കൃത്യം നൂറുവർഷം മുൻപ്, യൂറോപ്പിന്റെ മാത്രമല്ല ലോകത്തിന്റെതന്നെ മുന്നിൽ പല നരക വാതിലുകൾ ഒന്നിച്ചു തുറക്കപ്പെട്ട ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പതിറ്റാണ്ടിലാണ് ഫ്രാൻസ് കാഫ്ക തന്റെ വിശ്വവിഖ്യാതമായ Metamorphosis എന്ന കഥ രചിച്ചത്. 1916-ൽ അതു പ്രസിദ്ധീകരിക്കപ്പെട്ടു. 'As Gregor Samsa awoke one morning from unesay dreams, he found himself,t ransformed in his bed into a gigantic insect.' എന്ന വാക്യം എക്കാലത്തെയും ഏറ്റവും പ്രസിദ്ധമായ കഥാരംഭമായി മാറി. മനുഷ്യജീവിതത്തിലെ നരക യാഥാർഥ്യങ്ങളെ ആ കഥ എത്രമേൽ അനുഭവവൽക്കരിച്ചുവെന്ന് പിൽക്കാലചരിത്രം തെളിയിക്കുകയും ചെയ്തു. 'ജീവിതത്തിലെ മരണം' (Death in life) എന്നാണ് റബേക്കാവെസ്റ്റ് 'രൂപാന്തര'ത്തെ നിർവചിച്ചത്.

സക്കറിയയുടെ പക്ഷിമൃഗപ്രാണികഥകളും മിക്കപ്പോഴും മറ്റൊരു അസ്തിത്വപ്രതിസന്ധിയെയല്ല ആവിഷ്‌ക്കരിക്കുന്നത്; ആ കഥകളെ നാം അന്യാപദേശങ്ങളായി പരിഗണിച്ചാലും ഇല്ലെങ്കിലും. തങ്ങൾക്കു ചുറ്റുമുള്ള ലോകവുമായി അനുഭവിക്കേണ്ടിവരുന്ന അപരിഹാര്യമായ അന്യവൽക്കരണത്തിൽ നിന്നാണ് ഈ ജീവികൾ ഇത്തരമൊരവസ്ഥയുടെ പങ്കുപറ്റുന്നത്. സംസ ഒരിടത്ത് തന്റെ ആത്മാവിനോടുതന്നെ പറയുന്നുണ്ടല്ലോ, 'I am hungry enough, but not for that kind of food. How these lodgers are stuffing themselves, and I here am dying of starvation!?' എന്ന്.

ലോകം മുഴുവൻ സന്തോഷിക്കുകയും താൻ മാത്രം സങ്കടങ്ങളിലകപ്പെടുകയും ചെയ്തിരിക്കുന്നു എന്ന വിശ്വാസത്തിൽ നിന്നാണ് ഓരോ വ്യക്തിയും സ്വന്തം അസ്തിത്വത്തിൽ നിന്നുതന്നെ ഒളിച്ചോടാൻ ശ്രമിക്കുന്നതും അതു സാധ്യമാകാതെ, അതിലേക്കുതന്നെ നിപതിക്കുന്നതും ശരീരവും ആത്മാവുമുപയോഗിച്ച് വീണ്ടും വീണ്ടും അതിൽനിന്നു കരകയറാൻ പിടയുന്നതും, കാഫ്കയുടെ കഥകളെക്കുറിച്ച് പീറ്റർ ഗെ പറയുന്നതുപോലെ, 'മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ദൈവശാസ്ത്രപരമായ സാരോപദേശകഥകളായി' (theological parables of the human condition) അവ മാറുന്നതും.

കാഫ്കയെപ്പോലെതന്നെ ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാംപകുതിയിൽ തിര്യക്ജീവിതങ്ങൾകൊണ്ട് മനുഷ്യജീവിതത്തിന്റെ ചരിത്രാനുഭവങ്ങളെ പൂരിപ്പിച്ച മറ്റൊരെഴുത്തുകാരൻ ജോർജ് ഓർവെല്ലാണ്. കാഫ്ക അസ്തിത്വത്തെ പ്രശ്‌നവൽക്കരിച്ചപ്പോൾ ഓർവെൽ രാഷ്ട്രീയത്തെ പ്രശ്‌നവൽക്കരിച്ചു എന്ന വ്യത്യാസമുണ്ട്. ആഖ്യാനകലയിലും ഇരുവരും ഭിന്നധ്രുവങ്ങളിലാണ്. രാഷ്ട്രീയാന്യാപദേശത്തിന്റെ ക്ലാസിക് എന്നറിയപ്പെടുന്ന ഓർവെല്ലിന്റെ 'അനിമൽ ഫാ'മിൽ മേജർ എന്ന പന്നി നടത്തുന്ന ഗംഭീരമായ ഒരു പ്രസംഗമുണ്ട്. 'All men are enemies; All animals are comrades' എന്ന തീർപ്പിലെത്തുന്ന ആ പ്രസംഗത്തിൽ തന്റെ സഖാക്കളോട് മേജർ പറയുന്നു: 'There, comrades, is the answer to all our problems. It is summed up in a single word - Man. Man is the only real enemy we have. Remove man from the scene, and the root cause of hunger and over work is abolished forever...' കലാപങ്ങൾക്കും വിപ്ലവങ്ങൾക്കുമൊടുവിൽ മനുഷ്യദൈവങ്ങൾക്കെതിരെ യുദ്ധം ചെയ്ത ആ മൃഗങ്ങൾക്കെന്തു സംഭവിച്ചു? എങ്ങനെയാണ്, 'All animals are equal' എന്ന മുദ്രാവാക്യത്തിൽ തുടങ്ങിയ വിപ്ലവം 'Some animals are more equal than the others' എന്ന വിപര്യയത്തിൽ എത്തിയത്? ഓർവെൽ എഴുതുന്നു : '....the creatures outside looked from pig to man, and from man to pig, and from pig to man again; but already it was impossible to say which was which'. സഖ്യശക്തികൾ നാഗസാക്കിയിലും ഹിരോഷിമയിലും അണുബോംബിട്ട 1949 ഓഗസ്റ്റിൽതന്നെയാണ് അനിമൽഫാം പുസ്തകശാലകളിലെത്തിയത്. ഓർവെൽ എഴുതി : 'ഋvery line of serious work that I have written since 1936 has been written, directly or indirectly, against totalitarianism'.

