- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജീവിതത്തിന്റെ സ്വാതന്ത്ര്യപ്രഖ്യാപനമാണ് കവിത'
കവിതയാണ് സാഹിത്യം എന്ന പൊതുധാരണയ്ക്ക് ഇളക്കം തട്ടിയിട്ട് മുക്കാൽ നൂറ്റാണ്ടുപോലുമായിട്ടില്ല, മലയാളത്തിൽ. അച്ചടിക്കുശേഷവും നീണ്ടൊരുകാലം കവിതതന്നെയായിരുന്നു, സാഹിത്യം. കവിതന്നെയായിരുന്നു ഭാവനയുടെ ജന്മി, ലോകത്തെവിടെയും. കാവ്യശാസ്ത്രമായിരുന്നു സാഹിത്യശാസ്ത്രം. ഷേക്‌സ്പിയർപോലും മാനിക്കപ്പെടുന്നത് പത്തൊൻപതാം നൂറ്റാണ്ടിൽ മാത്രമാണ്. നോവലുൾപ്പെടെയുള്ളവയുടെ കാര്യം പറയാനുമില്ല (ചിലകാലങ്ങളിൽ പക്ഷെ ഇതിങ്ങനെയായിരുന്നില്ല. ഷെല്ലിക്കും കീറ്റ്‌സിനും സമകാലികനായിരുന്ന വാൾട്ടർ സ്‌കോട്ട് അന്ന് അവരെക്കാൾ പ്രസിദ്ധനായിരുന്നുവത്രെ). ഗദ്യസാഹിത്യത്തിന് പത്തൊൻപതാം നൂറ്റാണ്ടിൽ പടിഞ്ഞാറു കൈവന്ന സാംസ്‌കാരികപദവി ഇന്ത്യൻ ഭാഷകളിൽ കൈവരുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ മധ്യം തൊട്ടാണ്. സർഗഭാവനയെന്നപോലെ വിമർശനഭാവനയും അക്കാലംവരെ സാഹിത്യമായി കണക്കാക്കിയിരുന്നത് കവിതയെയാണ്. മലയാളത്തിൽ ഇരുപതാം നൂറ്റാണ്ടു മധ്യത്തിൽ, അച്ചടിയും പുസ്തകവും പ്രസാധനവും സാക്ഷരതയും വായനയും പ്രചരിക്കുന്നതോടെയാണ് സാഹിത്യസ്ഥാപനങ്ങളും നിർവചനങ്ങളും കവിതയെ കൈവിട്ടു
കവിതയാണ് സാഹിത്യം എന്ന പൊതുധാരണയ്ക്ക് ഇളക്കം തട്ടിയിട്ട് മുക്കാൽ നൂറ്റാണ്ടുപോലുമായിട്ടില്ല, മലയാളത്തിൽ. അച്ചടിക്കുശേഷവും നീണ്ടൊരുകാലം കവിതതന്നെയായിരുന്നു, സാഹിത്യം. കവിതന്നെയായിരുന്നു ഭാവനയുടെ ജന്മി, ലോകത്തെവിടെയും. കാവ്യശാസ്ത്രമായിരുന്നു സാഹിത്യശാസ്ത്രം. ഷേക്‌സ്പിയർപോലും മാനിക്കപ്പെടുന്നത് പത്തൊൻപതാം നൂറ്റാണ്ടിൽ മാത്രമാണ്. നോവലുൾപ്പെടെയുള്ളവയുടെ കാര്യം പറയാനുമില്ല (ചിലകാലങ്ങളിൽ പക്ഷെ ഇതിങ്ങനെയായിരുന്നില്ല. ഷെല്ലിക്കും കീറ്റ്‌സിനും സമകാലികനായിരുന്ന വാൾട്ടർ സ്‌കോട്ട് അന്ന് അവരെക്കാൾ പ്രസിദ്ധനായിരുന്നുവത്രെ). ഗദ്യസാഹിത്യത്തിന് പത്തൊൻപതാം നൂറ്റാണ്ടിൽ പടിഞ്ഞാറു കൈവന്ന സാംസ്‌കാരികപദവി ഇന്ത്യൻ ഭാഷകളിൽ കൈവരുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ മധ്യം തൊട്ടാണ്. സർഗഭാവനയെന്നപോലെ വിമർശനഭാവനയും അക്കാലംവരെ സാഹിത്യമായി കണക്കാക്കിയിരുന്നത് കവിതയെയാണ്. മലയാളത്തിൽ ഇരുപതാം നൂറ്റാണ്ടു മധ്യത്തിൽ, അച്ചടിയും പുസ്തകവും പ്രസാധനവും സാക്ഷരതയും വായനയും പ്രചരിക്കുന്നതോടെയാണ് സാഹിത്യസ്ഥാപനങ്ങളും നിർവചനങ്ങളും കവിതയെ കൈവിട്ടുതുടങ്ങുന്നത്. ഗൂഢവൽക്കരിക്കപ്പെട്ട ലാവണ്യസൂത്രങ്ങൾ കയ്യൊഴിയാൻ കവിതയും കവികളും കൂട്ടാക്കാതിരുന്നതും ഇതിനു കാരണമായി. വായന ഗദ്യത്തെയും യുക്തിയെയും പിന്തുടർന്നതോടെ കവിതയ്ക്കുമേൽ കുടിയാന്മാരുടെ ആധിപത്യം മുറുകി. അധികം വൈകാതെ സാഹിത്യമണ്ഡലത്തിലെ കാവ്യജന്മിത്തം ഏതാണ്ടവസാനിക്കുകയും ചെയ്തു.
