മുംബൈ: കളിക്കളത്തിലെയും പുറത്തെയും മാന്യമായ പെരുമാറ്റം കൊണ്ട് ആരാധകരെയും ക്രിക്കറ്റ് പ്രേമികളെയും പലതവണ ധോണി അമ്പരപ്പിച്ചിട്ടുണ്ട്.ഇപ്പോഴിത തന്റെ പുതിയ തീരുമാനത്തിലുടെ വീണ്ടും കൈയടി നേടിയിരിക്കുകയാണ് ചെന്നൈ സുപ്പർ കിങ്ങ്‌സ് നായകൻ.ഐപിഎൽ ടൂർണ്ണമെന്റിനായി എത്തിയ വിദേശതാരങ്ങളെല്ലാം സുരക്ഷിതരായി മടങ്ങിയ ശേഷമെ താൻ റാഞ്ചിയിലേക്ക് മടങ്ങുന്നുള്ളുവെന്നാണ് ഇപ്പോൾ ധോണി പ്രഖ്യാപിച്ചിരിക്കുന്നത്. ധോണിയുടെ ഈ തീരുമാനം കൈയടികളോടെയാണ് ആരാധകർ സ്വീകരിച്ചത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 14ാം സീസൺ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പാതിവഴിയിൽ നിർത്തിവയ്ക്കുകയായിരുന്നു.വിദേശ താരങ്ങൾ ഉൾപ്പെടെ എല്ലാവർക്കും സ്വദേശങ്ങളിലേക്ക് മടങ്ങാൻ വഴിയൊരുങ്ങിയിട്ടു മാത്രമേ ടീം ഹോട്ടൽ വിടൂ എന്നാണ് ധോണിയുടെ തീരുമാനമെന്ന് സിഎസ്‌കെ ടീം വൃത്തങ്ങൾ വെളിപ്പെടുത്തി.ടീമംഗങ്ങളും പരിശീലക സംഘാംഗങ്ങളും ഉൾപ്പെടെ എല്ലാവരും നാട്ടിലേക്കു മടങ്ങിയിട്ടു മാത്രമേ താൻ ടീം ഹോട്ടൽ വിടൂ എന്ന തീരുമാനം ധോണി എല്ലാവരെയും അറിയിച്ചിട്ടുണ്ട്.

'ടീം ഹോട്ടൽ വിടുന്ന അവസാനത്തെ വ്യക്തി താനായിരിക്കുമെന്ന തീരുമാനം മഹി ഭായി എല്ലാവരെയും അറിയിച്ചിട്ടുണ്ട്. വിദേശ താരങ്ങൾ ഉൾപ്പെടെയുള്ളവരെ ആദ്യം തിരിച്ചയയ്ക്കാൻ നടപടിയെടുക്കണമെന്നാണ് അദ്ദേഹത്തിന്റെ നിർദ്ദേശം. അതിനുശേഷം ഇന്ത്യൻ താരങ്ങൾക്കും സ്വദേശങ്ങളിലേക്ക് മടങ്ങാൻ അവസരമൊരുക്കണം. എല്ലാവരും സുരക്ഷിതരായി മടങ്ങിയശേഷമാകും ധോണി റാഞ്ചിയിലേക്ക് വിമാനം കയറുക' ചെന്നൈ സൂപ്പർ കിങ്‌സുമായി ബന്ധപ്പെട്ട വ്യക്തിയെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്തു.ഇന്ത്യൻ പ്രീമിയർ ലീഗിന് വേദിയായത് ഇന്ത്യയായതിനാൽ വിദേശ താരങ്ങൾക്കും വിദേശികളായ പരിശീലക സംഘാംഗങ്ങൾക്കും നാടുകളിലേക്കു മടങ്ങിപ്പോകാൻ സൗകര്യമൊരുക്കുന്നതിന് പ്രാധാന്യം നൽകണമെന്നാണ് ധോണിയുടെ നിർദ്ദേശം.

ചെന്നൈ സൂപ്പർ കിങ്‌സ് പരിശീലക സംഘാംഗങ്ങളായ മൈക്ക് ഹസ്സി, ലക്ഷ്മിപതി ബാലാജി എന്നിവർക്ക് ഉൾപ്പെടെ കോവിഡ് സ്ഥിരീകരിച്ച ഗുരുതര സാഹചര്യത്തിലാണ് ഐപിഎൽ 14ാം സീസൺ പാതിവഴിയിൽ നിർത്തിവയ്ക്കാൻ ബിസിസിഐ തീരുമാനിച്ചത്.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശ താരങ്ങളുടെ മടക്കയാത്ര പ്രതിസന്ധിയിലാണ്. കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് വിവിധ രാജ്യങ്ങൾ നിരോധനമേർപ്പെടുത്തിയ സാഹചര്യത്തിലാണിത്.

ഇംഗ്ലിഷുകാർക്ക് ശുഭയാത്ര

ഐപിഎൽ അനിശ്ചിതകാലത്തേക്കു നിർത്തിവച്ചതോടെ കുരുക്കിലായ വിദേശതാരങ്ങൾ സ്വദേശത്തേക്കു മടങ്ങിത്തുടങ്ങി. 11 ഇംഗ്ലണ്ട് താരങ്ങളിൽ 8 പേർ നാട്ടിലേക്കു തിരിച്ചുപോയി. ജോസ് ബട്ലർ, ജോണി ബെയർ‌സ്റ്റോ എന്നിവർ ഉൾപ്പെടെ 8 പേർ ലണ്ടനിലെത്തിയതായി ബിസിസിഐ അറിയിച്ചു. കറൻ സഹോദരന്മാർ, സാം ബില്ലിങ്‌സ്, ക്രിസ് വോക്‌സ്, മൊയീൻ അലി, ജയ്‌സൻ റോയ് എന്നിവരും ഇംഗ്ലണ്ടിലേക്കു മടങ്ങിയ സംഘത്തിലുണ്ട്. ഒയിൻ മോർഗൻ, ഡേവിഡ് മലാൻ, ക്രിസ് ജോർദാൻ എന്നിവരാണ് ഇനി ബാക്കിയുള്ളത്. ബ്രിട്ടൻ ഇന്ത്യയെ ചുവപ്പു പട്ടികയിൽ ഉൾപ്പെടുത്തിയതിനാൽ അവിടെയെത്തുന്ന താരങ്ങൾക്കു 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്.

ഓസീസ് താരങ്ങൾക്ക് ചാർട്ടേഡ് വിമാനം

അതിനിടെ, ഐപിഎൽ നിർത്തിവച്ചതിനാൽ ഇന്ത്യയിൽ കുടുങ്ങിയ ഓസ്‌ട്രേലിയൻ താരങ്ങളെ നാട്ടിലെത്തിക്കാൻ ചാർട്ടേഡ് വിമാനം സജ്ജീകരിക്കുന്ന കാര്യത്തിൽ ഓസീസ് ക്രിക്കറ്റ് ബോർഡും ബിസിസിഐയും ചർച്ച നടത്തി. ശ്രീലങ്കയിലോ മാലദ്വീപിലോ 14 ദിവസം താമസിച്ചശേഷം അവിടെനിന്നു മെൽബണിലേക്കോ സിഡ്‌നിയിലേക്കോ വിമാനം ക്രമീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്കു 15 വരെ ഓസ്‌ട്രേലിയയിൽ പ്രവേശന വിലക്കുണ്ട്. താരങ്ങളും പരിശീലകരും കമന്റേറ്റർമാരും ഉൾപ്പെടെ 40 ഓസ്‌ട്രേലിയക്കാരാണു ഇന്ത്യയിലുള്ളത്.