ക്‌നാനായ കാത്തലിക് സഭ തീരെ ചെറുതാണ്.  ഒരൊറ്റ രൂപത മാത്രമാണ് അവർക്കുള്ളത്. എന്നാൽ പാരമ്പര്യങ്ങളിലും വിശ്വാസങ്ങളിലും അണുവിട ചലിക്കാതെയാണ് അവരുടെ ജീവിതം. ഒരേ കുർബാന ചെല്ലുകയും ഒരേ പള്ളിയിൽ പോവുകയും ചെയ്യുന്നവരാണെങ്കിൽ കൂടി അവർക്ക് ചിലപ്പോൾ സുഹൃത്തുക്കൾ അന്യജാതിക്കാരാവും. ഒരേ വിശ്വസത്തിന്റെ ഭാഗമായ സീറോ മലബാർ വിശ്വാസികളെ കല്യാണം കഴിച്ചാലും അവർ സഹോദരിമാരെയും സഹോദരന്മാരെയും പള്ളിക്ക് പുറത്താക്കും.

പാരമ്പര്യത്തിൽ ഉറച്ച് വിശ്വസിക്കുന്ന ക്‌നാനായക്കാർക്ക് ഒരൊറ്റ രൂപത മാത്രം ഉണ്ടായിട്ടും ഇപ്പോൾ എട്ട്‌  മെത്രാന്മാരാകുന്നു. ഇന്ന് പപ്പുവാ ന്യൂഗുനിയായിലെ അപ്പസ്‌തോലിക് ന്യൂൻഷ്യോയായി മാർ കുര്യൻ വയലുങ്കൽ അഭിഷിക്തനാകുമ്പോൾ ക്‌നാനായ സഭയ്ക്ക് അഭിമാനത്തിന്റെ നിമിഷമാവുകയാണ്.

പപ്പുവാ ന്യൂഗിനിയായുടെ അപ്പസ്‌തോലിക് നുൺഷ്യോയും റസരിയായുടെ സ്ഥാനിക മെത്രാപ്പൊലീത്തയുമായിട്ടാണ് കോട്ടയം അതിരൂപതാംഗമായ മോൺസിഞ്ഞോർ കുര്യൻ മാത്യു വയലുങ്കൽ ഇന്ന് മെത്രാഭിഷേകം നടത്തുന്നത്. ഇതോടെ കുര്യൻ മാത്യു വയലുങ്കൽ ക്‌നാനായ കത്തോലിക്ക സമുദായത്തിലെ ഏറ്റവും  പ്രായം കുറഞ്ഞ മെത്രാനായി മാറും.

കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലിൽ ഉച്ചകഴിഞ്ഞ് 2 മണിക്കാണ് മെത്രാഭിഷേക ശുശ്രൂഷകൾ നടക്കുന്നത്. കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമ്മികത്വം വഹിക്കും. ഈജിപ്തിലെ മുൻ നുൺഷ്യോ ആർച്ച് ബിഷപ്പ് മൈക്കിൾ ലൂയിസ് ഫിറ്റ്‌സ് ജെറാൾഡും സി.ബി.സി.ഐ സെക്രട്ടറി ജനറൽ റവ. ഡോ. തെയഡോർ മസക്കെരാനാസും സഹകാർമ്മികരായിരിക്കും.

ചടങ്ങിൽ കർദിനാൾ ബസേലിയോയസ് മാർ ക്ലിമ്മിസ് കാതോലിക്കാ ബാവ, സീറോ 
 മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, തിരുവനന്തപുരം അതിരൂപതാ മെത്രാപ്പൊലീത്ത മാർ മരിയാ കാലിസ്റ്റ് സൂസൈപാക്യം തുടങ്ങിയവ.രും പങ്കെടുക്കും. വത്തിക്കാൻ പ്രതിനിധികളും ഇന്ത്യയ്ക്കകത്തുനിന്നും പുറത്തുനിനുള്ള അമ്പതിലധികം മെത്രാന്മാരും ഇന്ന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും.