എങ്കിലും കവിത, കാവ്യഭാവകർക്ക് അനിർവചനീയവും അസുലഭവുമായ ലഹരിയാണ്; മൃതിയിലെ ജീവിതം പോലുമാണ്. ഗദ്യരചയിതാക്കളെയും ആരാധകരെയും അപേക്ഷിച്ച് പദ്യരചയിതാക്കളും ആരാധകരും ഇന്നും കൈവിടാൻ മടിക്കുന്ന ഈ അധിഭൗതികവാദം കവിതാനിരൂപകരെയും പൊതുവെ വിട്ടൊഴിയുന്നില്ല. അതുകൊണ്ടുതന്നെ കവിതയുടെ രാഷ്ട്രീയവായനകൾ (യാന്ത്രിക കമ്യൂണിസ്റ്റ്‌വായനകളല്ല ഇവിടെ വിവക്ഷ) മലയാളത്തിൽ അത്രമേൽ പ്രചാരം നേടുന്നില്ല. ഏതെങ്കിലും കവിയോടു സംസാരിക്കൂ. അയാൾ തന്റെ കാവ്യഭാവനയെയും രചനാപ്രക്രിയയെയും അധ്യാത്മവൽക്കരിച്ചും അധിഭൗതികവൽക്കരിച്ചും മാത്രമേ വിശദീകരിക്കൂ. കഥാകൃത്തുക്കളോ നോവലിസ്റ്റുകളോ ഇങ്ങനെയാവില്ല പ്രതികരിക്കുക. കവിതയുടെ ഈയൊരു ലാവണ്യാത്മക അധിഭൗതികത കുറെയൊക്കെ മറികടന്നും കവിതയുടെ രാഷ്ട്രീയവായനയുടെ സാധ്യതകൾ സാമാന്യമായി തിരിച്ചറിഞ്ഞും സൗന്ദര്യാത്മക യുക്തികൾ നിരസിക്കാതെയും ആർ. ശ്രീലതാ വർമ്മ രചിച്ച പതിനാറു ചെറുലേഖനങ്ങളുടെ സമാഹാരമാണ് 'മൃതിയിലെ ജീവിതം'.
ആധുനികവും സമകാലികവുമായ മലയാള കാവ്യഭാവനയുടെ വൈവിധ്യമാർന്ന ഒരു വായനാമണ്ഡലമാണ് ഈ ലേഖനങ്ങളവതരിപ്പിക്കുന്നത്. കുമാരനാശാൻ മുതൽ പി.ടി. ബിനു വരെയുള്ളവരുടെ രചനകളിലെ ഭാവസന്ദർഭങ്ങൾ ചിലതിന്റെ പാഠവിശകലനം. 'ലീല'യുടെ നൂറുവർഷം മുൻനിർത്തി കുമാരനാശാന്റെ പ്രണയഭാവന സ്ത്രീയെ രൂപപ്പെടുത്തിയതെങ്ങനെയെന്നു വിശദീകരിക്കുകയാണ് ആദ്യ രണ്ടു ലേഖനങ്ങൾ. രതിയുടെ സ്വേച്ഛയാണല്ലോ പ്രണയം. അത് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്കെന്നതിനെക്കാൾ ഇരുവ്യക്തികൾക്കിടയിൽ പരസ്പരമൊഴുകുന്ന കാമനയുടെ കൈത്തോടാണ്. ശരീരത്തെയും മനസിനെയും ഒരേസമയം ഉഭയദിശകളിലേക്കു നയിക്കുന്ന ഊർജ്ജം. ആധുനികതയിൽ മാത്രം ആദർശവൽക്കരിക്കപ്പെട്ട മർത്യാനുഭൂതികളിലൊന്ന്. വ്യക്തിബോധത്തിന്റെ കൊടിപ്പടം പാറുന്ന ചരിത്രാനുഭവം. അടിമക്കു പ്രണയമില്ല; അരസികർക്കും.
നിയോക്ലാസിക്/ഫ്യൂഡൽ രതിവാസനകൾ മനുഷ്യരുടെ ഭാവമണ്ഡലങ്ങൾക്കു മൂല്യം കല്പിച്ചില്ല. അഥവാ ശരീരം മാത്രമായിരുന്നു അവിടെ മാനദണ്ഡം. ആധുനികതയിൽ അത് ആത്മത്തിലേക്കും ആദർശാത്മകതയിലേക്കും വളർന്നു. അഥവാ ആത്മാവ് ശരീരത്തിൽ ആവേശിച്ചു. ഒരുവശത്ത് വിക്‌ടോറിയൻ സദാചാരം. മറുവശത്ത് ഇന്ത്യൻ ആത്മവാദം. ഇവയ്ക്കിടയിൽ അനുഭവിച്ച സ്വത്വസംഘർഷം കുമാരനാശാനിലെ സ്ത്രീപുരുഷന്മാരെ ശരീരം-ആത്മാവ് എന്ന വിപരീത ദ്വന്ദ്വത്തിൽ പെടുത്തി. അവർ ജീവിതത്തിലും മരണാനന്തരവും ആത്മത്തെ തേടിനടന്നു. ആദ്യരണ്ടു ലേഖനങ്ങളിൽ ശ്രീലത ആദർശാത്മക മനുഷ്യപ്രണയത്തിന്റെ നിലപാടുതറയായി ആശാൻകവിതയെ വ്യാഖ്യാനിക്കുന്നു. അതേസമയം ഈ മൂല്യവ്യവസ്ഥ പിന്നിട്ടുപോന്ന ആധുനികാനന്തര മണ്ഡലത്തിൽ നിന്നു വായിക്കുമ്പോൾ ഇത്രമേൽ ആദർശവൽക്കരിക്കേണ്ടതുണ്ടോ 'ഓരാൾക്കൊരാളോട്' എന്ന ആശാന്റെ പ്രണയഭാവനയെ എന്ന ചോദ്യം ഉയർത്താതിരിക്കുന്നുമില്ല. വിവാഹം എന്ന വ്യവസ്ഥയെയും കുടുംബം എന്ന സ്ഥാപനത്തെയും അതിലംഘിച്ച് പ്രണയം സ്വതന്ത്രമായി സഞ്ചരിക്കുന്നതിന്റെ മാനങ്ങൾ ആശാനിൽ കണ്ടെത്തുന്നുണ്ട്, ശ്രീലത. 'യുവജനഹൃദയം സ്വതന്ത്രമാണവരുടെ കാമ്യപരിഗ്രഹേച്ഛയിൽ'. പക്ഷെ ഇത് കുടുംബനിരാസത്തിന്റെ രാഷ്ട്രീയമായാണോ കാണേണ്ടത്? അതോ ഭൗതികതയും ആത്മീയതയും തമ്മിലുള്ള വടംവലിയായാണോ? വീടിനുള്ളിൽ പ്രണയം അസാധ്യമാണ്. ഏകപക്ഷീയമായ കാമന പ്രണയമാകുമോ? എന്തായാലും, കുമാരനാശാനെ ലിംഗനീതി മുൻനിർത്തി സ്ത്രീവായിക്കുമ്പോൾ പുരുഷൻ വായിച്ചതുപോലെ അത്രമേൽ വലിപ്പം ആ കാവ്യപ്രതിഭയ്ക്കു കണ്ടെത്തണമെന്നില്ല എന്ന് മുൻപും ചിലർ തെളിയിച്ചിട്ടുണ്ട്. കുമാരനാശാൻ സ്ത്രീയോട് നീതിചെയ്തുവോ എന്ന ചോദ്യം അത്രമേൽ അസംഗതമല്ല. ശ്രീലത ഈ ചോദ്യം നേരിട്ടു ചോദിക്കുകയല്ല, മറിച്ച്, ആശാന്റെ നായികമാരെ, വിശേഷിച്ചും ലീലയെ, മുൻനിർത്തി മലയാളിസ്ത്രീയുടെ ആധുനിക ലിംഗസ്വത്വത്തിന്റെ ഒരു തലം വ്യാഖ്യാനിക്കുകയാണ്.