യൂറോപ്യൻ ആധുനികതാവാദത്തിന്റെ വിഖ്യാതങ്ങളായ കഥാപാഠങ്ങളെന്ന നിലയിൽ കാഫ്കയും ഓർവെല്ലും മർത്യജീവിതത്തിന്റെ മൂല്യ, സ്ഥാപന പ്രതിസന്ധികളെ മൂർത്തബിംബങ്ങളിലേക്കു വിവർത്തനം ചെയ്യുകയായിരുന്നു ഇത്തരം രചനകളിൽ.

സക്കറിയ 1960കളുടെ അന്ത്യം മുതൽ 80കളുടെ അന്ത്യം വരെയുള്ള കാലത്തെഴുതിയ പതിനേഴു കഥകളുടെ ('94ലെഴുതിയ ഒരു കഥയുൾപ്പെടെ) ഈ സമാഹാരം മലയാള ചെറുകഥയിലെ ആധുനികതാവാദത്തിന്റെ സവിശേഷമായ ഒരു പാഠമാതൃകയാകുന്ന പശ്ചാത്തലമിതാണ്. 'അപരത്തിന്റെ സത്താശാസ്ത്രം' (Ontology of otherness) എന്ന പരികല്പന മുൻനിർത്തി കാഫ്കയൻ ജന്തുകഥകളെക്കുറിച്ചു നടത്തുന്ന പഠനത്തിൽ Mathew T. Powell സൂചിപ്പിക്കുന്നതുപോലെ, ആത്മത്തിന്റെ (self)യും അപരത്തിന്റെ (other)യും സംഘർഷാത്മകമായ വൈരുധ്യങ്ങളുടെ ആവിഷ്‌ക്കാരം എന്ന നിലയിൽ ഈ പതിനേഴു കഥകൾക്കും പക്ഷിമൃഗപ്രാണിരൂപങ്ങളിലേക്കു നടക്കുന്ന പരകായപ്രവേശങ്ങളുടെ ഭിന്നവിചിത്രങ്ങളായ സ്വഭാവങ്ങളും സ്വരൂപങ്ങളുമുണ്ട്. നർമവും ഹാസ്യവും കരുണയും ശാന്തവും കാമവും പ്രണയവും വിരക്തിയും പരിഭവവും ജനിയും മൃതിയും ചതിയും പകയും വെറിയും നെറിയും.... അവയിലെ ജന്തുജീവിതങ്ങളെ സത്താപരമായി നിർവചിച്ചവതരിപ്പിക്കുന്നു.

ആഖ്യാനപരമായ ഒരു വർഗീകരണത്തിൽ ജന്തുപ്രാണങ്ങളുടെ ആത്മഭാഷണമെന്ന നിലയിലും അവയെക്കുറിച്ചുള്ള കഥപറച്ചിൽ എന്ന നിലയിലും രണ്ടായി വിഭജിക്കാം ഈ കഥകളെ. അപരമായ ഒന്നിലേക്കു നടക്കുന്ന രൂപാന്തരത്തിന്റെ സൃഷ്ടിയാണ് ആദ്യവിഭാഗം കഥകളെങ്കിൽ അപരത്തിലേക്കുള്ള ഭാവാന്തരത്തിന്റെ സൃഷ്ടിയാകുന്നു, രണ്ടാമത്തെ വിഭാഗം. ഉടലിന്റെ രൂപാന്തരങ്ങളിലും ഭാവാന്തരങ്ങളിലും പക്ഷെ ഒരുപോലെതന്നെ മുൻപറഞ്ഞ ആത്മത്തിന്റെയും അപരത്തിന്റെയും സംഘർഷങ്ങൾ പ്രകടമാകുന്നുണ്ട്. അപാരവും അനന്തവുമായ ഒരു ലാബിറിന്തായായി മാറുന്നു, ഇരുകൂട്ടർക്കും ലോകവും തങ്ങളുടെ അസ്തിത്വവും.

