കോട്ടയം: കേരളത്തിലെ റബർ കർഷകരുടെ കാര്യം അതീവ ദുരിതത്തിലാണ്. വെട്ടുകൂലി പോലും കിട്ടാൻ വിഷമിക്കുന്ന കർഷകർ പലരും ആത്മഹത്യയുടെ വക്കിലാണ്. എ്ന്നാൽ, കർഷകർ വിലയില്ലാതെ കണ്ണീരു കുടിക്കുമ്പോഴും ആരും യാതൊരു നടപടിയും സ്വീകരിക്കുന്നുമില്ല. സബ്‌സിഡിയെന്ന പ്രഖ്യാപനമൊക്കെ സർക്കാർ നടത്തിയെങ്കിലും അതൊന്നും വിലപ്പോകുന്ന മട്ടില്ല. ഇങ്ങനെ കർഷകരുടെ കാര്യം ദുരിതത്തിലാണെങ്കിലും രാജ്യത്തെ ഏറ്റവും വലിയ ടയർ നിർമ്മാതാക്കളായ എംആർഎഫിനും മറ്റ് കമ്പനികൾക്കും ഇത് ആഹ്ലാദത്തിന്റെ സമയമാണ്. കാരണം കർഷകരുടെ കണ്ണീരിന് മേൽ വലിയ കൊട്ടാരം കെട്ടിപ്പൊക്കുകയാണ് ഈ കമ്പനികൾ.

അത്രയേറെ ലാഭത്തിലാണ് ഈ കമ്പനികളുടെ പ്രവർത്തനം. റബർ വില കൂപ്പുകുത്തിയപ്പോഴും 35 രൂപ ഷെയറിന് ആരംഭിച്ച എംആർഎഫിന്റെ ഇപ്പോഴത്തെ വില അമ്പതിനായിരം രൂപയാണ്. കഴിഞ്ഞ ദിവസമാണ് എംആർഎഫ് ഓഹരി ഒന്നിന് 50,000 രൂപയിലെത്തിയത്. 35 വർഷം മുൻപ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനി ബുധനാഴ്ചയാണു ചരിത്രനേട്ടം സ്വന്തമാക്കിയത്. 1981ൽ ആദ്യമായി വിപണിയിലെത്തുമ്പോൾ ഓഹരിവില 15 രൂപയായിരുന്നു. ബുധനാഴ്ച 50,190 വരെ ഉയർന്നശേഷം 49,753.35 രൂപയിലായിരുന്നു ക്ലോസിങ്. ഒറ്റദിവസത്തെ വർധന ഏഴു ശതമാനത്തിലേറെ. കമ്പനിയുടെ ഓഹരിവിപണി മൂല്യം 1,330.09 കോടി രൂപ വർധിച്ച് 21,093.09 കോടി രൂപയാകുകയും ചെയ്തു.

പാക്ക് അധീന കശ്മീരിലേക്കുള്ള ഇന്ത്യൻ മിന്നലാക്രമണത്തിന്റെ വാർത്തകളെത്തുടർന്നു ഓഹരി വിപണിയിൽ തകർച്ച നേരിട്ടപ്പോഴും എംആർഎഫിന്റെ ഓഹരി വില വർദ്ദിക്കുകയായിരുന്നു. കമ്പനിയുടെ ഓഹരിവില ഈ വർഷം മാത്രം 20 ശതമാനത്തിലേറെയാണ് വർധിച്ചത്. അതേസമയം റബർ കർഷകർക്ക് വേണ്ടി ശബ്ദിക്കുന്ന മനോരമയുടെ ഇടപെടൽ തന്നയാണ് പലപ്പോഴും റബർ വിപണിയിലെ ഇടിവിന് കാരണമെന്ന ആരോപണം നേരത്തെ തന്നെ ശക്തമാണ്.