പ്രണയത്തിനുവേണ്ടി വീടുവിട്ടുപോകുന്ന സ്ത്രീയെ സമൂഹം അപവദിക്കുന്നതിന്റെ സാധ്യതകൾ ഒന്നടങ്കം കൊട്ടിയടയ്ക്കുകയല്ല ആശാൻ. സന്യാസത്തിനുവേണ്ടി വീടുവിട്ടുപോകുന്ന പുരുഷനെ ഒരിക്കലും സമൂഹം അപവദിക്കുന്നില്ലെന്നു മാത്രമല്ല, ആദരിക്കുകയും ചെയ്യും. ശരീരത്തെയും ആത്മാവിനെയും കുറിച്ചുള്ള ഈയൊരു വിരുദ്ധബോധം തന്നെയാണ് സ്ത്രീയെയും പുരുഷനെയും കുറിച്ചും കാലം പുലർത്തിപ്പോന്നിരുന്നത്. ആശാൻ സ്ത്രീയെ വീട്ടിൽനിന്നിറക്കി, സമൂഹത്തെ വെല്ലുവിളിച്ചു. ശ്രീലത എഴുതുന്നു:
'വീടും പുറവും രണ്ട് ലോകങ്ങളാണ്. വീട് സ്ത്രീയെ കൂടുതൽ പരതന്ത്രയാക്കുന്നു, അവളെ കടമകളിലും ഉപാധികളിലും നിരന്തരം ബന്ധിച്ചുനിർത്തി, അങ്ങനെയാണ് വേണ്ടതെന്ന് ലോക്തതെ വിശ്വസിപ്പിക്കുന്നു. വീടുകളിൽ സ്ത്രീകൾ മാനസികമായി എത്രയെല്ലാം അനാഥരും പരിക്ഷീണിതരുമാണെങ്കിലും അവർ സനാഥരും ഉന്മേഷവതികളുമാണെന്ന് സമൂഹം ഒന്നടങ്കം ആണയിട്ടുകൊണ്ടിരിക്കുന്നു. ഈവിധ കപടതകൾ ഇന്ന് പല കലാസൃഷ്ടികളിലേക്കും സംക്രമിച്ചിട്ടുണ്ട്. ജനപ്രിയകലാരൂപങ്ങളിലെ സ്ത്രീസ്വത്വാവിഷ്‌കാരം ഇതിനുദാഹരണമാണ്. നളിനിയെയും ലീലയെയും നയിക്കുന്ന സുവ്യക്തങ്ങളായ കാവ്യയുക്തികളുണ്ട്. ഈ കാവ്യയുക്തികളിലൂടെ ചില സുപ്രധാന ജീവിതയുക്തികളും തെളിഞ്ഞുകിട്ടുന്നുണ്ട്. കപടസാമൂഹിതനീതിക്ക് വഴിപ്പെടാതെ സ്വന്തം മനഃസാക്ഷിയുടെ പ്രേരണയിൽ അവരവരുടെ വഴികൾ തിരിച്ചറിഞ്ഞാൽ ആ വഴികളിലൂടെ നിർഭയം സഞ്ചരിക്കാനാകും എന്നത് അവയിൽ ഒന്നാണ്'.
സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ദേശീയതാബോധങ്ങളുടെ ആദ്യകാല കാവ്യരൂപകങ്ങളിലൊന്നായി വള്ളത്തോളിന്റെ 'കർമഭൂമിയുടെ പിഞ്ചുകാൽ' വായിക്കുന്നു, മൂന്നാം ലേഖനം. ദേശീയതാവിമർശനത്തിന്റെ നാനാതരം രാഷ്ട്രീയങ്ങൾ കത്തിനിൽക്കുന്ന കാലത്താണ് ഇങ്ങനെയൊരു വായന. മിത്തുകളെ ചരിത്രവൽക്കരിക്കുന്നതിൽ നിശ്ചയമായും ഭിന്നങ്ങളായ കാവ്യതന്ത്രങ്ങളെന്നപോലെ രാഷ്ട്രീയങ്ങളും സാധ്യമാണ്. കൃഷ്ണനെ ഗാന്ധിയോടും കാളിയനെ ബ്രിട്ടീഷ് ഭരണകൂടത്തോടും സമീകരിക്കുകയാണ് വള്ളത്തോൾ എന്നത് ഒരു വ്യാഖ്യാനം മാത്രമാണ്. അഹിംസയുടെ മൂർത്തിയെങ്ങനെയാണ് കാളിയനിഗ്രഹകനാകുന്നത്? എങ്കിലും ശ്രീലത തന്റെ വാദം സാകൂതം അവതരിപ്പിക്കുകയും സയുക്തികം സാധൂകരിക്കുകയും ചെയ്യുന്നു.
