- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
2000 ജീവനക്കാർ; അതിൽ 67 പേർക്കും മഹാമാരി; ക്വാറന്റൈനിലുള്ളത് 400 പേരും; സത്യം മനസ്സിലാക്കി ക്ലസ്റ്ററാക്കിയത് കോട്ടയം കളക്ടർ; കോട്ടയം മെഡിക്കൽ കോളേജിൽ ജീവനക്കാരന്റെ അച്ഛനും മരണത്തിന് കീഴടങ്ങി; സമീപ പ്രദേശമായ ഏറ്റുമാനൂരിലും അതിരമ്പുഴനീണ്ടുർ മേഖലകളും അടച്ചു പൂട്ടിയിട്ട് മാസം ഒന്നായി; കോവിഡ് വ്യാപനം അതിരൂക്ഷമെങ്കിലും എംആർഎഫിന് വീണ്ടും തുറന്നു പ്രവർത്തിക്കാൻ അനുമതി; പിന്നിൽ രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോബി; വടവാതൂരിനെ ആശങ്കയുടെ നിഴലിലാക്കി എംആർഎഫ് ടയർ കമ്പനി
കോട്ടയം: കോവിഡ് ഇൻസ്റ്റിട്ട്യുഷണൽ ക്ലസ്റ്ററായി കോട്ടയം ജില്ലാ കളക്ടർ പ്രഖ്യാപിച്ച വടവാതൂർ എംആർഎഫ് കമ്പനി വീണ്ടും തുറന്നു പ്രവർത്തിക്കുന്നതിൽ ആശങ്ക ശക്തമാകുന്നു. രണ്ടായിരത്തിലേറെ ജീവനക്കാരുള്ള എംആർഎഫിൽ 67 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 400 ഓളം ജീവനക്കാർ ക്വാറന്റൈനിൽ തുടരുകയുമാണ്. കോവിഡ് ഇല്ലായിരുന്ന വടവാതൂരിൽ കോവിഡ് പടരാൻ കാരണക്കാരായി നാട്ടുകാർ കരുതുന്ന എംആർഎഫ് തുറന്നു പ്രവർത്തിക്കുന്നതിന്നെതിരെ പ്രതിഷേധം ശക്തമാണ്. ഇന്ന് ഒരു എംആർഎഫ് ജീവനക്കാരന്റെ പിതാവ് കോവിഡ് കാരണം കോട്ടയം മെഡിക്കൽ കോളേജിൽ മരിച്ചിട്ടുണ്ട്. പി.എൻ.ചന്ദ്രനാണ് (74) കോവിഡ് കാരണം മരിച്ചത്.
ചന്ദ്രന്റെ മകൻ എംആർഎഫ് ജീവനക്കാരനാണ്. പുറത്ത് പോകാത്ത ചന്ദ്രന് മകനിൽ നിന്നാണ് കോവിഡ് വന്നതെന്നാണ് സംശയിക്കുന്നത്. മകന് കുറച്ച് നാൾ മുൻപ് പനി വന്നിരുന്നു. ഇതോടെ മകനെയും കുടുംബത്തെയും ക്വാറന്റൈനിൽ ആക്കിയിട്ടുണ്ട്. എംആർഎഫ് വഴി കോവിഡ് പരക്കുന്നതിനാൽ കോട്ടയത്തും ആശങ്ക ശക്തമാണ്. കോവിഡ് പടരുന്നത് കാരണം നാല് ദിവസം എംആർഎഫ് അടച്ചിട്ടിരുന്നു. ഈ കഴിഞ്ഞ ദിവസമാണ് വീണ്ടും ഫാക്ടറി തുറന്നത്. ഇതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. തമിഴ്നാട്ടുകാരായ ധാരാളം ജീവനക്കാർ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. അവരിൽ നിന്നും ട്രക്ക് ഡ്രൈവർമാരിൽ നിന്നുമാണ് കോവിഡ് എംആർഎഫിൽ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. നാട്ടുകാർ പ്രതിഷേധം രേഖപ്പെടുത്തിയതിനെ തുടർന്ന് ഇന്നു വടവാതൂർ പഞ്ചായത്ത് മീറ്റിങ് വിളിച്ചു കൂട്ടിയേക്കും എന്നാണ് ലഭിക്കുന്ന വിവരം.