ആഖ്യാനപരമായി 'ആത്മ'കഥകൾ സ്വയം പൂർണമായ അപരത്വത്തെ ഉൾക്കൊള്ളുമ്പോൾ ആത്മകഥയല്ലാത്ത രചനകളിൽ കഥാകൃത്ത് പലപ്പോഴും കൂട്ടിച്ചേർക്കുന്ന ആമുഖം ആ ദൗത്യം നിർവഹിക്കുന്നു. മനുഷ്യനാണ് ആഖ്യാതാവെങ്കിൽ, 'ഇത് ഒരനുഭവമാണ്, സത്യമാണ്, സംഭവിച്ചതാണ്' എന്നിങ്ങനെ കഥയെ കഥയല്ലാതാക്കി മാറ്റുന്ന രാസവിദ്യ പ്രയോഗിച്ചുകൊണ്ടാവും മിക്കപ്പോഴും ഈ കടമ്പ സക്കറിയ മറികടക്കുന്നത്. അല്ലെങ്കിൽ, 'പണ്ട്, ഒരിടത്ത് സംഭവിച്ച 'കാര്യത്തിന്റെ' പരാവർത്തനം എന്ന രീതി പിന്തുടരുന്നതിലൂടെ. കണ്ണട, വാൽ എന്നിവ, ഒരു പിടക്കോഴിയുടെ ആസന്നമരണചിന്തകൾ എന്നീ രണ്ടു കഥകളിലേ രൂപാന്തരത്തിന്റെ കല പ്രകടമാകുന്നുള്ളൂ. ബാക്കി മുഴുവൻ കഥകളും തിര്യക്ജീവിതത്തിലേക്കുള്ള ഭാവാന്തരസഞ്ചാരങ്ങളാണ്. ആത്മാവിന്റെ പരകായപ്രവേശങ്ങൾ.

അനുഭൂതിപരമായ വർഗീകരണത്തിലാകട്ടെ, അഞ്ചുവിഭാഗമായി കാണാം ഈ കഥകളെ. നർമത്തിന്റെയും ഹാസ്യത്തിന്റെയും മേമ്പൊടി ചേർത്ത് നിത്യജീവിതസംഭവങ്ങളെയോ അതിസാധാരണമായ ജീവിതാനുഭവങ്ങളെയോ അവതരിപ്പിക്കുന്ന കഥകളാണ് ഒരു വിഭാഗം. ബൃഹദാഖ്യാനമായി കാണാവുന്ന ചരിത്രത്തിന്റെയും സാഹിത്യത്തിന്റെയുമൊക്കെ പാരഡികളോ പാഠാന്തരങ്ങളോ ആണ് ഇവയിൽ പലതും. ആഖ്യാനത്തിൽ നാടോടി, വാമൊഴി കഥാപാരമ്പര്യങ്ങളിലെ തിര്യക്പുരാണങ്ങളെയും ഇവ അനുകരിക്കുന്നു. ഒരു കിളിയുടെ കഥയിൽ സ്ഥലപുരാണം മുതൽ രാമായണവും വള്ളത്തോൾകവിതയും വരെ പാരഡിയാക്കുന്ന 'അമ്പാടി', ബൈബിൾ കഥകളുടെ അന്തരീക്ഷം അബോധത്തിൽ കലർത്തി ഒരു കുതിരയുടെ കഥ ഫാന്റസിയായെഴുതുന്ന 'അശ്വാരൂഢനായ വരന്റെ വരവും പോക്കും', കുറുക്കനും ആട്ടിൻകുട്ടിയും തമ്മിലുള്ള വംശവൈരത്തിന്റെ പഴങ്കഥയെ കുമാരനാശാന്റെ കാവ്യരൂപകത്തിലേക്കു പകർത്തി പാരഡിയാക്കിയെഴുതുന്ന 'മാംസനിബദ്ധമല്ല രാഗം', സമാനമായിത്തന്നെ പറഞ്ഞുപോരുന്ന കുറുക്കനും കോഴിയും തമ്മിലുള്ള 'മാംസബന്ധ'ത്തിന്റെ കഥ കോഴിയുടെ ആത്മകഥയായി ചിട്ടപ്പെടുത്തുന്ന 'ഒരു പിടക്കോഴിയുടെ ആസന്നമരണചിന്തകൾ' എന്നിവ ഈ വിഭാഗത്തിൽ പെടുന്നു. പ്രണയാതുരമായ ജീവിതത്തെ മാത്രമല്ല, മരണാസന്നമായ ജീവിതത്തെയും നർമഭരിതമായവതരിപ്പിക്കുന്നു, ഈ കഥകൾ. കൂട്ടിലും വലയിലും ഇരയായകപ്പെടുമ്പോഴും വേട്ടക്കാരുമായി ഐക്യപ്പെടേണ്ടിവരുന്ന ജന്തുജ•ത്തിന്റെ അനിവാര്യത ഈ കഥകളിൽ അടിയൊഴുക്കായുണ്ട്.
പ്രപഞ്ചജീവിതവൈവിധ്യത്തിന്റെ കാല്പനികാവിഷ്‌ക്കാരങ്ങളാണ് രണ്ടാമത്തെ വിഭാഗം. അഹിംസയുടെ സ്‌നേഹമാർഗത്തിൽ വേട്ടക്കാരനെ കീഴടക്കുന്ന ഇരകളുടെ കഥപറയുന്ന 'അ എന്ന വേട്ടക്കാരൻ', അഞ്ചുവയസ്സുള്ള ശന്തനു എന്ന കുട്ടി പക്ഷികളുടെ ജീവിതവും മരണവും തേടിപ്പോകുന്ന മാജിക്കൽ റിയലിസ്റ്റ് കഥയായ 'ശന്തനുവിന്റെ പക്ഷികൾ', ജന്തുജന്മത്തിന്റെ നിഗൂഢലോകങ്ങൾ ഒടിവിദ്യയിലൂടെ കണ്ടറിയുന്ന പരകായ പ്രവേശങ്ങളുടെ കഥ പറയുന്ന 'കണ്ണട വാൽ എന്നിവ' എന്നീ മൂന്നു കഥകൾ ഈ വിഭാഗത്തിൽ പെടുന്നു. 'ശന്തനുവിന്റെ പക്ഷികൾ' അസാധാരണമായ ഒരു കഥയാണ്. തവള ദൈവമായി വരുന്ന (ഈജിപ്ഷ്യൻ മിഥോളജിയിൽ തവള ഉർവരതയുടെ ദേവതയാണ്) സന്ദർഭങ്ങൾ മുതൽ മരംകൊത്തിയും പൊന്മാനും ഓലേഞ്ഞാലിയും കുരുവിയും കരികിലപ്പിടയും.... ചിലച്ചാർക്കുന്ന ശന്തനുവിന്റെ ബാല്യകാലത്തിന്റെ വിസ്മയ വിഭ്രമങ്ങൾ വരെയുള്ളവ ഈ കഥയിൽ പ്രപഞ്ചജീവിതസൗന്ദര്യത്തിന്റെ വൈവിധ്യം നിറയ്ക്കുന്നു. ഒപ്പം, ആരും കാണാത്ത, മരിച്ച പക്ഷികളെക്കുറിച്ചുള്ള ഗംഭീരമായ ഒരു കല്പനയും.