വയലാറിന്റെ 'സർഗസംഗീത'ത്തെക്കുറിച്ചുള്ള കാവ്യവിചാരത്തിൽ, 'ജീവിതത്തിന്റെ സ്വാതന്ത്ര്യപ്രഖ്യാപനമാണ് സർഗക്രിയ' എന്ന നിരീക്ഷണം മുന്നോട്ടുവച്ചുകൊണ്ട് കവിതയുടെ രൂപഘടനയിൽ നിന്നു ഭാവഘടനയിലേക്കു സഞ്ചരിക്കുന്നു, ശ്രീലത. തുടർന്ന് ദർശനം, ധ്യാനം, സ്വപ്നം എന്ന മൂന്നു തലങ്ങളിലായി സർഗസംഗീതത്തിന്റെ ഭാവതലം വിശദീകരിക്കുകയും ചെയ്യുന്നു. ആത്മാവിഷ്‌ക്കാരമാണ് കവിതയെന്ന കലാതത്വത്തെക്കുറിച്ച് മലയാളത്തിലുണ്ടായ ഏറ്റവും ശ്രദ്ധേയമായ ആദ്യപ്രസ്താവമാണ് 'സർഗസംഗീത'മെന്ന കൗതുകകരമായ നിരീക്ഷണവും ഇവിടെയുണ്ട്.
അക്കിത്തത്തിന്റെ 'പക്ഷിക്കുടുമ'യെന്ന കവിത, വ്യവസ്ഥകളോടും പുതുമകളോടും സമരസപ്പെടേണ്ടിവരുന്ന പഴയ മനുഷ്യരുടെ നിസംഗതയെക്കുറിച്ചുള്ള ആത്മനിന്ദ നിറഞ്ഞ രചനയാണ്. സമരങ്ങൾ സമരസങ്ങൾക്കു വഴിമാറുന്ന കാലത്തിന്റെ കാവ്യരൂപകമായി 'പക്ഷിക്കുടുമ' ചിറകുവിരിച്ചുനിൽക്കുന്നു.
സുഗതകുമാരിക്കവിതകളിലെ ദുഃഖത്തെക്കുറിച്ചാണ് മറ്റൊരു ലേഖനം. സാമൂഹികാവസ്ഥകളും വൈയക്തികാനുഭവങ്ങളും തമ്മിലുള്ള വൈരുധ്യത്തിൽനിന്നു ജനിക്കുന്ന ദുഃഖത്തിന്റെ നാനാതരം പാഠരൂപങ്ങളെ നിരവധി രചനകളിൽനിന്നു കണ്ടെടുക്കുന്നു, നിരൂപക. 'അതിനിന്ദ്യമീനരത്വം' എന്നു സ്ഥാപിക്കുന്നമട്ടിൽ പെസിമിസത്തിന്റെ തിരക്കോളുകളിൽ പെട്ടെഴുതിയവയാണ് ഈ കവിതകളിൽ പലതും. പെണ്ണവസ്ഥകളുടെ യാഥാർഥ്യം തിരിച്ചറിയുന്ന കവിയെപ്പോലെതന്നെ നിരൂപകയും ഈ പെസിമിസത്തിന്റെ വക്താവാകുന്നു.
'വ്യക്തിയിൽ, സമൂഹത്തിൽ, പ്രകൃതിയിൽ തന്റെ വ്യഥിതഹൃദയത്തിന്റെ സ്പന്ദനം കവി തിരിച്ചറിയുമ്പോൾ ഏതൊരു വേദനയും കവിയുടെ വേദനയായി മാറുന്നു. സമസൃഷ്ടിസ്‌നേഹത്തിലും നീതിയിലും കാരുണ്യത്തിലും രൂഢമൂലമായിരിക്കുന്ന വേദനയാണത്. കവിയെ സംബന്ധിച്ചിടത്തോളം ആശ്വാസകരങ്ങളായവ ഒന്നുമില്ലേ എന്നൊരു സംശയം ഇവിടെ സ്വാഭാവികമായും ഉണ്ടാകാം. കവിക്ക് ആശ്വാസമേകുന്ന പലതുമുണ്ട് ചുറ്റിനും. വഴിയിലെ തണലും കൊച്ചുകാട്ടുപൂവും മരക്കൊമ്പിലെ കൊച്ചുകുയിലും വഴിക്കിണറും നിലാക്കുളിരും അവയിൽ ചിലതാണ്. പക്ഷേ, അവയൊന്നും നിത്യമല്ല. ചിരസ്ഥായിയായ സത്യം ഒന്നുമാത്രം-ശോകം'.
