കോട്ടയം: നൂറു കണക്കിന് ജീവനക്കാർ ജോലി ചെയ്യുന്ന ഒരു ഫാക്ടറിയിൽ അപകടം ഉണ്ടാവുകയും ജീവനക്കാർ മരിക്കുകയും ചെയ്താൽ സ്ഥാപനത്തെ കുറ്റം പറയേണ്ട കാര്യമില്ല. സുരക്ഷാവീഴ്ച ഉണ്ടെങ്കിൽ പോലും അത് ചൂണ്ടിക്കാണിക്കുകയല്ലാതെ, അത് സ്ഥാപനത്തിനെതിരെയുള്ള ആയുധമായി ഉപയോഗിക്കാൻ ആരും തയ്യാറാകുമെന്ന് തോന്നുന്നില്ല. എന്നിട്ടും കേരളത്തിലെ ഏറ്റവും വലിയ ടയർ നിർമ്മാണ കമ്പനിയായ എംആർഎഫിൽ ഉണ്ടായ അപകടത്തിൽ ഒരു ജീവനക്കാരൻ മരിച്ച സംഭവത്തിൽ സ്ഥാപനത്തിന്റെ പേര് പറയാൻ മാദ്ധ്യമങ്ങൾക്ക് മടി. എംആർഎഫിൽ അപകടം നടന്നു എന്ന് റിപ്പോർട്ട് ചെയ്താൽ എന്തോ സംഭവിക്കുമെന്ന രീതിയിൽ ആയിരക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന എം.ആർ.എഫിനെ വെറും ടയർ കമ്പനിയാക്കിയത് മനോരമ മാത്രമല്ല. മുത്തശ്ശി പത്രങ്ങളുടെ ഗണത്തിൽ വരുന്ന മാതൃഭൂമിയും ഇക്കൂട്ടത്തിൽ വരും.

12 വർഷമായി എം.ആർ.എഫിലെ ജീവനക്കാരനായിരുന്ന കെ എസ് രമേശിന്റെ മരണമാണ് ടയർ കമ്പനി ജീവനക്കാരനെന്നും റബർ ഫാക്ടറി ജീവനക്കാരനെന്നും പേരിൽ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എംആർഎഫ് അധികൃതർ പറഞ്ഞിട്ടാണോ, അതോ എംആർഎഫിനോട് മാദ്ധ്യമങ്ങൾക്കഉള ഭയഭക്തി ബഹുമാനം കൊണ്ടാണോ കമ്പനിയുടെ പേര് വിഴുങ്ങിയതെന്നറിയില്ല. തങ്ങളുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിലാണ് അപകടം സംഭവിച്ചത് എന്നതിനാൽ സ്വാഭാവികമായും മനോരമ ഈ വാർത്ത അധികം പ്രാധാന്യം നൽകാതെ തന്നെയാണ് പ്രസിദ്ധീകരിച്ചത്. ജനറൽ പേരിൽ ഒരു കോളം വാർത്തയായി പടം സഹിതമാണ് മനോരമ ഈ വിഷയം റിപ്പോർട്ട് ചെയ്തത്. ഏതോ ഒരു ഫാക്ടറിയിൽ ഏതോ ഒരാൾ മരിച്ചൂവെന്നേ മനോരമയുടെ വാർത്ത കണ്ടാൽ തോന്നുകയുള്ളൂ.

അതേസമയം മനോരമയെ പോലെ തന്നെയാണ് മാതൃഭൂമിയും നിലപാട് സ്വീകരിച്ചത്. വായനക്കാരുടെ അറിവിലേക്കായി റബർ ഫാക്ടറിയാലാണ് അപകടമുണ്ടായതെന്ന് വ്യക്തമാക്കി. വടവാതൂരിലെ ഫാക്ടറിയിലാണെന്ന് വ്യക്തമാക്കിയതോടെ പത്രം വായിക്കുന്ന കോട്ടയംകാർക്കങ്കിലും അപകടം എംആർഎഫിലാണ് ഉണ്ടായതെന്ന് വ്യക്തമാക്കുന്ന വിധത്തിലായിരുന്നു മാതൃഭൂമി റിപ്പോർട്ട്. എന്നാൽ എം ആർഎഫിന്റെ പേര് പറയാനുള്ള മാതൃഭൂമിയുടെ മടി അവിടെയും പ്രതിഫലിച്ചു. കേരളത്തിലെ മുതിർന്ന പത്രങ്ങൾ ആണെങ്കിലും പരസ്പര സഹായം വേണ്ടേ എന്ന നിലപാടായിരുന്നു ഇക്കാര്യത്തിൽ മാതൃഭൂമിക്കും.

