ഭോപ്പാൽ: വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് ഘോരം ഘോരം പ്രസംഗിക്കുമ്പോഴും മോദിയുടെ പാർട്ടി ഭരിക്കുന്ന മധ്യപ്രദേശിൽ കൊച്ചു കുട്ടികൾ ഇരുന്ന് പഠിക്കുന്നത് ഇടുങ്ങിയ കക്കൂസ് മുറിയിൽ. നീമച്ച് ജില്ലയിലെ ഒരു സ്‌കൂളിലെ പ്രൈമറി ക്ലാസ് വിദ്യാർത്ഥികൾ്ക്കാണ് കക്കൂസ് ക്ലാസ് മുറിയാക്കേണ്ട ഗതി കേട് വന്നിരിക്കുന്നത്. കൊച്ചുകുട്ടികൾ ഇടുങ്ങിയ കക്കൂസ് മുറിയിൽ ഇുന്ന് പഠിക്കുന്ന ചിത്രമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

നീമച്ച് ജില്ലാ ആസ്ഥാനത്ത് നിന്ന് 35കിമി മാത്രം അകലെയുള്ള മൊഖാംപുര ഗ്രാമത്തിലാണ് സംഭവം. ഏകാധ്യാപക വിദ്യാലയമായ ഈ പ്രൈമറി സ്‌കൂളിന് കെട്ടിടമില്ലാത്തതാണ് ഉപയോഗശൂന്യമായ കക്കൂസ് പഠനമുറിയാക്കി അദ്ധ്യാപനം തുടരാൻ കാരണം. ഇല്ലെങ്കിൽ കുട്ടികളുടെ പഠനം മുടങ്ങും. വാടക കെട്ടിടത്തിലാണ് സ്‌കൂൾ പ്രവർത്തിച്ചിരുന്നത്. എന്നാൽ ഈ കെട്ടിടം നഷ്ടമായതോടെയാണ് കുട്ടികളെ കക്കൂസ് മുറിയിൽ ഇരുത്തി പഠിപ്പിക്കേണ്ട ഗതികേട് വന്നത്.

2012ൽ ആരംഭിച്ച സ്‌കൂൾ വാടകകെട്ടിത്തിലാണ് ഇത്രയും നാൾ പ്രവർത്തിച്ചത്. വാടക കെട്ടിടം ലഭ്യമാവാതെ വന്നപ്പോഴാണ് ഉപയോഗശൂന്യമായ കക്കൂസിലേക്ക് പഠനമുറി മാറ്റപ്പെട്ടത്. എന്നാൽ ഗ്രാമത്തിൽ ഇത്തരത്തിലൊരു സ്‌കൂൾ പ്രവർത്തിക്കുന്നുണ്ടെന്ന് പോലും സ്ഥലം എംഎൽഎ കൈലാഷ് ചൗലയ്ക്ക് അറിവില്ല. ചിലപ്പോഴൊക്കെ കുട്ടികൾ പഠിക്കാൻ എത്തുമ്പോൾ ഇതിനുള്ളിൽ ആടുകളെ കെട്ടിയിട്ടിരിക്കുന്നതായും കാണാം.

മഴനനയാതെയും വെയിലേൽക്കാതെയും പഠിക്കുക എന്ന സദുദ്ദേശം കൊണ്ടു മാത്രമാണ് നിലവിൽ ലഭ്യമായ ശൗചാലയത്തിൽ കുട്ടികളെ ഇരുത്തി പഠിപ്പിക്കുന്നതെന്നാണ് അദ്ധ്യാപകൻ കൈലാഷ് ചന്ദ്രയുടെ വിശദീകരണം. 'വേനൽകാലത്ത് കാലാവസ്ഥ അനുകൂലമാവുമ്പോൾ കുട്ടികളെ മരച്ചുവട്ടിലിരുത്തി പഠിപ്പിക്കാറുണ്ട്. എന്നാൽ മഴക്കാലമായതിനാൽ ഗതികേട് കൊണ്ടാണ് കക്കൂസിൽ ഇരുത്തി കുട്ടികളെ പഠിപ്പിക്കുന്നത്', അദ്ധ്യാപകൻ പറയുന്നു.

പലതവണ സ്‌കൂളിന്റെ ദയനീയാവസ്ഥ മണ്ഡലത്തിലെ ബിജെപി എംഎംഎൽ എ കൈലാഷ് ചൗലയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നെങ്കിലും അനുകൂല നടപടിയുണ്ടായില്ലെന്ന് അദ്ധ്യാപകൻ കുറ്റപ്പെടുത്തുന്നു. ഇത്തരം ഒരു സ്‌കൂൾ മണ്ഡലത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന കാര്യം അദ്ദേഹം നിഷേധിച്ചു.