ണ്ട് ബൈക്കിന്റെ മുകളിൽ കയറി നിന്ന് കോളേജിലേക്ക് ചീറിപ്പാഞ്ഞുവരുന്ന മുടി ഇടതുഭാഗത്തേക്ക് ചീകിയിട്ട് സുമഖനായ ആ ചെറുപ്പക്കാരനെ കണ്ട് രണ്ടുപതിറ്റാണ്ട് മുമ്പ് കൈയടിച്ചവരാണ്, നമ്മൾ മലയാളി സിനിമാ പ്രേമികളും. 1991ൽ ഇറങ്ങിയ 'ഫൂൽ ഓർ കാണ്ഡേ' എന്ന അജയ്ദേവ്ഗണിന്റെ ആദ്യ ചിത്രം കേരളത്തിലെ കാമ്പസുകളിലും തരംഗം ആയിരുന്നു. അന്ന് ഒരു മലയാള ചിത്രത്തിനും ഉണ്ടാവാത്ത വമ്പൻ തിരക്കാണ് ഈ ചിത്രത്തിന് ഉണ്ടായത്. ഹൗസ്ഫുള്ളായി അമ്പത് ദിവസത്തിലേറെ ചിത്രം കേരളത്തിലും കളിച്ചു. ഒരു പുതുമുഖം നായകനായ ചിത്രമാണിതെന്ന് ഓർക്കണം!

പിന്നീടങ്ങോട്ട് പ്രണയ നായകനിൽനിന്നൊക്കെ മാറി, ആക്ഷൻ ഹീറോ ആയും, മാഫിയാ തലവൻ ആയുമൊക്കെ അജയ്ദേവ് ഗൺ തിളങ്ങി. രണ്ടുദേശീയ അവാർഡുകൾ ഒക്കെ കിട്ടിയെങ്കിലും, ഇടക്കെപ്പഴോ അജയുടെ സിനിമകൾ തിരിച്ചടി നേരിടാൻ തുടങ്ങി. മലയാളത്തിൽ പോയിട്ട് ഹിന്ദിയിൽപോലും ദേവ്ഗൺ ചിത്രങ്ങൾ വേണ്ട രീതിയിൽ ചർച്ചചെയ്യാത്ത അവസ്ഥയുണ്ടായി. പക്ഷേ ഇപ്പോഴിതാ ആമസോൺ പ്രൈമിൽ റിലീസായ 'റൺവേ 34' എന്ന ചിത്രത്തിലുടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കയാണ്, 53വയസ്സിലും യുവത്വം വിട്ടൊഴിയാത്ത ഈ താരം.

മലയാളത്തിൽ ഏറെ ഫാൻ ബേസുള്ള ഈ താരം ഇത്തവണ സിനിമയാക്കാൻ പ്രചോദനം ഉൾക്കൊണ്ടത് സത്യത്തിൽ നമ്മുടെ കരിപ്പൂർ വിമാന അപകടം തന്നെയാണെന്ന് ചിത്രം കണ്ടാൽ മനസ്സിലാവും. ഇവിടെ ഒരു ചേഞ്ച് കൊണ്ടുവന്നിട്ടുണ്ട്. അപകടത്തിൽ ആളുകൾ മരിക്കുന്നതിന് പകരം തലനാരിഴക്ക് രക്ഷപ്പെടുന്നതാണ് പ്രമേയം. സംവിധാനത്തിനൊപ്പം നായകനായും, നിർമ്മാതാവായും അജയ് ദേവ്ഗൺ നിറഞ്ഞുനിൽക്കുന്ന ചിത്രം. ഒരു ഔട്ട്സ്റ്റാൻഡിങ്ങ് അനുഭവം ഒന്നും അല്ലെങ്കിലും, ശരിക്കും ഒരു ഫീൽഗുഡ് മുവിയാണിത്.

എല്ലാം പൈലറ്റിന്റെ കുഴപ്പമാണോ?