ദ്രൗപതിയെ മുൻനിർത്തി കടമ്മനിട്ടയും ഒ.എൻ.വി.യും രചിച്ച കവിതകളെക്കുറിച്ചാണ് അടുത്ത ലേഖനം. രാഷ്ട്രീയാവസ്ഥകളെയും അനുഭവങ്ങളെയും വൈയക്തികതയിൽനിന്ന് സാമൂഹികതയിലേക്കു വളർത്താൻ കഴിഞ്ഞില്ല കടമ്മനിട്ടയ്‌ക്കെങ്കിൽ, ഒ.എൻ.വി.ക്കവിതയിൽ പുരുഷനെത്തന്നെ രക്ഷകനായി കാണേണ്ടിവരുന്നു, സ്ത്രീക്ക്. ആത്മബോധത്തിലേക്കുണരുന്ന സ്ത്രീയെ മിത്തിൽനിന്നു കണ്ടെത്തിയവതരിപ്പിക്കാനല്ല, മിത്തുകളവതരിപ്പിച്ച സ്ത്രീയുടെ ദൈന്യതകളെ പാടിപ്പൊലിപ്പിക്കാനാണ് കവികൾ ശ്രമിക്കുന്നത് എന്നർഥം. ശ്രീലത എഴുതുന്നു:
'ഇതിഹാസത്തിൽ ദ്രൗപദിയെ സാന്ദർഭികമായി രക്ഷിച്ചത് കൃഷ്ണനാണ് എന്നതു സത്യം. സമാനമായരീതിയിൽ രക്ഷകരെ പ്രതീക്ഷിച്ചിരിക്കാൻ വേണ്ട മഗ്ധത ഇന്ന് ഒരു സ്ത്രീക്കുമില്ല. ദ്രൗപദി തന്റെ ജീവിതത്തിൽ ആത്യന്തികമായി രക്ഷനേടിയിരുന്നു എന്ന് ഇതിഹാസം ഒരുതരത്തിലും തെളിയിക്കുന്നതുമില്ല. സ്വന്തം രക്ഷ സ്വയം കണ്ടെത്താൻ കഴിയാതിരുന്നതിനാലാകാം ഇത്. എന്തുതന്നെയായാലും ചരിത്രപരവും തുലനാത്മകവുമായ ഒരു വിശകലനത്തിൽ, ദ്രൗപദിക്ക് ചെയ്യാനാകുന്നതിന്റെ പരമാവധി അവൾ ചെയ്തു എന്നും പറയാം. ഇതിഹാസസന്ദർഭങ്ങളെ ഉപജീവിച്ചുകൊണ്ടെഴുതുന്ന ഏതു സാഹിത്യസന്ദർഭത്തിലും സമകാലികതയുമായി ദൃഢബന്ധം സ്ഥാപിക്കുന്ന ഒരു തലം ഉണ്ടായിരിക്കണം. ഇവിടെ പരിശോധനാവിധേയമാക്കിയ രണ്ടു കവിതകളിലും അത്തരമൊരുതലം ഉണ്ടായിരിക്കുമ്പോൾത്തന്നെ, സ്ത്രീയുടെ സ്വത്വനിർമ്മിതി, സ്വത്വപരിണതി തുടങ്ങിയ വിഷയങ്ങളിൽ ഇവ വ്യവസ്ഥാപിതത്വത്തോട് കൂടുതൽ അടുത്തുനിൽക്കുന്നു'.
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ 'സംശയം' എന്ന കവിത മുൻനിർത്തി, ജ്ഞാനത്തിന്റെ ഭിന്ന ഭാഷകളെയും ഭാവങ്ങളെയും കുറിച്ചുള്ള ഒരാലോചനയാണ് അടുത്ത ലേഖനം. ഇതര ജന്തുക്കളിൽനിന്നു ഭിന്നമായി മനുഷ്യർ സംശയത്തിൽ മുങ്ങി ജീവിക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന്റെ പൊരുൾ തിരയുന്നു, ബാലചന്ദ്രൻ. 'മുത്തച്ഛൻ' എന്ന ചുള്ളിക്കാടിന്റെതന്നെ കവിതയുടെ പഠനമാണ് 'മൃതിയിലെ ജീവിതം'. ഇവിടെയും മർത്യായുസിന്റെ ആരോഗ്യനികേതനങ്ങളെക്കുറിച്ചുള്ള സന്ദേഹങ്ങളാണ് കാവ്യവിഷയം. വ്യക്തിയിൽനിന്നു സമൂഹത്തിലേക്കും സവിശേഷത്തിൽനിന്നു സാമാന്യത്തിലേക്കും വളരുന്ന കാവ്യഭാവനയുടെ (ഇതു നിശ്ചയമായും ആധുനികതാവാദ കാവ്യബോധത്തിന്റെ വിപരീത ദിശാസഞ്ചാരമാണ്) മൂർത്തരൂപകമായി മുത്തച്ഛൻ മാറുന്നു. ആത്മത്തെ അപരമാക്കി മാറ്റുന്ന രാസവിദ്യയായി കവിത മാറുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നു, ശ്രീലത. മൃതിയിൽ ജീവിതം പകരുന്ന ഔഷധമായും. പാഠാന്തരനിരൂപണത്തിന്റെ രൂപമാതൃകയാണ് ഈ രണ്ടുലേഖനങ്ങളും.
ശ്രീകുമാരൻ തമ്പിയുടെ പ്രസിദ്ധങ്ങളായ ചലച്ചിത്രഗാനങ്ങളിൽനിന്ന് കവിതയും ഗാനവും വേർതിരിച്ചെടുക്കുന്നു, മറ്റൊരു രചന, ഗാനങ്ങളിലെ ബിംബകല്പനകളും ഭാവസന്ദർഭങ്ങളും തമ്മിലുള്ള ഇഴയടുപ്പത്തിലാണ് ലേഖനത്തിന്റെ ഊന്നൽ. സംഗീതം, ആലാപനം, ഉപകരണമേളം തുടങ്ങിയ ഘടകങ്ങൾകൂടി പരിഗണിക്കാതെ, സാഹിതീയതലം മാത്രം മുൻനിർത്തി ചലച്ചിത്രഗാനങ്ങൾ സൃഷ്ടിക്കുന്ന ഭാവപ്രതീതി വിശദീകരിക്കാനാവില്ലെങ്കിലും ഈ ആലോചനയ്ക്കു കാവ്യശാസ്ത്രപരമായ സാംഗത്യമുണ്ട്.
എം. കൃഷ്ണൻകുട്ടിയുടെ കവിതകളിലെ രാഷ്ട്രീയ തീവ്രവും ചരിത്രബദ്ധവും ജീവിതാഖ്യാനപരവുമായ സാമൂഹ്യവിമർശനങ്ങളും അധികാര ധ്വംസനങ്ങളും വിശകലനം ചെയ്യുന്നു, 'ഉൾക്കരുത്തിന്റെ കവിത'. മുദ്രാവാക്യങ്ങൾക്കും കവിതയ്ക്കുമിടയിലെ അകലം തിരിച്ചറിയുന്നുണ്ട്, നിരൂപക.
