തൃശ്ശൂർ: പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി അമേരിക്കയിൽ നിന്നും വരും എന്നൊരു ചൊല്ല് പോലെയാണ് മുഹമ്മദ് നിസാമിന്റെ കാര്യത്തിൽ സംഭവിച്ചത്. കോടാനുകോടികളുടെ സ്വത്തുള്ള മുഹമ്മദ് നിസാം അതിക്രൂരമായി ചന്ദ്രബോസിനെ കൊലപ്പെടുത്തിയപ്പോൾ നിസാമിന്റെ പണം കണ്ട് ചുറ്റും കൂടിയവർ നിരവധി പേരായിരുന്നു. രാഷ്ട്രീയക്കാർ മുതൽ സാദാ പൊലീസുകാർ വരെ ഇതിൽ ഉണ്ടായിരുന്നു. എന്നാൽ, മാദ്ധ്യമങ്ങൾ വിജിലന്റായി നിന്നപ്പോൾ എല്ലാ അട്ടിമറി നീക്കങ്ങളും അസ്ഥാനത്തായി. നിസാമിനെ രക്ഷിക്കാമെന്ന് പറഞ്ഞ് പൊലീസുകാർ പണം ഇഷ്ടംപോലെ പോക്കറ്റിലാക്കി. ഇതിൽ ഉന്നത ഉദ്യോഗസ്ഥർ വരെയുണ്ടായിരുന്നു.

പേരാമംഗലം സിഐയുടെ നേതൃത്വത്തിലായിരുന്നു തുടക്കത്തിൽ അന്വേഷണം. തൃശൂർ എസ്‌പിയായിരുന്ന ജേക്കബ് ജോബിന്റെ സസ്‌പെൻഷൻ വരെയെത്തിയിരുന്നു കാര്യങ്ങൽ. പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയ ഉദ്യോഗസ്ഥനെ പിന്നീട് സ്ഥലം മാറ്റുകയായിരുന്നു. പേരാമംഗലം പൊലീസ് സ്‌റ്റേഷൻ കേന്ദ്രീകരിച്ച് നിസാമിനായി വലിയ കളികൾ തന്നെ നടന്നു. 5000 രൂപ കൈക്കൂലി കിട്ടുന്ന പൊലീസിന് നിസാമിനെ സഹായിച്ചാൽ 50000രൂപ വരെ കിട്ടും. അതുകൊണ്ട് തന്നെ കേസിന്റെ ഗുരതര സ്വഭാവവും നിസാമിന്റെ ക്രിമിനൽ ബന്ധങ്ങളും പരിഗണിക്കാതെ പൊലീസ് നീങ്ങി.

മാദ്ധ്യമ വിമർശനങ്ങൾക്കുള്ള സാധ്യതയുണ്ടായിട്ട് പോലും വിവാദ വ്യവസായിക്കായി ഒത്തുകളിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സ്വാധീനം തന്നെയാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം. ഇതിനെല്ലാം കൂട്ടുനിന്ന് പേരാമംഗലം സിഐയ്ക്ക് എതിരെ ഒരു നടപടിയും ഉണ്ടായില്ലെന്നത് ശ്രദ്ധേയമാണ്. ഈ ഉദ്യോഗസ്ഥനെ തൊട്ടാൽ പലതും പുറത്തുവരുമെന്ന ഭയം പലർക്കുമുണ്ട്.