ലോക വ്യാപകമായിതന്നെ ഏറെ പ്രേക്ഷകർ ഉള്ള ഒരു വിഭാഗമാണ് എയർക്രാഫ്റ്റ് ത്രില്ലറുകൾ. ടോം ഹാങ്ക്സിന്റെ 'സള്ളി' പോലെയുള്ള ഹോളിവുഡ് ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസ്സിലുണ്ട്. മലയാളത്തിൽ ചുരുങ്ങി ചെലവിൽ എടൂത്ത 'ഉയരെ' എന്ന ചിത്രത്തിലെ ഒരു ഭാഗവും ഈ ഗണത്തിൽപെടുത്താം.

2020 ഓഗസ്റ്റ് 7ന് നടന്ന കരിപ്പൂർ വിമാനാപകടത്തിന്റെ കഥയുമായി ഇതിന് ഏറെ സാമ്യങ്ങൾ ഉണ്ട്. ലാൻഡിംഗിനിടെ എയർ ഇന്ത്യ എക്സ്പ്രസ് ബി 737-800 ദുബായ് - കോഴിക്കോട് വിമാനം റൺവേയിൽ നിന്ന് നിയന്ത്രണം തെറ്റി നീങ്ങി കോംപൗണ്ട് വാളിൽ ഇടിച്ചാണ് അപകടമുണ്ടായത്. രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 21 പേർ അപകടത്തിൽ മരിച്ചിരുന്നു. 100 ലേറെ പേർക്കാണ് പരിക്കേറ്റത്. അപകടസമയത്ത് വിമാനത്തിൽ 190 പേർ ഉണ്ടായിരുന്നു.

പക്ഷേ ഈ അപകടത്തിന് പ്രധാനകാരണമായി പറഞ്ഞത്, പൈലറ്റിന്റെ അനാസ്ഥയാണ്. കരിപ്പുർ വിമാന ദുരന്തം അന്വേഷിക്കാൻ അഞ്ചംഗ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു. ''
പറന്നിറങ്ങേണ്ട നിർദിഷ്ട സ്ഥാനത്തല്ല ഇറങ്ങിയത്. നിർദിഷ്ട സ്ഥലത്തേക്കാൾ മുന്നോട്ടുപോയി പറന്നിറങ്ങിയത് അപകടത്തിനിടയാക്കി. റൺവേയുടെ പകുതി കഴിഞ്ഞശേഷമാണ് വിമാനം ലാൻഡ് ചെയ്തത്. സുരക്ഷാമേഖല കടന്നും വിമാനം മുന്നോട്ടുപോയി. ഗോ എറൗണ്ട് നിർദേശവും പാലിക്കപ്പെട്ടില്ല. രണ്ട് തവണയിലധികം ശ്രമിച്ചിട്ടും വിമാനം ഇറക്കാനായില്ലെങ്കിൽ തൊട്ടടുത്ത വിമാനത്താവളത്തിൽ ഇറക്കണം.വിമാനം പറത്തുന്ന പൈലറ്റ് സ്ഥിരം നടപടിക്രമങ്ങൾ (സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസിജ്യർ-എസ്ഒപി) പാലിക്കാത്തതാണ് അപകടത്തിന് കാരണമായത്.''- സത്യത്തിൽ ഇത്തരം റിപ്പോർട്ടുകളെ ചോദ്യം ചെയ്യുകയാണ് ഈ ചിത്രം. ഒരു വിമാന അപകടം ഉണ്ടാവുമ്പോൾ ക്രൂശിക്കപ്പെടുന്നത് പൈലറ്റുകൾ മാത്രമാണെന്ന് ചിത്രം ചൂണ്ടിക്കാട്ടുന്നു.