റഫീക് അഹമ്മദിന്റെ കവിതയെക്കുറിച്ചുള്ള വിചാരം, കാർഷികസംസ്‌കൃതിയും പരിഷ്‌കൃതിയും തമ്മിലുണ്ടായിക്കഴിഞ്ഞ വൻ വിടവിനെയാണ് കേന്ദ്രീകരിക്കുന്നത്. കഥാകാവ്യങ്ങളുടെ കാലം കഴിഞ്ഞിട്ടില്ല എന്ന് ഇടയ്ക്കിടെ തെളിയിക്കുന്ന കാല്പനികാധുനികനാണ് റഫീക്. വയൽനികത്തി നാലുവരിപ്പാത നിർമ്മിക്കുന്ന കേരളീയ ഗ്രാമങ്ങളുടെ ആത്മരോദനമാണ് ഈ കവിത.
സെബാസ്റ്റ്യന്റെ കവിതകളിലെ വീടും കുടുംബബന്ധങ്ങളും വിശകലനം ചെയ്യുന്നു, അടുത്ത ലേഖനം. കുടുംബം, ദാമ്പത്യം തുടങ്ങിയവയെ ആധാരമാക്കി ആശാൻ തുടങ്ങിവച്ച ആധുനികതയുടെ അപനിർമ്മാണപദ്ധതി സെബാസ്റ്റ്യനിൽ തുടരുന്നതെങ്ങനെയെന്നു കണ്ടെത്തുകയാണ് നിരൂപക. വീട്, എത്രമേൽ കപടവും അധാർമ്മികവുമായ മാനുഷികമൂല്യങ്ങളുടെ കൂടി കേന്ദ്രമാണെന്നു തെളിയിക്കുന്നു, സെബാസ്റ്റ്യന്റെ പല രചനകളും. 'എന്തിന്', 'ഉറുമ്പുകൾ', 'പ്രാർത്ഥന', 'ഉടൻ വരിക', 'തിരിച്ചടി' തുടങ്ങിയ കവിതകൾ ചർച്ചക്കെടുക്കുന്നു, ശ്രീലത.
'വീടിനെയും കുടുംബജീവിതത്തെയും മഹത്വവത്കരിക്കാനുള്ള ഒരു ശ്രമവും സെബാസ്റ്റ്യന്റെ കാവ്യലോകത്തില്ല. അതേസമയം വിട്ടുകളയേണ്ട ഒന്നായി വീടിനെ കാണാനും കവി തത്പരനല്ല. ഗാർഹികാന്തരീക്ഷത്തിൽ കവിയെ പ്രചോദിപ്പിക്കുന്നത് കുടുംബജീവിതത്തിന്റെ സന്തുഷ്ടികളോ, അസന്തുഷ്ടികളോ അല്ല സഹനത്തിന്റെ ഉയരങ്ങളും ആഴങ്ങളുമാണ്. സ്ത്രീപുരുഷബന്ധങ്ങളിൽ സമഭാവം പുലർന്നുകാണുക എന്നത് സാക്ഷാത്കരിക്കപ്പെടാത്ത ഒന്നാണെന്ന സത്യം കവിയെ അലോസരപ്പെടുത്തുന്നുണ്ട്. എങ്കിലും സമരങ്ങളെക്കാൾ സമവായങ്ങൾക്ക് മുൻതൂക്കം നൽകാനാണ് ശ്രദ്ധിക്കുന്നത്. യുദ്ധപ്രഖ്യാപനങ്ങളെക്കാൾ സമാധാനചർച്ചകൾ സജീവമാകുന്ന വീടുകളോടാണ് സെബാസ്റ്റ്യന് പ്രിയം. ഈ ചർച്ചകളുടെ ഒരു സവിശേഷതയും ഗുണവും അവ രണ്ട് പക്ഷങ്ങളെയും ഇഴതിരിച്ച് പഠിച്ച്, നിഷ്പക്ഷമായ ഒരു തീർപ്പിലെത്തി, മുന്നോട്ടുപോക്ക് സുഗമമാക്കുന്നു എന്നതാണ്. ജീവിതത്തെ നിരസിക്കുക എളുപ്പമാണ്, സ്വീകരിക്കുകയാണ് കഠിനം. ആ സ്വീകാരത്തിന്റെ കഠിനത ലഘൂകരിക്കാൻ മരുന്നും മന്ത്രവുമാകുന്നത് കവിതയല്ലാതെ മറ്റൊന്നുമല്ല. കവികൾ അനുഗൃഹീതരാണെന്നു പറയുന്നത് വെറുതെയുമല്ല'.
എസ്. കലേഷിന്റെ 'ശബ്ദമഹാസമുദ്രം' എന്ന സമാഹാരത്തിലെ ചില രചനകളെയും റോസി തമ്പിയുടെ സ്‌ത്രൈണ-ആത്മീയ ഭാവനയെയും പി.ടി. ബിനുവിന്റെ പ്രകൃതി-സ്വത്വവിചാരങ്ങളെയും കുറിച്ചാണ് തുടർന്നുള്ള മൂന്നു ലേഖനങ്ങൾ.
