന്ന സന്ധ്യപ്രാർത്ഥനയിൽ പാരമ്പര്യമനുസരിച് കരുണക്കും ക്ഷമയ്ക്കുംവേണ്ടിയാണ് പ്രാർത്ഥിക്കാര്. ഞാൻ പഠിച്ച വേദപാഠത്തിൽ ഞാൻ കണ്ടത് സ്‌നേഹിക്കുന്ന ക്രിസ്തുവിനോപ്പം സാമൂഹിക തിന്മകൾക്കെതിരെ ചാട്ടവാർ എടുത്ത് കപടനാട്യക്കാരനെ വെള്ളയടിച്ച കുഴിമാടമേ എന്നും വിളിച്ചവൻ ആണവൻ.
ബോംബെ ഏഷ്യൻ ഹാർട്ട് ആശുപത്രിയിൽ ജീവിതം ഹോമിച്ച ബീനാ ബേബി, തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ഉതിർന്നു വീണ റോജി റോയ്... ഇവരെല്ലാം തന്നെ ക്രിസ്തീയ വിശ്വാസികൾ ആണ്... അന്ന് എവിടെപോയിരുന്നു ഈ സ്‌നേഹപ്രകടനം....
ക്രിസ്തീയ സ്ഥാപനങ്ങൾ മാന്യമായ വേദനം നൽകണം എന്ന് ആലഞ്ചേരി പിതാവ് പ്രസ്താവിച്ചിട്ടുണ്ട്..... മാന്യമായ സേവനവേതന വ്യവസ്ഥിതി വന്നാൽ, അവകാശങ്ങൾ തട്ടിത്തെറിപ്പിച്ച് അടിമകൾ ആക്കാതിരുന്നാൽ, മാന്യമായി ജീവിക്കാൻ ഉള്ള അന്തരീക്ഷം സൃഷ്ടിച്ചാൽ.... പിന്നെ എന്തിനെ ഭയക്കണം ?....എറണാകുളം ലേക്‌ഷോർ, തൃശൂർ മദർ.... ഇത് ഏത് വിഭാഗം മാനേജ്‌മെന്റ് ആണ് എന്ന് ഒന്ന് അന്വേഷിച്ചിട്ടു മെക്കിട്ടുകേറാൻ വന്നാൽ മതി. അവസാനം, മലപ്പുറത്തെക്ക് ഞാൻ താങ്ങളെ ക്ഷണിക്കുന്നു.... ഞാനാണ് മലപ്പുറം ജില്ലയിലെ യുഎൻഎ യുടെ ചുമതല വഹിക്കുന്ന എളിയവൾ....ഇവിടെയുള്ള പല ആശുപത്രികളിലും എങ്ങനെ പോകുന്നു യുഎൻഎ എന്ന് അന്വേഷിച്ചിട്ടു അതും ജില്ലാ തൊഴിൽവകുപ്പ് ഉദ്യോഗസ്ഥരോട് അന്വേഷിച്ചിട്ടു മതി ഈ വികാരപ്രകടനം..... എംഇഎസ് മൗലാന.... ഇതെല്ലാം ഇവിടെ ഉള്ള ആശുപത്രികൾ തന്നെയാ.... ചുമ്മാ വർഗീയത ഉണ്ടാക്കാൻ നോക്കിയാൽ... അറിയാൻ വേണ്ടി പറയുകയാ.... ഇന്നത്തെ നഴ്സ്സുമാർ പത്രം വായിക്കുന്നവരും വാർത്ത കാണുന്നവരും ആണെന്ന് മറക്കരുത്.... വച്ച വെള്ളം അങ്ങ് വാങ്ങി വച്ചേരെ, ഈ പരിപ്പ് ഇവിടെ വേവത്തില്ല...'

നഴ്‌സുമാരെ കറിവേപ്പില പോലെ കാണുകയും,സ്വന്തം താൽപര്യങ്ങൾക്കായി വസ്തുതകളെ വളച്ചൊടിക്കുകയും, വർഗീയവൽകരിക്കുയും ചെയ്യുന്നവർ ആതുരസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച മാലാഖമാരെയാണ് അവർ അപമാനിക്കുന്നതെന്ന് ഓർക്കുന്നത് നന്നാണ്. നിരന്തരസമരങ്ങളുടെ ഫലമായി ചില മാനേജ്‌മെന്റുകൾ വേതനം കൂട്ടിയെങ്കിലും ശമ്പളബില്ലിൽ ഒന്ന് കാണിക്കുകയും, നഴ്‌സുമാർക്ക് കുറഞ്ഞ തുക കൊടുക്കുകയും ചെയ്യുന്ന അനീതി ഇപ്പോഴും തുടരുന്നു്ണ്ട്. ഇതിനൊക്കെയെതിരെ പ്രതികരിക്കുന്ന നഴ്‌സുമാരുടെ സംഘടനയെ വർഗീയവൽകരിച്ച് ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ സമൂഹം കൂട്ടത്തോടെ ചെറുക്കേണ്ടതാണ്.