ഇവിടെ ക്യാപ്റ്റൻ വിക്രാന്ത് ഖന്ന എന്ന ധീരനായ പൈലറ്റിന്റെ വേഷമാണ് അജയ് ദേവ് ഗൺ അണിയുന്നത്. ദൂബൈയിൽനിന്ന് കരിപ്പൂരിലേക്കുള്ള യാത്ര ചിത്രത്തിൽ കൊച്ചിയിലേക്ക് ആക്കിയിട്ടുണ്ട്. കൊച്ചിയിൽ മോശം കാലാവസ്ഥമൂലം ഇറങ്ങാൻ കഴിയാതായ വിമാനം തിരുവനന്തപുരത്തേക്ക് മാറ്റുന്നതും, അവിടെ തലനാരിഴക്ക് അപകടത്തിൽനിന്ന് രക്ഷപ്പെടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. പക്ഷേ തിരുവനന്തപുരം വിമാനത്താവളത്തിന്റെത് എന്ന് പറഞ്ഞ് കാണിച്ചിരിക്കുന്ന കരിപ്പൂരിലെ ടേബിൾ ടോപ്പ് റൺവേയാണ്. മംഗാലാപുരം വിമാന അപകടവും ചിത്രത്തിൽ റഫറൻസായി വരുന്നുണ്ട്.

ആദ്യപകുതി പുർണ്ണമായും ഒരു വിമാനയാത്രമാണ്. പ്രതികൂലമായ കാലവസ്ഥയിലും വിമാനം സുരക്ഷിതമായി എത്തിക്കുന്നതിനായി ക്യാപ്റ്റൻ വിക്രാന്ത് ഖന്ന നടത്തുന്ന ശ്രമങ്ങളും, യാത്രക്കാരുടെ പ്രശ്നങ്ങളും, എയർഹോസ്റ്റുസിന്റെ ഇടപെടലുകളുമൊക്കെയായി ശരിക്കും ഒരു ആകാശയാത്രയിൽ പെട്ടുപോയ ഫീലിങ്ങാണ് നമുക്ക് കിട്ടുന്നത്. ഉദ്യേഗത്തിന്റെ മുൾമുനയിലാണ് ഈ ആകാശയാത്രയുടെ രംഗങ്ങൾ പലപ്പോഴും കടന്നുപോകുന്നത്. വിമാനയാത്ര ഇത്ര വൃത്തിക്ക് ചിത്രീകരിച്ച വേറെ പടങ്ങൾ ഉണ്ടെന്ന് തോനുന്നില്ല.

തകർപ്പൻ പ്രകടനവുമായി ബിഗ് ബി

പക്ഷേ രണ്ടാം പകുതിൽ ചിത്രം പുർണ്ണമായും ഒരു കോർട്ട് റൂം ഡ്രാമയാണ്. തലനാരിഴക്ക് രക്ഷപ്പെട്ട ഈ അപകടം എങ്ങനെ ഉണ്ടായി എന്ന് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷിക്കയാണ്. ഒന്നാം പകുതിയെപ്പോലെ ത്രില്ലിങ്ങ് ആക്കാനുള്ള ഒരു ഘടകവും ഇവിടെയില്ല. പക്ഷേ എന്നിട്ടും ചിത്രത്തെ ലൈവാക്കി നിർത്താൻ കഴിയുന്നിടത്താണ് സംവിധായകൻ എന്ന നിലയിലും അജയ്ദേവ്ഗൺ വിജയിക്കുന്നത്.

അതിന് അദ്ദേഹത്തെ ഏറ്റവും നന്നായി സഹായിക്കുന്നത് ബിഗ് ബി എന്ന നമ്മുടെ പ്രിയപ്പെട്ട അമിതാബച്ചനാണ്. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ ഇൻവസ്റ്റിഗേഷൻ ഓഫീസറായുള്ള നാരായൺ വേദാന്തായുള്ള ബച്ചന്റെ പ്രകടനം ഒന്നു കാണണം. ബിഗ്‌ബിയുടെ തീഷ്ണമായ നോട്ടവും, ശബ്ദഗാംഭീര്യവും ആ കഥാപാത്രത്തിന് ശക്തി പകരുന്നു. ഡയലോഗ് ഡെലിവറിയിലൊക്കെ തീ പാറുന്നു. എത്ര പ്രായമായാലും അമിതാബച്ചൻ അമിതാബച്ചൻ തന്നെയാണ്.

