ന്യൂഡൽഹി: ലോക്‌സഭയിലെ എംപിമാരുടെ പ്രധാനചുമതല എന്നാൽ നിയമനിർമ്മാണമാണ്. ഒരു എംപിക്ക് കേന്ദ്രാവിഷ്‌കൃത പദ്ധതികൾ അവരുടെ മണ്ഡലത്തിലേക്ക് കൊണ്ടുവരണമെങ്കിൽ പ്രത്യേകം മിടുക്കും വേണം. അത് കൂടാതെ നേരിട്ട് ജനങ്ങളിലേക്ക് പദ്ധതികളുടെ രൂപത്തിൽ പണം ചെലവാക്കാൻ എംപിമാർക്ക് സാധിക്കുന്നത് എം പി ഫണ്ട് വഴിയാണ്. എന്നാൽ, ദൗർഭാഗ്യകരമെന്ന് പറയട്ടെ നാട്ടുകാർക്ക് വേണ്ടി പണം ചെലവാക്കുന്ന കാര്യത്തിൽ നമ്മുടെ എംപിമാർ തീർത്തും അലംഭാവം പുലർത്തുകയാണ് ചെയ്യുന്നത്. എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് ചെലവഴിക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ പുറത്തുവിട്ട വിവരങ്ങൾ പുറത്തുവിട്ടതോടെ ഇവർ ജനപ്രതിനിധികൾ ആയത് ആർക്ക് വേണ്ടി എന്ന് സ്വാഭാവികമായും ചോദിച്ചുപോകുന്ന സ്ഥിതിയാണ്.

2015 ഡിസംബർ 1 വരെയുള്ള കണക്കുകൾ പുറത്തുവന്നപ്പോൾ പ്രാദേശിക വികസന ഫണ്ടിൽ നിന്നും നയാപൈസ ചെലവാക്കാതെ രാ സംപൂജ്യരായ എംപിമാർ 94 പേരാണ്. ലോക്‌സഭയിൽ 67 പേരും, ലോക്‌സഭയിൽ 27ഉം അംഗങ്ങൾ ഫണ്ട് വിനിയോഗിക്കാതെ വിമുഖത കാട്ടി. ഇതിൽ ഇന്ത്യയിലെ ഏറ്റുവും തലമുതിർന്ന നേതാവായ എൽകെ അദ്വാനിയും റെയിൽവേ മന്ത്രി സുരേഷ് പ്രഭും അടക്കം 55 പേർ ബിജെപി ജനപ്രതിനിധികളാണ്. ഇതിൽ നിന്നും കേളത്തിന് അപമാനമായി പി കെ അബ്ദുൾ വഹാബ് എംപിയും ഉൾപ്പെട്ടു. രാജ്യസഭാ എംപിയായ അബ്ദുൾ വഹാബ് ഫണ്ടിൽ അനുവദിച്ച 2.5 കോടി രൂപയിൽ ഒരു രൂപ പോലും ചിലവഴിച്ചില്ലെന്നാണ് റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്.

ഒരു വർഷമായി ജനങ്ങൾക്ക് നയാപൈസ ഉപകാരം ചെയ്യാൻ തയ്യാറാകാത്ത ഇവർ ആർക്ക് വേണ്ടിയാണ് നിലപൊള്ളുന്നതെന്ന സ്വാഭാവിക ചോദ്യം ഉയർന്നുകഴിഞ്ഞു. എന്തായാലും ഫണ്ട് വിനിയോഗത്തിൽ കേരളത്തിലെ എംപിമാരുടെ പ്രകടനം മറ്റ് നേതാക്കളുമായി തട്ടിച്ചു നോക്കുമ്പോൾ തമ്മിൽ ഭേദമാണ്. എന്നാൽ അത്രയ്ക്ക് മികച്ചതും അല്ലതാനും. കേരളത്തിൽനിന്നുള്ള 20 ലോക്‌സഭാ എംപിമാരിൽ ഏറ്റവും കുറവ് പണം ചെലവാക്കിയത് കണ്ണൂരിൽനിന്നുള്ള എൽഡിഎഫ് പ്രതിനിധി പി.കെ. ശ്രീമതി ടീച്ചറാണ്.

