- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഹമ്മദ് ജാബിർ 50 ലക്ഷം രൂപ വില പിടിപ്പുള്ള എംഡിഎംഎ ലഹരി മരുന്നുമായി തിരുവനന്തപുരത്തെത്തിയത് ഇടപാടുകാരെ തേടി; കന്നട യുവാവിന് പത്തുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ
തിരുവനന്തപുരം: ഡി ജെ പാർട്ടിയിലടക്കം ഉപയോഗിക്കുന്ന മാരകമായ എം ഡി എം എ ലഹരി മരുന്ന് കൈവശം വച്ച കേസിൽ കർണ്ണാടകക്കാരനായ യുവാവിന് പത്തുവർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കർണ്ണാടക സംസ്ഥാനത്തിൽ ഹസൻ ജില്ലയിൽ ബേലൂർ താലൂക്കിൽ നാഗനഹള്ളി ദേശത്ത് സലാർപോഷെ മകൻ മുഹമ്മദ് ജാബിർ എന്ന 28 കാരനെയാണ് കോടതി ശിക്ഷിച്ചത്. പിഴയൊടുക്കാത്ത പക്ഷം ഒരു വർഷത്തെ അധിക കഠിന തടവനുഭവിക്കാനും കോടതി ഉത്തരവിട്ടു.
2018 ഒക്ടോബർ 5 ന് രാവിലെ 8.30 നാണ് യുവാവിനെ മാരക മയക്കുമരുന്നുമായി പേട്ട റെയിൽവേ ആശുപത്രിക്ക് സമീപം മോസ്ക് ലെയിൻ റോഡിൽ വച്ച് വഞ്ചിയൂർ പൊലീസ് സബ്ബ് ഇൻസ്പെക്ടർ പിടികൂടിയത്. 50 ലക്ഷം രൂപ വില പിടിപ്പുള്ള 250 ഗ്രാം ലഹരിമരുന്ന് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ യുവാവിൽ നിന്ന് കണ്ടെടുത്തുവെന്നാണ് കേസ്. തലസ്ഥാനത്ത് വിൽപ്പനക്കായി കൊണ്ടു വന്നപ്പോഴാണ് പിടിയിലായത്. തുടരന്വേഷണം നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ നടത്തി കുറ്റപത്രം കോടതിയിൽ ഹാജരാക്കി. പ്രൊസിക്യൂഷന് വേണ്ടി അഡീഷണൽ പ്രൊസിക്യൂട്ടർ പ്രവീൺ കുമാർ ഹാജരായി.
എം ഡി എം എ (മെത്തലിൻ ഡയോക്സി മെത്താംഫെറ്റ് ആമെയ്ൻ) ഉപയോഗിച്ചാൽ സ്വബോധം നഷ്ടപ്പെടുമെന്നും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ പോലും യുവതികൾക്കും സ്ത്രീകൾക്കും ഉപബോധമനസ്സിൽ പോലും അറിയാൻ സാധിക്കില്ലെന്നും പ്രൊസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ന്യൂ ജെൻ യുവതി _ യുവാക്കളെ വഴി തെറ്റിച്ച് വിവാഹപൂർവ്വ കാമ , രതി വൈകൃതങ്ങളിലേക്ക് തള്ളിവിട്ട് ഭാരത സംസ്ക്കാരം തകർക്കുന്ന ലഹരിക്കടത്ത് സംഘത്തിലെ കണ്ണിയായ യുവാവിന് പരമാവധി ശിക്ഷ ലഭ്യമാക്കണമെന്ന പ്രൊസിക്യൂഷന്റെ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതി വിധിയുണ്ടായത്.