ന്യൂഡൽഹി: കശ്മീരി ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാതെ പോരടിച്ച നേതാവാണ് മുഫ്തി മുഹമ്മദ് സയിദ്. കാശ്മീരികളുടെ വേദനകൾ തുറന്ന് പറയുമ്പോഴും ഇന്ത്യൻ ദേശീയതയ്‌ക്കൊപ്പമായിരുന്നു ഈ നേതാവ്. ഇതിനുള്ള അംഗീകാരമായി കാശ്മീരികൾ നൽകിയ സ്‌നേഹത്തെ ഈ നേതാവ് തിരിച്ചറിഞ്ഞു. ഉറച്ച മനസ്സുമായി ജമ്മു കാശ്മീരിന്റെ വികസനമെന്ന ലക്ഷ്യവുമായി മുഖ്യമന്ത്രി പദത്തിൽ നിറയുമ്പോഴാണ് പിഡിപി നേതാവിന്റെ അപ്രതീക്ഷിത വിയോഗമെത്തുന്നത്.

മുഫ്തി മുഹമ്മദ് സഈദിന്റെ നേതൃത്വത്തിൽ പി.ഡി.പിബിജെപി സഖ്യ സർക്കാർ കഴിഞ്ഞ മാർച്ചിലാണ് അധികാരത്തിലെത്തിയത്. 2002 മുതൽ 2005 വരെകശ്മീർ മുഖ്യമന്ത്രി പദവി വഹിച്ചിരുന്നു. കോൺഗ്രസ് അംഗമായിരുന്ന മുഫ്തി മുഹമ്മദ് സഈദ് 1987ൽ പാർട്ടി വിട്ട് വി.പി.സിങിന്റെ നേതൃത്വത്തിലുള്ള ജനമോർച്ചയിൽ അംഗമായി. 1989ൽ വി.പി.സിങ് സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്നു. സയീദ് മുഖ്യമന്ത്രിയായിരിക്കെയാണ് ശ്രീനഗർ-മുസഫറബാദ് ബസ് സർവീസ് ആരംഭിച്ചത്. പിന്നീട് കോൺഗ്രസിൽ ചേർന്ന ഇദ്ദേഹം 1999ലാണ് ജമ്മു കശ്മീർ പി.ഡി.പി രൂപീകരിച്ചത്. കശ്മീർ പ്രശ്‌നം പരിഹരിക്കുന്നതിനായി കേന്ദ്രസർക്കാർ ഉപാധികളില്ലാതെ കശ്മീരികളുമായി ചർച്ചയാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പാർട്ടി രൂപീകരണം. ഇത്തവണ ജമ്മുവിൽ മേധാവിത്വം നേടിയ ബിജെപിയുമായുള്ള ബന്ധത്തെ ജമ്മുകശ്മീരിന്റെ ഐക്യത്തിനായുള്ള ബന്ധമായാണ് മുഫ്തി വിശേഷിപ്പിച്ചത്. വലിയ ജനകീയ നേതാവാണ് താൻ എന്ന അവകാശവാദം മുഫ്തി മുഹമ്മദ് സയിദിനുമില്ലായിരുന്നു. .

ആഭ്യന്തര മന്ത്രി പദത്തിലെത്തിയ ആദ്യ മുസ്ലീമാണ് മുഫ്തി. നന്നേ ചെറുപ്പത്തിലേ രാഷ്ട്രീയത്തിലെത്തി അധികാര കസേരകൾ പലതു നേടിയ മുഫ്തി മുഹമ്മദ് സയിദ് ജമ്മുകശ്മീർ രാഷ്ട്രീയത്തിൽ നിർണ്ണായക മാറ്റങ്ങൾക്കാണ് നേതൃത്വം നൽകിയത്. കശ്മീരിൽ ഒറ്റ പാർട്ടിയുടെ ആധിപത്യം തകർത്തത് മുഫ്തി മുഹമ്മദ് സയിദായിരുന്നു. നാഷണൽ കോൺഫറൻസിനോട് എന്നും അകൽച്ച പ്രകടിപ്പിച്ച മുഫ്തി തന്റെ പാർട്ടിയെ കാശ്മീരിലെ ഒന്നാം സ്ഥാനത്ത് എത്തിച്ചു. സംസ്ഥാനത്തിന്റെ താൽപ്പര്യത്തിന് അനുസരിച്ചുള്ള കൂട്ടുകെട്ടുകളിലേക്ക് തിരിയാനുള്ള മെയ് വഴക്കം മുഫ്തിക്കുണ്ടായിരുന്നു. 1986 ൽ രാജീവ് ഗാന്ധിമന്ത്രിസഭയിൽ കേന്ദ്ര ടൂറിസം മന്ത്രിയായി. വി.പി. സിങ്ങിനൊപ്പം ജനമോർച്ചയുടെ ഭാഗമായതാണ് അദ്ദേഹം നടത്തിയ വലിയ ചുവടുമാറ്റം.

