- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രികളിൽ മരുന്നു ക്ഷാമം രൂക്ഷം; സ്കൂൾ ഉച്ചക്കഞ്ഞിക്ക് പണം നൽകിയിട്ട് രണ്ട് മാസം പിന്നിട്ടു; മൃതസഞ്ജീവനി ധനസഹായം മുടങ്ങിയിട്ട് അഞ്ച് മാസവും; സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്ന സർക്കാർ സാധാരണക്കാർക്കുള്ള സഹായങ്ങളെല്ലാം നിർത്തുന്നു; ആകെ നടക്കുന്നത് മന്ത്രിമാർക്കുള്ള ആഡംബര കാറുകൾ വാങ്ങൽ മാത്രം
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനം കടന്നുപോകുന്നത്. അടുത്ത മാസം വൻതോതൽ ധനചെലവാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ജീവനക്കാർക്ക് ശമ്പളവും ബോണസുമെല്ലാം നൽകേണ്ട മാസമാണ് വരാൻ പോകുന്നത്. കേന്ദ്രത്തിൽ നിന്നു ധനസഹായങ്ങൾ നിലച്ചതോടെ എല്ലാം പ്രതിസന്ധിയിലാണ്. കുറച്ചുകാലമായി സാധാരണക്കാർക്ക് ലഭിക്കേണ്ട പല ആനുകൂല്യങ്ങളും നിലച്ച മട്ടിലാണ്. സ്‌കൂളുകളിലെ ഉച്ചക്കഞ്ഞിക്ക് പണം നൽകിയിട്ട് രണ്ട് മാസം കഴിഞ്ഞു എന്നതിൽ നിന്നും അറിയാം സർക്കാർ നേരിടുന്ന പ്രതിസന്ധിയുടെ വലിപ്പം.
അതേസമയം ആശുപ്രത്രികളിൽ മരുന്നു ക്ഷാമം അടക്കം പ്രതിഫലിക്കുന്നുണ്ട്. മൃതസഞ്ജീവനി പദ്ധതിയിൽ അവയവം മാറ്റിവച്ചവർക്കു നൽകുന്ന സഹായധനം മുടങ്ങിയിട്ട് 5 മാസം. 2012ൽ പദ്ധതി ആരംഭിച്ചതു മുതൽ 983 പേർക്കു മൃതസഞ്ജീവനിയിലൂടെ പുതുജീവിതം ലഭിച്ചു. 343 പേരുടെ അവയവങ്ങളാണു പലരിലായി തുന്നിച്ചേർക്കപ്പെട്ടത്. ഈ വർഷം ഇതുവരെ 37 പേർക്കാണു ശസ്ത്രക്രിയ നടന്നത്. അവയവം മാറ്റിവച്ച രോഗികൾക്കുള്ള സമാശ്വാസ പദ്ധതിയിലെ സഹായധനം മാർച്ചിനു ശേഷം നൽകിയിട്ടില്ലെന്നാണു പരാതി.
ബിപിഎൽ വിഭാഗത്തിലുള്ളവർക്കു സാമൂഹിക സുരക്ഷാ മിഷനിലൂടെയാണു സഹായധനം നൽകുന്നത്. സ്ഥിരമായി ഡയാലിസിസ് ആവശ്യമുള്ളവർ, വൃക്ക, കരൾമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായവർ, അരിവാൾ രോഗികൾ എന്നിവർക്കാണു സഹായം നൽകുന്നത്. ഡയാലിസിസ് രോഗികൾക്കു 1100 രൂപയും മറ്റുള്ളവർക്കു പ്രതിമാസം 1000 രൂപയുമാണു 5 വർഷം വരെ നൽകുന്നത്.
കാരുണ്യ പദ്ധതി നിർത്തിയതോടെ സാധാരണക്കാരായ രോഗികളുടെ കാര്യം അടക്കം കഷ്ടത്തിലാണ് . അതേസമയം സർക്കാർ ആശുപത്രികളിലെ മരുന്നു ക്ഷാമവും രൂക്ഷമാമ്. അത് ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുകയും ജനങ്ങൾക്ക് ബുദ്ധിമുട്ടാവുകയും ചെയ്യുന്നുണ്ട്. തുടർന്ന്, മരുന്ന് സംഭരണത്തിന്റെ ചുമതലയുള്ള കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനും വേണ്ടിവന്നാൽ അടിമുടി അഴിച്ചു പണിയാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു. അതിനായി ദേശീയ ആരോഗ്യ ദൗത്യം ഡയറക്ടറെ ചുമതലപ്പെടുത്തി അടിയന്തര ഉത്തരവ് ഇറക്കി.
കെഎംഎസ്സിഎലിന്റെ ടെൻഡർ നടപടികൾ 3 മാസത്തോളം വൈകിയതിനെ തുടർന്ന് മരുന്നു സംഭരണം താളം തെറ്റിയിരുന്നു. മാധ്യമങ്ങൾ പല തവണ ഇതു ചൂണ്ടിക്കാട്ടിയിട്ടും മരുന്നുക്ഷാമം ഇല്ലെന്ന നിലപാടെടുത്ത ആരോഗ്യ വകുപ്പാണ് ഇപ്പോൾ പ്രശ്‌നം പഠിക്കാൻ സമിതിയെ ചുമതലപ്പെടുത്തിയത്. കെഎംഎസ്സിഎലിന്റെ പ്രവർത്തനത്തിൽ ഗുരുതരമായ പോരായ്മകൾ ഉണ്ടെന്നു വ്യക്തമാക്കുന്നതാണ് ഡയറക്ടർക്ക് നൽകിയിരിക്കുന്ന പരിഗണനാ വിഷയങ്ങൾ.
അവശ്യ മരുന്നുകളുടെ സ്റ്റോക്ക് എത്രയുണ്ടെന്ന് അതതു സമയം മനസ്സിലാക്കാൻ കഴിയുന്ന നിരീക്ഷണ സംവിധാനം ഒരുക്കുക, ഭാവിയിലേക്കുള്ള ആവശ്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കി ഓർഡർ നൽകാനുള്ള സംവിധാനം നിർദേശിക്കുക, നിലവിലുള്ള മരുന്നു സംഭരണ സംവിധാനം പരിശോധിച്ചു ഭേദഗതികൾ നിർദേശിക്കുക, മരുന്നു സംഭരണത്തിന് കോർപറേഷൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിൽ പരിഷ്‌കാരങ്ങൾ നിർദേശിക്കുക, കാരുണ്യ, കെഎംഎസ്സിഎൽ വെയർഹൗസുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ശുപാർശകൾ തയാറാക്കുക, കോർപറേഷനിലെ ജീവനക്കാരുടെ പ്രവർത്തന മികവു വിലയിരുത്തി ഭേദഗതികൾ നിർദേശിക്കുക തുടങ്ങിയവയാണു ഡയറക്ടറുടെ ചുമതലകളായി ഉത്തരവിൽ ഉള്ളത്. സഹായങ്ങൾ നൽകാൻ കെഎംഎസ്സിഎൽ മാനേജിങ് ഡയറക്ടറോട് പ്രത്യേകം നിർദേശിച്ചിട്ടുമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