- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡിൽ കുഴി കൂടിയതിൽ ജല അഥോറിറ്റിയെ പഴിച്ച് പൊതുമരാമത്ത് മന്ത്രി; കുടിവെള്ള പദ്ധതികൾക്കു വേണ്ടി പൊളിക്കുന്ന റോഡുകൾ പൂർവസ്ഥിതിയിൽ ആക്കാത്തതാണ് കുഴി നിറയാൻ കാരണമെന്ന് മുഹമ്മദ് റിയാസ്; ജല അഥോറിറ്റി വീഴ്ച വരുത്തിയാൽ കർശന നടപടിയെന്നും മന്ത്രിയുടെ മുന്നറിയിപ്പ്
കൊച്ചി: ഹൈക്കോടതിയിൽ നിന്നും പൊതുമരാമത്ത് വകുപ്പിന് വിമർശനം നേരിട്ടതോടെ ജലവിഭവ വകുപ്പിനെ കുറ്റപ്പെടുത്തി മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡിൽ കുഴി കൂടിയതിൽ ജല അഥോറിറ്റിയാണ് മന്ത്രി വിമർശിക്കുന്നത്. കുടിവെള്ള പദ്ധതികൾക്കുവേണ്ടി പൊളിക്കുന്ന റോഡുകൾ പൂർവസ്ഥിതിയിലാക്കാത്തതാണ് കുഴി നിറയാൻ കാരണമെന്ന് മന്ത്രി പറഞ്ഞു. ജല അഥോറിറ്റി വീഴ്ച വരുത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കുഴി മൂടാത്തതിൽ കോടതി വിമർശിച്ച റോഡുകളിൽ ഒന്നുമാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റേതെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ റോഡുകളിൽ മുന്നിലൊന്ന് മാത്രമാണ് പൊതുമരാമത്തിന്റെ കീഴിലുള്ളതെന്നും മന്ത്രി പറഞ്ഞു. വാട്ടർ അഥോറിറ്റിയടക്കമുള്ളവയുമായി ബന്ധപ്പെട്ട് റോഡുകളുടെ അറ്റകുറ്റപ്പണി ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച് കരാറുകാർക്ക് കൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുറപ്പുവരുത്താനുള്ള സംവിധാനമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. മഴ കാരണം റോഡ് അറ്റകുറ്റപ്പണി നടക്കുന്നില്ല എന്ന അവസ്ഥക്ക് മാറ്റം വരും. വർഷം മുഴുവൻ മഴയാണെങ്കിലും റോഡുകൾ വേണമല്ലോ എന്ന മന്ത്രി ചൂണ്ടികാട്ടി. ഇതിന് വിദേശ മാതൃകകളടക്കം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
മികച്ച രീതിയിൽ റോഡ് നിർമ്മിക്കാൻ കഴിയാത്ത ഉദ്യോഗസ്ഥർ രാജിവെച്ച് ഒഴിയണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ചൂണ്ടികാട്ടിയിരുന്നു. അഞ്ചുവർഷം നിലനിൽക്കുന്ന രീതിയിലാണ് റോഡുകൾ വേണ്ടതെങ്കിലും ആറുമാസം നന്നായി കിടക്കുകയും ബാക്കി ആറുമാസം തകർന്നുകിടക്കുകയും ചെയ്യുന്ന വിധത്തിലാണ് റോഡുകളെന്നും കോടതി വിമർശിച്ചിരുന്നു.
മഴക്കാലത്തെ അതിജീവിക്കാൻ കഴിയുന്ന റോഡുകളുണ്ടാക്കാനാവില്ലെങ്കിൽ ബന്ധപ്പെട്ട എൻജിനീയർമാർക്ക് തൽസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കിയിരുന്നു. കൊച്ചി നഗരത്തിലെയും പരിസരങ്ങളിലെയും റോഡുകൾ ടാർ ചെയ്ത് ആറു മാസത്തിനകം തകർന്നതായി അമിക്കസ്ക്യൂറി സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചായിരുന്നു കോടതിയുടെ പരാമർശം. ഈ പശ്ചാത്തലത്തിലാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പ്രതികരണം.
മറുനാടന് മലയാളി ബ്യൂറോ