- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപൂർവ്വ രോഗം ബാധിച്ച മുഹമ്മദിന് നിർമ്മലാ സീതാരാമന്റെ സ്നേഹവായ്പ്പ്; കേന്ദ്രം മരുന്നിനുള്ള നികുതി ഒഴിവാക്കിയത് ചികിത്സാ കമ്മിറ്റിക്ക് ആശ്വാസമായി; 18 കോടിയുടെ മരുന്നിന് ഇനി വില പതിനൊന്നരക്കോടി
കണ്ണൂർ: പഴയങ്ങാടി മാട്ടൂലിൽ അപൂർവരോഗം ബാധിച്ച ഒന്നര വയസ്സുകാരൻ മുഹമ്മദിന്റെ ചികിത്സയ്ക്ക് പിൻതുണയുമായി കേന്ദ്ര സർക്കാരും. മുഹമ്മദിന് ആവശ്യമായ മരുന്നിനുള്ള ഇറക്കുമതി തീരുവയും ജിഎസ്ടിയും ഒഴിവാക്കിയതായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു.
ഇതോടെ അമേരിക്കയിൽനിന്ന് മരുന്ന് എത്രയും വേഗം എത്തിക്കുന്നതിന് സംസ്ഥാന സർക്കാരും ആശുപത്രി അധികൃതരും നേരത്തെ ശ്രമം ശക്തമാക്കിയിട്ടുണ്ട്. എംപിമാരായ ഇ.ടി മുഹമ്മദ് ബഷീർ,എളമരം കരീം, ഡോ. വി ശിവദാസൻ എന്നിവരുടെ ഇടപെടലിനെ തുടർന്നാണ് തീരുവയും ജിഎസ്ടിയും ഒഴിവാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രിക്കും മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ച് കത്തയച്ചിരുന്നു.
പേശീശോഷണത്തിന് ഇടയാക്കുന്ന സ്പൈനൽ മസ്‌കുലർ അസ്ട്രോഫി(എസ്എംഎ) എന്ന ജനിതക രോഗ ചികിത്സയ്ക്കുള്ള സോൾജെൻസ്മ മരുന്നിന് ഏകദേശം 18 കോടി രൂപയാണ് വില. 23 ശതമാനം ഇറക്കുമതി തീരുവയും 12 ശതമാനം ജിഎസ്ടിയും ഉൾപ്പെടെ നികുതിയിനത്തിൽമാത്രം ആറരക്കോടി രൂപയാകും. ഇതൊഴിവാക്കിയത് ചികിത്സാ കമ്മിറ്റിക്ക് ആശ്വാസകരമാണെന്ന് എം.വി ജിൻ എംഎൽഎ പ്രതികരിച്ചു.
മുഹമ്മദിന്റെ സഹോദരി അഫ്രയ്ക്കും ഇതേ അസുഖമാണ്. ഇരുവരുടെയും ചികിത്സക്കാവശ്യമുള്ള തുക കഴിച്ച് ബാക്കി സമാന രോഗബാധിതരായ കുട്ടികൾക്ക് സംസ്ഥാന സർക്കാർ മുഖേന നൽകാനാണ് ആലോചിക്കുന്നത്. ഇതേക്കുറിച്ച് ചർച്ചചെയ്യുന്നതിന് മുഖ്യമന്ത്രിയെ കാണുമെന്ന് വിജിൻ അറിയിച്ചു.
അപുർവ്വ രോഗം ബാധിച്ച മുഹമ്മദിന്റെ ചികിത്സയ്ക്കായി 18 കോടി രൂപ ആവശ്യമാണെന്ന വാർത്ത സോഷ്യൽ മീഡിയയിലുടെ വിദേശ രാജ്യങ്ങളിൽ നിന്നടക്കം സഹായ പ്രവാഹമുണ്ടായിരുന്നു. ഒരാഴ്ചക്കകം 46.78 കോടി രൂപയാണ് ഒഴുകിയെത്തിയത്.
മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്റ് കെ ഫാരിസ, ചികിത്സാ സഹായ കമ്മിറ്റി കൺവീനർ ടി പി അബ്ബാസ് ഹാജി എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ കൂട്ടായ ശ്രമത്തിലൂടെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ലക്ഷ്യം കൈവരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