- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുസ്ലിം ലീഗിനേക്കാളും മുകളിൽ അഭിപ്രായം പറയുന്നു; ഫാത്തിമ തെഹ്ലിയയെ ഒതുക്കണം; ഫാത്തിമ നടത്തിയ പല ഇടപെടലുകളും ലീഗിന് വിഷമമുണ്ടാക്കി; എംഎസ്എഫ് നേതാവിന്റെ ശബ്ദരേഖ പുറത്ത്; വിവാദം കൊഴുക്കുന്നതിനിടെ ഹരിതയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങി ലീഗ്
മലപ്പുറം: എംഎസ്എഫ് വനിതാ വിഭാഗമായ ഹരിത വനിതാ കമ്മീഷന് നൽകിയ പരാതി വിവാദമായിരിക്കെ മുസ്ലിം ലീഗിനെ വെട്ടിലാക്കി ശബ്ദസന്ദേശം പുറത്തായി. എംഎസ്എഫ് മലപ്പുറം ജില്ലാ സെക്രട്ടറി വി അബ്ദുൾ വഹാബിന്റെ ശബ്ദരേഖയാണ് പുറത്തു വന്നത്. ഹരിത നേതൃത്വത്തെ ഒതുക്കണമെന്ന് ലീഗ് നേതൃത്വം എംഎസ്എഫിന് കൃത്യമായ നിർദ്ദേശം നൽകിയെന്നാതാണ് ശബ്ദരേഖയുടെ കാതൽ.
ഹരിതയുടെ സംസ്ഥാന കമ്മിറ്റി അംഗവുമായി സംസാരിക്കുന്ന ഫോൺ സംഭാഷണമാണ് പുറത്തു വന്നിരിക്കുന്നത്. എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയക്കെതിരെയാണ് പ്രധാനമായും ശബ്ദരേഖയിൽ പറയുന്നത്. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയാവുമെന്ന തരത്തിൽ ഫാത്തിമ തെഹ്ലിയയുടെ പേര് സജീവമായി ചർച്ച ചെയ്തിരുന്നു. എന്നാൽ അന്ന് ഫാത്തിമ നടത്തിയ പല ഇടപെടലുകളും ലീഗിന് വിഷമമുണ്ടാക്കിയെന്ന് ശബ്ദരേഖയിൽ പറയുന്നു.
ഇവരെ മൊത്തത്തിലൊന്ന് കടിഞ്ഞാടിടണമെന്നും ലീഗിനേക്കാളും മേലെ ലീഗിന്റെ അഭിപ്രായവുമായി വരരുതെന്ന കൃത്യമായ നിർദ്ദേശം ലീഗ് എംഎസ്എഫിന് തന്നിട്ടുണ്ട് എന്നും ശബ്ദരേഖയിൽ പറയുന്നു. ഹരിത വനിതാ കമ്മീഷന് നൽകിയ പരാതി അച്ചടക്ക ലംഘനമാണെന്നാണ് ഇന്നലെ പിഎംഎ സലാം പറഞ്ഞത്. ഇതിനിടെ ഹരിതയുടെ സംസ്ഥാന, ജില്ലാതല പ്രവർത്തനം നിർത്താനും ലീഗിൻ ആവശ്യമുയരുന്നുണ്ടെന്ന സൂചനയുണ്ട്. പെൺകുട്ടികൾക്ക് മാത്രമായ ഹരിത എന്നൊരു വിഭാഗം എംഎസ്എഫിൽ വേണ്ടെന്ന അഭിപ്രായമാണ് ലീഗിൽ ഒരുവിഭാഗത്തിന്. ആൺ, പെൺ വ്യത്യാസമില്ലാതെ എംഎസ്എഫ് മതിയെന്നാണ് വികാരം. അതേസമയം ക്യാമ്പസുകളിലെ ഹരിതയുടെ പ്രവർത്തനം എംഎസ്എഫിന് ഉപകാരപ്രദമായിട്ടുണ്ടെന്ന് നേതൃത്വം സമ്മതിക്കുന്നു.
