സീരിയിൽ താരങ്ങളായ മൃദുല വിജയ്യും യുവ കൃഷ്ണയും വിവാഹിതരാകുന്നു. ജൂലൈ എട്ടിന് തിരുവനന്തപുരത്ത് വച്ചാണ് വിവാഹം. സേവ് ദ് ഡേറ്റ് ഫോട്ടോ സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് ഇരുവരും വിവാഹ തീയതി പുറത്ത് വിട്ടത്. ജൂലൈയിൽ വിവാഹം ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയിരുന്നെങ്കിലും തീയതി നിശ്ചയിച്ചിട്ടില്ലെന്നായിരുന്നു ഇരുവരും മുൻപ് പ്രതികരിച്ചത്.

''ചില അപ്രതീക്ഷിത വളവുകൾ യാത്രയെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടുകളെ അടുത്ത തലത്തിലേക്ക് എത്തിച്ചേക്കാം. ഇതങ്ങനെ ഒന്നാണെന്നു ഞങ്ങൾ വിശ്വസിക്കുന്നു. നിങ്ങളുടെ അനുഗ്രഹത്തോടും പ്രാർത്ഥനയോടും കൂടി ഞങ്ങളത് സാധ്യമാക്കാൻ പോകുന്നു. അതെ ഞങ്ങൾ ഒന്നിച്ച് 'മൃദവ'യാകാൻ പോകുന്നു. ഞങ്ങളുടെ വിവാഹദിവസത്തിനായി കാത്തിരിക്കൂ. 08/07/2021'' മൃദുല ചിത്രത്തിനൊപ്പം കുറിച്ചു.

2020 ഡിസംബർ 23ന് ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം. ഇരുവരുടേയും അറേഞ്ച് മാര്യേജ് ആണ്. പ്രണയ വിവാഹമല്ലെന്നും പൊതു സുഹൃത്തായ നടി രേഖ സതീഷ് വഴിയാണ് ആലോചന വന്നതെന്നും മൃദുല വ്യക്തമാക്കിയിരുന്നു. ജാതകം ചേർന്നതോടെ വീട്ടുകാർ ബന്ധവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു.

2015 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന 'കൃഷ്ണതുളസി'യിലൂടെയാണ് ശ്രദ്ധേയയാകുന്നത്. നർത്തകിയായും തിളങ്ങി. വിജയകുമാറും റാണിയുമാണ് അച്ഛനമ്മമാർ. ഏക സഹോദരി പാർവതി.

മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവ കൃഷ്ണ പ്രേക്ഷക പ്രീതി നേടുന്നത്. സംഗീത-നൃത്ത അദ്ധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. നന്ദിനിയും നന്ദിതയും ചേച്ചിമാർ.