മനുഷ്യരുടെ ഏകാന്തതക്കും ഒറ്റപ്പെടലിനും കൂട്ടിരിക്കുന്ന ജീവികളുടെ അവസ്ഥാന്തരങ്ങളാണ് മൂന്നാമത്തെ വിഭാഗം കഥകളിലുള്ളത്. ദാമ്പത്യത്തിൽ, വന്യമാംവിധം തകരുന്ന സ്ത്രീപുരുഷ ബന്ധത്തിന്റെ പശ്ചാത്തലത്തിൽ, സ്ത്രീയുടെ സ്‌നേഹവും കാമവും ആർജ്ജിക്കുന്ന പൂച്ചയുടെ കഥ പറയുന്ന 'ഓമന', ഒറ്റക്കണ്ണുള്ള ആകാശജീവിയെപ്പോലെ ചന്ദ്രനും, മദ്യലഹരിയിലാണ്ട രാവുകളിൽ ഒറ്റക്കണ്ണൻ പൂച്ചകളും തുണക്കെത്തുന്ന 'ഒറ്റക്കണ്ണന്മാർ', പത്രമാഫീസിലെ പാതിരയിൽ, ലോകമൊക്കെയുമുറങ്ങുമ്പോൾ, പിറക്കാതെപോയ സ്വന്തം കുഞ്ഞിന്റെ ഓർമയിലും ലോകാവസാനംപോലെ തോന്നിക്കുന്ന കുഞ്ഞുങ്ങളുടെ മരണത്തിലും നീറുന്ന പത്രപ്രവർത്തകനോടൊപ്പം ഉണർന്നിരിക്കുന്ന പൂച്ചയുടെ സാന്നിധ്യമുള്ള 'പാതിരയെത്തുമ്പോൾ', മൂന്നുകാമുകർ കയ്യൊഴിഞ്ഞ എഴുത്തുകാരി, കഥകൾക്കും കാമനകൾക്കുമിടയിൽ തന്റെ ശരീരവും ജീവിതവും കൊണ്ടനുഭവിക്കുന്ന ആനന്ദങ്ങളും സങ്കടങ്ങളും നിരാശകളും മാത്രമല്ല, ലോകത്തിന്റെയും സമൂഹത്തിന്റെയും ചിലന്തിക്കാലുകൾ ഒറ്റമനുഷ്യരെ വലക്കണ്ണികൾക്കുള്ളിൽ ചുറ്റിവരിയുന്നതിന്റെ ദുരന്തങ്ങളും ആവിഷ്‌ക്കരിക്കുന്ന 'ഒരെഴുത്തുകാരി അപഹരിക്കപ്പെടുന്നു' എന്നീ കഥകൾ ഈ വിഭാഗത്തിൽ പെടുന്നു.

രാഷ്ട്രീയാന്യാപദേശങ്ങൾ എന്നുകൂടി വിളിക്കാവുന്ന പ്രത്യയശാസ്ത്ര വിമർശനത്തിന്റെയും ചരിത്രാക്ഷേപത്തിന്റെയും സ്ഥാപനപരിഹാസത്തിന്റെയുമൊക്കെ സാമൂഹ്യപാഠങ്ങളാണ് നാലാമതൊരു വിഭാഗം. 'ഇതാ ഇവിടെവരെയുടെ പരസ്യവണ്ടി പുറപ്പെടുന്നു', 'ഒരു നസ്രാണിയുവാവും ഗൗളിശാസ്ത്രവും', 'നമ്മുടെ പറുദീസാനഷ്ടം' എന്നീ കഥകൾ ഈ സ്വഭാവം പ്രകടിപ്പിക്കുന്നു. യാഥാർഥ്യവും ഭാവനയും, ജീവിതവും കഥയും, ചരിത്രവും കല്പനയും തമ്മിലുള്ള ബന്ധവും വൈരുധ്യങ്ങളും കാലഭൂപടത്തിൽ രേഖപ്പെടുത്തുകയാണ് ആദ്യകഥ. 'ശബ്ദിക്കുന്ന കലപ്പ'യിലും 'മാണിക്ക'നിലും നിന്നു മുന്നോട്ടു സഞ്ചരിക്കുന്ന രണ്ടു കാളകളുടെ നുകത്തിലേറി മലയാളസിനിമയുടെ പരസ്യജീവിതങ്ങൾ ഈ കാലഭൂപടത്തെ സചേതനമാക്കുന്നു. 'ഇതാ ഇവിടെവരെ'യും 'അവളുടെ രാവുക'ളും 'യവനിക'യും, അവ ഓരോ കാലത്തും പ്രദർശിപ്പിച്ച തീയറ്ററുകളും അവ കണ്ടറിഞ്ഞനുഭവിച്ച ആത്മനിഷ്ഠമായ അനുഭൂതികളും കഥ പങ്കുവയ്ക്കുന്നു. ചരിത്രം, അതിന്റെ അക്കാദമിക-ആധികാരിക സിംഹാസനങ്ങളിൽ നിന്നിറങ്ങി ജനമധ്യത്തിൽ ജീവിക്കുന്നതിന്റെ കൂടി കഥയാണ് ഈ രചന.

