കണ്ണൂർ: കൊട്ടിയൂർ എടുത്ത് അമ്പായത്തോട്ടിൽ ആയുധധാരികളായ മാവോയിസ്റ്റുകളെ കണ്ടെത്തിയ സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെയും വയനാട് ജില്ലയിലെയും വനമേഖലകളിൽ പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നിരീക്ഷണം ശക്തമാക്കി. അതിർത്തി പ്രദേശങ്ങളിലെ വനമേഖലയിൽ പ്രത്യേക സായുധസേനയെയും വിന്യസിച്ചിട്ടുണ്ട്. സുരേഷ്, നിലമ്പൂർ സ്വദേശിയായ സി പി മൊയ്തീൻ എന്നിവരും തിരിച്ചറിയാത്ത മറ്റാളുകളും കഴിഞ്ഞ ദിവസങ്ങളിലായി കൊട്ടിയൂരിനടുത്ത് അമ്പായത്തോട്ടിലെ വന പ്രദേശത്തായി വെച്ച് കണ്ടതായി പറയപ്പെടുന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഈ പ്രദേശങ്ങളിൽ വെച്ച് മാവോയിസ്റ്റുകളെ കണ്ടിരുന്നു. ഇവർ സമീപപ്രദേശങ്ങളിലെ വീടുകളിൽ വന്ന് അരിയും പച്ചക്കറികളും മറ്റ് സാധനങ്ങളും വാങ്ങാനായി വന്നപ്പോഴാണ് ഇവരെ കണ്ടിട്ടുള്ളത്. ആദ്യം ഇവർ ഒരു വീട്ടിലെത്തിയെങ്കിലും ആ വീട്ടിൽ കുട്ടികൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആയതിനാൽ അവർ വാതിൽ തുറന്നിരുന്നില്ല ശേഷം ആ വീടിനോട് ചേർന്ന് മറ്റൊരു വീടിലേക്ക് ഇവർ പോവുകയും അവിടെ 45 മിനിറ്റുകളോളം ചെലവഴിക്കുകയും ചെയ്തു എന്നാണ് അറിയാൻ കഴിയുന്ന വിവരം.

കഴിഞ്ഞ ചൊവ്വാഴ്ച കൊട്ടിയൂർ വന്യജീവി സങ്കേതത്തിന് സമീപമുള്ള പള്ളിയറ ചെക്ക് ഡാമിന് സമീപം കണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനം. ഈ പ്രദേശം മുഴുവൻ മാവോവാദികളുടെ കബനീ തളത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ്.

2019 മാർച്ച് ആറിന് വയനാട് വൈത്തിരിയിൽ വച്ച് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സി.പി ജലീലിനെ സഹോദരനാണ് ഇപ്പോൾ കൊട്ടിയൂരിൽ വച്ച് കണ്ടു എന്ന് പറയപ്പെടുന്ന സി.പി മൊയ്തീൻ. ഇവരുടെ കുടുംബത്തിലെ മറ്റു ആളുകളും തീവ്ര ഇടതു ആശയത്തിൽ വിശ്വസിക്കുന്നവരാണ്. മറ്റു സഹോദരങ്ങളായ ഇസ്മയിൽ, റഷീദ്, ജിഷാദ് എന്നിവരും തീവ്ര ഇടതു അനുഭാവികളാണ്.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് കണ്ണൂർ വയനാട് ഭാഗത്ത് മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടാവുന്നത്. ഇതിനു മുൻപേ 40 പേരോളം അടങ്ങുന്ന സംഘം ആയിരുന്നു വയനാട് പ്രദേശങ്ങളിലുള്ള മാവോവാദികൾ എന്നും എന്നാൽ 2019ലെ വൈത്തിരി ഏറ്റുമുട്ടലിന് ശേഷം ഈ അംഗസംഖ്യ കുറഞ്ഞ് 30ന് അടുത്തേക്ക് എത്തി എന്നും രഹസ്യാന്വേഷണ വിവരമുണ്ട്. കഴിഞ്ഞ മൂന്നു മാസങ്ങൾക്ക് മുൻപ് വയനാട് മേപ്പാടിക്കടുത്ത് റാണിമല എസ്റ്റേറ്റ് പരിസരത്ത് മാവോവാദികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു.

കുറച്ചു ദിവസം മുൻപ് വയനാട് തൊണ്ടർനാട്ട് മാവോയിസ്റ്റ് സാന്നിധ്യം ചിലർ കണ്ടതായി പൊലീസിനെ അറിയിച്ചുവെങ്കിലും ഈ വിവരം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. കണ്ണൂർ ജില്ലയിൽ മാവോവാദികളെ കണ്ടു എന്നുള്ള വാർത്ത പലരിലും ആശങ്ക ഉളവാക്കിയിട്ടുണ്ട്. വൈത്തിരിയിലെ ഏറ്റുമുട്ടലിന് ശേഷം പൊതുവേ കേരളത്തിൽ മാവോയിസ്റ്റ് സാന്നിധ്യം കുറഞ്ഞു എന്നുള്ള നിഗമനത്തിൽ എത്തിനിൽക്കെയാണ് കഴിഞ്ഞദിവസം അമ്പായത്തോട് പരിസരത്ത് മാവോയിസ്റ്റ് സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുള്ളത്.

പൊലീസ് നിഗമനം വച്ച് ഇവർ വീടുകളിലേക്ക് ആരിയും സാധനങ്ങളും വാങ്ങാനായി എത്തിയത് അവരുടെ സാന്നിദ്ധ്യം ഈ പ്രദേശങ്ങളിൽ ഉണ്ട് എന്ന് മറ്റുള്ളവരെ അറിയിക്കാൻ വേണ്ടി തന്നെയാണ് എന്നതാണ്. അല്ലെങ്കിൽ ഇവർ ജനത്തിനു മുമ്പിൽ പ്രത്യക്ഷപ്പെട്ട ആവശ്യമില്ല എന്നാണ് പൊലീസ് നിഗമനം. ഇപ്പോൾ കയ്യിൽ വെച്ചിരിക്കുന്ന ഭക്ഷണസാധനങ്ങൾ തീർന്നു കഴിഞ്ഞാൽ ഇനിയും ഇവർ മറ്റു വീടുകളിൽ ചെന്ന് അരിയും സാധനവും വാങ്ങുവാനുള്ള സാധ്യതയും ഏറെയാണ്.

കഴിഞ്ഞദിവസം അമ്പായത്തോട് കണ്ടവരിൽ ഒരാൾ മൊയ്തീൻ ആണെന്ന് നിഗമനത്തിലെത്താൻ ഇടയായ കാരണം വന്നവരിൽ ഒരാളുടെ കൈ ഭാഗികമായി നഷ്ടപ്പെട്ട ഒരാളായിരുന്നു. മൊയ്തീനും ഒരാളാണ്. കണ്ടവരിൽ നാലുപേർ മലയാളം സംസാരിച്ചിരുന്നു എന്നാണ് അറിയാൻ കഴിയുന്ന വിവരം. മൊയ്തീന് പുറമേ കവിത,രമേശ്, രവീന്ദ്രൻ എന്നിവരാണ് മലയാളം സംസാരിച്ച സംഘത്തിൽ ഉൾപ്പെടുന്നത് എന്നാണ് പൊലീസിന്റെ സ്ഥിരീകരിക്കാത്ത നിഗമനം.