കൊൽക്കത്ത: വിഖ്യാത സംവിധായകൻ മൃണാൾ സെൻ (95) വിടവാങ്ങുമ്പോൾ ഇന്ത്യൻ ആർട്ട് ഹൗസിന് അത് തീരാനഷ്ടമാവുകയാണ്. എന്നും സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങൾ എടുത്ത മാനവികതക്കൊപ്പം നിന്ന കലാകാരനായിരുന്നു അദ്ദേഹം. കൊൽക്കത്തയിലെ ഭവാനിപുരിലെ വീട്ടിലായിരുന്നു ലോകം ആദരിക്കുന്ന ഈ കലാകരാന്റെ അന്ത്യം. സത്യജിത്ത് റായ്, ഋത്വിക് ഘട്ടക് എന്നിവർക്കൊപ്പം ഇന്ത്യയിലെ സമാന്തര സിനിമയുടെ പ്രയോക്താക്കളിൽ ഒരാളായ സെന്നിനെ രാജ്യം പത്മഭൂഷൺ, ദാദാസാഹിബ് ഫാൽക്കെ അവാർഡ് എന്നിവ നൽകി ആദരിച്ചിട്ടുണ്ട്. ബംഗാളിയിൽ കൂടാതെ ഹിന്ദിയിലും (ഭുവൻഷോം, മൃഗയ) ഒറിയയിലും (മതീർ മനിഷ), തെലുഗുവിലും (ഒക ഉരി കഥ) പടങ്ങൾ സംവിധാനം ചെയ്ത സെൻ മലയാളത്തിലും ഒരു സിനിമ സാക്ഷാൽക്കരിക്കേണ്ടതായിരുന്നു. കയ്യൂരിന്റെ ചരിത്രം സിനിമയാക്കാനുള്ള ചർച്ചകൾക്കായി മൃണാൾ സെൻ കേരളത്തിലെത്തിയിരുന്നു. എന്തുകൊണ്ടോ ആ പ്രോജക്ട് ഉപേക്ഷിക്കപ്പെട്ടു. തന്റെ എക്കാലത്തെയും വലിയ സ്വപ്നവും ദുഃഖവും അതുതന്നെയായിരുന്നെന്ന് സെൻ പിന്നീട് പറഞ്ഞിട്ടുണ്ട്.

1923 മെയ് പതിനാലിന് ബംഗ്ലാദേശിലെ ഫരിദ്പുരിൽ ജനിച്ച സെൻ സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം കൊൽക്കത്തയിലേയ്ക്ക് ചേക്കേറുകയായിരുന്നു. കൊൽക്കത്ത സർവകലാശാലയിലെ പഠനകാലത്ത് തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പാർട്ടി അംഗമായിരുന്നില്ലെങ്കിലും ഇന്ത്യൻ പീപ്പിൾസ് തിയ്യറ്റർ അസോസിയേഷനിലായിരുന്നു സജീവം. സിനിമയുടെ സൗന്ദര്യശാസ്ത്രം സംബന്ധിച്ച ഒരു പുസ്തകമാണ് സെന്നിനെ വെള്ളിത്തിരയുടെ വലിയ ലോകത്തെത്തിച്ചത്. ഇടക്കാലത്ത് ഒരു മെഡിക്കൽ റെപ്രസന്റേറ്റീവായി ജോലി ചെയ്ത് സെന്നിന് കുറച്ചുകാലം കൊൽക്കത്തയിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്നു. എന്നാൽ, ഏറെ വൈകാതെ തന്നെ തന്റെ പ്രിയപ്പെട്ട തട്ടകത്തിൽ തിരിച്ചെത്തി. ഒരു സിനിമാ സ്റ്റുഡിയോയിൽ ഓഡിയോ ടെക്‌നീഷ്യനായിട്ടാണ് തിരുച്ചുവരവ്.

അന്ന് വലിയ താരമല്ലാതിരുന്ന ഉത്തം കുമാറിനെ നായകനാക്കി 1955ൽ പുറത്തിറങ്ങിയ രാത്ത് ബോരെയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ചിത്രം വലിയ വിജയമായിരുന്നില്ല. രണ്ടാമത്തെ ചിത്രമായ നീല ആകാശർ നീചേയാണ് ശ്രദ്ധ നേടുന്നത്. ഭൈഷ്‌ണെ ശ്രാവൺ എന്ന മൂന്നാമത്തെ ചിത്രത്തിലൂടെയാണ് സെന്നിലെ പ്രതിഭയെ ലോകം തിരിച്ചറിയുന്നത്. ചെലവു കുറഞ്ഞ, നിലവാരമുള്ള ചിത്രങ്ങളിലൂടെയാണ് സെൻ പിന്നീട് ഇന്ത്യൻ സിനിമയിൽ വലിയ വിപ്ലവത്തിന് തിരികൊളുത്തുന്നത്. ഭൂവൻ ഷോമായായിരുന്നു ഇതിൽ പുതിയ വഴിവെട്ടിയത്. ഇന്ത്യൻ സിനിമയിലെ നവതരംഗത്തിന് തിരികൊളുത്തിയതും ഈ ചിത്രമാണ്. രാജ്യം രാഷ്ട്രീയ കോളിളക്കങ്ങളിലൂടെ കന്നുപോകുന്ന കാലത്ത് അറിയപ്പെടുന്ന മാർക്‌സിസ്റ്റ് സഹയാത്രികൻ കൂടിയായ സെന്നിന്റെ ചിത്രങ്ങൾ വലിയ ചർച്ചയായി. കൊൽക്കത്തയിലെ മധ്യവർഗ സമൂഹത്തിന്റെ ജീവിതങ്ങളും ജീവിത പോരാട്ടങ്ങളുമായിരുന്നു ഇക്കാലത്ത് സെന്നിന്റെ ചിത്രങ്ങളുടെ ഇതിവൃത്തം. ലോകത്ത് മാറ്റത്തിന് കാറ്റിന് നാന്ദിയായ പുതിയ തത്വചിന്തകളും ചിന്താധാരകളും വിപ്ലവധാരകളുമെല്ലാം സെന്നിന്റെ ചിത്രങ്ങളിൽ കടന്നുവന്നു.