കണ്ടെയിന്മെന്റ് സോണിലുള്ള എംആർഎഫ് താത്കാലത്തെക്കെങ്കിലും അടയ്ക്കണം എന്നാണ് നാട്ടുകാർ ഉയർത്തുന്ന ആവശ്യം. കോവിഡ് ക്ലസ്റ്റർ ആയി പ്രഖ്യാപിച്ച സമീപ പ്രദേശമായ ഏറ്റുമാനൂർ നഗരസഭയും അതിരമ്പുഴ-നീണ്ടൂർ പ്രദേശങ്ങളും കോവിഡ് ഭീഷണിയുടെ നിഴലിൽ ഒരു മാസമായിട്ടും തുറന്നില്ല. എന്നാൽ കോവിഡ് വ്യാപനത്തിനു കാരണമായ എംആർഎഫ് തുറക്കാൻ ജില്ലാ ഭരണകൂടവും സിപിഎമ്മും സിഐടിയുവും ഒത്താശ ചെയ്യുകയാണ് എന്നാണ് ഉയരുന്ന ആരോപണം. എംആർഎഫ് പ്രവർത്തിക്കുന്ന പതിനാറാം വാർഡും അഞ്ചാം വാർഡും കണ്ടേയിന്മെന്റ് സോണാണ്. ഇത് അടച്ചുപൂട്ടി ജനങ്ങളെ ബന്ധിയാക്കിയിരിക്കുകയാണ്. ഇതിന്നിടയിലാണ് രണ്ടായിരത്തിലേറെ ജീവനക്കാരുള്ള എംആർഎഫ് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
എംആർഎഫിൽ രണ്ടായിരത്തിലേറെ ജീവനക്കാർ ഉള്ളതിനാൽ മുഴുവൻ ജീവനക്കാർക്കും കോവിഡ് ടെസ്റ്റ് ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണ്. ആരോഗ്യവകുപ്പ് ആണ് എംആർഎഫിലെ കോവിഡ് വ്യാപനത്തെ തുടർന്ന് പരിശോധനകൾ ഊർജ്ജിതമാക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ നിഴലിൽ തുടരുന്നതിനാൽ താത്ക്കാലത്തെക്കെങ്കിലും എംആർഎഫ് അടച്ചിടണമെന്ന ആവശ്യം മുഴങ്ങുന്നുണ്ട്. ജീവനക്കാരന് ആദ്യം തന്നെ കോവിഡ് സ്ഥിരീകരിച്ചപ്പോൾ കമ്പനി അധികൃതർ ജാഗ്രത കാണിച്ചിരുന്നെങ്കിൽ ഈ സ്ഥിതി ഒഴിവാക്കാമായിരുന്നുവെന്നാണ് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്.
ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച് ഇരുപത് ദിവസങ്ങൾക്ക് ശേഷമാണ് ജീവനക്കാർക്ക് ആന്റിജൻ ടെസ്റ്റ് നടത്താൻ തയ്യാറായത്. ആദ്യമേ ജാഗ്രത കാണിച്ചിരുന്നുവെങ്കിൽ ഇത് ഒഴിവാക്കാമായിരുന്നു. ഇത് കമ്പനി അധികൃതർക്ക് സംഭവിച്ച ജാഗ്രതക്കുറവയാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. ഇതിന്നിടയിൽ കോവിഡ് വ്യാപനം ശക്തമാവുകയും ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു. എംആർഎഫ് ജീവനക്കാർ താമസിക്കുന്ന വടവാതൂർ പഞ്ചായത്തിലെ അഞ്ച്, ആറ് ,പതിനാറാം വാർഡുകളിലാണ് കോവിഡ് പടർന്നിരിക്കുന്നത്. ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഇവരുടെ കുടുംബവും പ്രാഥമിക സമ്പർക്കത്തിൽ വന്നവരും ക്വാറന്റൈനിൽ തുടരുകയാണ്.