മതവിശ്വാസവും രാഷ്ട്രീയ വിശ്വാസവും കുഴിയിൽ ചാടിക്കുന്ന മധ്യവർഗ മലയാളിയുടെ അകാല്പനിക ജീവിതത്തെക്കുറിച്ചുള്ള തീഷ്ണമായ പരിഹാസമാണ് 'നസ്രാണിയുവാവ്'. ഗൗളിശാസ്ത്രം ഭൗതികശാസ്ത്രത്തെയും കാമശാസ്ത്രത്തെയും പ്രത്യയശാസ്ത്രത്തെയും പോലെതന്നെ ആ യുവാവിന്റെ ജീവിതത്തെ തലകീഴ്മറിക്കുന്നു. സ്വയം ശാസ്ത്രവും പ്രത്യയശാസ്ത്രവുമായി മാറുന്നു, ഗൗളി. പുസ്തകം വായിക്കാത്തതിന്റെ ശിക്ഷപോലെതന്നെ വായിച്ചതിന്റെ ശിക്ഷയും നസ്രാണികളെ തേടിവരുന്നു. 'ശാസ്ത്രങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയുമാണ് നാം സൂക്ഷിക്കേണ്ടത്. കഥകളെ കുറെയെല്ലാം വിശ്വസിക്കാം' എന്ന് മാത്തുക്കുട്ടിക്ക് കഥാകൃത്തു നൽകുന്ന ഉപദേശം ഓർക്കുക. അയാൾ പക്ഷെ അതു ചെവിക്കൊണ്ടില്ല. എന്തുപറ്റി?

'ഗൗളിശാസ്ത്രം മാത്തുക്കുട്ടിയെ അടിപ്പെടുത്തി. എക്‌സിസ്റ്റൻഷ്യലിസം, മാർക്‌സിസം, അഗസ്റ്റീനിയൻ ദൈവശാസ്ത്രം, സോഷ്യലിസം, ഗുണനപ്പട്ടിക, ഇരുപത്തഞ്ചിന പരിപാടി തുടങ്ങിയ പ്രത്യയശാസ്ത്രങ്ങളെപ്പോലെ ഗൗളിശാസ്ത്രവും മാത്തുക്കുട്ടിയിൽ നിന്ന് പൂർണവിശ്വാസവും ആശ്രിതത്വവും പിടിച്ചുവാങ്ങി. ഗൗളികൾ മാത്തുകുട്ടിയുടെ ജീവിതം തങ്ങളുടെ കൈയിലെടുത്തു. എന്നിട്ടും സാധാരണപോലെ അതിലേക്ക് ഒരു വിപ്ലവം കൊണ്ടുവന്നു'.

ഈ വിപ്ലവവും അതിന്റെ രാഷ്ട്രീയവുമാണ് സക്കറിയ ഈ കഥയിൽ അനാവരണം ചെയ്യുന്നത്. ഒരു വിപ്ലവവും വിപ്ലവമായി മാത്രം അവശേഷിക്കുന്നില്ലല്ലോ. മാർക്‌സിസവും എക്‌സിസ്റ്റൻഷ്യലിസവും ജീവിതത്തെ പ്രായോഗികമായി വിശദീകരിക്കാത്തപ്പോഴും മതം അതു നിർവഹിക്കുന്നതിന്റെ ഒട്ടും മായികമല്ലാത്ത കഥയാണ് സക്കറിയ പറയുന്നത്. ഒപ്പം കേരളനസ്രാണികളുടെ വിശ്വാസചരിത്രത്തിലെ അതിശയകരമായ ഒരു വ്യാജബിംബത്തിന്റെ ഉടയ്ക്കലിലൂടെ മലയാളകഥയിലെ അതിപ്രശസ്തമായ ഖണ്ഡികകളിലൊന്ന് ഈ രചനയിൽ സക്കറിയ സൃഷ്ടിക്കുകയും ചെയ്യുന്നു. അതിതാണ്:

