- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'രാജാവ്' ഇന്ത്യൻ ടീമിനൊപ്പം ചേർന്നു; കിങ് ധോനിക്ക് ഹൃദ്യമായ സ്വാഗതമെന്ന് ബിസിസിഐ; ഉപദേഷ്ടാവായുള്ള മടങ്ങിവരവിൽ ഊഷ്മള സ്വീകരണം; ടീമിന് കരുത്താകുമെന്ന് കണക്കുകൂട്ടൽ; ആവേശത്തിൽ ആരാധകർ
ദുബായ്: ട്വന്റി 20 ലോകകപ്പിൽ ഉപദേഷ്ടാവായി ഇന്ത്യൻ ടീമിനൊപ്പം ചേർന്ന ഇതിഹാസ നായകൻ എം എസ് ധോണിക്ക് ഗംഭീര വരവേൽപ്പ് നൽകി ബിസിസിഐ. പുതിയ ചുമതലയിൽ ടീം ഇന്ത്യയിൽ മടങ്ങിയെത്തിയ കിംഗിന് ഊഷ്മളമായ സ്വാഗതം അറിയിക്കുന്നു എന്ന കുറിപ്പോടെയാണ് ബിസിസിഐയുടെ ട്വീറ്റ്. രവി ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള പരിശീലക സംഘത്തിനൊപ്പം ആശയങ്ങൾ ധോണി പങ്കുവെക്കുന്നത് ചിത്രത്തിൽ കാണാം.
ഐപിഎല്ലിന് ശേഷം ഇന്ത്യൻ ക്യാമ്പിലെത്തിയ താരങ്ങൾ ഞായറാഴ്ച പരിശീലനം തുടങ്ങി. ലോകകപ്പിന് മുന്നോടിയായി ആദ്യ സന്നാഹ മത്സരം വിരാട് കോലിയും സംഘവും കളിക്കും. ദുബായിലെ ഐസിസി അക്കാദമി ഗ്രൗണ്ടിൽ വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയിൽ ഇംഗ്ലണ്ടാണ് എതിരാളികൾ. ഓസ്ട്രേലിയക്കെതിരേയും ഇന്ത്യക്ക് സന്നാഹ മത്സരമുണ്ട്.
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെ കിരീടത്തിലേക്ക് നയിച്ചതിന് പിന്നാലെയാണ് പുതിയ ദൗത്യവുമായി എം.എസ് ധോനി ഇന്ത്യൻ ടീമിനൊപ്പം ചേർന്നത്. ഈ വാർത്ത ബിസിസിഐ ട്വിറ്ററിലൂടെ ആരാധകരുമായി പങ്കിട്ടു. 'രാജാവ്' എന്നാണ് ധോനിക്ക് ബിസിസിസഐ നൽകിയ വിശേഷണം. 'പുതിയ വേഷത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം ചേർന്ന കിങ് ധോനിക്ക് ഹൃദ്യമായ സ്വാഗതം.'- ചിത്രത്തിനൊപ്പം ബിസിസിഐ ട്വീറ്റ് ചെയ്തു.
Extending a very warm welcome to the KING ????@msdhoni is back with #TeamIndia and in a new role!???? pic.twitter.com/Ew5PylMdRy
- BCCI (@BCCI) October 17, 2021
2007-ലെ പ്രഥമ ട്വന്റി-20 ലോകകപ്പിൽ മാത്രമാണ് ഇന്ത്യ ഇതുവരെ കിരീടം നേടിയിട്ടുള്ളത്. അന്നത്തെ യുവനിരയെ കിരീടത്തിലേക്ക് നയിച്ചത് ഇന്നത്തെ മെന്റർ ധോനിയാണ്. 2019-ലെ ഏകദിന ലോകകപ്പിന് ശേഷം ധോനി ഇതുവരെ ഇന്ത്യൻ ജഴ്സി അണിഞ്ഞിട്ടില്ല. കഴിഞ്ഞ ഐപിഎൽ സീസണ് മുമ്പ് അപ്രതീക്ഷിതമായി രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു.
ഏതാണ്ട് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യയുടെ ഡ്രസ്സിങ് റൂമിലെത്തിയ ധോനിയുടെ സാന്നിധ്യം ടീമിന് കരുത്താകുമെന്നാണ് കണക്കുകൂട്ടൽ. ട്വന്റി-20 ലോകകപ്പിന്റെ സൂപ്പർ 12-ൽ ഒക്ടോബർ 24-ന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ലോകകപ്പോടെ ട്വന്റി 20 ക്യാപ്റ്റൻസി ഒഴിയുന്ന വിരാട് കോലിക്ക് അഭിമാന പോരാട്ടമാണ് ടൂർണമെന്റ്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ നാലാം കിരീടത്തിൽ എത്തിച്ചാണ് ധോണി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്യാമ്പിൽ എത്തിയിരിക്കുന്നത്. ഐസിസി കിരീടമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ധോണിയുടെ സാന്നിധ്യം സഹായിക്കുമെന്നാണ് കോലിയുടെ വിശ്വാസം.
മൂന്ന് ഐസിസി കിരീടങ്ങൾ ഉയർത്തിയ നായകനാണ് എം എസ് ധോണി. 2007ൽ പ്രഥമ ടി20 ലോകകപ്പ് കിരീടവും 2011ൽ ഏകദിന ലോകകപ്പും 2013ൽ ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യക്ക് സമ്മാനിച്ചു. ഈ മൂന്ന് കിരീടങ്ങളും ഉയർത്തിയ ആദ്യ ക്യാപ്റ്റൻ കൂടിയാണ് ധോണി.
ട്വന്റി 20 ലോകകപ്പ് ടീം
വിരാട് കോലി(ക്യാപ്റ്റൻ), രോഹിത് ശർമ്മ(വൈസ് ക്യാപ്റ്റൻ), കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുൽ ചഹാർ, രവിചന്ദ്ര അശ്വിൻ, ഷർദ്ദുൽ ഠാക്കൂർ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി.
റിസർവ് താരങ്ങൾ
ശ്രേയസ് അയ്യർ, ദീപക് ചഹർ, അക്സർ പട്ടേൽ.
സ്പോർട്സ് ഡെസ്ക്