ദുബായ്: മുൻ ഇന്ത്യൻ ക്യാപ്റ്റനും ചെന്നൈ സൂപ്പർ കിങ്സ് നായകനുമായ എം.എസ് ധോനി വീണ്ടും അച്ഛനാകാനൊരുങ്ങുന്നു. ധോനിയുടെ ഭാര്യ സാക്ഷി ഗർഭിണിയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.ഐപിഎൽകിരീട വിജയത്തിനു ശേഷം ചെന്നൈ താരങ്ങളുടെ ഭാര്യമാരും കുട്ടികളുമെല്ലാം മൈതാനത്തിറങ്ങിയിരുന്നു. ധോനിയുടെ ഭാര്യ സാക്ഷിയും അഞ്ചു വയസുകാരി മകൾ സിവയും താരത്തെ കെട്ടിപ്പിടിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു.

മൈതാനത്തിറങ്ങിയ സാക്ഷി അയഞ്ഞ മഞ്ഞ നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. ഇതോടെയാണ് അവർ ഗർഭിണിയാണെന്ന സംശയം ഉയർന്നത്. ഒടുവിൽ സുരേഷ് റെയ്നയുടെ ഭാര്യ പ്രിയങ്ക ഈ വിവരം സ്ഥിരീകരിച്ചതായി ചില മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ആറു വയസ്സുകാരിയായ സിവയാണ് ധോണിസാക്ഷി ദമ്പതികളുടെ ആദ്യത്തെ കൺമണി.

ധോണിയും സാക്ഷിയും രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണെന്ന വാർത്ത പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ ആശംസകളുടെ പ്രളയമാണ്. ഒട്ടേറെപ്പേരാണ് ധോണിയെയും സാക്ഷിയേയും അഭിനന്ദിച്ച് രംഗത്തെത്തിയത്.2010 ജൂലായിലായിരുന്നു ധോനിയും സാക്ഷിയും തമ്മിലുള്ള വിവാഹം. 2015 ഫെബ്രുവരിയിലാണ് ഇരുവർക്കും സിവ ജനിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് സിവ.