'ഭാരതീയമനസ്സി'നെയും 'കാവ്യ-കലാകൃതികളുടെ സാധ്യതക'ളെയും കുറിച്ചൊക്കെയുള്ള അമിത വിശ്വാസങ്ങളും അതിനിർണയനങ്ങളും ശ്രീലതയ്ക്കില്ല എന്നല്ല. എങ്കിലും പതിവ് കാവ്യപഠനങ്ങളിൽ നിന്നു ഭിന്നമായ ചില തെരഞ്ഞെടുപ്പുരീതികൾ ഈ നിരൂപണങ്ങളെ ശ്രദ്ധേയമാക്കുന്നു. ഒന്നാംനിരക്കവികളോ, പ്രസിദ്ധങ്ങളായ കവിതകളോ മാത്രമേ തന്റെ വിമർശനത്തിനു വിധേയമാകൂ എന്ന കാഴ്ചപ്പാട് ശ്രീലതയ്ക്കില്ല. മറിച്ച്, തന്റെ കാവ്യഭാവുകത്വത്തെ വിശദീകരിക്കാൻ സഹായിക്കുന്ന രചനകളെ അവർ കണ്ടെത്തുകയാണ്. എഴുത്തിൽനിന്ന് വായനയിലേക്കു നിലപാടുമാറ്റുന്ന നിരൂപണ കർതൃത്വത്തിന്റെ ഈ മൗലികതയാണ് ശ്രീലതയുടെ പുസ്തകത്തിന്റെ ഭാവബലം. ഓരോ ലേഖനത്തിനുമുണ്ട് കൃത്യവും നിശിതവുമായ ഒരു പഠനലക്ഷ്യം. പല കവിതകളിലും അത് സ്ത്രീയുടെ ആത്മബോധത്തെയും കാമനകളെയും സ്വത്വാന്വേഷണങ്ങളെയും പിൻപറ്റുന്നു. കാവ്യകലയിലെ നവഭാവുകത്വങ്ങളെ തിരിച്ചറിയുന്നു. കവിതയുടെ രൂപ, ഭാവതലങ്ങളെ പരത്തിപ്പരാവർത്തനം ചെയ്യുകയല്ല, ഒരു വിഷയത്തെ/കാഴ്ചപ്പാടിനെ കവിതയിൽ കണ്ടെത്തി സ്ഥാപിക്കുകയാണ് ശ്രീലതയുടെ രീതി. നിശ്ചയമായും, ചുരുക്കം ചില രചനകളിലൊഴികെ പാഠാന്തരവിശകലനങ്ങളിലേക്കോ ചരിത്രാന്വേഷണങ്ങളിലേക്കോ അവർ കടന്നുപോകുന്നില്ല. സമഗ്രതയിലൂന്നുന്ന അക്കാദമിക വിമർശനങ്ങളോ ഗവേഷണപഠനങ്ങളോ അല്ല, കാവ്യത്തിന്റെ അനേകം ഭാവതലങ്ങളിലൊന്നിനെ സസൂക്ഷ്മം പിന്തുടരുന്ന വായനകളാണ് ശ്രീലതയുടേത്. കവിതയെ, അതിന്റെ ഭാഷ, ഭാവബന്ധങ്ങൾ, സൗന്ദര്യാത്മകത, രൂപപദ്ധതി, സ്‌ത്രൈണകർതൃത്വം, സാമൂഹികത, ചരിത്രബന്ധം, മാനവികത തുടങ്ങിയ നിരവധി സങ്കല്പനങ്ങളോടു ചേർത്തുനിർത്തി വിശദീകരിക്കാനുള്ള ശ്രമം ഇവയിൽ കാണാം. ഒറ്റക്കവിതാപഠനം മുതൽ കാവ്യസമാഹാരപഠനം വരെ. ഖണ്ഡകാവ്യം മുതൽ ചലച്ചിത്രഗാനം വരെ. പ്രമേയപഠനം മുതൽ ഭാഷാവിശകലനം വരെ. താരതമ്യവിചാരം മുതൽ സാമൂഹ്യവിശകലനം വരെ- കാവ്യാനുശീലനത്തിന്റെ രൂപപദ്ധതിയും രീതിശാസ്ത്രവും ഏതുമാകട്ടെ, പാഠവിശകലനത്തിൽ ഊന്നിനിന്ന് തന്റെ വിമർശനബോധത്തിന്റെ കാതലായി ആ കവിയിൽ/കവിതയിൽ കണ്ടെത്തുന്ന രാഷ്ട്രീയ/ലാവണ്യ സങ്കല്പത്തെ സാർഥകമായി വേർതിരിച്ചെടുത്തവതരിപ്പിക്കാൻ ശ്രീലതക്കു കഴിയുന്നു. വ്യാപ്തിയിലല്ല, സൂക്ഷ്മതയിലാണ് ഈ നിരൂപകയുടെ ഊന്നൽ. വായനയിലും എഴുത്തിലും ഇതു ഭദ്രമായി നിലനിർത്താൻ അവർക്കു കഴിയുന്നുമുണ്ട്.