കാപ്പാ ചുമത്താനുള്ള നടപടി വൈകിച്ചതിനു പുറമെ ജാമ്യത്തെ എതിർക്കാൻ തയാറാക്കിയ റിപ്പോർട്ടിലും കള്ളത്തരം കാട്ടി കൃത്യസമയത്തു കണ്ടെത്തിയതിനാലാണു ഇതു പൊളിഞ്ഞത്. കാപ്പാ റിപ്പോർട്ട് സിറ്റി പൊലീസ് കമ്മിഷണർ വാക്കാൽ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പേരാമംഗലം സിഐ നൽകിയില്ല. പിന്നീടു രേഖാമൂലം ആവശ്യപ്പെട്ടു. എന്നിട്ടും റിപ്പോർട്ട് കിട്ടിയില്ല. ഇതുകൊണ്ടുതന്നെ കാപ്പാ നടപടി ഒരു മാസം വൈകി. ഇക്കാര്യം കോടതിയിൽ പറയാനും കാലതാമസമുണ്ടായി. കമ്മിഷണറുടെ കത്ത് പുറത്തുവന്നതോടെ കള്ളം പൊളിഞ്ഞു.

ചന്ദ്രബോസ് ഗുരുതരാവസ്ഥയിൽ കിടക്കുമ്പോഴും നിസാമിനെ രക്ഷിക്കാൻ ശ്രമം നടന്നു. ഇതിനു വേണ്ടി ആദ്യം തയാറാക്കിയ പൊലീസ് രേഖയിൽ വധശ്രമക്കേസിലെ പ്രതിയെന്നു മാത്രമാണു പറഞ്ഞിരുന്നത്. ചന്ദ്രബോസ് അതീവ ഗുരുതരാവസ്ഥയിലാണെന്നോ മരിക്കാൻ സാധ്യതയുണ്ടെന്നോ പറഞ്ഞിരുന്നില്ല. അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ആർ. ജയചന്ദ്രൻ പിള്ള ഇടപെട്ടു കൂടുതൽ വിവരങ്ങൾ ചേർത്തു നൽകി. ചന്ദ്രബോസ് മരിക്കാൻ സാധ്യതയുണ്ടെന്നും വെന്റിലേറ്ററിലാണെന്നും പ്രതി പല ക്രിമിനൽ കേസുകളിലും ഉൾപ്പട്ടിട്ടുണ്ടെന്നുമുള്ള വിവരങ്ങൾ കൂടി കൂട്ടിച്ചേർത്ത് വെളുപ്പിനു പുതിയ റിപ്പോർട്ട് പബ്ലിക് പ്രോസിക്യൂട്ടർക്കു നൽകുകയായിരുന്നു. ആദ്യം നൽകിയ റിപ്പോർട്ട് അനുസരിച്ചു മുന്നോട്ടു പോയിരുന്നെങ്കിൽ നിസാമിന് ജാമ്യം ലഭിക്കുമായിരുന്നു.

നിസാമിന് വേണ്ടി ഏറ്റവും അധികം ഇടപെടൽനടത്തിയത് മുൻ തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ ജേക്കബ് ജോബായിരുന്നു. രണ്ടുതവണകൂടി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് സൂചന. ജേക്കബ് ജോബിന്റെ ഫോൺ സംഭാഷണം ചീഫ് വിപ്പ് പി.സി. ജോർജ്ജ് പുറത്തുവിട്ടതോടെയാണ് ഉദ്യോഗസ്ഥന് പണി കിട്ടിയത്. നിസാമിന്റെ ബംഗളൂരുവിലേക്കുള്ള യാത്ര ആസൂത്രണം ചെയ്തതും കമ്മീഷണറുടെ മേൽനോട്ടത്തിലായിരുന്നു. കഴിഞ്ഞവർഷം ഫെബ്രുവരി എട്ടിനാണ് ബംഗളൂരു, തിരുനെൽവേലി എന്നിവിടങ്ങളിലെ തെളിവെടുപ്പുകൾ പൂർത്തിയാക്കി തിരികെയെത്തിയത്. ഇത് പൊലീസ് നേതൃത്വത്തിൽ നടത്തിയ ഉല്ലാസയാത്രയായിരുന്നു.