'അരീത്ര വല്യച്ചൻ എന്ന് മീനച്ചിൽക്കാർ വിളിക്കുന്നത് അരുവിത്തുറപ്പള്ളിയിലിരിക്കുന്ന വിശുദ്ധ ഗീവർഗീസ് സഹദാ എന്ന മഹാശക്തിമാനായ പുണ്യവാളനെയാണ്. അദ്ദേഹം പാമ്പുകളുടെയും ക്രിസ്ത്യാനികളെ ശല്യപ്പെടുത്തുന്ന പിശാചുക്കളുടെയും കളവ്, വിശ്വാസവഞ്ചന തുടങ്ങിയവ ചെയ്യുന്ന മനുഷ്യരുടെയും ബദ്ധശത്രുവാണ്. അദ്ദേഹം രോഗങ്ങൾ ഭേദമാക്കുകയും പരീക്ഷയിൽ ജയിപ്പിക്കുകയും പൊതുവിൽ മനുഷ്യരെ ദൈനംദിന പ്രശ്‌നങ്ങളിൽ സഹായിക്കുകയും ചെയ്യുന്നു. പകരം മനുഷ്യർ അദ്ദേഹത്തിനു പാക്കിൻ കുല, പിടക്കോഴി, പൊന്നിൻകുരിശ് തുടങ്ങിയവ കാഴ്ചവെക്കുന്നു. പുണ്യവാള•ാരുടെ പുതുക്കിയ പഞ്ചാംഗമനുസരിച്ച് അദ്ദേഹം ഇല്ല. ഉണ്ടായിരുന്നേയില്ല. വ്യാളികളുടെയും കന്യകകളായ യുവതികളുടെയും ഇംഗ്ലീഷ് പ്രഭുക്കളുടെയുമൊപ്പം അദ്ദേഹവും കാലഹരണപ്പെട്ടുപോയി. പക്ഷേ, പഞ്ചാംഗത്തിൽ തന്റെ പേര് മാഞ്ഞുപോയതു കൂസാതെ ഈ നല്ലവനായ ഇംഗ്ലീഷ് പ്രഭു ചേനയും മത്തങ്ങയും വരിക്കച്ചക്കയും സന്തോഷത്തോടെ സ്വീകരിച്ച് കതിനാവെടിയും ചൊണ്ടക്കൊട്ടും കേട്ട് അരീത്രയിൽ തന്റെ സുകൃതികൾ തുടരുന്നുവെന്നത് എത്ര ആശ്വാസകരമാൺ'.

സക്കറിയയുടെ മീനച്ചിൽകഥകളിലൊന്നാണ് 'നമ്മുടെ പറുദീസാനഷ്ട'വും. മിത്തിന്റെയും ചരിത്രത്തിന്റെയും മിശ്രപാരഡി. കപ്പത്തോട്ടത്തിന്റെ കാവൽക്കാരനായി ദൈവം നിയമിക്കുന്ന ആദം എന്ന എലിയുടെ പ്രലോഭനങ്ങളുടെയും പാപത്തിന്റെയും തദനന്തരമുള്ള പറുദീസാനഷ്ടത്തിന്റെയും മാത്രമല്ല, കമ്യൂണിസ്റ്റ് വിപ്ലവപ്രസ്ഥാനങ്ങൾ മുതൽ കേരളാ കോൺഗ്രസ് വരെയും വിമോചനസമരം മുതൽ അടിയന്തരാവസ്ഥ വരെയുമുള്ള രാഷ്ട്രീയ ചരിത്രത്തിന്റെയും പാരഡിയാകുന്നു, ഈ കഥ. രാഷ്ട്രീയവിമർശനത്തിൽ മിത്തും ചരിത്രവും കൂട്ടിയിണക്കുന്നതിന്റെ അസാധാരണ മാതൃക.

മരണത്തിന്റെയും മരണത്തെക്കാൾ വലിയ ദുരന്തമായി മാറുന്ന അസ്തിത്വസന്ദർഭങ്ങളുടെയും പുരാവൃത്തങ്ങളാണ് മറ്റൊരു വിഭാഗം കഥകൾ. സക്കറിയയുടെ ജന്തുകഥകളിൽ ഏറ്റവും പ്രസിദ്ധിയുള്ളതും ഈ രചനകൾക്കാണ്. 'വല', 'ഒരിടത്ത്', 'പ്രപഞ്ചത്തിന്റെ അവശിഷ്ടങ്ങൾ' എന്നിങ്ങനെ. 1968-'71 കാലത്ത് സക്കറിയ എഴുതിയ, മലയാളത്തിലെ ആധുനികതാവാദ ചെറുകഥയുടെ തന്നെ ഏറ്റവും പ്രശസ്തങ്ങളായ മാതൃകകളായി മാറിയവ.

യാദൃച്ഛികമായി കൊതുകുവലക്കുള്ളിൽപെട്ടു പോകുന്ന ഒരു കൊതുകിന്റെ രക്തരഹിതമായ ആത്മത്യാഗത്തിന്റെ കഥയാണ് 'വല'. ആൾക്കൂട്ടത്തിലെ ഏകാന്തതയും സമൂഹത്തിലെ ഒറ്റപ്പെടലും ഒരു വ്യക്തിക്കു സൃഷ്ടിക്കുന്ന അവസ്ഥയുടെ അന്യാപദേശമായി ഈ കഥ വായിക്കാം. ഒപ്പം, ഒരു ചെറുജീവിയുടെ ശരീരത്തിൽ ആത്മാവ് കൊണ്ടാവേശിച്ച് ആ ജീവിയുടെ അനുഭവം മനുഷ്യഭാഷയിലാവിഷ്‌ക്കരിക്കുന്നതിന്റെ ലാവണ്യരൂപകമായും 'വല' വായിക്കാൻ കഴിയും. മിലാൻ കുന്ദേര ചൂണ്ടിക്കാണിക്കുന്നതുപോലെ, സർവാധിപത്യ രാഷ്ട്രത്തിന്റെയും പിത്രാധിപത്യ കുടുംബത്തിന്റെയും കരിനിഴലിൽ ജീവിച്ച കാഫ്കയുടെ, തങ്ങൾ ചെയ്യാത്ത കുറ്റത്തിനു ശിക്ഷിക്കപ്പെടുന്ന കഥാപാത്രങ്ങളെപ്പോലെയാണ് 'വല'യിലെ കൊതുകും 'ഒരിട'ത്തിലെ തവളയും. അകത്തുപെട്ടാൽ പുറത്തുകടക്കാനാകാത്ത ലാബിറിന്തിയൻ ജീവിതാവസ്ഥയുടെ പ്രതീകമായി വലയും കുളവും മാറുന്നു.

