- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചെറിയാൻ ഫിലിപ്പ് മുതൽ ജോൺ ബ്രിട്ടാസ് വരെ പരിഗണനയിൽ; രാഗേഷിന് ഒരു അവസരം കൂടി നൽകിയേക്കും; ഇപിയും ബാലനും ഐസക്കും സുധാകരനും വരെ രാജ്യസഭാ അംഗങ്ങളാകാൻ സാധ്യത; രാജ്യസഭ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥികൾ വെള്ളിയാഴ്ച
തിരുവനന്തപുരം : രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥികളെ വെള്ളിയാഴ്ച തീരുമാനിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാകും സ്ഥാനാർത്ഥികളെ നിശ്ചയിക്കുക. കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ യോഗത്തിൽ സംബന്ധിച്ചേക്കും.
രാജ്യസഭയിലേക്ക് മൂന്നു സീറ്റുകളാണ് ഒഴിവ് വന്നത്. നിലവിലെ സഭയിലെ കക്ഷിബലം അനുസരിച്ച്, ഇതിൽ രണ്ടെണ്ണം ഇടതുമുന്നണിക്ക് ലഭിക്കും. രണ്ടു സീറ്റും സിപിഎം ഏറ്റെടുക്കും. ഇതിൽ ഒരു സീറ്റ് സിപിഎം സഹയാത്രികനായ ചെറിയാൻ ഫിലിപ്പിന് നൽകിയേക്കും. കഴിഞ്ഞതവണയും ചെറിയാന്റെ പേര് സജീവമായി ഉയർന്നിരുന്നു.
എന്നാൽ രാജ്യസഭയിൽ പാർട്ടിനേതാവായി പ്രവർത്തിക്കാൻ മുതിർന്ന നേതാവിനെ അയക്കണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം എളമരം കരീമിന് സീറ്റ് നൽകുകയായിരുന്നു. ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ ചെറിയാന് സീറ്റ് നൽകിയിരുന്നുമില്ല.
രണ്ടാമത്തെ സീറ്റിലേക്ക് നിരവധി പേരുകളാണ് ഉയർന്നുകേൾക്കുന്നത്. നിലവിലെ മന്ത്രിസഭയിൽനിന്ന് ഒഴിയുന്ന ഇ പി ജയരാജൻ, എ കെ ബാലൻ, തോമസ് ഐസക്, ജി സുധാകരൻ, സിപിഎം കേന്ദ്രകമ്മിറ്റി അംഗവും കിസാൻസഭ അഖിലേന്ത്യാ ജോയന്റ് സെക്രട്ടറിയുമായ വിജു കൃഷ്ണൻ എന്നിവരുടെ പേരുകളാണ് പരിഗണിക്കപ്പെടുന്നതെന്നാണ് റിപ്പോർട്ട്.
സിപിഎം സംസ്ഥാന സമിതി അംഗം വി ശിവദാസൻ, കൈരളി ടി വി എം ഡി ജോൺ ബ്രിട്ടാസ് എന്നിവരുടെ പേരും ഉയർന്നുവന്നിട്ടുണ്ട്. സ്ഥാനമൊഴിയുന്ന കെ കെ രാഗേഷിന് ഒരു ടേം കൂടി നൽകണമെന്ന വാദവും ഉയരുന്നുണ്ട്. കർഷക സമരത്തിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചതാണ് രാഗേഷിന് അനുകൂലമാകുന്നത്.
യുഡിഎഫിന് ലഭിക്കുന്ന ഒരു സീറ്റിൽ പി വി അബ്ദുൾ വഹാബ് തന്നെ വീണ്ടും സ്ഥാനാർത്ഥിയാകും. അടുത്ത ചൊവ്വാഴ്ച വരെയാണ് രാജ്യസഭ തെരഞ്ഞെടുപ്പിന് പത്രിക നൽകാനുള്ള സമയം. ഏപ്രിൽ 30നാണ് തെരഞ്ഞെടുപ്പ്.
അതേസമയം 30നു നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ഒഴിവായേക്കും. അംഗബലം അനുസരിച്ച് എൽഡിഎഫിന് രണ്ടു പേരെയും യുഡിഎഫിന് ഒരാളെയുമാണ് ജയിപ്പിക്കാൻ കഴിയുക.
3 ഒഴിവുകളിലേക്കു 3 പത്രിക മാത്രം ലഭിച്ചാൽ മത്സരം ഒഴിവാകും. 10 എംഎൽഎമാരെങ്കിലും പിന്താങ്ങേണ്ടതുണ്ട്. മുന്നണികൾ നിശ്ചയിക്കുന്നതിനപ്പുറം ആർക്കും പത്രിക നൽകാൻ കഴിയില്ല. തിരഞ്ഞെടുപ്പ് 30നു നടത്താനുള്ള തീരുമാനം മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറെയും ചീഫ് സെക്രട്ടറിയെയും നിയമസഭാ സെക്രട്ടറിയെയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്നലെ അറിയിക്കുകയും വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു.
നാമനിർദ്ദേശ പത്രിക 20 വരെ സമർപ്പിക്കാം. 3 പേരുടെ പത്രിക മാത്രം ലഭിച്ചാൽ അന്നു തന്നെ വിജയിയെ നിശ്ചയിക്കും. പി.വി.അബ്ദുൽ വഹാബ്, കെ.കെ. രാഗേഷ്, വയലാർ രവി എന്നിവരുടെ കാലാവധി 21 പൂർത്തിയാകുന്നതിനാലാണ് പകരം 3 പേർക്കായി തിരഞ്ഞെടുപ്പ് . യുഡിഎഫിന്റെ സീറ്റ് മുസ്ലിം ലീഗിനാണ്. വഹാബ് തന്നെ വീണ്ടും പത്രിക നൽകും. എൽഡിഎഫിലെ 2 സീറ്റും സിപിഎം ഏറ്റെടുക്കും. ജോസ് കെ. മാണി രാജിവച്ച ഒഴിവിൽ, അടുത്ത സർക്കാർ എത്തിയ ശേഷം തിരഞ്ഞെടുപ്പ് നടക്കും.
കൽപറ്റയിൽ എൽജെഡി സ്ഥാനാർത്ഥി എം വിശ്രേയാംസ് കുമാർ വിജയിച്ചാൽ രാജ്യസഭാ എംപി സ്ഥാനം രാജിവയ്ക്കും. 140 പേർ വിജയിച്ചെത്തിയ നിയമസഭയിൽ തോമസ് ചാണ്ടി, എൻ.വിജയൻപിള്ള, സി.എഫ്.തോമസ്, കെ.വി.വിജയദാസ് എന്നിവരുടെ മരണവും പി.ജെ.ജോസഫ്, മോൻസ് ജോസഫ്, പി.സി.ജോർജ് എന്നിവരുടെ രാജിയും കാരണം 133 അംഗങ്ങളാണു ബാക്കിയുള്ളത്.
മറുനാടന് മലയാളി ബ്യൂറോ