സിംബാവെ: ഇന്ത്യൻ ജനാധിപത്യത്തിന്റെ വില അറിയാൻ സിംബാവെയിലേക്ക് ഒന്ന് എത്തി നോക്കിയാൽ മതി. ഏകാധിപത്യത്തിന്റെ പ്രതിബിംബമായ സിംബാവിയൻ പ്രസിഡന്റ് റോബർട്ട് മുഗാബെയുടെ സ്വേഛാധിപത്യത്തിന്റെ പുതിയ മുഖവും ആരിലും അമ്പരപ്പുളവാക്കുന്നതാണ്. ഏതിരാളികളഎ വെട്ടി വീഴ്‌ത്തുന്ന മുഗാബെ 93 വയസ്സായിട്ടും അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയാണ്.

അതേസമയം താൻ മരിച്ചാൽ തന്റെ ഭാര്യ ഗ്രേസ് മുഗാബെ തന്റെ പിൻഗാമിയാകുമെന്നും ഇന്നലെ പ്രഖ്യാപിച്ചു. ഭാര്യയുടെ പ്രസിഡന്റ് മോഹത്തിന് തടസ്സമായേക്കുമെന്ന് കരുതി വൈസ് പ്രസിഡന്റ് എമ്മേഴ്‌സൻ മങ്ഗാഗ് വയെ തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്യാനും ഈ ഏകാധിപതി മടികാണിച്ചില്ല. കഴിഞ്ഞ ശനിയാഴ്ച വൈസ്പ്രസിഡന്റിനെ പരസ്യമായി ശാസിച്ച റോബർട്ട് മുഗാബെ വളരെ ലാഘവത്തോടെയാണ് തന്റെ ഭാര്യയുടെ മോഹത്തിനു വേണ്ടി വൈസ് പ്രസിഡന്റിനെ വെട്ടി വീഴ്‌ത്തിയത്.

കഴിഞ്ഞ ഞായറാഴ്ചയാണ് സമയമാകുമ്പോൾ താൻ ഭർത്താവിന് പകരക്കാരിയാകാൻ തയ്യാറാണെന്ന് ഗ്രേസ് മുഗാബെയും പ്രതികരിച്ചു. അതേസമയം ഭരണത്തിൽ നിന്നും പിൻവാങ്ങുന്നതിന്റെ യാതൊരു സൂചനയും മുഗാബെ നൽകിയിട്ടില്ല. മാത്രമല്ല അടുത്ത വർഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടി ZANUPF മുഗാബെയുടെ പേര് തന്നെയാണ് നിർദ്ദേശിച്ചിരിക്കുന്നതും.

ഇന്നലെ വൈസ്പ്രസിഡന്റിനെ പിരിച്ചു വിടൽ പ്രഖ്യാപിച്ചെങ്കിലും പകരക്കാരനായി ആരെയും പ്രഖ്യാപിച്ചിട്ടില്ല. രാജ്യത്തോട് അനാദരവ് കാട്ടിയെന്നും ബഹുമാനം ഇല്ലെന്നും ഒക്കെ ചൂണ്ടിക്കാട്ടിയാണ് മൻഗാഗ് വെയെ പിരിച്ചു വിട്ടത്. അതേസമയം മുഗാബെയുംടെ പാർട്ടിയുടെ യൂത്ത് ലീഗും ഗ്രേസ് മുഗാബെ റോബോർട്ട് മുഗാബെയ്ക്ക് പിൻഗാമിയാകുമെന്ന് പ്രഖ്യാപിച്ചു.

പ്രധാന പ്രതിപക്ഷ പാർട്ടിയായ എംഡിസി പോലും ഈ പ്രഖ്യാപനത്തിനെതിരെ കാര്യമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടില്ല. 2014ലാണ് മങ്ഗാഗ് വായെ വൈസ് പ്രസിഡന്റായി നിയമിക്കുന്നത്. ജസ്റ്റിസ് മിനിസ്റ്റർ കൂടിയായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ മാസം ആ ചുമതലയിൽ നിന്നും നീക്കിയിരുന്നു. ഭർത്താവിനേക്കാളും 41 വയസ്സിനിളപ്പമുള്ള ഗ്രേസ് മുഗാബെ പൊതു ജീവിതത്തിൽ വളരെ സജീവമാണ്.