എന്തുകൊണ്ട് ബാംഗ്ലൂരിൽ ലാൻഡ് ചെയ്യാതെ വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്തു, എയർ ട്രാഫിക്ക് കൺട്രോൾ റൂമിന്റെ നിർദ്ദേശം മറികടന്ന് എന്തുകൊണ്ട് റൺവേ 34 തെരഞ്ഞെടുത്തു, തുടങ്ങിയ നിർണ്ണായകമായ ചോദ്യങ്ങൾക്ക് ഉത്തരം വരുന്നത് ഈ ഘട്ടത്തിലാണ്. അജയ് ദേവ്ഗൺ - അമിതാഭ് ബച്ചൻ എന്നിവർ നേർക്കുനേർ മത്സരിച്ച ആ ഭാഗങ്ങൾ ചിത്രത്തിൽ നിർണ്ണായകമാണ്. പക്ഷേ ചിത്രം മൊത്തത്തിൽ ഉണ്ടാക്കിയ ബിൽഡപ്പ് നോക്കുമ്പോൾ ക്ലൈമാക്സ് ദുർബലമായിപ്പോയി എന്ന് പറയാതെ വയ്യ. രണ്ടു വ്യക്തികളിലേക്ക് മാത്രമായി കഥ ഒതുങ്ങിപ്പോയി എന്നതും മറ്റൊരു ബലഹീനതയാണ്.

സംവിധായകനായും തിളങ്ങ് അജയ്

താൻ തീർത്തും യാദൃശ്ചികമായാണ് അഭിനയത്തിൽ എത്തിയതെന്ന് നേരത്തെ പലതവണ അജയ് പറഞ്ഞിട്ടുണ്ട്. 1969 ഏപ്രിൽ രണ്ടിന് ഡൽഹിയിൽ ജനിച്ച വിശാൽ വീരു ദേവ്ഗണിനെ 1991 ൽ തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ പിതാവായ സ്റ്റണ്ട് മാസ്റ്റർ വീരു ദേവ്ഗൺ തന്നെയാണ് സിനിമയിലേക്ക് കൈ പിടിച്ച് നടത്തിയത്.(അതിന് മുൻപ് ഒരു സിനിമയിൽ മിഥുൻ ചക്രവർത്തിയുടെ ബാല്യകാലം അവതരിപ്പിച്ചിട്ടുണ്ട്)
വീരു ദേവ്ഗണിന്റെ സുഹൃത്ത് കുകു കോഹ്ലി കോളേജ് പശ്ചാത്തലത്തിൽ മലയാള സിനിമയായ 'പരമ്പര' എന്ന എസ് എൻ സ്വാമി തിരക്കഥ രചിച്ച സിനിമയുടെ ആശയം ഉൾക്കൊണ്ട് ചെയ്യുന്ന പുതിയ സിനിമയിൽ അക്ഷയ് കുമാറിനെയായിരുന്നു നായകനായി നിശ്ചയിച്ചിരുന്നത്. അക്ഷയിന്റെ ഡേറ്റ് പ്രശ്നമായി നിൽക്കുമ്പോഴാണ് വീരു തന്റെ മകനായ വിശാലിന്റെ ഫോട്ടോ കുകു കോഹ്ലിയെ കാണിക്കുന്നതും ഫോട്ടോ കണ്ട് ഇഷ്ടമായ വിശാലിനെ സ്‌ക്രീൻ ടെസ്റ്റിന് വിളിക്കുന്നതും.
അങ്ങനെ 1991 ൽ വിശാൽ വീരുദേവ്ഗൺ അജയ് ദേവ്ഗൺ ആയി ബോളിവുഡ്ഡിൽ അരങ്ങേറ്റം കുറിച്ചു. അദ്യം ചിത്രം മെഗാഹിറ്റായി. പക്ഷേ തുടക്കം മുതൽ തന്നെ സംവിധാകൻ ആവാനായിരുന്ന അജയിന്റെ ആഗ്രഹം.