പലതവണ ചേരിമാറുകയും ഒടുവിൽ സ്വന്തമായി രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കുകയും അതിന് കീഴിൽ ജമ്മു കശ്മീർ ഭരണം പിടിക്കുകയും ചെയ്ത രാഷ്ട്രീയ നേതാവായിരുന്നു മുഫ്തി. 2002 ൽ അദ്ദേഹം ആദ്യം മുഖ്യമന്ത്രിയായപ്പോൾ പി.ഡി.പിക്ക് നിയമസഭയിൽ 16 സീറ്റുകൾ മാത്രമാണുണ്ടായിരുന്നത്. കോൺഗ്രസുമായി സഖ്യമുണ്ടാക്കിയാണ് അദ്ദേഹം ആദ്യം ടേം ഭരിച്ചത്. 2015 ൽ രണ്ടാം തവണ മുഖ്യമന്ത്രി കസേര അലങ്കരിക്കാൻ അദ്ദേഹം കൂടെക്കൂട്ടിയത് കേന്ദ്രം ഭരിക്കുന്ന ബിജെപിയെയും. രാഷ് ട്രീയ ആരംഭകാലത്ത് ഡി.എൻ.സിയിൽ സയീദ് പ്രവർത്തിച്ചു. കോൺഗ്രസിലൂടെ വളർന്ന് പാർട്ടി നിയമസഭാ കക്ഷി നേതാവ്, പി.സി.സി പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

ഇന്ത്യയെ അക്ഷരാർത്ഥത്തിൽ മുൾമുനയിൽ നിർത്തിയ സംഭവമായിരുന്നു മുഫ്തിയുടെ മൂന്നാമത്തെ മകളെ ഭീകരർ തട്ടിയെടുത്തത്.  കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സീദിന്റെ മകളെ ബന്ദിയാക്കിയായിരുന്നു തീവ്രവാദികൾ കേന്ദ്ര സംർക്കാരിനെ ഞെട്ടിച്ചത്. സയീദിന്റെ മൂന്നാമത്തെ മകൾ റുബയ്യയെ ബന്ദിയാക്കിയ തീവ്രവാദികൾ വിട്ടയക്കാൻ പകരമായി ആവശ്യപ്പെട്ടത് ജയിലിൽ കഴിഞ്ഞിരുന്ന അഞ്ച് തീവ്രവാദികളുടെ മോചനമായിരുന്നു. മണിക്കൂറുകൾ നീണ്ട മധ്യസ്ഥ ചർച്ചകൾക്കും സമ്മർദങ്ങൾക്കും ഒടുവിൽ പോംവഴികളില്ലാതെ അഞ്ച് പേരെയും വിട്ടയക്കാൻ ഇന്ത്യ നിർബന്ധിതമായി. ഇത് മുഫ്തിയുടെ രാഷ്ട്രീയ നേതാവിന് കളങ്കമായി എതിരാളികൾ ഉയർത്തിക്കാട്ടി.

കേന്ദ്ര ആഭ്യന്തരമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അഞ്ചാം ദിവസമാണ് സദീയിന്റെ മകളെ തട്ടിക്കൊണ്ടുപോയത്. പഠനം പൂർത്തിയാക്കി ലാൽദേദ് വനിതാ ആശുപത്രിയിൽ പരിശീലനം നടത്തിവരവെ 1989 ഡിസംബർ എട്ടിന് ഉച്ചതിരിഞ്ഞ് 3:45 നാണ് നൗഗാമിൽ വച്ച് റുബയ്യയെ തട്ടിക്കൊണ്ടുപോയത്. ആശുപത്രിയുടെ വക മിനി ബസ്സിൽ ആശുപത്രിയിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. വാഹനം തടഞ്ഞ നാല് തീവ്രവാദികൾ തോക്കുചൂണ്ടി അവരെ പുറത്തിറക്കി മാരുതി കാറിൽ കയറ്റി കടന്നുകളയുകയായിരുന്നു. വൈകുന്നേരം അഞ്ചരയ്ക്ക് കശ്മീർ ലിബറേഷൻ ഫ്രണ്ട് സംഘടന കശ്മീർ ടൈംസ് ദിനപത്രത്തിന്റെ ഓഫീസിൽ വിളിച്ച് റുബയ്യയെ വിട്ടയക്കാൻ ഉപാധികൾ മുന്നോട്ടുവച്ചു.

