ചില എംഎൽഎമാർ സർക്കാരിനും കരാറുകാർക്കും ഇടയിലെ പാലം; റോഡിന്റെ ഗുണനിലവാരം മോശമായാലും തന്റെ കാലത്ത് പദ്ധതി പൂർത്തിയായാൽ മതിയെന്ന സമീപനമെന്നും വിമർശനം; മന്ത്രി റിയാസിന്റെ വിമർശനം മുഖ്യമന്ത്രിയുടെ അറിവോടെ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: കരാറുകാരെ കൂട്ടി എംഎൽഎമാർ തന്നെ കാണാൻ വരരുത് എന്ന് നിയമസഭയിൽ മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞത് പാർട്ടിക്കുള്ളിലും പുറത്തും ഏറെ വിവാദമായിരുന്നു. സിപിഎം എംഎൽഎമാർ തന്നെ റിയാസിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ സഭയ്ക്കുള്ളിൽ റിയാസ് തുറന്നടിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയായിരുന്നുവെന്ന് റിപ്പോർട്ടുകൾ. ചില റോഡുപണികളുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്ന സാഹചര്യത്തിലാണിത്.
ചില എംഎൽഎമാരും പിഎമാരും കരാറുകാർക്ക് വേണ്ടി ഇടപെടാൻ നടത്തുന്ന ശ്രമങ്ങൾ മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും ശ്രദ്ധയിൽപെട്ടിരുന്നു. കരാറുകാരും എംഎൽഎമാരുമായുള്ള ബന്ധം അഴിമതിയിലേക്കുള്ള പാലമായി മാറുന്നുവെന്നും ആരോപണമുണ്ട്. ചില എംഎൽഎമാരോ അവരുടെ പിഎമാരോ കരാറുകാരുമായി മന്ത്രിയുടെ ഓഫിസിലെത്തുന്ന സാഹചര്യവുമുണ്ടായി. സമാന്തരമായി പലയിടത്തും നിർമ്മാണപ്രവർത്തനങ്ങളുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ ഉയരുകയും ചെയ്തു. മലയോര ഹൈവേ നിർമ്മാണത്തെകുറിച്ചുയർന്ന പരാതികൾ ഉദാഹരണം.
നിർമ്മാണപ്രവർത്തനങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് ചില ജില്ലകളിൽ പാർട്ടിയിലും പരാതികളുയർന്നിരുന്നു. റോഡിന്റെ ഗുണനിലവാരം മോശമായാലും തന്റെ കാലത്ത് പദ്ധതി പൂർത്തിയാകണമെന്ന സമീപനം കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് ചില എംഎൽഎമാരുടെ ഭാഗത്തുനിന്നുണ്ടായതായും സിപിഎമ്മിൽ ആക്ഷേപം ഉയർന്നിരുന്നു. എംഎൽഎമാർ മാറിയാലും ചിലർ ദീർഘകാലമായി പി.എ സ്ഥാനത്ത് തുടരുന്നത് കരാറുകാരുമായി വഴിവിട്ട ബന്ധങ്ങൾക്കിടയാക്കുന്നതും ശ്രദ്ധയിൽ പെട്ടു.
30 വർഷമായി പി.എ സ്ഥാനത്ത് തുടരുന്നവർ പോലുമുണ്ട്. ഇതൊക്കെ അഴിമതിയിലേക്ക് നയിക്കുമെന്ന വിലയിരുത്തൽ മുഖ്യമന്ത്രിക്കുണ്ട്. അതാണ് എംഎൽഎമാരും കരാറുകാരുമായുള്ള ബന്ധം സംബന്ധിച്ച് നിയമസഭയിൽ തുറന്നടിക്കാൻ മുഹമ്മദ് റിയാസിന് ധൈര്യം നൽകിയത്. മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു ഈ മറുപടി. എ.എൻ.ഷംസീറിന്റെ വിമർശനം വിവാദമായതിനു പിന്നാലെ റിയാസിന് പാർട്ടിയിൽ നിന്ന് പരസ്യപിന്തുണ കിട്ടുകയും ചെയ്തു
മറുനാടന് മലയാളി ബ്യൂറോ