ന്യൂഡൽഹി: എ.കെ.ശശീന്ദ്രനെ മാധ്യമപ്രവർത്തക ഫോൺകെണിയിൽകുടുക്കിയ വിവാദം കേരളത്തിൽ ഇനിയും അടങ്ങിയിട്ടില്ല. ഇപ്പോഴിതാ, ഹണി ട്രാപ്പിൽ കുടുങ്ങി ഡൽഹി എംപിയും വിവാദത്തിലായി. തന്നെ ഹണിട്രാപ്പിൽ കുടുക്കിയെന്ന എംപിയുടെ പരാതിയിൽ ഡൽഹി പൊലീസ് കേസെടുത്ത് യുവതിക്കെതിരെ അന്വേഷണം ആരംഭിച്ചു.

ഒരു സ്ത്രീയുടെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ കുടുക്കിയതെന്ന് എംപി പരാതിയിൽ പറയുന്നു. സഹായമഭ്യർഥിച്ച് തന്നെ കാണാനെത്തുകയും സോഫ്റ്റ് ഡ്രിങ്ക് നൽകി മയക്കിക്കിടത്തിയശേഷം യുവതിക്കൊപ്പം നഗ്ന ചിത്രങ്ങൾ പകർത്തുകയും ചെയ്തു. അഞ്ചുകോടി രൂപ നൽകിയില്ലെങ്കിൽ ഈ ചിത്രങ്ങളും വീഡിയോയും പുറത്തുവിടുമെന്നാണ് സംഘത്തിന്റെ ഭീഷണിയെന്നും പരാതിയിൽപ്പറയുന്നു. എംപിയെ ബലാൽസംഗക്കേസിൽ കുടുക്കുമെന്നും യുവതി ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡൽഹി പൊലീസ് സ്‌പെഷൽ കമ്മീഷണർ മുകേഷ് മീണ പറഞ്ഞു. സംഭവത്തില് അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന.

സഹായം അഭ്യർത്ഥിച്ചാണ് യുവതി എംപിയുടെ അടുത്തെത്തിയത്. തന്നോടൊപ്പം ഗസ്സിയാബാദിലെ ഒരു വീട്ടിലേക്ക് വരാൻ നിർബന്ധിച്ചു. അവിടെച്ചെന്നപ്പോഴാണ് മയക്കുമരുന്ന് കലർന്ന സോഫ്റ്റ് ഡ്രിങ്ക് നൽകി കുടുക്കിയതെന്നാണ് പരാതിയിലുള്ളത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ പൊലീസ് നിയോഗിച്ചിട്ടുണ്ട്.

യുവതി തട്ടിപ്പ് സംഘത്തിന് നേതൃത്വം നൽകുന്നതായി പ്രാഥമിക ആന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എംപിമാരെ ചതിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു പദ്ധതിയെന്നും പൊലീസ് പറയുന്നു. സംസാരിച്ച് കീഴ്‌പ്പെടുത്താൻ മിടുക്കിയായ യുവതിയുടെ വാക്കുകളിൽ ആരും വീണുപോകുമെന്നും പൊലീസ് പറയുന്നു.