നെടുമങ്ങാട്: ഭൂരഹിത കേരളം പദ്ധതിയൊക്കെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കും സംസ്ഥാന സർക്കാറിന് ഇതുവരെ ഭൂമി പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പലയിടുത്തും കൈയറ്റ പ്രശ്‌നങ്ങളും പതിവായി ഉണ്ടാകാറുണ്ട്. ഏറ്റവും ഒടുവിൽ വിതു മുളയ്‌ക്കോട്ടുകരയിലാണ് ജനകീയ പ്രതിഷേധം അരങ്ങേറിയത്. ഒഴിപ്പിക്കണം എന്ന് കോടതി നിർദ്ദേശിച്ചത് അനുസരിച്ച് റവന്യൂ അധികൃതരും മറ്റും സ്ഥലത്തെത്തിയെങ്കിലും എൺപതോളം വരുന്ന കുടുംബങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ഉദ്യോഗസ്ഥർക്ക് വിധി നടപ്പിലാക്കാൻ സാധിക്കാതെ പിൻവാങ്ങേണ്ടി വന്നു. എന്നാൽ കോടതി ഇടപെടൽ ശക്തമായതോടെ ഒഴിപ്പിച്ചേ മതിയാകൂ എന്ന അവസ്ഥയിൽ സർക്കാരും പൊലീസും എത്തുകയായിരുന്നു.

75 കുടുംബങ്ങൾ അധിവസിക്കുന്ന മുളയ്‌ക്കോട്ടുകരയിലെ ഭൂമി തന്റേതാണെന്ന് അവകാശപ്പെട്ട് പട്ടം സ്വദേശി നൽകിയ കേസിന്മേൽ അനുകൂലമായി കോടതി വിധി വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ദിവസങ്ങൾക്ക് മുമ്പ് റവന്യു സംഘം സ്ഥലത്തെത്തിയത്. എന്നാൽ വർഷങ്ങളായി താമസിക്കുന്ന ഭൂമിയിൽ നിന്നും കുടിയിറങ്ങുക എന്ന കാര്യത്തെ പ്രതിരോധിക്കാൻ നാട്ടുകാർ സംഘടിച്ച് എത്തി. ഇതോടെ അമീനിന്റെ ഇടപെടൽ നടന്നില്ല. തുടർന്ന് വീണ്ടും കോടതി കർശന നിലപാട് എടുത്തു. ഭൂമിയിൽ നിന്ന് കൈയേറ്റക്കാരെ മാറ്റാൻ നടപടിയുണ്ടാകണമെന്ന് പൊലീസിന് നിർദ്ദേശവും നൽകി. പ്രതിഷേധക്കാരെ കണക്കിലെടുക്കാതെ ഭൂമി ഏറ്റെടുക്കാനാണ് നിർദ്ദേശം.

എട്ട് ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന 75 കുടുംബങ്ങളാണു കുടിയൊഴിപ്പിക്കൽ ഭീഷണിയിലുള്ളത്. പട്ടം സ്വദേശിക്ക് അനുകൂലമായി കോടതി വിധി വന്നെങ്കിലും കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ടു ഭൂരിഭാഗം പേർക്കും കോടതി നോട്ടീസ് നൽകിയിട്ടില്ല. കൈവശാവകാശ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പലും എതിർപ്പുമായി രംഗത്തുവന്നത്. എന്നാൽ ഭൂമി തട്ടിപ്പിന്റെ ഇരകളാണ് ഈ പാവങ്ങളെന്നാണ് സൂചന. ഏതായാലും ഇവർ തെരുവിലാകുമെന്ന സ്ഥിതിയാണുള്ളത്.

മുളയ്‌ക്കോട്ടുകരയിൽ കോടതി വിധിയെത്തുടർന്ന് 75 കുടുംബങ്ങളെ കുടിയിറക്കുവാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നിരുന്നു. സർവ കക്ഷി നേതാക്കളുടെയും സ്ഥലവാസികളുടെയും നേതൃത്വത്തിൽ വില്ലേജ് ഓഫീസ് പടിക്കൽ ധർണയും നടന്നു. ജില്ലയുടെ വിവിധ ഭാഗത്തു നിന്നെത്തിയ അനവധി സംഘടനാ നേതാക്കൾ മുളയ്‌ക്കോട്ടുകര നിവാസികൾക്ക് പിന്തുണയേകി. വിതുര പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർവ്വകക്ഷി സംഘം മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കെ.എസ്. ശബരീനാഥൻ എംഎ‍ൽഎ സ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.

കുടിയൊഴിപ്പിക്കാൻ നേരത്തെ എത്തിയപ്പോൾ പ്രദേശവാസികൾ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് കൈയിൽ തീപ്പെട്ടിയുമായി മണിക്കൂറുകളോളം നിലകൊണ്ടതോടെ പൊലീസും റവന്യൂ വകുപ്പധികൃതരും അഞ്ച് ദിവസത്തെ സാവകാശം അനുവദിച്ചശേഷം പിൻവാങ്ങുകയായിരുന്നു. എന്നാൽ കോടതി നിലപാട് കടുപ്പിച്ചതോടെ കുടിയൊഴുപ്പിക്കാൻ റവന്യൂ അധികാരികൾ നിർബന്ധമാവുകയാണ്.