കുവൈത്ത് സിറ്റി: മൊബൈലിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കെട്ടിടത്തിനു മുകളിൽനിന്ന് കാൽതെറ്റി വീണ് മലയാളി മരിച്ചു. കോഴിക്കോട് പേരാമ്പ്ര മരുതേരി ഉക്കാർകണ്ടി മുഹമ്മദാണ് (42) മരിച്ചത്.

കഴിഞ്ഞദിവസം രാത്രി 11.30 ഓടെ മഹ്ബൂലയിലെ ഒരു കെട്ടിടത്തിലെ മുറിയിൽ യോഗത്തിൽ പങ്കെടുക്കവെ ഫോൺ വന്നപ്പോൾ മൊബൈലുമായി പുറത്തേക്കിറങ്ങിയ മുഹമ്മദ്സംസാരത്തിനിടെ അബദ്ധത്തിൽ കാൽതെറ്റി താഴേക്കുവീഴുകയായിരുന്നു. കഴിഞ്ഞ ആഴ്‌ച്ച നാട്ടിലേക്ക് പോകാൻ ടിക്കറ്റെടുത്തിരുന്ന മുഹമ്മദ് പിന്നീട് അത് വരുന്ന വ്യാഴാഴ്ചയിലേക്ക് നീട്ടുകയായിരുന്നു.

പരേതനായ മൊയ്തീന്റെയും കദിയയുടെയും മകനാണ്. മൃതദേഹം നാട്ടിലേക്ക്കൊണ്ടു പോകാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഭാര്യ: സുലൈഖ. മക്കൾ: നിഷാദ് (കുവൈത്ത്), സുമിന, ശർഫിന.