നിസാമിന്റെ ഭാര്യയെ കേസിൽ പ്രതിയാക്കത്തതും ഉന്നത തല സ്വാധീനം കൊണ്ട് കൂടിയാണ്. ചന്ദ്രബോസിനെ നിസാം കൊലപ്പെടുത്തുമ്പോൾ ഒപ്പമുണ്ടായിരുന്ന അമല അത് തടയാൻ ശ്രമിച്ചില്ല. മറിച്ച് പ്രോൽസാഹിപ്പിക്കുകയും ചെയ്തു. എന്നിട്ടും അമലയെ കേസിൽ പ്രതിയാക്കിയില്ല. സാക്ഷി മാത്രമാക്കി. ഇതിനെല്ലാം പിന്നിൽ കരുക്കൾ നീക്കിയത് പൊലീസുകാർ തന്നെയായായിുന്നു.

നിസാമിന് അനുകൂലമായി കേസ് അട്ടിമറിക്കാൻ ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം ശ്രമിച്ചുവെന്ന ഗുരുതര ആരോപണവുമായി സർക്കാർ ചീഫ് വിപ്പ് പി സി ജോർജ് രംഗത്തെത്തിയതും വിവാദമായിരുന്നു. കൊലക്കേസ് പ്രതി നിസാമിനെ രക്ഷിക്കാൻ ഡിജിപി ശ്രമിച്ചു. നിസാമിന്റെ ഭാര്യയെ ചോദ്യം ചെയ്യാതിരിക്കാനും ഡിജിപി ഇടപെട്ടു. കൊള്ളക്കാർക്ക് കൂട്ടു നിൽക്കുന്നത് ഡിജിപിയാണെന്നും പി സി ജോർജ്ജ് ആരോപിച്ചു. ഇതോടെ ചന്ദ്രബോസ് വധക്കേസുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന ആരോപണങ്ങൾ പുതിയ തലത്തിലെത്തിയതും.

രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും നിസാമിന്റെ പണം കൈപ്പറ്റിയിട്ടുണ്ട്. തെളിവുകൾ തന്റെ കൈപ്പക്കലുണ്ടെന്ന് പിസി ജോർജ്ജ് ആരോപിച്ചതോതടെ പലരും നിസാമിനെ സഹായിക്കുന്നതിൽ നിനിന്നും പിന്നോട്ടുപോയി രണ്ട് നേതാക്കളും കേസിൽ ഇടപെട്ട് പണം വാങ്ങിയെന്ന ആരോപണവും ഉയർന്നിരുന്നു.

എറണാകുളത്തെ പ്രമുഖനായ എ ഗ്രൂപ്പ് എംഎൽഎയും കോഴിക്കോട്ടെ പ്രമുഖനായ ലീഗ് നേതാവുമാണ് നിസാമിനെ രക്ഷിക്കാൻ കരുക്കൾ നീക്കിയിരുന്നു. ഈ ആരോപണം നീണ്ടത് ബെന്നി ബഹനാനിലേക്കായിരുന്നു. നിസാമിനെ സഹായിക്കാൻ ആദ്യം ഫോൺ വിളിച്ചതും എറണാകുളത്തു നിന്നും ഓടിയെത്തിയതും ബെന്നി ബെഹ്നാൻ എംഎൽഎ ആണെന്നായിരുന്നു ആരോപണം. എന്നാൽ മാദ്ധ്യമങ്ങളി്ൽ ഇതും വാർത്തയായതോടെ രക്ഷിയല്ലാതെ ബെന്നിയും പിൻവാങ്ങുകയായിരുന്നു. ദണ്ഡപാണി അസോസിയേറ്റ്‌സ് നിസാമിന്റെ കേസ് വാദിക്കാൻ എത്തുമെന്നതും വാർത്തകളിൽ നിറഞ്ഞതോടെയാണ് ഇവരും പിന്മാറിയത്. ചുരുക്കത്തിൽ നിസാമിന്റെ പണം വാങ്ങിയവർ മാദ്ധ്യമങ്ങളെ ഭയന്ന് പിന്തിരിയുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.