37 വർഷം സിംബാബ്‌വെയെ തന്റെ വിരൽത്തുമ്പിൽ വിറപ്പിച്ച് ഭരിച്ച സ്വേച്ഛാധിപതി റോബർട്ട് മുഗാബെ ലോകം കണ്ട ഏറ്റവും വലിയ കൊലയാളികളിൽ ഒരാൾ ആയിരുന്നുവെന്ന സൂചന ലഭിച്ചു. 20,000 ആദിവാസികളെ ഈ ഏകാധിപതി കൊന്നൊടുക്കിയതായി റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.

മുഗാബെ സ്വയം രാജി വച്ചൊഴിഞ്ഞിരുന്നില്ലെങ്കിൽ ഇത്തരം കൊലപാതകങ്ങളുമായി ബന്ധപ്പെട്ട പൊലീസ് ഫയലുകൾ പുറത്ത് വിട്ട് മുഗാബെയ്ക്ക് ലോകത്തിന് മുന്നിലുള്ള പ്രതിച്ഛായ പുർണമായും തകർക്കുമെന്ന് സൈനിക നേതൃത്വം ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.

ഇതിനെ തുടർന്നാണ് അദ്ദേഹം ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാജി വച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. ഇത്തരത്തിൽ രാജി വച്ചതിനാൽ കുടുംബസമേതം സിംബാബ്‌വെയിൽ താമസിക്കാൻ മുഗാബെയെ സൈന്യം അനുവദിക്കുമെന്നും വെളിപ്പെട്ടിട്ടുണ്ട്. 93കാരനായ സ്വേച്ഛാധിപതിയോട് രാജ്യം വിട്ട് പോകാനും അദ്ദേഹത്തിന്റെ ഭാര്യ ഗുക്കി ഗ്രേസിനെ തടവിലിടാനുമായിരുന്നു തുടക്കത്തിൽ സൈനികമേധാവികൾ തീരുമാനിച്ചിരുന്നുവെങ്കിലും രാജിക്കരാറിന്റെ ഭാഗമായി മുഗാബെയ്ക്ക് ശേഷിക്കുന്ന കാലം കൂടി സിംബാബ്‌വെയിൽ കഴിയാൻ അനുമതി നൽകിയിരിക്കുകയാണ്.

രാജിക്കരാറിന്റെ ഭാഗമായി മുഗാബെയ്ക്കും ഭാര്യ ഗ്രേസിനും എല്ലാ കുടുംബാംഗങ്ങൾക്കും സുരക്ഷ ഉറപ്പാക്കുമെന്ന് സൈന്യം വാഗ്ദാനം ചെയ്തിട്ടുണ്ട്. നിയമനടപടികളിൽ നിന്നും മുക്തനാക്കാമെന്ന ഉറപ്പിന്മേലാണ് മുഗാബെ രാജി വയ്ക്കാൻ വഴങ്ങിയതെന്നും ഇപ്പോൾ വെളിപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷുകാരിൽ നിന്നും 1980ൽ സ്വതന്ത്രമായതിന് ശേഷം സിംബാബ്‌വെയെ ഇത്രയും കാലം ഭരിച്ച മുഗാബെയെ കോടതി കയറ്റി നരകിപ്പിക്കില്ലെന്ന് മധ്യസ്ഥർ ഉറപ്പേകിയതിനെ തുടർന്നായിരുന്നു മുഗാബെ രാജി വയ്ക്കാൻ തയ്യാറായെന്നതെന്നും വ്യക്തതമായിട്ടുണ്ട്.

തനിക്ക് മാതൃരാജ്യത്ത് വച്ച് തന്നെ മരിക്കണമെന്നും എവിടേക്കും പലായനം ചെയ്യാൻ ഒരുക്കമല്ലെന്നും മുഗാബെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിന് സൈന്യവും എതിരാളികളും വഴങ്ങിയതോടെ അധികാര കൈമാറ്റം അനായാസമായിത്തീരുകയായിരുന്നു. തൽഫലമായി ഇംപീച്ച്‌മെന്റിലൂടെയും ഇറക്കി വിടാതെ മുഗാബെക്ക് മാനം രക്ഷിക്കാനും കഴിഞ്ഞിരിക്കുകയാണ്. 1980കളിലായിരുന്നു എൻഡിബെലെ വിഭാഗത്തിൽ പെട്ട ആദിമനിവാസികളായ 20,000 പേരെ മുഗാബെയുടെ ഉത്തരവ് പ്രകാരം കൂട്ടക്കൊല ചെയ്തിരുന്നതെന്നാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. ഇതിൽ ഗർഭിണിയും ഉൾപ്പെട്ടിരുന്നു. മുഗാബെയെ എതിർക്കുന്ന പാർട്ടിയെ ആദിവാസികൾ പിന്തുണച്ചുവെന്നതിന്റെ പേരിലായിരുന്നു അദ്ദേഹം അവരെ ഉന്മൂലനം ചെയ്തിരുന്നത്.

ഇവരെ കൂട്ടക്കൊല ചെയ്യുന്നതിന് മുഗാബെ ഉത്തരവ് നൽകിയതിനുള്ള തെളിവുകളായ ടെലിഗ്രാം, ടെലിഫോൺ രേഖകൾ സീക്രട്ട് പൊലീസ് കരസ്ഥമാക്കിയിരുന്നുവെന്നാണ് റിപ്പോർട്ട്.സിംബാബ്‌വെ ആഫ്രിക്കൻ നാഷണൽ യൂണിയൻപാട്രിയോട്ടിക് ഫ്രന്റ് (സനുപിഎഫ് പാർട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട മുൻ വൈസ് പ്രസിഡന്റ് എമേഴ്‌സൻ നൻഗഗ്വ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. രണ്ടാഴ്ച മുമ്പ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും അദ്ദേഹത്തെ പുറത്താക്കി അധികാരം പിടിച്ചെടുക്കാൻ ഗ്രേസ് ശ്രമിച്ചതിനെ തുടർന്ന് നൻഗഗ്വ ദക്ഷിണാഫ്രിക്കയിലേക്ക് പലായനം ചെയ്യുകയായിരുന്നു.