അന്ന് ഫാറൂഖ് അബ്ദുള്ളയായിരുന്നു കാശ്മീർ മുഖ്യമന്ത്രി. സംഭവം അറിഞ്ഞതോടെ ലണ്ടനിൽ അവധിക്കാലം ആഘോഷിക്കാൻ പോയ മുഖ്യമന്ത്രി ഡൽഹിയിൽ തിരിച്ചെത്തി. വിവിധ തലങ്ങളിൽ മധ്യസ്ഥ ചർച്ചകൾ അരങ്ങേറി. കേന്ദ്രമന്ത്രിമാരായിരുന്ന ഐ.കെ. ഗുജ്‌റാളും ആരിഫ് മുഹമ്മദ് ഖാനും ഒത്തുതീർപ്പുമായി ശ്രീനഗറിലെത്തി. ഫാറൂഖ് അബ്ദുള്ള തീവ്രവാദികൾക്ക് മുമ്പിൽ കീഴടങ്ങില്ലെന്ന നിലപാട് ആദ്യം സ്വീകരിച്ചു. എന്നാൽ കേന്ദ്ര സർക്കാർ വഴങ്ങി. ഡിസംബർ 13 ന് വൈകുന്നേരം അഞ്ച് മണിക്ക് തീവ്രവാദികളെ വിട്ടയച്ചു. രാത്രി ഏഴ് മണിക്ക് റുബയ്യയെ തീവ്രവാദികളും വിട്ടയച്ചു. തന്റെ സർക്കാരിനെ പിരിച്ചുവിടുമെന്ന് കേന്ദ്രം ഭീഷണിപ്പെടുത്തിയാണ് തീവ്രവാദികളെ വിട്ടയക്കാൻ സമ്മർദം ചെലുത്തിയതെന്ന് വർഷങ്ങൾക്ക് ശേഷം ഫാറൂഖ് അബ്ദുള്ള പറഞ്ഞു. അതിനുള്ള പ്രതികാരമെന്നോണമാണ് മുഫ്തി കാശ്മീർ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധമാറ്റിയതും ഫാറൂഖ് അബ്ദുള്ളയെ ഭരണത്തിൽ നിന്ന് തന്നെ പുറത്താക്കിയതും.

കോൺഗ്രസിനൊപ്പം നടന്ന നാളുകളിലും നാഷണൽ കോൺഫറൻസിന് അമിത പ്രാധാന്യം നൽകുന്ന ഹൈക്കമാൻഡ് നയത്തെ മുഫ്തി ശക്തിയായി എതിർത്തു. അധികാരത്തിനു വേണ്ടി അബ്ദുള്ള കുടുംബത്തിന്റെ ആധിപത്യം അംഗീകരിച്ച് കോൺഗ്രസ് നയത്തിൽ പ്രതിഷേധിച്ചാണ് മുഫ്തി വിപി സിംഗിനൊപ്പം ചേർന്നത്. ഭീകരവാദം ശക്തമായ തൊണ്ണൂറുകളിൽ മുഫ്തി കേന്ദ്ര ആഭ്യന്തര മന്ത്രിയായത് ഏറെ ശ്രദ്ധേയമായിരുന്നു. കുടുംബത്തെ തന്നെ ഭീകരർ ലക്ഷ്യം വച്ചിട്ടും ഇന്ത്യയുടെ മുഖ്യധാരാ രാഷ്ട്രീയത്തിനൊപ്പം നില്ക്കുന്ന നയം മുഫ്തി മുഹമ്മദ് സയിദ് ഉപേക്ഷിച്ചില്ല. കശ്മീരിലെ ഒറ്റപാർട്ടി ആധിപത്യം തകർക്കുന്നതിൽ പിഡിപി രൂപീകരിക്കാനുള്ള മുഫ്തി മുഹമ്മദ് സയിദിന്റെ തീരുമാനം വലിയ പങ്കു വഹിച്ചു. നാഷണൽ കോൺഫറൻസിന് ബദലാകാൻ മുഫ്തിയുടെ പാർട്ടിക്കു കഴിഞ്ഞു.

തീവ്രവാദത്തോട് എതിർപ്പുയർത്തുമ്പോഴും വിഘടനവാദത്തെ മുഫ്തി തള്ളിപ്പറഞ്ഞില്ലെന്ന വിമർശനം ഉയർന്നിരുന്നു. ഇത്തവണ മുഖ്യമന്ത്രിയായ ശേഷം വിഘടനവാദി നേതാവിനെ വിട്ടയച്ചതുൾപ്പെടെയുള്ളവ ചർച്ചാ വിഷയമായി. അപ്പോഴും പതറാതെ കാര്യങ്ങളെ നേരിട്ടു. കാശ്മീരികളുടെ മനസ്സ് അനുകൂലമാക്കാൻ വേണ്ടതാണിതെന്ന തിരിച്ചറിവായിരുന്നു മുഫ്തിയുടെ കരുത്ത്. അതിന് അപ്പുറത്തേക്ക് ഒന്നും ഈ നേതാവ് മനസ്സിൽ കണ്ടിട്ടില്ല. കാശമീരിന്റെ വികസനം ഉറപ്പാക്കാൻ താൻ ഭരണത്തിലിരുന്നപ്പോൾ കേന്ദ്രം ഭരിച്ച എ ബി വാജ്‌പേയി, മന്മോഹൻസിങ്, നരേന്ദ്ര മോദി എന്നീ പ്രധാനമന്ത്രിമാരുമായി മുഫ്തി നല്ല ബന്ധം സൂക്ഷിച്ചു. സയിദ് അലി ഷാ ഗിലാനിയെ പോലുള്ള വിഘടനവാദികളെ ചെറിയ ഇടത്തിൽ ഒതുക്കാൻ മുഫ്തിക്ക് കഴിഞ്ഞു. കഴിമീരിലെ വടക്ക് തെക്ക് ധ്രുവങ്ങളെ യോജിപ്പിക്കാൻ കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം മുഫ്തി തയ്യാറായി.