തന്റെ ആഗ്രഹം അദ്ദേഹം 'ശിവായി' എന്ന ആദ്യ ചിത്രത്തിലൂടെ നിറവേറ്റി. പക്ഷേ ചിത്രം പരാജയം ആയിരുന്നു. തുടർന്ന് ഒരു ചിത്രം കൂടി സംവിധാനം ചെയ്തെങ്കിലും അതും പൊട്ടി. പക്ഷേ ഇപ്പോഴിതാ മൂന്നാമത്തെ ചിത്രം അജയ് ദേവ് ഗണിന് ഒരു സംവിധായകൻ എന്ന നിലയിലും അസ്തിത്വം ഉണ്ടാക്കുകയാണ്. ചിത്രത്തെക്കുറിച്ച് മികച്ച റിപ്പോർട്ടുകളാണ് എവിടെ നിന്നും പുറത്തുവരുന്നത്.

മൂൻകാല അജയ് സിനിമകളുടെ സ്്റ്റാമ്പിങ്ങ് സ്വഭാവമായ, തീപ്പൊരി ആക്ഷനും, കിടലൻ സോങ്ങുകളും ഒന്നും ഇല്ലെങ്കിലും, അജയ് ആരാധകരെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ്, ക്യാപ്ടൻ വിക്രാന്ത് ഖന്ന എന്ന പൈലറ്റിന്റെ മാനറിസങ്ങൾ. അയാളുടെ ഫോട്ടോഗ്രാഫിക്ക് മെമ്മറി, സിഗരറ്റ് ചൂണ്ടിൽവെച്ച് കത്തിക്കാതെയുള്ള ആ നമ്പർ, സൺഗ്ലാസ് തുടങ്ങിയവ എല്ലാമായി തീർത്തും സ്റ്റെലിഷ് ലുക്കിലാണ് ക്യാപ്റ്റനെ അവതരിപ്പിക്കുന്നത്. ആക്ഷൻ കാണിക്കാതെയുള്ള ആ ഹീറോയിസം കണ്ടിരിക്കേണ്ടതാണ്. ( ദാവൂദ് ഇബ്രാഹീമിന്റെ വേഷമിട്ട, രാംഗോപാൽ വർമ്മയുടെ കമ്പനി, ഹാജിമസ്താന്റെ വേഷമിട്ട വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ എന്നീ ചിത്രങ്ങൾ കണ്ടാൽ അറിയാം അജയിന്റെ റേഞ്ച്)

ബൊമൻ ഇറാനി, രാകുൽ പ്രീത് സിങ്, അംഗിര ധർ, ആകാൻഷ സിങ് തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്ന ബാക്കി താരങ്ങൾ. ഒരാൾ പോലും മോശമായിട്ടില്ല. ഹിന്ദി സിനിമകളിൽ നാം പതിവായി കാണാറുള്ള ഓവർആക്കലോ കാണാൻ കഴിയില്ല.അമർ മൊഹിലെയുടെ പശ്ചാത്തല സംഗീതം നന്നായിട്ടുണ്ട്.. ഛായാഗ്രാഹകനായ അസീം ബജാജ് പകർത്തിയ മിഴിവേറിയ ദൃശ്യങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ആർട്ട് വിഭാഗംമൊത്തത്തിൽ നന്നായിട്ടുണ്ട്.

ചുരക്കിപ്പറഞ്ഞാൽ ഒരു നടൻ എന്ന നിലയിലും, സംവിധാകൻ എന്ന നിലയിലും അജയ്ദേവ്ഗണിന്റെ ശക്തമായ തിരിച്ചുവരവ് തന്നെയാണ് ഈ ചിത്രം. കലാപരമായി നോക്കുമ്പോൾ ഉയർന്ന നിലവാരം അവകാശപ്പെടാനില്ലെങ്കിലും, ഈ ചിത്രം നിങ്ങളെ നിരാശരാക്കില്ല.

വാൽക്കഷ്ണം: ദുബൈ- കൊച്ചി വിമാനത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. അപകടം നടക്കുന്നത് തിരുവനന്തപുരം വിമാനത്താവളത്തിലും. എന്നിട്ടും ഈ പടത്തിൽ ഒറ്റ മലയാളി കഥാപാത്രം പോലുമില്ല. ഒരിടത്ത് മാത്രമാണ് മലയാളം വാക്ക് കേൾക്കുന്നതും. അല്ലെങ്കിലും അൽപ്പം പ്രാദേശിക വാദം ആർക്കാണ് ഇഷ്ടമല്ലാത്തത്.