കോഴിക്കോട്: ഹരിത നേതാക്കളുടെ പരാതി കണ്ടിട്ടില്ലെന്നും പാർട്ടിയുടെ ഔദ്യോഗിക സമിതികളിൽ ഈ വിഷയം വന്നതായി അറിയില്ലെന്നും വനിതാ ലീഗ് ജന. സെക്രട്ടറി നൂർബിന റഷീദ്. പാർട്ടിക്കുള്ളിൽ നടത്തിയ ആശയവിനിമയം പുറത്തുപറയാനാകില്ലെന്നും നൂർബിന പ്രതികരിച്ചു.

ഹരിതയ്‌ക്കെതിരെ ലീഗ് നടപടി എടുത്തതിനോട് പ്രതികരിക്കാനില്ലെന്നും അവർ കൂട്ടിച്ചേർത്തു. വനിത കമ്മീഷന് നൽകിയ പരാതി ഹരിത നേതാക്കൾ പിൻവലിക്കാത്ത സാഹചര്യത്തിലാണ് ഹരിത സംസ്ഥാന സമിതിയുടെ പ്രവർത്തനം മുസ്ലിംലീഗ് മരവിപ്പിച്ചത്.

ഗുരുതര അച്ചടക്കലംഘനം ഹരിതയിൽ നിന്നുണ്ടായെന്ന് ആരോപിച്ചാണ് മുസ്ലിം ലീഗിന്റെ നടപടി. ഹരിത നേതാക്കൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി എ വഹാബ് എന്നിവരോട് വിശദീകരണം തേടിയതായും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

അതേസമയം, പരാതി കൊടുത്ത വനിതകളെ ഒറ്റപ്പെടുത്തുന്ന മുസ്ലിം ലീഗ് ഏത് നൂറ്റാണ്ടിലാണ് രാഷ്ട്രീയപ്രവർത്തനം നടത്തുന്നതെന്ന് കെടി ജലീൽ വിമർശിച്ചു. ഹരിതയ്ക്കെതിരായ നടപടി ലീഗ് നേതൃത്വം പുനഃപരിശോധിക്കണമെന്നും കെ ടി ജലീൽ ആവശ്യപ്പെട്ടു.

വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കാനുള്ള അന്ത്യശാസനവും ഹരിത നേതാക്കൾ അവഗണിച്ചതോടെയാണ് കടുത്ത നടപടിയെന്ന തീരുമാനത്തിലേക്ക് ലീഗ് നേതാക്കൾ എത്തിയത്. ചൊവ്വാഴ്ച രാവിലെ 10 മണിക്കകം പരാതി പിൻവലിക്കണമെന്നായിരുന്നു ലീഗ് നേതൃത്വത്തിന്റെ ആവശ്യം.

പ്രശ്ന പരിഹാരത്തിനിടെ വനിതാ കമ്മീഷനിൽ പരാതി നൽകിയത് അച്ചടക്ക ലംഘനമാണെന്ന് കാട്ടി നേരത്തെ തന്നെ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം രംഗത്തെത്തിയിരുന്നു. അച്ചടക്കം ലംഘിച്ച ഹരിതയ്ക്കെതിരേ നടപടിയെടുക്കണമെന്ന് എം.എസ്.എഫും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഹരിത നേതാക്കളുമായി കഴിഞ്ഞദിവസം മുനവറലി ശിഹാബ് തങ്ങൾ ചർച്ച നടത്തിയെങ്കിലും നേതാക്കൾ കടുംപിടിത്തം തുടർന്നതോടെയാണ് കമ്മിറ്റി മരവിപ്പിക്കുന്ന തരത്തിലേക്കെത്തിയത്.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി.അബ്ദുൾ വഹാബ് എന്നിവർക്കെതിരേ ഹരിതയിലെ പത്ത് പെൺകുട്ടികളായിരുന്നു വനിതാ കമ്മീഷന് പരാതി നൽകിയത്. ഇതാണ് പിൻവലിക്കാൻ ആവശ്യപ്പെട്ടത്.

കോഴിക്കോട് നടന്ന എം.എസ്.എഫ് യോഗത്തിൽ പി.കെ നവാസ് ഹരിതയിലെ പെൺകുട്ടികളോട് മോശമായ രീതിയിൽ സംസാരിച്ചതാണ് വിവാദമായത്. എന്നാൽ നേരത്തെ നിരവധി തവണ വിഷയത്തിൽ ലീഗ് നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടിയെടുക്കാതെ വന്നതോടെയാണ് വനിതാ കമ്മീഷനിൽ പരാതി നൽകിയതെന്നാണ് ഹരിത നേതാക്കൾ പറയുന്നത്.