തൃശൂർ: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിന്റെ പ്രധാന ധനവരുമാന മാർഗ്ഗങ്ങളിൽ ഒന്ന് റിയൽ എസ്റ്റേറ്റ് ബിസിനസാണെന്ന് നേരത്തെ തന്നെ വാർത്ത പുറത്തുവന്നിരുന്നു. കിങ്‌സ് സ്‌പേസ് എന്ന കമ്പനിയെ ഉപയോഗിച്ചായിരുന്നു നിസാമിന്റെ ഭൂമി ഇടപാടുകൾ. ഈ ഭൂമി ഇടപാടുകൾ നടക്കുമ്പോഴും കോടികളുടെ വനികുതി വെട്ടിന്നു നടന്നിരുന്നു. എന്നാൽ ചന്ദ്രബോസ് കേസിലെ ഉന്നത സ്വാധീനം എന്ന പോലെ ഈ കേസിലെയും അന്വേഷണം അട്ടിമറിക്കുകയാണ്.

മുഹമ്മദ് നിസാമിന്റെ റിയൽ എസ്‌റ്റേറ്റ് കമ്പനി കിങ്‌സ് സ്‌പേസിന്റെ നികുതി വെട്ടിപ്പ് അന്വേഷണമാണ് അട്ടിമറിക്കപ്പെടുന്നത്. എം.ജി റോഡിലെ കിങ്‌സ് സ്‌പേസിന്റെ ഓഫീസിൽ സെയിൽസ് ടാക്‌സ് ഇന്റലിജന്റ്‌സ് വിഭാഗം ഫെബ്രുവരി 26ന് റെയ്ഡ് നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഉൾപ്പെടുന്ന ഹാർഡ് ഡിസ്‌ക്ക് , കമ്പ്യൂട്ടർ എന്നിവ കസ്റ്റഡിയിലെടുത്തു. എന്നാൽ മുകളിൽ നിന്നുള്ള സമ്മർദ്ദത്തിന് വഴിപ്പെട്ട് ഇവയുടെ പരിശോധന മരവിപ്പിച്ചിരിക്കുകയാണ്.

വിൽപ്പന നികുതി വിഭാഗത്തിന് സമർപ്പിച്ച രേഖകളിലേതിനെക്കാൾ ഉയർന്ന വിലയിലാണ് ഫ്‌ലാറ്റുകളും വില്ലകളും വിൽപ്പന നടത്തിയതെന്ന് സംശയമുണ്ട്. തൃശൂരിൽ മാത്രം നിസാം കോടികളുടെ ഇടപാടാണ് ഈ മേഖലയിൽ നടത്തിയിട്ടുള്ളത്. കേരളത്തിന് പുറത്തുള്ള ഭൂമി ഇടപാടുകളെക്കുറിച്ചും പിടിച്ചെടുത്ത രേഖകളിൽ നിന്ന് വിവരം ലഭിക്കുമെന്നാണ് സംഘത്തിന്റെ വിശ്വാസം.

മുഹമ്മദ് നിസാമിന്റെ നേതൃത്വത്തിലുള്ള റിയൽ എസ്റ്റേറ്റ് കമ്പനി അനധികൃതമായി നിലംനികത്തി മറിച്ചുവിറ്റെന്ന ആരോപണവും നേരത്തെ ഉയർന്നിരുന്നു. എന്നാൽ, ഇതേക്കുറിച്ചൊന്നും അന്വേഷണം കാര്യമായ നടക്കാറില്ലെന്നതാണ് വാസ്തവം. പ്രതിവർഷം 100 കോടിയുടെ ബിസിനിസ് തനിക്കുണ്ടെന്നാണ് മുഹമ്മദ് നിസാം പൊലീസിനു നൽകിയ മൊഴി. തിരുനെൽവേലിയിൽ നിസാമിന്റെ ഉടമസ്ഥതയിലുള്ള കിങ് ബീഡി കമ്പനിയിൽ പന്ത്രണ്ടായിരം പേർ പണിയെടുക്കുന്നു. ദുബായിൽ രണ്ടു ഹോട്ടലും തൃശൂർ താണിക്കുടത്ത് ആറ് ഏക്കർ സ്ഥലവും ഫ്‌ളാറ്റും ഗുരുവായൂരിലും മറ്റും ഫള്ാറ്റ് സമുച്ചയവുമുണ്ട്. ബംഗളൂരുവിൽ ആധുനിക ബ്യൂട്ടിപാർലർ നിർമ്മാണത്തിലാണ്. റിയൽ എസ്‌റ്റേറ്റ് ഇടപാടുകളുമുണ്ട്.

സ്വന്തമായി 11 കാറുള്ള ഇയാൾ റോൾസ് റോയ്‌സ്, ലംബോഗിനി, പോഷെ കമ്പനികളുടെ കോടികൾ വിലയുള്ള മൂന്ന് കാറുകൾ ബംഗളൂരിൽ മാത്രം ഉപയോഗിച്ചിരുന്നു.