'ഒരിടത്ത്' പ്രശസ്തമായ ഒരു ഇന്ത്യൻ ബലികഥയെ അനുസ്മരിപ്പിക്കുന്നു. പൂർവവൈരാഗ്യംകൊണ്ട് കദ്രുവിന്റെ മക്കളായ നാഗങ്ങളെ തിന്നുതീർക്കുന്ന ഗരുഡനുമായി, തന്റെ വംശം നിലനിർത്താനാഗ്രഹിച്ച വാസുകിയുണ്ടാക്കിയ കരാറനുസരിച്ച് ദിവസവും ഓരോ സർപ്പം ഗരുഡന് ബലിയാകേണ്ടിയിരുന്നു. ഇതറിയുന്ന ജീമൂതവാഹനൻ ശംഖചൂഡനെന്ന സർപ്പത്തിനു പകരം ഗരുഡനു ബലിയാകാം എന്നു സമ്മതിക്കുകയും ഒടുവിൽ ഗരുഡന്റെ സർപ്പവൈരം അവസാനിപ്പിക്കുകയും ചെയ്തുവെന്ന കഥാസരിത് സാഗരത്തിലെ കഥയാണ് സൂചിതം.

സക്കറിയയുടെ കഥയിൽ 'ബലി'യുടെ പശ്ചാത്തലം കുറെക്കൂടി 'മാനുഷിക'വും കാലികവുമാണ്. പൂച്ചയുടെ ഇരകളല്ല, വെറും കളിപ്പാട്ടങ്ങളാണ് തവളക്കുഞ്ഞുങ്ങൾ. വംശത്തിന്റെ നാശം മുൻകൂട്ടിക്കണ്ട തവളകൾ ഓരോ ദിവസവും തങ്ങളിലൊരാളെവീതം പൂച്ചക്കു ബലിനൽകാൻ തീരുമാനമെടുത്തു. പക്ഷെ സ്വന്തം ഇഷ്ടപ്രകാരമല്ലാതെ ബലിയാകേണ്ടിവരുന്ന ഒരു തവളയുടെ അവസ്ഥയിൽ നിന്നാണ് കഥാകൃത്ത് ആത്മഹത്യക്കും ബലിക്കുമിടയിലൂടെ ഒരു നിലവിളി പോലെ പാഞ്ഞുപോകുന്ന ആയുസ്സിന്റെ അന്യാപദേശം സൃഷ്ടിക്കുന്നത്. ബലിയെന്നത് കള്ളപ്പേരിട്ടു വിളിക്കുന്ന ഹിംസയാണെന്നത് സതിയനുഷ്ഠിച്ച സ്ത്രീകൾ മുതൽ ചാവേറാകുന്ന വിപ്ലവകാരികൾവരെ തിരിച്ചറിഞ്ഞിട്ടുള്ളതാണ്. 'ഒരിട'ത്തിലെ തവളയുടെ വിധിയും മറ്റൊന്നായിരുന്നില്ല.

ഭരണകൂടാധികാരം മാത്രമല്ല 'ഒരിട'ത്തിലെ ദൈവബിംബം. ഈ കഥ ഭാവനചെയ്യപ്പെടുന്ന കാലത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഭരണകൂടവിരുദ്ധ തീവ്രവാദപ്രസ്ഥാനങ്ങൾക്കുണ്ടായദുർവിധികളുടെ അനിവാര്യത, വ്യക്തിയും പ്രസ്ഥാനവും തമ്മിലുണ്ടായ വൻ വിടവ്, പ്രസ്ഥാനങ്ങൾ ബലിനൽകുന്ന അണിയുടെ അസ്തിത്വം, പ്രത്യയശാസ്ത്രങ്ങൾ വിശ്വാസികളെ ഒറ്റുകൊടുക്കുന്ന വിപര്യയം, പാഴായിപ്പോയ വിപ്ലവം.... ഓരോന്നും 'ഒരിട'ത്തിന്റെ രാഷ്ട്രീയഭൂമികയെ അധികാരവും മനുഷ്യനും തമ്മിലുള്ള അനന്തമായ സമരത്തിന്റെ സഞ്ചാരപഥങ്ങളിൽ കൊണ്ടെത്തിക്കുന്നു. പിൽക്കാലത്താകട്ടെ മതഭീകരവാദം സൃഷ്ടിച്ച വേട്ടക്കാരനും ഇരയും എന്ന ദ്വന്ദ്വത്തിന്റെ മാനങ്ങളിലേക്കും ഈ കഥയ്ക്ക് അർഥാന്തരന്യാസം സാധ്യമാകുന്നു.

'പ്രപഞ്ചത്തിന്റെ അവശിഷ്ടങ്ങൾ', തന്റെ അരുവിയിൽനിന്നു പിടഞ്ഞുകയറി ദൂരദേശം തേടി നടത്തിയ യാത്രയിൽ പൊട്ടക്കിണറ്റിൽ വീണുപോയ ഒരു തവളയുടെ ഏകാന്തവും ഭീതിദവുമായ പ്രാണഭയങ്ങളുടെ ആവിഷ്‌ക്കാരമാണ്. മഴവില്ലും ചന്ദ്രികയും സ്വപ്നം കണ്ട തവളക്ക് പൊട്ടക്കിണറ്റിലെ ഇരുട്ടും ഇത്തിരിവട്ടം ആകാശവും മാത്രം ബാക്കിയായി. 'അരുവിയിൽ ജനിച്ചവന് ഉണങ്ങിയ കിണറ്റിൽ മരണം' എന്ന് അതിന്റെ വിധി കുറിക്കപ്പെട്ടു കഴിഞ്ഞിരുന്നു. പതിമൂന്നുദിവസം കാത്തിരുന്ന്, ഒടുവിൽ കിണറ്റിൽനിന്നു കരകയറാനാവില്ല എന്നു തിരിച്ചറിയുന്നതോടെ, കല്ലുകൾക്കിടയിൽ സ്വയം സംസ്‌കരിക്കുന്നു, ആ തവള. ഉയിർപ്പുകൾക്കു സാധ്യതയില്ലാത്ത ആത്മബലി.

