നിലമ്പൂർ: ചാലിയാറിലെ കുളിക്കടവിൽ മൃതദേഹം കണ്ട സംഭവം കൊലപാതകമെന്ന് തെളിയുമ്പോൾ ചർച്ചയാകുന്നത് പെൺസുഹൃത്തിനെ ചൊല്ലിയുള്ള കലഹം. മൈസുരു സ്വദേശി വടപുറത്ത് താമസിക്കുന്ന മുബാറക് എന്ന ബാബുവിന്റെ മൃതദേഹം 11ന് രാവിലെ 10 മണിക്ക് ആണ് കണ്ടെത്തിയത്. പിന്നീട് നടന്ന അന്വേഷണത്തിലാണ് കൊലയുടെ ചുരുൾ അഴിഞ്ഞത്.

തിരുവനന്തപുരം വെങ്ങാനൂർ തായ് വിളക്കത്ത് മേലെ വീട്ടിൽ മജീഷിനെ (ഷിജു-36) ആണ് അറസ്റ്റിലായത്. പഴയ സാധനങ്ങൾ പെറുക്കി വിറ്റ് ഉപജീവനം നടത്തുന്ന മുബാറക് ,മജീഷ് എന്നിവർ കടവരാന്തകളിൽ കഴിയുന്നവരാണ്. ഇരുവരും ഒരു പെൺസുഹൃത്തിനൊപ്പം 10ന് രാവിലെ പുഴയുടെ തീരത്തിരുന്ന് മദ്യപിച്ചു. അതിനിടെ പെൺസുഹൃത്തിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമായി. ഇതുകൊലപാതകത്തിലേക്ക് നയിച്ചു.

പുഴയോരത്തിരുന്ന് ചൂണ്ട ഇടുകയായിരുന്ന മുബാറക്കിന്റെ തലയ്ക്ക് മജീഷ് വടികൊണ്ട് അടിച്ചു. തുടർന്ന് പുഴയിലേക്ക് തള്ളിയിട്ടു. മജീഷും യുവതിയും രക്ഷപ്പെട്ടു. തലയ്ക്കടിച്ച വടി, മദ്യപാനത്തിന് ഉപയോഗിച്ച ഗ്ലാസ് എന്നിവ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പ്രതി എടുത്തു കൊടുത്തു. എസ്‌ഐമാരായ നവീൻ ഷാജ്, എം.അസൈനാർ, എഎസ്‌ഐമാരായ അൻവർ സാദത്ത്, കെ.അനിൽകുമാർ, സിപിഒമാരായ എൻ.പി.സുനിൽ, കെ.ടി.ആസിഫലി, ടി. നിബിൻ ദാസ്, അഭിലാഷ് കൈപ്പിനി, ജിയോ ജേക്കബ്, പ്രിൻസ് എന്നിവർ ചേർന്നാണ് അന്വേഷണം നടത്തിയത്.

10ന് രാവിലെ ബീവറേജസിൽ നിന്ന് മദ്യവും വാങ്ങി ബാബുവും മജീഷും ഒരു സ്ത്രീയും ഓട്ടോറിക്ഷയിൽ പുഴക്കരയിലെത്തിയത്. അതിന് ശേഷമായിരുന്നു കൊല. മൃതദേഹം തുടക്കത്തിൽ ആരുടേതെന്ന് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് പ്രദേശവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മരണപ്പെട്ടത് പഴയ സാധനങ്ങൾ പെറുക്കി നടക്കുന്ന വടപുറം സ്വദേശി മുബാറക് എന്ന ബാബു ആണെന്ന് പിന്നീട് തിരിച്ചറിയുകയായിരുന്നു.

എന്നാൽ വീട്ടുകാരുമായി യാതൊരു ബന്ധവുമില്ലാതെ അലഞ്ഞു തിരിഞ്ഞും പഴയ സാധനങ്ങൾ പെറുക്കി വിറ്റും, പുഴയോരങ്ങളിലും പീടിക വരാന്തകളിലും മറ്റും നാടോടി സ്ത്രീകളുമൊന്നിച്ച് ജീവിച്ചു വരികയായിരുന്നു മുബാറക്ക്. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിൽ കൊലപാത സാധ്യത ഫോറൻസിക് ഡോക്ടർ അനന്ത് പൊലീസിനെ അറിയിച്ചതോടെ പൊലീസ് അന്വേഷണം തുടർന്നു. പൊലീസ് മുബാറക്കിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണമാരംഭിച്ചത്. പുഴയോരത്തുനിന്നും എടക്കര പൊലീസിൽ നൽകിയ ഒരു പരാതിയുടെ രസീത് പൊലീസിന് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഷിജുവിനെ പിടികൂടിയത്.

തിരുവനന്തപുരം ബാലരാമപുരത്ത് പിടികിട്ടാപ്പുള്ളിയായ മജീഷ് വിഴിഞ്ഞത് അടിപിടിക്കേസിലും പ്രതിയാണ്. കൂടെയുണ്ടായിരുന്ന സ്ത്രീ ഒളിവിലാണ്.