പുസ്തകത്തിൽനിന്ന്:-
'മുത്തച്ഛൻ എന്ന കവിതയിലെ പ്രധാനപ്പെട്ട ചില വാക്കുകളെക്കുറിച്ച് ഇതിനകം പറഞ്ഞുകഴിഞ്ഞു. ഈ കവിതയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രയോഗത്തെക്കുറിച്ച്, രൂപകത്തെക്കുറിച്ചാണ് ഇനി പറയാനുള്ളത്. ഇരുട്ടിൻ മുതല എന്നതാണ് ആ രൂപകം. എന്നെയിരുട്ടിൻ മുതല പിടിച്ചിരിക്കുന്നു എന്നാണ് വാക്യം. പുരാണകഥയിലും (ഗജേന്ദ്രമോക്ഷം) ഐതിഹ്യത്തിലും (സന്ന്യസ്തജീവിതം സ്വീകരിക്കുന്നതിലേക്ക് ശങ്കരാചാര്യർക്ക് തുണയാകുന്ന സംഭവം) മുതലയുടെ പിടിയിൽപ്പെടൽ കടന്നുവന്നിട്ടുള്ളതിനെക്കുറിച്ച് നമുക്കറിയാം. ആദ്യസന്ദർഭം അഹന്തയുടെ നാശത്തെയാണ് ഉദാഹരിക്കുന്നത്, രണ്ടാമത്തേതാകട്ടെ ലോകത്തിന്റെ മോഹം ഇല്ലായ്മ ചെയ്യുന്നതിലേക്ക് വ്യക്തി അനുഷ്ഠിക്കുന്ന ത്യാഗത്തെയും. ഈ രണ്ടർത്ഥവുമായും ബന്ധിപ്പിക്കാവുന്ന ഒരു തലം കവിതയിലുണ്ട്. അഹന്തയുടെ നാശവും ജ്ഞാനത്തിന്റെ ഉദയവും കാംക്ഷിക്കുന്നതിലൂടെ ആദ്യസന്ദർഭത്തിന്റെയും ഭോഗം വെടിഞ്ഞ് ത്യാഗത്തിന്റെ വഴി സ്വീകരിക്കാനുള്ള അഭിലാഷം വ്യഞ്ജിപ്പിക്കുന്നതിലൂടെ രണ്ടാമത്തെ സന്ദർഭത്തിന്റെയും അർത്ഥപരമായ സന്നിവേശം ഇവിടെ സംഭവിക്കുന്നു. ഇത് വളരെ വിദഗ്ധമായി നിർവഹിക്കപ്പെട്ട ഒരു സന്നിവേശമാണെന്ന് എടുത്തുപറയണം. അഹന്ത നശിച്ചും ത്യാഗത്തിന്റെ വിശുദ്ധിയറിഞ്ഞും മാത്രമേ അതീത(ഭാവി)ത്തിലേക്ക് സഞ്ചരിക്കാനാകൂ. അതിനായി മുത്തച്ഛന്റെ ധന്വന്തരീകീർത്തനത്തിന് കാതോർക്കുന്നു. അതിജീവനത്തിനുവേണ്ട ആത്മജ്ഞാനവും ആത്മപ്രേരണയും വ്യക്തി ഒറ്റയ്ക്കു സംഭരിക്കുന്നതല്ല. പരമ്പരകളിലൂടെ ഊറിക്കൂടി വരുംകാലങ്ങളിലേക്ക് ചെറുധാരകളെന്നപോലെ ഒഴുകിക്കൊണ്ടിരിക്കുന്നവയാണ്. അനന്തരതലമുറകളിലേക്ക് നീളുന്നവയാണ്. പാരമ്പര്യം എന്ന വാക്ക് നിഷിദ്ധമോ, നിരാസ്പദമോ അല്ല. ഗുരുത്വം എന്ന വാക്കിന് പറഞ്ഞുഫലിപ്പിക്കാവുന്നതിനപ്പുറം ഗുരുത്വമുണ്ട്.
ശരീരമെന്നോ, മനസ്സെന്നോ ഉള്ള വ്യത്യാസം കൂടാതെ രോഗത്തിന്റെ പിടിൽ അകപ്പെട്ടുകൊണ്ടിരിക്കുന്ന, അതുകൊണ്ടുതന്നെ ഭയജനകമായിരിക്കുന്ന ഒരവസ്ഥയിലാണ് ഇന്നു നമ്മൾ. രോഗം കണ്ടറിഞ്ഞു ചികിത്സിക്കുന്ന ഒരു മഹാവൈദ്യനെ എല്ലാവരും കാത്തിരിക്കുന്നുണ്ട്. ഇരുട്ടിൽ നിന്നുള്ള മോചനം ഏവരും കാംക്ഷിക്കുന്നുണ്ട്. പക്ഷേ, കവി നമുക്കു ചുറ്റുമുള്ള ഇരുട്ടിനെക്കുറിച്ചല്ല, തനിക്കു ചുറ്റുമുള്ള ഇരുട്ടിനെക്കുറിച്ചാണ് പറയുന്നത്. നിങ്ങൾ ഇരുട്ടിലാണെന്ന് മറ്റൊരാളോട് പറയുന്നതിലും എത്രയോ അഭികാമ്യവും ഫലപ്രദവുമാണ് ഞാൻ ഇരുട്ടിലാണെന്ന് സ്വന്തം നില വ്യക്തമാക്കുന്നത്. അപ്പോഴാണ് അതേ ഇരുട്ട്, തന്നെയും ചൂഴ്ന്നുനിൽക്കുന്നുണ്ട് എന്ന കയ്പുറ്റ സത്യം അതേ തീക്ഷ്ണതയിൽ തിരിച്ചറിയപ്പെടുന്നത്. ഒരു കവിതയ്ക്ക് ഇതിനപ്പുറം പരാർത്ഥമാകാൻ എങ്ങനെയാണ് കഴിയുക? സ്വകാര്യം ഇവിടെ സ്വകാര്യമല്ലാതാകുന്നു, അഥവാ, പരകീയമാകുന്നു. അളവിൽ കുറഞ്ഞ സ്വകീയത്തിലൂടെ അളവറ്റവിധം പരകീയം പറയാൻ കഴിയുന്നത് ഇപ്രകാരമാണ്. പറയാതെ പറയുന്നതിന്റെ അതിശയിപ്പിക്കുന്ന ദൃഷ്ടാന്തം.
പാശ്ചാത്യസംസ്‌കൃതി സമസ്തപ്രശ്‌നങ്ങൾക്കും ഭൗതികമായ പരിഹാരങ്ങൾ നിർദ്ദേശിക്കുമ്പോൾ ഭാരതീയമനസ്സ് എന്നും, ഏത് വൻപുരോഗതിയുടെ കാലത്തും ഭൗതികേതരമായ, ആത്മീയമായ, പാരമ്പര്യനിഷ്ഠമായ പരിഹാരങ്ങളാണ് അന്വേഷിക്കുന്നത്. ആദ്യത്തേതിൽ ഫലം താത്കാലികമാണ്. രണ്ടാമത്തേതിലാകട്ടെ ചിരവും. മൃതിയിലെ ജീവിതം എന്നത് വൈരുദ്ധ്യം നിറഞ്ഞ ഒരു കല്പനയല്ല, മറിച്ച്, സമവായപൂർണമായ ഒരു പ്രേരണയാണെന്ന് ഇവിടെ നാം തിരിച്ചറിയുന്നു'.
മൃതിയിലെ ജീവിതം
ആർ. ശ്രീലതാവർമ
ഡോൺ ബുക്‌സ്, 2017, വില: 100 രൂപ