ഓരോ എംപിമാർക്കും പത്തു കോടി രൂപ വീതമാണ് എംപി ഫണ്ടായി ആകെ വകവച്ചിട്ടുള്ളത്. ഇതിൽ എംപിമാർ അപേക്ഷ സമർപ്പിക്കുന്നത് അനുസരിച്ചാണ് തുക അനുവദിച്ചിരിക്കുന്നത്. പി.കെ. ശ്രീമതിക്ക് അഞ്ച് കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെങ്കിലും ഇതിൽ നിന്ന് 21 ലക്ഷം രൂപ മാത്രമാണ് ശ്രീമതി ടീച്ചർ ഇതുവരെ ചെലവാക്കിയിരിക്കുന്നത്. അതായത് 4.29 ശതമാനം മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. 4.89 കോടി രൂപയും ചെലഴിക്കപ്പെടാതെ കിടക്കുകയാണ്.

ഏറ്റവും അധികം തുക ചെലവാക്കിയത് ആറ്റിംഗലിൽനിന്നുള്ള എൽഡിഎഫ് പ്രതിനിധി എ. സമ്പത്താണ്. സമ്പത്തിന് അനുവദിച്ചു കിട്ടിയ 7.53 കോടി രൂപയിൽ 4.93 കോടി രൂപയും ചെലവാക്കി. അതായത് ആകെയുള്ള തുകയുടെ 65.77 ശതമാനം. അവശേഷിക്കുന്നതാകട്ടെ 2.60 കോടി രൂപയും. 20 എംപിമാർക്കു കൂടി അനുവദിച്ചു കിട്ടിയ 200 കോടി രൂപയിൽ 35.60 കോടി രൂപ മാത്രമാണ് ചെലവഴിക്കപ്പെട്ടത്.

ലോക്‌സഭാംഗങ്ങളായ ഇന്നസെന്റ്, ജോസ്.കെ മാണി, പി.കെ ശ്രീമതി, സി.എൻ ജയദേവൻ എന്നിവർ വളരെ കുറഞ്ഞ തുകമാത്രമേ ചിലവഴിച്ചിട്ടുള്ളൂ എന്നും കണക്കുകൾ വ്യക്തമാക്കുന്നു. ചാലക്കുടി എംപി ഇന്നസെന്റ് 13.81ഉം, കോട്ടയം എംപി ജോസ്.കെ.മാണി 13.86 ശതമാനവും തുക മാത്രമേ ചെലവാക്കിയുള്ളൂ. കേരളത്തിൽ നിന്നുള്ള ആംഗ്ലോ ഇന്ത്യൻ പ്രതിനിധി റിച്ചാർഡ് ഹേ, പശ്ചിമ ബംഗാളിൽ നിന്നുള്ള ജോർജ് ബക്കർ എന്നിവർ നോഡൽ ജില്ല ഏതാണെന്ന് പോലും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. അടുത്തിടെ സ്ഥനമൊഴിഞ്ഞ ടി എൻ സീമയാണ് ഫണ്ട് ചെലവാക്കുന്നതിൽ മികച്ചു നിന്നത്. 98.87 ശതമാനവും തുക ചെലവാക്കിയ ടി എൻ സീമയാണ് ഏറ്റവും കൂടുതൽ തുക ചെലവാക്കിയ രാജ്യസഭാംഗം.

ലോക്‌സഭാംഗങ്ങൾക്ക് അവരുടെ നിയോജക മണ്ഡല പരിധിയിലും രാജ്യസഭാംഗങ്ങൾക്ക് അവർ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനത്തിലും നോമിനേറ്റഡ് മെമ്പർമാർക്ക് രാജ്യത്തെവിടെയും എംപി ഫണ്ട് ഉപയോഗിക്കാം. മൊത്തം വിഹിതത്തിന്റെ 15 ശതമാനം പട്ടികജാതി മേഖലയിലും 7.5 ശതമാനം പട്ടികവർഗ മേഖലയിലും ചെലവഴിക്കണമെന്ന് നിർദ്ദേശിക്കുന്നത്. അടിസ്ഥാന സൗകര്യവികസനം സാധ്യമാകുന്നതും ദീർഘകാലത്തേക്ക് നിലനിൽക്കുന്നതുമായ പ്രവൃത്തികൾ നടപ്പിലാക്കാനാണ് എംപി ഫണ്ട് ലക്ഷ്യമിടുന്നത്.

എംപി ഫണ്ടിന്റെ സമയബന്ധിതവും കാര്യക്ഷമവുമായ വിനിയോഗം സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനത്തിൽ ഏറെ പ്രാധാന്യമുള്ളതാണ്. എന്നാൽ എംപി ഫണ്ടിന്റെ കാര്യക്ഷമമായ വിനിയോഗത്തിൽ സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടങ്ങളും വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് ഫണ്ട് വിനിയോഗത്തിൽ പലപ്പോഴും വീഴ്‌ച്ച വരുന്നതും.