അതേസമയം എം.എസ്.എഫ് വിദ്യാർത്ഥിനി കൂട്ടായ്മയായ ഹരിതയുടെ പ്രവർത്തനം നിർത്താൻ ലീഗ് നേതൃത്വം ആലോചിക്കുന്നതായി റിപ്പോർട്ടുളും പുറത്തുവരുന്നുണ്ട്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് സ്ത്രീവിരുദ്ധ പരാമർശവും അധിക്ഷേപവും നടത്തിയെന്ന് കാണിച്ച് ലീഗ് വനിതാ വിദ്യാർത്ഥി കൂട്ടായ്മയായ ഹരിതയുടെ നേതാക്കൾ വനിതാകമ്മീഷനെ സമീപിച്ച നടപടിക്ക് പിന്നാലെയാണ് ലീഗിന്റെ നടപടി.
സംസ്ഥാന, ജില്ലാ തലങ്ങളിൽ ഹരിതയുടെ പ്രവർത്തനം വേണ്ടെന്ന് വെക്കാനാണ് ചർച്ചകൾ നടക്കുന്നത്. ക്യാംപസുകളിൽ മാത്രം പെൺകുട്ടികളുടെ ഗ്രൂപ്പായി ഹരിത പ്രവർത്തിക്കട്ടെയെന്നാണ് ലീഗിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. പെൺകുട്ടികൾക്ക് മാത്രമായി എം.എസ്.എഫിൽ ഒരു പ്രത്യേക സംഘടനയുടെ ആവശ്യമില്ലെന്നും മറ്റു രാഷ്ട്രീയപാർട്ടികളുടെ വിദ്യാർത്ഥി സംഘടനകളായ എസ്.എഫ്.ഐക്കോ കെ.എസ്.യുവിനോ എ.ബി.വി.പിക്കോ പെൺകുട്ടികൾക്ക് മാത്രമായി സംഘനടകളില്ലെന്നും ഒരു വിഭാഗം ലീഗ് നേതാക്കൾ അഭിപ്രായപ്പെടുന്നുണ്ട്.
അതേസമയം പ്രശ്നപരിഹാരത്തിന് വേണ്ടിയും ലീഗ് നേതൃത്വം ശ്രമിക്കുന്നുണ്ട്. വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിച്ചാൽ നവാസിനെതിരെ നടപടി സ്വീകരിക്കാമെന്ന് ഹരിതാ നേതാക്കളോട് ലീഗ് പറഞ്ഞിരുന്നു. എന്നാൽ നേരത്തെ തന്നെ നവാസിനെതിരെ ലീഗ് നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ടെന്നും ഇയാൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച ശേഷം മാത്രമേ മറ്റു കാര്യങ്ങൾ ആലോചിക്കുകയുള്ളൂവെന്നുമായിരുന്നു ഹരിതാ നേതാക്കളുടെ മറുപടി.
ഇതിന് പിന്നാലെ ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്നിക്കും ജനറൽ സെക്രട്ടറി നജ്മ തബ്ഷീറക്കുമെതിരെ നടപടി സ്വീകരിക്കാനാണ് നീക്കമെന്നും റിപ്പോർട്ടുകളുണ്ട്. ഹരിതയുടെ നേതാക്കൾ വനിതാ കമ്മീഷനെ സമീപിച്ചത് അച്ചടക്കലംഘനമാണെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പാർട്ടിക്ക് ലഭിച്ച പരാതിയിൽ ഇരുവിഭാഗങ്ങളെയും കേൾക്കുകയും ചർച്ച ചെയ്യുകയും ചെയ്തതാണെന്നും ലഭിച്ച പരാതിയിൽ തുടർനടപടികൾ പരിഗണനയിലിരിക്കുകയായിരുന്നെന്നും സലാം പറഞ്ഞു.
ഇത്തരം കാര്യങ്ങൾ സംഘടനാപരിധിക്ക് പുറത്തേക്ക് കൊണ്ട് പോകുന്നതും വനിതാകമ്മീഷനെ സമീപിച്ചതും അച്ചടക്കലംഘനമായി കാണാതിരിക്കാനാവില്ലെന്നും പി.എം.എ.സലാം വ്യക്തമാക്കി. എം.എസ്.എഫ് ദേശീയ സെക്രട്ടറി അഡ്വ.എൻ.എ. കരീമും വനിതാ കമ്മീഷനിൽ പരാതി നൽകിയതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