ജില്ലാ ഭരണകൂടം അനുമതി നൽകിയതിനാൽ കമ്പനി തുറന്നു പ്രവർത്തിക്കുന്നു എന്നാണ് വടവാതൂർ പഞ്ചായത്ത് പ്രസിഡന്റ് സിസി ജേക്കബ് മറുനാടനോട് പറഞ്ഞത്. പഞ്ചായത്തിൽ കോവിഡ് വ്യാപനം ആശങ്കാകുലമായി വർദ്ധിച്ചിട്ടുണ്ട്. എംആർഎഫ് ജീവനക്കാർക്കാണ് കോവിഡ് കൂടുതലും വന്നിരിക്കുന്നത്. എല്ലാം ജില്ലാ ഭരണകൂടത്തിനു അറിയാം-സിസി ജേക്കബ് പറയുന്നു. കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഇന്നു എംആർഎഫ് സന്ദർശിക്കുമെന്നും ജില്ലാ കളക്ടർ എം.അഞ്ജനയുടെ ഓഫീസ് മറുനാടനോട് പറഞ്ഞു. എംആർഎഫിലെ സ്ഥിതിഗതികൾ നേരിട്ട് സന്ദർശിച്ച് ഇന്നു കളക്ടർ വിലയിരുത്തും എന്നാണ് കളക്ടറുടെ ഓഫീസ് മറുനാടനോട് പ്രതികരിച്ചത്. മീറ്റിംഗിൽ ആയതിനാൽ കളക്ടർ പ്രതികരിച്ചില്ല. മുൻപും കളക്ടറും ഡിഎംഒ അടക്കമുള്ളവരും എംആർഎഫ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. തുടർന്നാണ് കമ്പനി തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്. കമ്പനിയിലെ അണുനശീകരണ സംവിധാനങ്ങൾ കളക്ടർ പരിശോധിച്ചിരുന്നു. തുടർന്നാണ് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയത്.
എംആർഎഫ് അടച്ചിടാനുള്ള സാധ്യതകൾ കോട്ടയം ഡിഎംഒ ഡോക്ടർ ജേക്കബ് വർഗീസ് തള്ളിക്കളഞ്ഞു. അണുനശീകരണം നടത്താൻ നിർദ്ദേശം നടത്തിയിട്ടുണ്ട്. അടച്ചിടുക എന്നതല്ല ജാഗ്രതയോടെ തുറന്നു പ്രവർത്തിക്കുക എന്നതാണ് സർക്കാർ സമീപനം. എംആർഎഫിൽ
67 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 400 പേരെ ക്വാറന്റൈൻ ചെയ്തിട്ടുമുണ്ട്. വേറെ പ്രശ്നം അവിടെ കാണുന്നില്ല. മുഴുവൻ ജീവനക്കാർക്കും കോവിഡ് ടെസ്റ്റ് എടുക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. എംആർഎഫ് അടച്ചു പൂട്ടാനുള്ള സാധ്യതകൾ തള്ളിക്കളയുകയാണ്-ഡിഎംഒ മറുനാടനോട് പറഞ്ഞു. പല ഡിവിഷനാണ് അവിടെ ഉള്ളത്. ഡിവിഷനുകൾ തമ്മിൽ ബന്ധമില്ല. കോവിഡ് വ്യാപനത്തിനു അവിടെ സാധ്യതയില്ല. കോവിഡ് വ്യാപനം തടയാനുള്ള എല്ലാ മുൻകരുതലും കമ്പനി എടുത്തിട്ടുണ്ട്. പ്രൈമറി കോണ്ടാക്റ്റ് തിരിച്ചറിഞ്ഞിട്ടുണ്ട്. അണുനശീകരണം കഴിഞ്ഞു പ്രവർത്തിക്കുന്നതിനാൽ കമ്പനിക്ക് മുന്നോട്ട് പോകാം-ഡിഎംഒ പറയുന്നു.