അവയിൽത്തന്നെ കൽക്കത്ത 71, കോറസ്സ്, പഥാദിക്ക് എന്നിവ വേറിട്ടു നിൽക്കുന്നവയാണ്. മുദ്രാവാക്യ ചിത്രങ്ങൾ എന്ന വിമർശനത്തിനിരയായ അക്കാലത്തെ പടങ്ങളിൽനിന്ന് കൂടുതൽ സാംഗത്യവും കെട്ടുറപ്പും രൂപഭദ്രതയുമുള്ള രചനകളിലേക്കുള്ള മാറ്റത്തെക്കുറിച്ച് സെൻ പറഞ്ഞത് ''ശത്രുവിനെ ഞാൻ എന്റെ ഉള്ളിൽതന്നെ തെരയുന്നു'' എന്നാണ്. ഖരീജ്, ഏക്ദിൻ പ്രതിദിൻ, ഖാണ്ഡാർ, ഏക് ദിൻ അചാനക് തുടങ്ങിയ രചനകൾ ആശയസമ്പന്നതയും രാഷ്ട്രീയനിലപാടും ഒത്തുചേർന്നവയാണ്. ഒരിക്കൽ സെൻ പറഞ്ഞു. ''എവരി ആർട്ട് ഇസ് പ്രൊപ്പഗാന്റ ബട്ട് എവരി പ്രൊപ്പഗാന്റ ഈസ് നോട്ട് ആർട്ട്.''

സെന്നിന്റെ ചിത്രങ്ങളായ ഭുവൻ ഷോം, കോറസ്, മൃഗയ, അകലെർ സന്ദാനെ എന്നിവ മികച്ച ചിത്രങ്ങൾക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. നാലു തവണ മികച്ച സംവിധായകനുള്ള പുരസ്‌കാരങ്ങൾ നേടി. മൂന്ന് തവണ മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡും നേടി. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും സ്വന്തമാക്കി. ഓൾവെയ്‌സ് ബീയിങ് ബോൺ എന്ന ആത്മകഥ രചിച്ചിട്ടുണ്ട്. സെന്നിന്റെ മൃഗയയിലെ അഭിനത്തിനാണ് മിഥുൻ ചക്രവർത്തിക്ക് മികച്ച നടനുള്ള ദേശിയ പുരസ്‌കാരം ലഭിച്ചത്. 80 കഴിഞ്ഞിട്ടും സെൻ സിനിമ സംവിധാനം ചെയ്തിരുന്നു. അവസാന രചനകളിൽ ഏറെ ശ്രദ്ധേയമായ പടങ്ങളിലൊന്നാണ് ലോക രാഷ്ട്രീയം ചർച്ചചെയ്യുന്ന അമർ ഭുവൻ.
ഭുവൻഷോം വെനീസ് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചതോടെയാണ് മൃണാൾ സെൻ ലോകസിനിമാരംഗത്ത് ശ്രദ്ധേയനായത്. പിന്നീട് കാൻ, ബെർലിൻ, കാർലോവിവാരി തുടങ്ങിയ മേളകളിലെ പുരസ്‌കാരങ്ങളും സെന്നിനെ തേടിയെത്തി. കാനിലും ബെർലിനിലും ജൂറി അംഗവുമായിരുന്നു.

അടിയന്തരാവസ്ഥക്കെതിരെ ആദ്യമായി പ്രതികരിച്ച കലാകാരൻ കൂടിയാണ് അദ്ദേഹം. 1975ൽ ജർമനിയിൽ രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായുള്ള പത്രസമ്മേളനത്തിൽ മൃണാൾ സെൻ അടുത്ത സിനിമയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകിയത് ഇങ്ങനെയായിരുന്നു. ''ഇന്ത്യയിലേക്ക് തിരിച്ചുപോകുന്നത് അടിയന്തരാവസ്ഥയെ എതിർക്കാനാണ്. അതിനുശേഷമേ അടുത്ത പടത്തെക്കുറിച്ച് ആലോചിക്കുകയുള്ളൂ.'' സിനിമയെക്കുറിച്ചായാലും രാഷ്ട്രീയത്തെക്കുറിച്ചായാലും അഭിപ്രായം വെട്ടിത്തുറന്നു പറയുന്ന സ്വഭാവമാണ് മൃണാൾ സെന്നിന്റേത്. അദ്ദേഹം വിടപറയമ്പോൾ കലാലോകത്തിനു മാത്രമല്ല രാഷ്ട്രീയ സാമൂഹിക രംഗത്തും തീരാത്ത നഷ്ടമാണ് ഉണ്ടാകുന്നത്.