ക്‌നാനായ കത്തോലിക്ക സമുദായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാനാ
നാവുന്ന മാർ മാത്യു വയലുങ്കലിനെ അറിയാം

കോട്ടയം നീണ്ടൂർ ഇടവക വയലുങ്കൽ എം.സി. മത്തായി- അന്നമ്മ ദമ്പതികളുടെ പുത്രനായ മോൺ. വയലുങ്കൽ തിരുഹൃദയക്കുന്ന് സെന്റ് സ്‌റനിസ്‌ളാവൂസ് മൈനർ സെമിനാരിയിലും ആലുവ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കൽ സെമിനാരിയിലും വൈദിക പഠനം പൂർത്തിയാക്കി. 1991 ഡിസംബർ 27ന് കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലിൽ മാർ കുര്യാക്കോസ് കുന്നശേരിയിൽനിന്നു വൈദിക പട്ടം സ്വീകരിച്ച മോൺ. വയലുങ്കൽ രാജപുരം, കള്ളാർ, എൻആർസിറ്റി, സേനാപതി പള്ളികളിൽ അജപാലന ശുശ്രൂഷ നിർവഹിച്ചിട്ടുണ്ട്.

റോമിലെ സാന്താക്രോചെ സർവകലാശാലയിൽനിന്നു സഭാനിയമത്തിൽ ഡോക്ടറേറ്റ് നേടുകയും വത്തിക്കാൻ നയതന്ത്ര അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കുകയും ചെയ്തു. തുടർന്ന് ഗിനിയ, ദക്ഷിണ കൊറിയ, ഡൊമിനിക്കൻ റിപ്പബ്‌ളിക്ക്, ബംഗ്‌ളാദേശ്, ഹംഗറി എന്നിവിടങ്ങളിലെ വത്തിക്കാൻ എംബസികളിൽ സേവനം ചെയ്തു. 2001ൽ മോൺസിഞ്ഞോർ പദവിയും 2011 ൽ പ്രിലേറ്റ് ഓഫ് ഓണർ പദവിയും ലഭിച്ചിട്ടുണ്ട്.

ഹെയ്ത്തിയിലെ ഭൂകമ്പ ദുരന്തത്തിനു ശേഷമുള്ള വത്തിക്കാൻ പുനരധിവാസ പ്രവർത്തനങ്ങളിൽ മോൺ. വയലുങ്കൽ നേതൃത്വം നൽകിയിട്ടുണ്ട്. ഈജിപ്തിലെ വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിൽ പ്രഥമ കൗൺസിലറായി ശുശ്രൂഷ ചെയ്തു വരവെയാണ് മാർപാപ്പ അദ്ദേഹത്തെ വത്തിക്കാൻ സ്ഥാനപതിയായി ഉയർത്തിയത്. 

 കേരളത്തിൽ രൂപതാസ്ഥാനം കോട്ടയം മാത്രമാണെങ്കിലും നാഗ്പൂർ, അരുണാചൽ പ്രദേശിലെ മിയാവോ, കൊഹിമ, ഒഡീഷയിലെ ബാലസോർ എന്നിവിടങ്ങളിലും ക്‌നാനായ സഭയ്ക്ക് ബിഷപ്പുമാരുണ്ട്. നാഗ്പൂരിൽ ആർച്ച്ബിഷപ് ഏബ്രഹാം വിരുതുകുളങ്ങരയും മിയാവോയിൽ ബിഷ് ജോർജ് പള്ളിപറമ്പിലും കൊഹിമയിൽ ബിഷപ് ജെയിംസ് തോപ്പിലും ബാലസോറിൽ ബിഷപ് സൈമൺ കായ്പുറവും സഭയെ നയിക്കുന്നു. ഭാരതത്തിലെ വിവിധ രൂപതകളിൽ പ്രേഷിത ദൗത്യത്തിൽ പങ്കുചേരുവാൻ ഏഴ് മെത്രാന്മാരെ ഇതിനോടകം സംഭാവന ചെയ്തിട്ടുള്ള കോട്ടയം അതിരൂപതയ്ക്ക് മോൺ. വയലുങ്കലിന്റെ പുതിയ നിയമനവും അഭിമാനമാവുകയാണ്.