എല്ലാ അണുനശീകരണ സംവിധാനങ്ങളും പ്രാബല്യത്തിലാക്കിയാണ് കമ്പനി തുറന്നു പ്രവർത്തിപ്പിക്കുന്നത് എന്നാണ് എംആർഎഎഫ് വൃത്തങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത്. 67 പേർ കോവിഡ് പോസിറ്റീവ് ആണ്. അവർ ചികിത്സയിലാണ്. ഇവരുമായി ബന്ധമുള്ള 350 ഓളം പേരെ ക്വാറന്റൈനിൽ ആക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം തടയാനുള്ള പ്രവർത്തനം പൂർണമായിട്ടുണ്ട്. ട്രക്ക് ഡ്രൈവർമാർ എത്തുന്നുണ്ട്. പക്ഷെ അവർക്ക് പ്രത്യേക ഭക്ഷണവും റൂമും നൽകിയിട്ടുണ്ട്. പിന്നെ കമ്പനി തുറക്കാൻ വേറെ തടസങ്ങൾ ഇല്ല. അതിനാൽ തുറക്കുന്നു. നാട്ടുകാർക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യാൻ കമ്പനി പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ആശങ്കകളെക്കുറിച്ചുള്ള ദുരീകരണം നടത്തും എന്നും കമ്പനി വൃത്തങ്ങൾ പറയുന്നു.
നാട്ടുകാർക്കിടയിൽ പ്രചരിക്കുന്ന വാട്സ് അപ്പ് സന്ദേശം ഇങ്ങനെ:
ഈ കാണുന്നത് സിനിമ ഷൂട്ടിങ് ഒന്നുമല്ല നമ്മുടെ നാട്ടിലാണ്. നമ്മുടെ നാട്ടിലെ എംആർഎഫ് കമ്പനിയുടെ അകത്തു നിന്നും ഇന്ന് 18.08.2020 കുറച്ചു മുൻപ് ഒരു കോവിഡ് പോസിറ്റീവ് രോഗിയെ കൊണ്ട് പോകുന്ന വീഡിയോ ആണ്. ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ സെക്യൂരിറ്റി പറഞ്ഞത് ഏതോ വർക്കർ കോവിഡ് പോസിറ്റീവ് ആയി അദ്ദേഹത്തെ കൊണ്ടുപോയതാണെന്നാണ്. ഒന്ന് ചോദിക്കട്ടെ ഇപ്പോൾ ഏകദേശം 200 ഇൽ അടുത്ത് രോഗികൾ ആയതു ഈ കമ്പനി മുകന്ദരമാണ്, മിനിഞ്ഞാന്ന് ബഹുമാനപ്പെട്ട കളക്ടർ ഈ സ്ഥാപനത്തെ ക്ലസ്റ്റർ ആക്കിയതാണ് ഇന്ന് ടെസ്റ്റ് ചെയ്തതിൽ റിസൾട്ട് നോക്കിയാൽ രോഗികളുടെ എണ്ണം വളരെ കൂടുതൽ ആണ്. എന്നിട്ടും ഈ സ്ഥാപനം വേണ്ട അടിയന്തര നടപടി സ്വീകരിക്കുന്നില്ല..