ഈസോപ്പുകഥകളിലാണ് രാജാവാകാൻ കൊതിച്ച തവളയുടെ കഥയുള്ളത്. താവോയിസ്റ്റ് ചൈനീസ് നാടോടിക്കഥകളിൽ 'കിണറ്റിലെ തവള'യെക്കുറിച്ചുള്ള രചനകളുണ്ട്. 'കിണറ്റിൽനിന്ന് ആകാശം കണ്ട് അതാണു ലോകമെന്നു കരുതുന്ന തവള' ചൈനീസ് പഴമൊഴിയുടെ ഭാഗമാണ്. 'കിണറ്റിലെ തവളക്കു സമുദ്രങ്ങളറിയില്ല' എന്ന് എസ്പരാന്റോ പഴമൊഴി. മഹാഭാരതത്തിലെ അനുശാസനപർവത്തിൽ (85-ാമധ്യായം) തവളയെക്കുറിച്ചുള്ള ഒരു കഥയുണ്ട്. അനന്തമായി നീണ്ടുപോയ ശിവപാർവതിമാരുടെ രതിക്രീഡ അവസാനിപ്പിക്കാൻ അഗ്നിക്കു മാത്രമേ കഴിയൂ എന്നറിഞ്ഞ ദേവന്മാർ അഗ്നിയെത്തേടിയെത്തി. ശിവനെ ഭയന്ന് അഗ്നി സമുദ്രത്തിലൊളിച്ചു. തവളയാണ് ദേവന്മാർക്ക് അഗ്നിയെ കാണിച്ചു കൊടുത്തത്. മേലിൽ തവളയുടെ നാക്ക് രസമറിയാതെ പോകട്ടെ എന്ന് അഗ്നി തവളയെ ശപിച്ചു. ദേവന്മാർ തവളയെ സമാശ്വസിപ്പിച്ച്, രസജ്ഞാനം നശിച്ചുപോയെങ്കിലും പലതരത്തിൽ ശബ്ദിക്കാൻ കഴിയട്ടെ എന്നും ഏതു കൂരിരുട്ടിലും സഞ്ചരിക്കാൻ കഴിവുണ്ടാകട്ടെ എന്നും എത്രകാലം ആഹാരമില്ലാതെ കഴിഞ്ഞാലും ചത്തുണങ്ങിപ്പോയാലും നാശമുണ്ടാകാതിരിക്കട്ടെ എന്നും അനുഗ്രഹിച്ചു.

സക്കറിയയുടെ തവള മനുഷ്യാസ്തിത്വത്തിന്റെ ശാപമുക്തി കിട്ടാത്ത ജൈവരൂപകമായി പൗരാണികപാഠങ്ങളിൽനിന്നും ചരിത്രത്തിലൂടെ സഞ്ചരിച്ച് ആധുനികതയുടെ ഭാവനാഭൂമിക യിലെത്തുന്നു. പിന്നെ എക്കാലത്തേക്കുമായി അവിടെ സ്വയം ശവമടക്കുന്നു. കാഫ്കയുടെ 'മട' (Burrow) യിലെ കഥാപാത്രമായ എലി, മറ്റൊരുവഴി തനിക്കു മുന്നിലില്ല എന്നറിയുമ്പോൾ തന്റെ അവസ്ഥയുമായി താദാത്മ്യപ്പെട്ട് മടയോട് പറയുന്നു : 'You belong to me, I to you, we are united...' സക്കറിയ എഴുതുന്നു :

'അപ്പോൾ അതു തന്റെ തലതാഴ്‌ത്തി, ചിതറികിടന്ന അസ്ഥികൾക്കിടയിലൂടെ നീങ്ങിച്ചെന്ന് കരിങ്കല്ലിലെ ഒരു വിള്ളലിനുള്ളിലേക്ക്, അതിന്റെ അന്തരാള രഹസ്യങ്ങളിലേക്ക്, തന്റെ ദേഹത്തെ വലിച്ചുകയറ്റി. അവിടത്തെ ഇരുട്ടിൽ മണ്ണിനോടും കരിങ്കല്ലിനോടും ചേർത്തു തന്റെ ദേഹത്തെ അടക്കി വച്ച് ചത്ത ഇലകളുടെ ഗന്ധംതന്നെ പിന്തുടർന്നുവന്നത് ശ്വസിച്ചുകൊണ്ട് അത് അല്പമൊന്നു വിങ്ങി. പിന്നെ അതിന്റെ സ്വരം ആവർത്തിച്ചാവർത്തിച്ചു പറയാനാരംഭിച്ചു. 'ഇതാണ് ലോകം. ഇതാണെന്റെ ലോകം. ഇതുമാത്രം. വേറെ ലോകമില്ല'. കുറെക്കഴിഞ്ഞ് എല്ലാം നിശ്ശബ്ദമായി'.

മൃഗപക്ഷിപ്രാണി കഥകൾ
സക്കറിയ
കൈരളി ബുക്‌സ്, കണ്ണൂർ
വില: 140 രൂപ