അതേസമയം രമേശിന്റെ മരണം കുടുംബത്തിന് കടുത്ത ആഘാതമാണ് ഉണ്ടാക്കിയത്. 12 വർഷമായി കോട്ടയം എംആർഎഫിൽ ജോലി ചെയ്യുന്ന രമേശിന്  ഒരിക്കലും അശ്രദ്ധ മൂലം ജോലിക്കിടയിൽ ഒരു ചെറിയ പരുക്ക് പോലും പറ്റിയിരുന്നില്ല. കോട്ടയം പ്ലാന്റിലെ റബ്ബർ മിക്‌സിങ് യൂണിറ്റിൽ ജീവനക്കാരനായ രമേശിന്റെ മരണം സഹപ്രവർത്തകർക്ക് പോലും വിശ്വസിക്കാനാകുന്നില്ല. ഇന്നലെ ഉച്ചകഴിഞ്ഞുള്ള സെക്കന്റ് ഷിഫ്റ്റിലാണ് രമേശ്‌ ജോലിക്കു കയറിയത്.

പതിവു പോലെ സഹപ്രവർത്തകരുമായി തമാശകൾ പങ്കിട്ടും ഒരുമിച്ച് ചായകുടിച്ചും ജോലി മുന്നോട്ട് പോകുന്നതിനിടയിലാണ് ആ ദാരുണ സംഭവം ഉണ്ടായത്. വലിയ റബർ ഷീറ്റുകളടങ്ങിയ കെട്ട് ഹൈഡ്രോളിക് മെഷീൻ ഉപയോഗിച്ച് മുറിച്ചെടുക്കുന്ന വിഭാഗത്തിലായിരുന്നു രമേശിന് ഇന്നലെ ഡ്യൂട്ടി. ഹൈഡ്രോളിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന യന്ത്രം, റബർ മുറിച്ച ശേഷം തിരിച്ച് അകത്തേക്ക് കയറി പോകും. പിന്നീട് ഇത് പ്രവർത്തിക്കാനാവശ്യമായ മർദ്ദത്തിലെത്തിയ ശേഷമാണ് വീണ്ടും പുറത്തേക്ക് വരുക.

റബർ ഷീറ്റുകൾ മുറിച്ച ശേഷം അകത്തേക്ക് പോയ യന്ത്രഭാഗത്തിൽ രമേശിന്റെ വസ്ത്രത്തിന്റെ ഭാഗം കുടുങ്ങുകയായിരുന്നു. രമേശിന്റെ ഇടുപ്പ് വരെ യന്ത്രത്തിന്റെ ഉള്ളിലേക്ക് കയറി പോയി. യന്ത്രത്തിന്റെ ഉള്ളിൽ കുടുങ്ങിയ രമേശിന്റെ ശരീരം ചതരഞ്ഞ അവസ്ഥയിലായിരുന്നു. 35 മിനുട്ടോളം രമേശിന്റെ ശരീരം യന്ത്രത്തിന്റെ ഉള്ളിൽ കുടുങ്ങി കിടന്നു. കുടുങ്ങിയ അവസ്ഥയിലായിരുന്നതിനാൽ ശരീരം യന്ത്രത്തിനുള്ളിൽ എടുക്കാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു. പിന്നീടാണ് യന്ത്രം അഴിച്ചാണ് രമേശിന്റെ ശരീരം പുറത്തെടുത്തത്. സുരക്ഷാസംവിധാനങ്ങളിൽ എതെങ്കിലും തരത്തിലുള്ള പാളിച്ചകൾ സംഭവിച്ചുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം നേരത്തെ തന്നെ സംഭവിച്ചെന്നന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. സൗത്ത് പാമ്പാടി പൂതക്കുഴി അമ്പലത്തിനാൽ സോമശേഖരൻനായരുടെ മകനാണ് രമേശ്‌. ഗ്രീഷ്മയാണ് ഭാര്യ. ഏകമകൾ കീർത്തന. കമ്പനി നിയമങ്ങളനുസരിച്ചുള്ള എല്ലാവിധ ആനുകൂല്യങ്ങളും രമേശിന്റെ കുടുംബത്തിന് എത്രയും പെട്ടെന്ന് നൽകുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.