ഈ വീഡിയോ വളരെ വ്യക്തമായി കാണിക്കുന്നു കമ്പനിക്കകത്തു നിന്നും രോഗിയെ കൊണ്ട് പുറത്തേക്കു പോകുന്നത്, ഇതു കാണുന്ന പ്രിയ എന്റെഎംആർഎഫ് ജീവനക്കാരെ നിങ്ങളോട് ഒന്നേ പറയാൻ ഉള്ളൂ നമ്മുക്കോ നമ്മുടെ പ്രിയപ്പെട്ടവർക്കോ അസുഖം വരുമ്ബോൾ മാത്രേ നമ്മൾ അതിന്റെ അവസ്ഥ മനസിലാക്കു. ഇന്ന് നിങ്ങടെ മുൻപിൽ ഉള്ള ഒരു നേതാവ് പോലും ഒരു ആവശ്യത്തിനും കാണില്ല, കാരണം അവർക്കൊക്കെ കിട്ടേണ്ടത് കിട്ടേണ്ട സമയത്തു കിട്ടും അല്ലെങ്കിൽ ആരെങ്കിലും ഏതെങ്കിലും ഒരു നേതാവ് നാളെ പത്തു പേരെ കൂട്ടി വന്നു പരസ്യമായി പറയാൻ തയ്യാർ ആകട്ടെ ഇതിനൊരു പരിഹാരം കാണണം എന്ന് ആരും പറയില്ല പറഞ്ഞാൽ അവിടെ തീർന്നു കിമ്പളം.
ഇന്നിപ്പോൾ എത്ര നാട്ടുകാർക്കായി എത്ര പേരാണ് ഇതിന്റ ദുരിതം അനുഭവിക്കുന്നത്, ഇവിടുത്തെ നാട്ടുകാർ ഇനി ആരെയാ സമീപിക്കേണ്ടത്...? കമ്പനി തുറന്നോട്ടെ ഒരു കുഴപ്പോം ഞങ്ങൾക്കില്ല പക്ഷെ ഒരു ഉറപ്പു കമ്പനി മാനേജുമെന്റിനോ ഇവിടുത്തെ ആരോഗ്യ പ്രേവര്തകര്ക്കോ, പഞ്ചായത്ത് ഭരണ സമിതിക്കോ, പഞ്ചായത്ത് പ്രീതിപക്ഷത്തിനോ, ബ്ലോക്ക് മെമ്പര്മാര്ക്കോ അധികാരികൾക്കോ ഇത് തുറക്കാൻ ചുക്കാൻ പിടിച്ച മറ്റെല്ലാ ആൾക്കാർക്കോ തരാൻ പറ്റുമോ നാളെ ഒരാൾക്കും ഈ കമ്പനി മൂലം കോവിഡ് വരില്ല എന്ന്......?
എത്ര നാൾ ഞങ്ങൾ ഇങ്ങനെ അടച്ചിരിക്കണം...? ഞങ്ങളെ അടച്ചിരിക്കാൻ ഇടയാക്കിയവൻ തുറന്നു ഇരിക്കുന്നു കാശുണ്ടാക്കുന്നു. ഇതിന്റെ ഇടയിൽ ഇതൊരു ബിസിനസ് ആക്കാൻ വേറെ കുറെ ആൾക്കാരും. ഏതായാലും അസുഖം ആർക്കും വരാം ഈ ചെറ്റത്തരത്തിനു കൂട്ട് നിന്നവർ എത്ര ചൂടുവെള്ളം കുടിച്ചാലോ എത്ര പ്രീതിരോധ ശേഷി കൂട്ടാൻ നോക്കിയാലോ തൽക്കാലത്തേക്ക് മാത്രം കൂടും പക്ഷെ ഇതിലും വലിയത് വരും അനുഭവിക്കും എല്ലാവരും.. എക്കാലത്തും എല്ലാരേയും പൊട്ടൻ ആക്കാമെന്നു ഒരു പാർട്ടിക്കാരും ഒരു യൂണിയൻ കാരും ഒരു സംഘടന ക്കാരും കരുതണ്ട... ജനങ്ങൾ ഒറ്റ കെട്ടായി നിന്നാൽ തീരാവുന്നതേ ഉള്ളൂ എല്ലാം... എംആർഎഫ് പൂട്ടണ്ട ഒരിക്കലും പൂട്ടാൻ പറയില്ല പക്ഷെ കുറച്ചു ജാഗ്രത കാണിക്കണം നാട്ടുകാരുടെ കാര്യത്തിലും തൊഴിലാളികളുടെ കാര്യത്തിലും..
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.