സംസ്ഥാനത്തെ റബർ വില നിശ്ചയിക്കുന്നതിൽ എംആർഎഫിന് നിർണ്ണായക റോൾ തന്നെയുണ്ട്. റബറിന്റെ വിലയിലെ ഇടിവാണെങ്കിലും കർഷകർ ബുദ്ധിമുട്ടുമ്പോഴും എംആർഎഫിനെ അതൊന്നും ബാധിക്കാറില്ല. ലക്ഷകണക്കിന് റബ്ബർ കർഷകന്റെ കണ്ണീരിന്റെയു വിയർപ്പിന്റെയും ജീവിത നിരാശയുടെയും ഫലമാണ് ഓഹരി വിപണിയിലെ എംആർഎഫിന്റെ നേട്ടം. ഒരു വശത്ത് കർ്ഷകന് വേണ്ടിപത്രത്തിലൂടെ മുതലകണ്ണീരൊഴുക്കുന്ന മനോരമ സത്യത്തിൽ റബർ വിലയിടിവിന്റെ സമയത്ത് സന്തോഷിക്കുക തന്നെയാണ് ചെയ്യുന്നത് റബർ വില എത്രത്തോളം കുറയുന്നോ അതിന് അനുസരിച്ച് ഇവരുടെ ലാഭത്തിലാണ് വർദ്ധനവ് വരുന്നത്.

ഏതൊരു ഉൽപ്പന്നത്തിന്റെയും അസംസ്‌കൃത വസ്തുക്കൾക്ക് വില കുറയുമ്പോൾ ആ ഉൽപ്പന്നങ്ങൾക്കും വില കുറയേണ്ടതാണ്. എന്നാൽ, ടയർ വാങ്ങാൻ എത്തുന്നവർകക് വില കുറവില്ല. മാത്രമല്ല, വൻകിട കാർ നിർമ്മാതാക്കളുമായുള്ള കരാർ കൂടിയാകുമ്പോഴാണ് ടയർ കമ്പനികളുടെ ലാഭത്തിൽ വിലയ വർദ്ധനവ് ഉണ്ടാകുന്നത്.

കഴിഞ്ഞ വർഷങ്ങളിൽ സ്വാഭാവിക റബറിന്റെ റെക്കോഡ് ഇറക്കുമതിയാണ് എംആർഎഫ്, സിയറ്റ്, അപ്പോളൊ തുടങ്ങിയ വൻകിട ടയർ കമ്പനികൾ നടത്തിയത്. ഇവരുടെ ലാഭത്തിലും വൻവർധന ഉണ്ടായി. ഇന്ത്യയിലെ റബർ ഉൽപ്പാദനവും ഉപയോഗവും തമ്മിലുള്ള അന്തരം 75,000 ടൺ മാത്രമായിരിക്കുമ്പോഴാണ് ടയർ കമ്പനികൾ നാലു ലക്ഷത്തിലേറെ ടൺ റബർ അനിയന്ത്രിതമായി ഇറക്കുമതി ചെയ്തത്. ഉൽപ്പാദനവും ഉപഭോഗവും തമ്മിലുള്ള വിടവ് നികത്തുന്നതിന് ആശ്രയിച്ചിരുന്ന ഇറക്കുമതി, ഇന്ന് വ്യവസായികളുടെ കൊള്ളലാഭം എന്ന ലക്ഷ്യത്തിലേക്ക് മാറിയതായി കണക്കുകളിൽനിന്ന് മനസ്സിലാക്കാം. 2009-10 ൽ 1,77,000 ടണ്ണായിരുന്ന ഇറക്കുമതി 2013 ആയപ്പോൾ 2,17,360 ടണ്ണും 2014 ൽ 3,25,190 ടണ്ണും 2015 ൽ 4,16,000 ടണ്ണുമായി കുതിച്ചുചാടി. ഇപ്പോഴത് 4.5 ലക്ഷം ടണ്ണിലധികമായി.

സംഭരണ, സബ്‌സിഡി പ്രഖ്യാപനങ്ങൾ പാളി. 10.5 ലക്ഷത്തോളം റബർ കർഷകരുള്ള നമ്മുടെ സംസ്ഥാനത്ത് 2.5 ലക്ഷം കർഷകർ മാത്രമാണ് സർക്കാർ സബ്‌സിഡിക്കായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 300 കോടിയുടെ പ്രഖ്യാപിത പദ്ധതിയിൽ ചെലവഴിച്ചത് 25 കോടിമാത്രം. വിലയിടിവ് മൂലം കർഷക വരുമാനം കുറഞ്ഞ് നാനാമേഖലയിലും മാന്ദ്യം പ്രകടമാകുന്നു. കൃഷിച്ചെലവുകൾ കൂടിയും വില കുറഞ്ഞും ഉൽപ്പാദനം പാടെ നിലയ്ക്കുന്ന ഗുരുതര പ്രതിസന്ധിയാണ് കർഷകർ അഭിമുഖീകരിക്കുന്നത്.