- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായം 16, ഈ ആയുഷ്ക്കാലത്തിൽ ജന്മം നൽകിയത് 29 കടുവ കുഞ്ഞുങ്ങൾക്ക്; മധ്യപ്രദേശ് പെഞ്ച് കടുവ സങ്കേതത്തിലെ പെൺകടുവ ചത്തു; 'സൂപ്പർ മമ്മി'ക്ക് ആചാരപരമായ യാത്രയപ്പ് നൽകി വനപാലകരും ഗ്രാമീണരും
ഭോപ്പാൽ: മധ്യപ്രദേശ് പെഞ്ച് കടുവ സങ്കേതം അതിവീ ദുഃഖാവസ്ഥയിലാണ്. കാരണം കടുവാ സങ്കേതത്തെ ഏറെ പ്രശസ്തയാക്കിയ കടുവാ അമ്മ വിട പറഞ്ഞിരിക്കുന്നു. കോളർവാലി എന്ന് പേരുള്ള കടുവയാണ് ചത്തത്. ഒരു ആയുഷ്ക്കാലത്തിനുള്ളിൽ 29 കടുവക്കുഞ്ഞുങ്ങൾക്കാണ് ജന്മം നൽകിയത്. കടുവയ്ക്ക് പതിനാറ് വയസ്സായിരുന്നു എന്ന് അധികൃതർ അറിയിച്ചു.
മധ്യപ്രദേശ് മന്ത്രി ഡോക്ടർ നരോത്തം മിശ്രയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. 'സുപ്പർ അമ്മയ്ക്ക് അവസാനമായി ഒരു സല്യൂട്ട്' എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. 29 കടുവക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ കോളർവാലിയുടെ മരണവാർത്ത ദുഃഖകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടൈഗർ സ്റ്റേറ്റ് എന്ന് മധ്യപ്രദേശ് അറിയപ്പെടാൻ തുടങ്ങിയത് തന്നെ ഇത്തരത്തിലുള്ള പെൺകടുവകളുടെ സാന്നിധ്യമാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.
2005ലാണ് കോളർവാലി ജനിക്കുന്നത്. ബാഡിമാട എന്ന പെൺകടുവയാണ് കോളർവാലിയുടെ അമ്മ. 2008 മെയ് 25നാണ് കോളർവാലി ആദ്യത്തെ കടുവക്കുഞ്ഞിന് ജന്മം നൽകുന്നത്. മൂന്ന് കുഞ്ഞുങ്ങളാണ് അന്ന് ജനിച്ചത്. അവസാനമായി 2019ലാണ് കോളർവാലി കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. പെഞ്ച് കടുവ സങ്കേതത്തിന്റെ അമ്മ എന്നാണ് കോളർവാലി അറിയപ്പെട്ടിരുന്നതെന്ന് അധികൃതർ പറഞ്ഞു.
ടി 15 എന്നും കോളർവാലി അറിയിപ്പെട്ടിരുന്നു. മരണകാരണമെന്താണെന്ന് വ്യക്തമല്ല. പ്രായാദ്ധിക്യം മൂലം അതീവ ക്ഷീണിതയായിരുന്ന കടുവയെ 14നാണ് അവസാനമായി സഞ്ചാരികൾ കണ്ടത്. സാധാരണ കടുവകൾ നാലിൽ നിർത്തും പ്രസവം! എന്നാൽ കോളർവാലി തന്റെ പ്രസവം തുടർന്നുകൊണ്ടിരിക്കയായിരുന്നു.
പെഞ്ചിൽ റേഡിയോ കോളറിലൂടെ ആദ്യമായി കടുവാനിരീക്ഷണം നടത്തിയത് ഇവളിലൂടെയാണ്, നാലാം വയസ്സിൽ. 2008ൽ ആയിരുന്നു കോളർവാലിയുടെ ആദ്യപ്രസവം. മൂന്ന് കുട്ടികളുണ്ടായിരുന്നു. ആദ്യമായി അമ്മയായതിന്റെ പ്രശ്നങ്ങൾ കോളർവാലിക്കുണ്ടായിരുന്നു. കുഞ്ഞുങ്ങളെ നന്നായി നോക്കാനായില്ല. ന്യുമോണിയ ബാധിച്ച് മൂന്നും ചത്തു. രണ്ടാം പ്രസവത്തിൽ നാല് കുഞ്ഞുങ്ങളെ കിട്ടി. മൂന്നാം പ്രസവത്തിൽ നാല് പെണ്ണും ഒരാണും. പിന്നെയും കൃത്യമായ ഇടവേളകളിൽ അവൾ പ്രസവിച്ചു. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന കാലത്ത് ഒരുപാട് മക്കളുള്ള ഒരു കടുവയമ്മയായവൾ മാറി.
മറുനാടന് ഡെസ്ക്