ഭോപ്പാൽ: 70 കാരനായ ജുഗ്രാം മാർസ്‌കോളിന്റെ മുഖത്ത് നേരിയ പുഞ്ചിരി കാണാം. മധ്യപ്രദേശിലെ ബാൽഗാട്ട് ജില്ലയിലെ ഡോക് ഗ്രാമത്തിൽ വിശ്രമ ജീവിതം നയിക്കുന്ന ഈ മനുഷ്യൻ 13 വർഷമായി കൊലക്കേസിൽ ജയിലിൽ കിടക്കുന്ന മകൻ കുറ്റവിമുക്തനായ വാർത്ത അറിഞ്ഞാണ് ചെറുതായെങ്കിലും ചിരിക്കുന്നത്. ചെയ്യാത്ത കുറ്റത്തിനാണ് ഭോപ്പാലിലെ ഗാന്ധി മെഡിക്കൽ കോളേജിലെ അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥി ആയിരുന്ന ചന്ദ്രേഷ് മാർസ്‌കോളിനെ വിചാരണ കോടതി ജീവപര്യന്തം തടവിന് വിധിച്ചത്.

ഹിന്ദുസ്ഥാൻ കോപ്പർ പദ്ധതിയിൽ നിന്ന് വിരമിച്ച ശേഷം കുടുംബാംഗങ്ങൾക്കൊപ്പം വിശ്രമ ജീവിതം നയിക്കുന്ന ജുഗ്രാം മകൻ മടങ്ങി വരുന്നതിന് കാത്തിരിപ്പാണ്. 13 വർഷത്തെ നീതി നിഷേധത്തിന്റെ കഥ കൂടിയാണ് ഇത്.

മധ്യപ്രദേശ് ഹൈക്കോതിയുടെ ഇരട്ട ബഞ്ചാണ് ഭോപ്പാൽ പൊലീസിനെ നിശിതമായി വിമർശിച്ചുകൊണ്ട് ചന്ദ്രേഷിന് കുറ്റവിമുക്തനാക്കുന്ന വിധിന്യായം പുറപ്പെടുവിച്ചത്. കാമുകിയെ വകവരുത്തി എന്നാരോപിച്ചാണ് നിരപരാധിയായ വിദ്യാർത്ഥിയെ ജയിലിൽ അടച്ചത്. 2008ൽ നടന്ന കൊലപാതകത്തിന്റെ പേരിൽ ജയിലിലടയ്ക്കപ്പെട്ട ചന്ദ്രേഷ് മാർസ്‌കോളിനെ (34) ഉടൻ മോചിപ്പിക്കാനാണ് ഡിവിഷൻ ബെഞ്ച് വിധിച്ചത്. ചന്ദ്രേഷിന് നഷ്ടപരിഹാരമായി 42 ലക്ഷം രൂപ സംസ്ഥാന സർക്കാർ 90 ദിവസത്തിനുള്ളിൽ നൽകണമെന്നും കോടതി വിധിച്ചു.

കേസിന്റെ അന്വേഷണത്തിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നെന്നും ചന്ദ്രേഷിനെ കുടുക്കുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെയായിരുന്നു അന്വേഷണമെന്നും ജസ്റ്റിസുമാരായ അതുൽ ശ്രീധരൻ, സുനിത യാദവ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.ഭോപാലിലെ ഗാന്ധി മെഡിക്കൽ കോളജിൽ ചന്ദ്രേഷ് അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് കേസിന് ആസ്പദമായ കൊലപാതകം നടന്നത്.

ചന്ദ്രേഷിന്റെ കാമുകിയുടെ മൃതശരീരം മലയോര സുഖവാസകേന്ദ്രമായ പച്ച്മാർഹിയിലെ മലയിടുക്കിൽ കണ്ടെത്തി. ഇതെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനിടെ, സംഭവത്തിനു 3 ദിവസം മുൻപ് ചന്ദ്രേഷ് തന്റെ കാർ കൊണ്ടുപോയെന്നും കൊലപാതകവുമായി ഇതിനു ബന്ധമുണ്ടെന്നു സംശയിക്കുന്നതായും കോളജിൽ സീനിയറായിരുന്ന ഡോ. ഹേമന്ത് വർമ പൊലീസിനെ അറിയിച്ചു. പച്ച്മാർഹിയിലേക്ക് ഒപ്പം പോയ ഹേമന്തിന്റെ ഡ്രൈവറും ഇതു ശരിവച്ചതോടെ ചന്ദ്രേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് 2009ൽ സെഷൻസ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഇതിനെതിരെ ചന്ദ്രേഷ് നൽകിയ അപ്പീലിലാണ് കേസന്വേഷണം അടിമുടി അട്ടിമറിച്ചതായി ഹൈക്കോടതി കണ്ടെത്തിയത്.

ഹേമന്ത് വർമയും ചന്ദ്രേഷും തമ്മിൽ ക്യാംപസ് രാഷ്ട്രീയത്തിന്റെ പേരിൽ ശത്രുതയുണ്ടായിരുന്നെന്നും ഭോപാൽ ഐജിയായിരുന്ന ശൈലേന്ദ്ര ശ്രീവാസ്തവയെ സ്വാധീനിച്ച് ഹേമന്ത് അന്വേഷണം അട്ടിമറിച്ചെന്നും നിരീക്ഷിച്ച ഡിവിഷൻ ബെഞ്ച് ഇയാൾക്ക് കൊലപാതകവുമായി ബന്ധമുണ്ടാകാമെന്നും ചൂണ്ടിക്കാട്ടി.

ഐഎസ് ആർഒ ചാരക്കേസിൽ അന്യായമായി പ്രതിയാക്കപ്പെട്ട് ജയിലിൽ കിടക്കേണ്ടിവന്ന ശാസ്ത്രജ്ഞൻ നമ്പി നാരായണന് 50 ലക്ഷം രൂപ നൽകാൻ സുപ്രീം കോടതി വിധിച്ചതും ഹൈക്കോടതി ചൂണ്ടിക്കാട്ടി. നമ്പി നാരായണൻ 78 ദിവസമാണ് ജയിലിൽ കിടന്നത്. ഇവിടെ, ചന്ദേഷിന്റെ ജീവിതം ഈ കള്ളക്കേസ് പാടേ തകർത്തുകളഞ്ഞു. ഡോക്ടർ ആയിരുന്നെങ്കിൽ, ശരാശരി കണക്കിൽ പോലും, വർഷം മൂന്നുവർഷം രൂപ സമ്പാദിക്കാമായിരുന്നു. ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള മൗലികാവകാശം ലംഘിക്കപ്പെട്ടതിനാണ് കോടതി 42 ലക്ഷം നഷ്ടപരിഹാരമായി നിശ്ചയിച്ചത്.